കൊച്ചി: കൊച്ചി മെട്രോയിൽ ട്രാൻസ്‌ജെന്ററുകൾക്ക് തൊഴിൽ നൽകി കൊണ്ടുള്ള ഇടതു സർക്കാറിന്റെ പ്രഖ്യാപനം അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട സംഭവമായിരുന്നു. ഇത്തരമൊരു തീരുമാനം കൈക്കൊണ്ട സർക്കാർ എന്ന നിലയിൽ പിറണായി വിജയന് വേണ്ടി ശരിക്കും കൈയടികളുമുണ്ടായി. എന്നാൽ, ഈ ജോലി നൽകലിന് പിന്നിൽ വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമായിരുന്നോ? ഈ ചോദ്യം ഉയർത്തുന്നത് മെട്രോയിൽ ജോലി ലഭിച്ച ഒരു ട്രാൻസ്‌ജെന്റർ തന്നെയാണ്. തങ്ങൾ ചതിക്കപ്പെട്ടു എന്ന വികാരമാണ് ഇവർ പൊതുവേ പങ്കുവെക്കുന്നത്.

കേരളത്തിന് അഭിമാനകരമായ തീരുമാനം കൈക്കൊണ്ടെങ്കിലും തങ്ങളോട് വിവേചനപരമായി പെരുമാറുന്നു എന്നാണ് ട്രാൻസുകൾ പരാതിപ്പെടുന്നത്. തങ്ങൾ വഞ്ചിക്കപ്പെട്ടു എന്നു വ്യക്തമാക്കി കൊച്ചി മെട്രോയിൽ ജീവനക്കാരിയായ തീർത്ഥ സർവികയെന്ന ട്രാൻസ്‌ജെൻഡറുടെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു.

ആഴ്ചയിൽ ഒരു ദിവസം ലഭിക്കുന്ന അവധി ലഭിക്കാത്തതാണ് ഇവരെ വേദനിപ്പിച്ചത്. ശമ്പളം ലഭിച്ചപ്പോഴാണ് ഓഫ് ഇല്ലെന്ന് അറിയുന്നതെന്നു ഇവർ പറയുന്നു. 26 ദിവസം ജോലി ചെയ്താൽ നാല് ഓഫ് വേണ്ടതാണ്. ഇക്കാര്യം എം.ഡിയെ കണ്ട് ആവശ്യപ്പെടുകയും അനുകൂല മറുപടി ലഭിച്ചതുമാണ്. എന്നാൽ പിന്നീടും അവധി ലഭിച്ചില്ല. ട്രാൻസ്‌ജെൻഡർ സമൂഹത്തിനു ജോലി തന്നെന്നു പറഞ്ഞ് സർക്കാർ കൊച്ചി മെട്രോയും പബ്‌ളിസ്റ്റി നേടിയെന്നും തീർത്ഥ പരാതിപ്പെടുന്നു. വേദനയോടെ ഈ യൂണിഫോം ഇവിടെ ഉപേക്ഷിക്കുന്നെന്നും പോസ്റ്റിൽ പറയുന്നു:

