- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റ് ജില്ലകളിൽ നിന്നും മെറ്റൽ എത്തിക്കുന്നതും തടയുമെന്ന് ക്വാറി ഉടമകളുടെ ധാർഷ്ട്യം; എല്ലാ പ്രശ്നങ്ങളും നാളെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി; സ്ഥലമേറ്റെടുപ്പിന്റെ പേരിൽ പഴിചാരി കെഎംആർഎലും ഡിഎംആർസിയും: കേരളക്കരയിൽ മെട്രോ മോഹവുമായെത്തിയ ഇ ശ്രീധരനെ മലയാളികൾ അപമാനിക്കുന്നത് ഇങ്ങനെ
കൊച്ചി: ഇന്ത്യകണ്ട ഏറ്റവും പ്രഗത്ഭ വ്യക്തികളിൽ ഒരാളായ ഇ ശ്രീധരനെന്ന മലയാളി കേരളീയർക്ക് നൽകിയ സ്വപ്‌നമാണ് കൊച്ചി മെട്രോ റെയിൽ പദ്ധതി. ഇന്ത്യയുടെ വിവിധ നഗരങ്ങളിൽ മെട്രോകൾ സ്ഥാപിച്ച ഇദ്ദേഹമാണ് പിറന്ന നാട്ടിന്റെ വികസന കുതിപ്പിനായി കൊച്ചി മെട്രോ എന്ന ആശയം മുന്നോട്ടുവച്ചത്. ജീവിതത്തിലും പ്രവർത്തിയിലും കൃത്യത പുലർത്തുന്ന മെട്രേ
കൊച്ചി: ഇന്ത്യകണ്ട ഏറ്റവും പ്രഗത്ഭ വ്യക്തികളിൽ ഒരാളായ ഇ ശ്രീധരനെന്ന മലയാളി കേരളീയർക്ക് നൽകിയ സ്വപ്‌നമാണ് കൊച്ചി മെട്രോ റെയിൽ പദ്ധതി. ഇന്ത്യയുടെ വിവിധ നഗരങ്ങളിൽ മെട്രോകൾ സ്ഥാപിച്ച ഇദ്ദേഹമാണ് പിറന്ന നാട്ടിന്റെ വികസന കുതിപ്പിനായി കൊച്ചി മെട്രോ എന്ന ആശയം മുന്നോട്ടുവച്ചത്. ജീവിതത്തിലും പ്രവർത്തിയിലും കൃത്യത പുലർത്തുന്ന മെട്രോമാൻ അദ്ദേഹം ഏറ്റെടുത്തെ മുൻ പദ്ധതികളെല്ലാം സമർത്ഥമായി നടപ്പിലാക്കുകയും ചെയ്തു. എന്നാൽ മലയാളക്കരയിൽ എത്തിയപ്പോൾ അദ്ദേഹത്തെ പോലും അവഹേളിക്കുന്ന വിധത്തിൽ കൊടി പിടിച്ചും ഒത്തുകളിച്ചും നടക്കുകയാണ് മലയാളികൾ. തൊഴിലാളി സമരങ്ങളൊന്നുമുണ്ടാകില്ലെന്നും എല്ലാം ഭംഗിയായി മുന്നോട്ടു പോകുമെന്നുമുള്ള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാക്ക് വിശ്വസിച്ച് മൂന്ന് വർഷത്തിനുള്ളിൽ കൊച്ചിയിൽ മെട്രോ ഓടിക്കുമെന്ന പ്രഖ്യാപനം ഇ ശ്രീധരൻ നടത്തി. എന്നാൽ, അങ്ങനെയൊരു വാക്കു നൽകിയതിന്റെ പേരിൽ കൊച്ചി നഗരവാസികളോട് അദ്ദേഹം തന്നെ ക്ഷമപറയേണ്ട അവസ്ഥതയിലാണ്.
