- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് സെന്റ് ഭൂമി തരംമാറ്റാൻ ഓഫീസുകൾ കയറിയിറങ്ങിയത് ഒന്നരവർഷം; കൈക്കൂലിയില്ലെങ്കിൽ ഒന്നും നടക്കില്ലെന്ന് ഉദ്യോഗസ്ഥൻ; അവഗണനയിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി; ആത്മഹത്യകുറിപ്പിൽ ഉദ്യോഗസ്ഥർക്കെതിരെയും സർക്കാരിനെതിരെയും പരാമർശം
എറണാകുളം: ഡാറ്റാ ബാങ്കിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്ന സ്വന്തം ഭൂമി തരം മാറ്റാൻ കഴിയാത്തതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി. മാല്യങ്കര കോയിക്കൽ സജീവനെയാണ് (57) മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വായ്പയെടുത്ത കടബാധ്യത തിർക്കാൻ, താമസിച്ചിരുന്ന ഭൂമി പണയം വയ്ക്കാൻ ശ്രമിച്ചപ്പോഴാണ് അത് ഡാറ്റാബാങ്കിൽ നിലമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സജീവൻ അറിയുന്നത്. ഭൂമി തരംമാറ്റാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി മനം മടുത്താണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് കുറിപ്പെഴുതി വച്ചിരുന്നതായി ബന്ധുക്കൾ അറിയിച്ചു. സജീവൻ എഴുതിയ കത്ത് മൃതദേഹത്തിൽനിന്നു ലഭിച്ചു.
മത്സ്യത്തൊഴിലാളിയായ സജീവന് നാലു സെന്റ് ഭൂമിയും വീടുമാണുള്ളത്. ഒരു ചിട്ടിക്കമ്പനിയിൽ പണയം വച്ചിരുന്ന വീടിന്റെ ആധാരം തിരിച്ചെടുക്കേണ്ട സമയമായപ്പോൾ സജീവൻ പലരിൽനിന്നും കടം വാങ്ങിയാണ് ആധാരം എടുത്തത്. മറ്റൊരു ബാങ്കിൽ കൂടുതൽ തുകയ്ക്ക് ആധാരം വച്ച് കടം വാങ്ങിയ പണം തിരികെക്കൊടുക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ആധാരവുമായി ബാങ്കിലെത്തിയപ്പോൾ ഇതു നിലമാണെന്നും പുരയിടമാക്കി മാറ്റണമെന്നും അറിയിച്ചു.
ഇതുപ്രകാരം ഭൂമി തരംമാറ്റാൻ ശ്രമങ്ങൾ തുടങ്ങിയിട്ട് ഒന്നര വർഷത്തോളമായി. പല തവണ വില്ലേജ്, താലൂക്ക്, ഫോർട്ട്കൊച്ചി ആർ.ഡി. ഓഫീസുകളിൽ കയറിയിറങ്ങിയെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞദിവസം ആർ.ഡി ഓഫീസിൽ പോയി തിരികെയെത്തിയപ്പോൾ ഒന്നുമായില്ല എന്നാണു സജീവൻ വീട്ടുകാരോടു പറഞ്ഞത്. ഇന്നലെ രാവിലെ ഏഴിന് ഭാര്യ സതിയാണു സജീവനെ മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്.
'ആർഡിഒ ഓഫീസിൽ പോയിട്ട് വളരെ വിഷമിച്ചാണ് വന്നത്. പക്ഷേ എന്താണ് കാര്യമെന്ന് പറഞ്ഞില്ല. എത്രയും പെട്ടന്ന് ഫയലുകൾ നീക്കാനുള്ള തീരുമാനം അവർ എടുക്കണം. ഞങ്ങളുടെ പണമാണ് അവർക്ക് ശമ്പളമായി ലഭിക്കുന്നത്. ജനങ്ങളോട് നീതികാണിക്കണം. ഒരു സാധാരണക്കാരനും ഇനി ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകരുത്.' - ആത്മഹത്യ ചെയ്ത സജീവന്റെ മകൾ പറഞ്ഞു. അതേസമയം സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സജീവന്റെ ബന്ധുക്കൾ പറഞ്ഞു.
സജീവൻ മരിക്കുമ്പോൾ അണിഞ്ഞിരുന്ന വസ്ത്രത്തിലുണ്ടായിരുന്ന കത്തിൽ പിണറായി സർക്കാരിനെ കുറ്റപ്പെടുത്തിയുള്ള പരാമർശം ഉണ്ടായിരുന്നതായി ബന്ധു പ്രശോഭ്, ഷിനിൽ, പഞ്ചായത്ത് അംഗം പി.എം. ആന്റണി എന്നിവർ പറഞ്ഞു. നാല് സെന്റിലുള്ള വീട്ടിലാണ് സജീവനും കുടുംബവും താമസം. നിലം പുരയിടമാക്കി കിട്ടാൻ സജീവൻ മൂത്തകുന്നം വില്ലേജ് ഓഫീസ് മുതൽ പറവൂർ താലൂക്ക് ഓഫീസും ഫോർട്ട്‌കൊച്ചി ആർ.ഡി.ഒ. ഓഫീസും പലകുറി കയറിയിറങ്ങി. ഒടുവിൽ ആർ.ഡി.ഒ. ഓഫീസിൽ പോയി മടങ്ങിവന്ന ശേഷമാണ് ജീവനൊടുക്കിയത്.
'കഴിഞ്ഞ ഒന്നര വർഷമായി ഭൂമി തരം മാറ്റി കിട്ടുന്നതിനായി സജീവൻ ശ്രമിക്കുകയാണ്. മുൻപ് ആർ ഡി ഒ ഓഫീസിൽ അദ്ദേഹത്തോടൊപ്പം പോയിരുന്നു. ഒരു മാസത്തിനുള്ളിൽ ശരിയാകുമെന്നാണ് അന്ന് അവിടുത്തെ ഉദ്യോഗസ്ഥർ പറഞ്ഞത്. പക്ഷേ ആ ഒരുമാസമൊക്കെ കഴിഞ്ഞു. ഉദ്യോഗസ്ഥർ കോഴ ചോദിച്ചതായി വേണം ആത്മഹത്യാകുറിപ്പിൽ നിന്ന് മനസിലാക്കാൻ'- പഞ്ചായത്തംഗം പ്രതികരിച്ചു.
പുലർച്ചെ ഭാര്യയാണ് ചാഞ്ഞുനിൽക്കുന്ന മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഇൻക്വസ്റ്റ് നടത്തിയപ്പോഴാണ് വസ്ത്രത്തിനടിയിൽനിന്ന് മരണക്കുറിപ്പായ കത്ത് കണ്ടെത്തിയത്. കത്തിലെ എഴുത്തിൽ അവ്യക്തത ഉള്ളതിനാൽ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയിരിക്കുയാണ്.
ഭാര്യ: സതി. മക്കൾ: നിഥിൻദേവ്, അഷിതാദേവി. മരുമക്കൾ: വർഷ, രാഹുൽ.
മറുനാടന് മലയാളി ബ്യൂറോ