കൊച്ചി: ഹർത്താലിനെതിരെ പ്രതിഷേധിക്കണമെന്ന അഭ്യർത്ഥനയുമായി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. ജനദ്രോഹമാണ് ഹർത്താലെന്നും അത് ആര് നടത്തിയാലും എതിക്കണമെന്നുമാണ് വി ഗാർഡ് ഉടമയായ ചിറ്റിലപ്പള്ളി ആവശ്യപ്പെടുന്നത്. തെരുവു നായ പ്രശ്‌നത്തിൽ സമൂഹ മനസാക്ഷിയെ ഉയർത്താൻ ഉപവാസം ഉൾപ്പെടെയിരുന്ന വ്യവസായിയാണ് ചിറ്റിലപ്പള്ളി. ഹർത്താൽ വിഷയത്തിലും ഇതിന് സമാനമായ ഇടപെടലിന് താൻ തയ്യാറാകുമെന്ന സൂചനകളാണ് വീഡിയോ സന്ദേശത്തിലൂടെ വിഗാർഡ് സ്ഥാപകൻ നൽകുന്നത്.ചെറു വീഡിയോയിൽ ഹർത്താലിനെതിരെ ചിറ്റിലപ്പള്ളിയുടെ നിലപാട് വിശദീകരണം ഇങ്ങനെ അടിക്കടി ഉണ്ടാകുന്ന ഹർത്താൽ ജനദ്രോഹമാണ്. എത്രയോ പേരാണ് കഷ്ടപ്പെടുന്നത്. എത്രയോ പേർക്ക് യാത്ര ചെയ്യാനാകുന്നില്ല. നമ്മുടെ നാട്ടിൽ വളരുന്നത് ടൂറിസമാണ്. ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾ ബുദ്ധിമുട്ടുകയാണ്. ഇങ്ങനെ ഹർത്താൽ നടത്തുന്നത് ജനദ്രോഹമാണ്. ഇതിനെ ഒറ്റക്കെട്ടായി എതിർക്കണം. ഒരു മനുഷ്യസ്‌നേഹിക്കും അംഗീകരിക്കാനാവില്ല. ഏത് രാഷ്ട്രീയ പാർട്ടി ആയിക്കോട്ടേ.. ഞാനൊരു രാഷ്ട്രീയ പാർട്ടിക്കും സംഘടനയ്ക്കും എതിരല്ല. പക്ഷേ ഈ ഒരു കാര്യം... കൂടെകൂടെയുള്ള ഹർത്താലുകൾ നമ്മൾ ഒറ്റക്കെട്ടായി എതിർക്കണം, മനസ്സിലായില്ലേ.-ചിറ്റിലപ്പള്ളി ആവശ്യപ്പെടുന്നു.

നേരത്തെ ഹർത്താൽ ഉൾപ്പെടെയുള്ള സമരങ്ങളുടെ ഭാഗമായി റോഡ് തടയുന്നതും പൊതുമുതൽ നശിപ്പിക്കുന്നതും ഒഴിവാക്കാൻ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് ചിറ്റിലപ്പള്ളി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർത്താലുകൾ നിയന്ത്രിക്കാൻ സർക്കാർ ബിൽ കൊണ്ടുവരുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഹർജിക്കാരന്റെ നിർദ്ദേശങ്ങൾ സർക്കാരിന് നേരിട്ടു സമർപ്പിക്കാമെന്നു വ്യക്തമാക്കിയാണ് അന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ.എം.ഷെഫീഖ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി തീർപ്പാക്കിയത്. ഹർത്താലുകളും പൊതുയോഗങ്ങളും സമരങ്ങളും നിമിത്തം റോഡുകളിലൂടെയുള്ള യാത്ര തടസ്സപ്പെടുന്നത് ഒഴിവാക്കണമെന്നായിരുന്നു ചിറ്റിലപ്പള്ളിയുടെ ഹർജിയിലെ പ്രധാന ആവശ്യം.