തീർത്ഥ സർവികയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

പ്രിയ സുഹൃത്തുക്കളെ ഞാൻ കൊച്ചി മെട്രോ ജീവനക്കാരിയാണ്.. വളരെയധികം ചർച്ചാ വിഷയമായ കാര്യമാണ് കൊച്ചി മെട്രോയിൽ ട്രാൻസ്‌ജെന്റർ കമ്മ്യൂണിറ്റിയിൽപ്പെട്ടവർക്ക് ജോലി നൽകുന്നത് ! മെട്രോ ജോലിയേ സംബന്ധിച്ചുള്ള സംശയങ്ങളും ഞങ്ങളോട് പറഞ്ഞിരുന്ന കാര്യങ്ങളിലുള്ള ക്രമക്കേടുകളും കമ്മ്യൂണിറ്റി സുഹൃത്തുക്കൾ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. മെട്രോയിലേ വേതനം ഒരു ട്രാൻസിനേ സംബന്ധിച്ചിടത്തോളം ജീവിക്കാൻ ഉതകുന്നതല്ലായിരുന്നിട്ട് കൂടിയും ജോലിയിൽ തുടരുകയായിരുന്നു,,,ഈ മാസത്തെ സാലറി വന്നപ്പോൾ Paid off Salary ഇല്ല., പോരാത്തതിന് ഡബിൾ ഡ്യൂട്ടി എടുത്തത്തിന്റെ വേതനവും ഇല്ല,,, ഓഫ് ദിവസങ്ങൾ പരസ്പരം മാറ്റി എടുത്തോട്ടെ എന്ന് ടീം ലീഡറോട് ചോദിച്ചപ്പോൾ അത് വേണ്ട പകരം ഡ്യൂട്ടി കട്ട് ചെയ്യു എന്നായിരുന്നു മറുപടി,,, അതും കൂടാതെ ഇനി മുതൽ പ്രവർത്തന ദിവസങ്ങൾ 18 ദിവസമായി കുറച്ച് 3 Paid off Salary യും ഉണ്ടാകൊള്ളു എന്ന് പുതിയ അറിയിപ്പ്,,അവകാശങ്ങളും ആവശ്യങ്ങളും ചോദിച്ചാൽ സസ്‌പെൻഷനാണ് ഫലം.,,, രാത്രി സമയങ്ങളിൽ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോൾ ധാരാളം ബുദ്ധിമുട്ടുകൾ നേരിടുന്നതുകൊണ്ട് ഒരു പെൺകുട്ടി യാത്രാ സൗകര്യം ആവശ്യപ്പെട്ടമ്പോൾ ആ കുട്ടിയെ സസ്പന്റ് ചെയ്തു.വേതന കാര്യങ്ങളെക്കുറിച്ച് സംസാരിച്ചാൽ FMC മേലധികാരി ദിൽ രാജിന്റ മറുപടി എന്റെ വീട്ടീലേ വേലക്കാരിക്കു ഇതിലും ശബളംമുണ്ടന്നാണ് പിന്നെ നിങ്ങൾ ബിസിനസ്സ് ചെയ്യു ഇതിലും കൂടുതൽ പണം കിട്ടും എന്ന പരിഹാസവും...മെട്രോയിൽ ഉദ്യോഗകയറ്റത്തിനായുള്ള മൂന്നോളം AFC ട്രെയിനിങ്ങുകൾ പൂർത്തിയായി എന്നാൽ ഒരു ട്രാൻസിനേ പോലും ഇതുവരെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല..പ്രതിമാസം 3000 രൂപയോളം ESI ,PF ഫണ്ടിലേക്കെന്നു പറഞ്ഞു വരുമാനത്തിൽ നിന്ന് പിടിക്കുന്നുണ്ട് എന്നാൽ അക്കൗണ്ടിൽ ഈ തുക എത്തിയിട്ടില്ല യാതൊരു അനുബന്ധരേഖകളുമില്ല..ഞങ്ങൾക്ക് ഈ ജോലി തന്നത് ഒരു ചീപ്പ് പബ്ലിളിസിറ്റിക്കു വേണ്ടിയാണെങ്കിൽ ദയവ് ചെയ്തു ഞങ്ങളെപോലെയുള്ളവരെ നിങ്ങളുടെ രാഷ്ട്രിയതന്ത്രങ്ങളിലേക്കു വലിച്ചിഴയ്ക്കരുത് ജീവിച്ച് പൊക്കോട്ടെ

അടുത്തിടെ തിരുവനന്തപുരം വലിയതുറയിൽ വെച്ച് ട്രാൻസ്‌ജെന്റർ യുവതിക്ക് ആൾക്കുട്ടത്തിന്റെ മർദനമേറ്റ വീഡിയോ പുറത്തുവന്നിരുന്നു. സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിക്കപ്പട്ടെതോടെ ട്രാൻസ് സൗഹൃദ സംസ്ഥാനമെന്ന് കേരളത്തിന്റെ അവകാശവാദത്തിനും തിരിച്ചടിയായിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഏറെ കൊട്ടിദ്‌ഘോഷിക്കപ്പെട്ട കൊച്ചി മെട്രോയിൽ നിന്നും ട്രാൻസ്‌ജെന്ററുകളുടെ കൊഴിഞ്ഞു പോക്കും.