കൊച്ചി: പുതുവർഷരാത്രിയിൽ എളമക്കരയിലെ വീടു കുത്തിത്തുറന്ന് 40 പവൻ മോഷ്ടിച്ച കേസിൽ ഫോർട്ടുകൊച്ചി മാനാശേരി സ്വദേശി ഡിനോയ് അറസ്റ്റിലായതിന്റെ പിന്നാലെയാണ് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണെന്ന വിവരം പുറത്തുവരുന്നത്. എറണാകുളം പുല്ലേപ്പടി റെയിൽവേ ട്രാക്കിനു സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പുതിയ വഴിത്തിരിവ്.

മോഷണക്കേസിൽ പൊലീസിനു തെളിവു ലഭിക്കാതിരിക്കാൻ കൂട്ടുപ്രതിയായ സുഹൃത്തിനെ കൊലപ്പെടുത്തിയെന്നാണ് ഡിനോയിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ പുതുവൽസര രാത്രിയിൽ എളമക്കര പുതുക്കലവട്ടത്തെ വീടു കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി ജോബിയെയാണ് കഴിഞ്ഞ ദിവസം റയിൽവേ ട്രാക്കിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.

മോഷണമുതൽ പങ്കുവയ്ക്കുന്നതിലുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നായിരുന്നു പ്രതി ആദ്യം നൽകിയ മൊഴി. എന്നാൽ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മരിച്ച ജോബിയുടെ വിരലടയാളം പൊലീസിന് മോഷണ സ്ഥലത്തുനിന്നു ലഭിച്ചിരുന്നതിനാലാണ് കൊലപ്പെടുത്തിയത് എന്ന് മൊഴി നൽകുന്നത്.

ജോബിയുടെ വിരലടയാളം പൊലീസിനു ലഭിക്കാതിരിക്കാനായിരുന്നു കൊലപാതകം. ഇതുവഴി അന്വേഷണം തങ്ങളിലേയ്ക്ക് എത്തുന്നതു തടയുകയായിരുന്നു ലക്ഷ്യം. മോഷണക്കേസിലെ കൂട്ടു പ്രതികളായ സുലു, പ്രദീപ്, മണിലാൽ എന്നിവരെയും പൊലീസ് പിടികൂടി ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതായി പൊലീസ് വ്യക്തമാക്കി.

പൊതുമരാമത്ത് വകുപ്പിൽ ഇലക്ട്രിക്കൽ കരാറുകാരനയ പ്ലാസിഡിന്റെ വീട് കുത്തിത്തുറന്നാണ് സഹോദര പുത്രനായ ഡിനോയിയും സംഘവും മോഷണം നടത്തിയത്. പ്രതിയുടെ സഹോദരിയുടെ വിവാഹത്തിനു വീട്ടുടമ പോയ തക്കം നോക്കിയാണ് സുഹൃത്തുക്കളുമായി ചേർന്ന് ഡിനോയ് മോഷണത്തിനെത്തിയത്.

വിവാഹ പാർട്ടി കഴിഞ്ഞെത്തുമ്പോഴാണ് വീടിന്റെ പിന്നിലെ വാതിൽ പൊളിച്ചിട്ടിരിക്കുന്നതു ശ്രദ്ധയിൽ പെട്ടത്. തുടർന്ന് മോഷണം നടന്നെന്നും കണ്ടെത്തി. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. 60 പവൻ സ്വർണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ 40 പവൻ സ്വർണവും പണവും നഷ്ടമായതായാണ് പരിശോധനയിൽ വ്യക്തമായത്.

വീട്ടിലുള്ള സ്വർണത്തെക്കുറിച്ചും പണത്തെക്കുറിച്ചും പ്രതിക്കു കൃത്യമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവർ വിവാഹത്തിനു വീട്ടിലെത്തിയിട്ടുണ്ട് എന്നുറപ്പു വരുത്തിയ ശേഷമായിരുന്നു സുഹൃത്തുക്കളുമൊത്ത് ഡിനോയ് മോഷണത്തിനിറങ്ങിയത്. മോഷണ സമയത്ത് കൂടെക്കൂട്ടിയത് സമീപവാസിയായ ജോബിയെയായിരുന്നു.