ഏതൊരു വികസന പദ്ധതിയായാലും തങ്ങളുടെ ഇംഗിതത്തിന് മാത്രമേ പോകാവൂ എന്നാഗ്രഹിക്കുന്ന ഒരു വിഭാഗം ആളുകൾ മെട്രോയക്ക് നിരന്തരമായി വിഘാതം സൃഷ്ടിച്ച് രംഗത്തെത്തിയിരിക്കയാണ്. ആദ്യകാലത്ത് തൊഴിലാളി സമരങ്ങളാണ് സമരവുമായി രംഗത്തെത്തി മെട്രോയുടെ വിലപ്പെട്ട സമയം കളഞ്ഞതെങ്കിൽ ഇപ്പോൾ മനപ്പൂർവ്വം ചില വമ്പന്മാർക്കേ വേണ്ടി സ്ഥലമെടുപ്പ് വൈകിപ്പിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും സ്വന്തം പദ്ധതിയുടെ കടയ്ക്കൽ കത്തിവെക്കുന്നു. കൂടാതെ ഭീഷണിയുടെ സ്വരത്തിൽ ക്വാറി ഉടമകളും കേരളത്തിന്റെ സ്വപ്‌ന പദ്ധതിക്ക് തുരംഗം വെക്കുകയാണ്. എറണാകുളം ജില്ലയിൽ സമരം നടത്തുന്ന ക്വാറി ഉടമകൾ അന്യജില്ലകളിൽ നിന്നും മെറ്റൽ എത്തിക്കാനുള്ള ഡിഎംആർസിയുടെ നീക്കത്തെ തടയുമെന്ന് പറഞ്ഞതാണ് വെല്ലുവിളിക്കുന്നത്. ഇങ്ങനെ അസംസ്‌ക്കൃത വസ്തുക്കൾ ലഭിക്കാത്ത സാഹചര്യത്തിലാണ് ഇന്നലെ ഗതികെട്ട് ഡിഎംആർസി പദ്ധതി നിശ്ചിത സമയത്ത് പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് പറഞ്ഞത്.
ഒരു പാലം പണിയാൽ പോലും വർഷങ്ങൾ കേരളത്തിൽ എടുക്കുമെന്ന സ്ഥിരം ശൈലി മാറ്റാൻ മലയാളികൾ തയ്യാറല്ലെന്നതിന്റെ ഉദാഹരണം കടിയായി കൊച്ചി മെട്രോ ഇപ്പോൾ നേരിടുന്ന ദുരവസ്ഥ. പറഞ്ഞ സമയത്തിന് മുൻപ് പണി എല്ലാം തീർത്ത് മാത്രം പരിചയമുള്ള ഡിഎംആർസിയാണ് കൊച്ചി മെട്രൊ റെയിൽ നിർമ്മാണം സമയബന്ധിതമായി അവസാനിപ്പിക്കാൻ കഴിയില്ലെന്ന് അറിയിച്ചത്. 'ഇവിടെ ഇങ്ങനെ ഒക്കയേ കാര്യങ്ങൾ നടക്കൂ'വെന്ന സ്ഥിരം ശാപവാക്കുകൾ എല്ലാ കാലവും ദൈവത്തിന്റെ സ്വന്തം നാടിനെ വിടാതെ പിന്തുടരുമെന്ന് അടിവരയിടുന്നതാണ് ഈ സംഭവം. മുൻ നിശ്ചയിച്ച പ്രകാരം കൊച്ചി മെട്രോ പാളത്തിലാകേണ്ടത് 2016 ജൂണിലാണ്.
നിർമ്മാണ പ്രവർത്തനത്തിനാവശ്യമായ അസംസ്‌കൃത വസ്തുവായ കരിങ്കല്ലിന്റെ ലഭ്യത കുറഞ്ഞെന്ന കാരണമാണ് മെട്രോക്ക് വിഘാതമായത്. തുടർച്ചയായ ക്വാറി സമരങ്ങളും യൂണിയൻ തർക്കങ്ങളും പദ്ധതി വൈകിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി മെട്രോ നിർമ്മാണത്തിനു മെറ്റൽ ലഭിക്കുന്നില്ല. സമീപ ജില്ലകളിൽ സമരം പിൻവലിച്ചെങ്കിലും ജില്ലയിലെ ക്വാറിയുടമകൾ സമരം തുടരുകയാണ്. സമീപ ജില്ലകളിൽ നിന്നു മെറ്റലെത്തിക്കാനുള്ള കരാറുകാരുടെ നീക്കവും ധാർഷ്ട്യത്തോടെ തടയുകയാണ് ജില്ലയിലെ ക്വാറിയുടമകൾ. തങ്ങളുടെ പക്കൽ നിന്നും മെറ്റൽ കൊണ്ടുവന്നില്ലെങ്കിൽ മറ്റെവിടെ നിന്നും കൊണ്ടുവരേണ്ടെന്ന് മുടന്തൻ ന്യായമാണ് ഇവർ മുന്നോട്ടുവെക്കുന്നത്.