ഹർത്താലിനെത്തുടർന്ന് പൊതുമുതൽ നശിപ്പിക്കപ്പെടുന്നത് ഒഴിവാക്കാൻ ഹർത്താൽ ആഹ്വാനം ചെയ്യുന്ന പാർട്ടിയിലെ ഒരു നേതാവിന്റെ സ്വത്തിൽ ബാധ്യത ചുമത്തണം. പൊലീസിന്റെയും ജില്ലാ താലൂക്ക് തല ഉദ്യോഗസ്ഥരുടെയും സമിതികൾക്ക് രൂപം നൽകി റോഡ് തടയുന്നത് ഒഴിവാക്കണം എന്നിവയായിരുന്നു ഹർജിയിലെ മറ്റാവശ്യങ്ങൾ. ഈ ആവശ്യങ്ങൾ സർക്കാരും അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് ദളിത് സംഘടനകളുടെ ഹർത്താൽ ദിനത്തിൽ ചിറ്റിലപ്പള്ളിയുടെ സോഷ്യൽ മീഡിയയിലൂടെയുള്ള ഹർത്താലിനെതിരായ പ്രതികരണം. ഈ മാസം ഇത് രണ്ടാമത്തെ നിശ്ചലമാക്കൽ സമരമാണ്. ഏപ്രിൽ 2ന് വിവിധ തൊഴിലാളികളുടെ പൊതു പണിമുടക്ക് കേരളത്തിൽ നടന്നിരുന്നു.

ഹർത്താൽ ആഹ്വാനം ചെയ്യുന്നതിന് മൂന്നു ദിവസം മുൻപേ എല്ലാവരെയും അറിയിക്കണമെന്നാണ് നിബന്ധനയും കോടതി മുന്നോട്ട് വച്ചിരുന്നത്. ഹർത്താൽ ആഹ്വാനം ചെയ്യുന്ന പാർട്ടികൾ അതുമൂലമുണ്ടാകുന്ന നഷ്ടത്തിന് സെക്യൂരിറ്റി തുക കെട്ടിവയ്ക്കണമെന്നതുൾപ്പെടെ സർക്കർ പരിഗണിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചത്. ചിറ്റിലപ്പള്ളി നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഹർത്താൽ നടത്തിയത് മൂലം ഒരു വർഷം കേരളത്തിന് നഷ്ടമാകുന്നത് 39,000 കോടിയോളം രൂപ. ഒരു ദേശീയ, സംസ്ഥാന, പ്രാദേശിക തലത്തിൽ നടത്തപ്പെട്ട ഹർത്താലുകളുടെ കണക്ക് പരിശോധിച്ച് ഐ ചലഞ്ച് ഹർത്താൽ എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയാണ് ഈ കണക്ക് നേരത്തെ പുറത്തുവിട്ടിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹർത്താലുകൾക്കെതിരെ സോഷ്യൽ മീഡിയയിലും അല്ലാതെയും പ്രതിഷേധം പുകയാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇതാണ് ചിറ്റിലപ്പള്ളിയും പ്രതിഫലിപ്പിക്കുന്നത്.

സംസ്ഥാനത്ത് ഇനി ഒരു തരത്തിലുള്ള ഹർത്താലുകളും വേണ്ടെന്ന ആവശ്യവുമായി സാമൂഹിക പ്രവർത്തകനായ ഫാദർ ഡേവിസ് ചിറമ്മേലും കൂട്ടരും സജീവമായി കാമ്പൈനുകൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിനെ പിന്തുണച്ചും ചിറ്റിലപ്പള്ളി രംഗത്ത് വന്നിരുന്നു. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്ന വ്യവസായി. വി-ഗാർഡ് എന്ന വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപൻ എന്നതിനുപരി സഹജീവിയോട് കരുണയുള്ള മനുഷ്യസ്നേഹി കൂടിയാണ് ഇദ്ദേഹം. അവയവദാനത്തിന്റെ മഹത്വം സ്വന്തം വൃക്ക ദാനം ചെയ്താണ് അദ്ദേഹം സമൂഹത്തിന് കാട്ടിക്കൊടുത്തത്.