മുൻകൂട്ടി മോഷണം പദ്ധതിയിട്ടിരുന്നതിനാൽ ഡിനോയ് കയ്യുറ ധരിച്ചിരുന്നു. എന്നാൽ ജോബി കയ്യുറ ധരിച്ചിരുന്നില്ല. മോഷണ പരാതി ലഭിച്ചതോടെ പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ വിരലടയാളം ലഭിച്ചിരുന്നതായി വാർത്ത വന്നിരുന്നു. ഇത് ഡിനോയിയെ ഭീതിയിലാക്കി. അന്വേഷണം ജോബിയിലൂടെ തന്നിലെത്തുമെന്നായിരുന്നു പേടി.

മോഷണക്കേസിൽ പൊലീസ് അന്വേഷണം ദിവസങ്ങൾക്കു മുമ്പു തന്നെ പ്രതികളിലേക്ക് എത്തിയിരുന്നു എന്നാണ് വിവരം. ഇരുവരോടും ഇന്നലെ സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഇന്നലെ ഉച്ചയോടെ ഡിനോയ് സ്റ്റേഷനിലെത്തിയെങ്കിലും ജോബി എത്തിയില്ല. ഇതിനിടെയാണ് ഇന്നലെ ഉച്ചയോടെ പുല്ലേപ്പടി റെയിൽവേ ട്രാക്കിനു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തുന്നത്. നാട്ടുകാരാണ് ഇക്കാര്യം പൊലീസിൽ അറിയിച്ചത്.

നാട്ടുകാർക്കും പരിചയമുള്ള വ്യക്തിയല്ലെന്നു മനസിലായതോടെ പൊലീസ് മൃതദേഹം തിരിച്ചറിയാനുള്ള അന്വേഷണത്തിലായിരുന്നു. ഇതിനിടെ സംശയം തോന്നിയാണ് ഡിനോയിയെ ചോദ്യം ചെയ്തത്. നിവൃത്തിയില്ലാതെ ഒടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ബന്ധു വീട്ടിൽ നടന്ന മോഷണത്തിൽ വിരലടയാളം ലഭിച്ചിട്ടുണ്ടെങ്കിൽ ജോബിക്ക് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കേണ്ടി വരുമെന്ന് ഡിനോയി ഭയന്നു. അതുവഴി അന്വേഷണം തന്നിലേക്കെത്തുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ടായിരുന്നു കൊലപാതക തീരുമാനം.

ഒരുമിച്ചിരുന്ന് ഇരുവരും മദ്യപിച്ച ശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിനോടു വെളിപ്പെടുത്തിയിരിക്കുന്നത്. അതിനു ശേഷം പെട്രോൾ സംഘടിപ്പിച്ച് മൃതദേഹം കത്തിക്കുകയും ചെയ്തു. വിരലടയാളം പൊലീസിനു ലഭിക്കാതിരിക്കാനായിരുന്നു കൊലപാതകവും കത്തിക്കൽ ശ്രമവും.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ നാട്ടുകാരാണ് പുല്ലേപ്പടിയിൽ കത്തിക്കരിഞ്ഞ നിലയിൽ ജോബിയുടെ മൃതദേഹം കണ്ടെത്തിയത്. ട്രാക്കിലേക്ക് തലവച്ച് പൂർണമായും കത്തിയ നിലയിലായിരുന്നു മൃതദേഹം. കത്തിക്കുന്നതിന് ഉപയോഗിച്ച ലൈറ്ററും പെട്രോൾ കൊണ്ടുവന്ന കുപ്പിയും സമീപത്തു നിന്നു കണ്ടെടുത്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മോഷണക്കുറ്റത്തിന് ഇയാളെ പിടികൂടി ചോദ്യം ചെയ്തു വരുന്നതിനിടെ കൊലപാതകക്കുറ്റം സമ്മതിക്കുകയായിരുന്നെന്ന് എറണാകുളം സെൻട്രൽ സിഐ വിജയ് ശങ്കർ പറഞ്ഞു.