മെട്രോ ഏജൻസികളെ മുന്നിൽ നിർത്തി തങ്ങളുടെ ആവശ്യങ്ങൾ നേടാനുള്ള സമ്മർദ്ദ തന്ത്രമാണ് ജില്ലയിലെ ക്വാറിയുടമകൾ പയറ്റുന്നതെന്ന ആക്ഷേപവും ശക്തമാണ്്. മൺസൂണിന് മുൻപായി നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ 800 തൊഴിലാളികളെ കൂടി രംഗത്തിറക്കണമെന്നു കരാറുകാരോട് ഡിഎംആർസി അഭ്യർത്ഥിച്ചിരുന്നു. എന്നാൽ കോൺക്രീറ്റിങ് ജോലികൾ നടക്കാത്തതിനാൽ കൂടുതൽ തൊഴിലാളികളെ കൊണ്ടു വരാൻ കരാറുകാർ തയ്യാറായിട്ടില്ല. ഇതാണ് മെട്രോ നിർമ്മാണത്തെ അവതാളത്തിലാക്കുന്നത്. ഒരു ജില്ലയിൽ മാത്രം നടത്തുന്ന സമരത്തിനു പിന്നിൽ മെട്രോ നിർമ്മാണം അട്ടിമറിക്കാനുള്ള ഗുഢലക്ഷ്യമുള്ളതായി സംശയിക്കുന്നുവെന്നും ഡിഎംആർസി പറയുന്നു.
അതേസമയം കരാറുകാരും ഡിഎംആർസിയും തമ്മിൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിന് പുറമേയാണ് കരാറുകാരുമായുള്ള പ്രശ്‌നവും. സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനും ഡിഎംആർ സിയും തമ്മിലുള്ള ശീത സമരവുമാണ് ഡിഎംആർസിയുടെ പത്രകുറിപ്പിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നാണ് സൂചനയുമുണ്ട്. മെട്രോയ്ക്കായുള്ള സ്ഥലമേറ്റെടുപ്പിൽ ജില്ല ഭരണകൂടവും സർക്കാരും വലിയ അനാസ്ഥയാണ് കാണിക്കുന്നതെന്ന ആക്ഷേപവും ഡിഎംആർസിക്കുണ്ട്.
സർക്കാരിനും രാഷ്ട്രീയക്കാർക്കും വേണ്ടപെട്ട ചിലരുടെ സ്ഥലത്തെത്തുമ്പോൾ ഏറ്റെടുക്കൽ നിന്ന് പോകുന്നു എന്ന ആരോപണം അവർ ഉയർത്താൻ തുടങ്ങിയിട്ട് നാളുകൾ എറെയായി. മെട്രോ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കാൻ ജില്ല ഭരണകൂടത്തിന് ഒരു ബുദ്ധിമുട്ടും ഇല്ലെന്നിരിക്കെയാണ് ഈ നാടകം അരങ്ങേറുന്നതെന്നാണ് വിഷമകരമായ കാര്യം. നഗരത്തിൽ ചിലർക്ക് ഒരു നീതിയും മറ്റുള്ളവർക്ക് വേറൊരു നീതിയും എന്ന അവസ്ഥയാണുള്ളതെന്ന ആക്ഷേപമാണ് ഇതോടെ ശക്തമായിരിക്കുന്നത്. കച്ചേരിപ്പടി ഗാന്ധിഭവനും തൊട്ടപ്പുറത്തെ ശീമാട്ടിയും തനെയാണ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. വെറും രണ്ട് ദിവസം കൊണ്ടാണ് ഒരു ചെറിയ എതിർപ്പ് പോലും ഇല്ലാതെ ഗന്ധിഭവൻ കെട്ടിടവും മഹാത്മാവിന്റെ പ്രതിമയും പൊളിച്ച് മാറ്റിയത്. ഇതിന്റെ മീറ്ററുകൾ മാത്രം അകലെയുള്ള ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കുന്നത് ഇപ്പോഴും അനിശ്ചിതമായി തുടരുകയാണ്. തങ്ങൾ പല തവണ ചർച്ച നടത്തിയിട്ടും ശീമാട്ടിയുടെ എം ഡി ബീനാ കണ്ണൻ വഴങ്ങില്ലെന്നും അതുകൊണ്ട് സ്ഥലം മെട്രോക്കായി ഏറ്റെടുത്ത് തരണമെന്നും കാണിച്ച് കെഎംആർഎൽ ജില്ല കളക്ടർ ആർ രാജമാണിക്കത്തിന് കത്തയച്ച് മാസങ്ങൾ പിന്നിട്ടിട്ടും ഒരു നടപടിയും എടുക്കാൻ ഇത് വരെ അവർക്കായിട്ടില്ല.
