കൊച്ചി: ലോക്കപ്പ് മർദ്ദനങ്ങൾ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പലതവണ പൊലീസുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മാന്യമായി പെരുമാറണമെന്ന ആവശ്യവും നിരവധി തവണ ഉന്നയിച്ചിരുന്നു. എന്നിട്ടും ഇതൊക്കെ വെറുതേയാകുന്ന അവസ്ഥയിലാണ് ഉണ്ടായത്. ഇപ്പോഴിതാ കൊച്ചി പൊലീസിന്റെ വകയും പ്രാകൃത ശിക്ഷ. മദ്യപിച്ചു എന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പിൽ അടച്ച നടപടിയാണ് വിവാദത്തിലായത്. കൊച്ചി നഗരത്തിലെ സൗത്ത് പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് ഹൈബി ഈഡന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പ്രശ്‌നത്തിൽ ഇടപെട്ടു.

കസ്റ്റഡിയിലെടുത്ത യുവാക്കളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കാമെന്ന് കമ്മിഷണർ ഉറപ്പു നൽകിയതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. പിന്നാലെ യുവാക്കളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. ഇന്നലെ രാത്രി പത്തരയോടെ കൊച്ചുകടവന്ത്രയ്ക്കു സമീപത്തായിരുന്നു സംഭവങ്ങളുടെ തുടക്കം. കാറിലെത്തിയ മൂന്നു യുവാക്കൾ മദ്യപിച്ചിരുന്നു എന്ന സംശയത്തിൽ സൗത്ത് എസ്‌ഐ എ.സി. വിപിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. എന്നാൽ കാറോടിച്ചയാൾ മദ്യപിച്ചിട്ടില്ല എന്നു വ്യക്തമായി. തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മൂവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നു.

വൈദ്യപരിശോധനയ്‌ക്കെന്നു പറഞ്ഞാണ് കൊണ്ടുപോയതെങ്കിലും നേരേ സ്റ്റേഷനിലെത്തിച്ച് വസ്ത്രങ്ങളുരിഞ്ഞു ലോക്കപ്പിൽ അടച്ചു. ജസ്റ്റിസ് നാരായണക്കുറുപ്പ് പരിശോധനയ്ക്ക് എത്തിയതോടെ തിടുക്കത്തിൽ പൊലീസുകാർ ഇവർക്ക് വസ്ത്രങ്ങൾ തിരികെ നൽകുകയും ചെയ്തു. വൈദ്യപരിശോധന നടത്തി നിയമപ്രകാരം മാത്രം നടപടി കൈക്കൊള്ളാൻ ജസ്റ്റിസ് നാരായണക്കുറുപ്പ് നിർദ്ദേശം നൽകുകയും ചെയ്തു.

സ്റ്റേഷന്റെ പിൻവാതിലിലൂടെയാണ് ഇവരെ പുറത്തുവിട്ടത്. സ്റ്റേഷനുമുന്നിൽ കാത്തുനിന്നവരുടെ കണ്ണുവെട്ടിക്കാനായിരുന്നു ഈ നീക്കം. മാത്രമല്ല, പൊലീസിനെതിരെ കേസിനു പോകരുതെന്ന് യുവാക്കളെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. അതേസമയം, കൊച്ചിയിൽ യുവാക്കൾക്കെതിരെ നടന്ന അതിക്രമം എൽഡിഎഫ് സർക്കാരിന്റെ പൊലീസ് നയത്തിന്റെ ഭാഗമാണോയെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ, പൊതുസ്ഥലത്ത് മദ്യപിച്ചുവെന്ന് ആരോപിച്ച് പിടികൂടിയ യുവാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പിലടച്ചാണ് കൊച്ചി പൊലീസ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഇതേ തുടർന്നാണ് പൊലീസ് കംപ്ലയിന്റ്‌സ് അഥോറിറ്റി ചെയർമാൻ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് അർധരാത്രി പൊലീസ് സ്റ്റേഷനിൽ പരിശോധന നടത്തിയിരുന്നു.