കെഎംആർഎൽ ആവശ്യപ്പെട്ടാൽ എത്രയും പെട്ടന്ന് ഭൂമി ഏറ്റെടുത്ത് നല്കണമെന്ന നിയമവും സർക്കാർ സംവിധാനങ്ങൾ തന്നെ ഇവിടെ കാറ്റിൽ പറത്തി. ശീമാട്ടിയുടെ ഒരു ഭാഗം പൊളിച്ച് നീക്കണമെങ്കിൽ ഇനിയും സമയം വേണ്ടി വരുമെന്നാണ് ഇപ്പോൾ ജില്ല ഭരണകൂടത്തിന്റേയും നിലപാട്. കച്ചേരിപ്പടിയിൽ മെട്രോ സ്റ്റേഷൻ പണി നടക്കേണ്ട ഭാഗത്താണ് പ്രശ്‌നങ്ങൾ അത്രയും ഉണ്ടാകുന്നതെന്നതും ഡിഎംആർസിയേയും അവരുടെ ഉപ കരാറുകാരേയും കുഴയ്ക്കുന്നു. മെട്രൊ നിർമ്മാണം സർക്കാർ ഗൗരവമായി കാണുന്നില്ലെന്ന പരാതിയും ഇതിനോടൊപ്പം ചേർത്ത് വായിക്കണം. ആദ്യ ഘട്ടത്തിൽ തൊഴിലാളി സമരത്തിന്റെ പേര് പറഞ്ഞാണ് പണികൾ തടസപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ അങ്ങിനെ ഉണ്ടാകുന്നത് പൂർണ്ണമായും സർക്കാർ വകുപ്പുകളുടെ പരാജയമായി വിലയിരുത്തേണ്ടി വരും.
അതസേമയം കൊച്ചി മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നാളെയോടെ പരിഹരിക്കാനാകുമെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതീക്ഷ പ്രകടിപ്പിച്ചത്. എത്രയും പെട്ടെന്നുള്ള പ്രശ്‌ന പരിഹാരമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ക്വാറി മേഖലുമായി ബന്ധപ്പെട്ടുള്ള കേസ് കോടതിയിൽ നിലനിൽക്കുന്നതാണ് പ്രധാന പ്രശ്‌നമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അതേസമയം ഉമ്മൻ ചാണ്ടിയുടെ വാക്കുകളെ പോലും പൂർണ്ണമായും ഡിഎംആർസി മുഖവിലക്ക് എടുക്കുന്നില്ല. നേരത്തെ പദ്ധതിുടെ അവലോകന യോഗങ്ങൾ രണ്ട് മാസത്തിൽ ഒരിക്കൽ കൂടിയിരുന്നതാണ്. എന്നാൽ ഇപ്പോൾ അത് പേരിന് മാത്രമാണ് നടക്കുന്നത്.
എന്തായാലും ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ ഭരണ സംവിധാനങ്ങൾ കാര്യമായി ഇടപ്പെട്ടില്ലെങ്കിൽ മെട്രൊയെന്ന മലയാളിയുടെ സ്വപ്നം പൂവണിയാൻ പിന്നെയും നാളുകൾ കാത്തിരിക്കേണ്ടി വരും. കൊങ്കൺ റെയിൽ പാത സമയത്തു പൂർത്തിയാകി നാടിന് മാതൃകയായ ശ്രീധരന്റെ പിന്മുറക്കാർ നല്കുന്ന സൂചനയും അത് തന്നെയാണ്. വിഷയത്തിൽ സംസ്ഥാന സർക്കാർ ഉടൻ ഇടപെടണമെന്ന് ഇ ശ്രീധരൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ മെട്രോയുടെ ചുമതലയൊന്നുമില്ലെങ്കിലും ശ്രീധരനാണ് മുഖ്യ ഉപദേശന്റെ റോളിൽ. അദ്ദേഹത്തിന്റെകീഴിൽ ജോലി ചെയ്ത എഞ്ചിനീയർമാരാണ് പണികൾക്ക് നേതൃത്വം നൽകുന്നത്. താൻ ഏറെ ആഗ്രഹിച്ച് എത്തിച്ച പദ്ധതിക്ക് ഇങ്ങനെ ഇഴഞ്ഞു നീങ്ങുന്നതിൽ ശ്രീധരനും കടുത്ത അതൃപ്തിയിലാണ്. പ്രശ്‌ന പരിഹാരം വരണമെങ്കിൽ പരസ്യമായി ശ്രീധരൻ രംഗത്തിറങ്ങേണ്ടുന്ന അവസ്ഥയാണ് നിലവിലുള്ളത്.