ചെന്നൈ: ജയലളിതയുടെ വേനൽക്കാല വസതിയിയായ കോടനാട് എസ്‌റ്റേറ്റിലെ കൊലയിലും മോഷണത്തിലും ഇനിയും വ്യക്തത വരുത്താൻ തമിഴ്‌നാട് പൊലീസ് തയാറാകുന്നില്ല. എസ്റ്റേറ്റിൽനിന്ന് മൂന്ന് സ്യൂട്ട്കേസുകൾ നഷ്ടപ്പെട്ടതായി സൂചനയുണ്ട്. എന്നാൽ എന്തായിരുന്നു ആ സ്യൂട്ട്കേസിൽ എന്നത് ഇനിയും പൊലീസ് പറത്തു പറയുന്നില്ല.

കോടനാട് എസ്റ്റേറ്റിൽനിന്ന് എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് പൊലീസ് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ജയലളിതയും ശശികലയും ഉപയോഗിച്ചിരുന്ന മുറിയിലേക്ക് സംഘം അതിക്രമിച്ചു കയറിയെന്നും രണ്ടു സ്യൂട്ട്കേസുകൾ മോഷണം പോയെന്നുമാണു വിവരം. പോയസ് ഗാർഡനിലെ ജയയുടെ വസതിയുടെ ഉടമസ്ഥാവകാശം ആർക്കെന്നതുൾപ്പെടെ നിർണായക രേഖകളാണ് ആ പെട്ടികളിലെന്നും പറയപ്പെടുന്നു. അതുകൊണ്ട് തന്നെ മോഷണത്തിന് പിന്നിൽ വമ്പൻ ഗൂഢാലോചനയുണ്ടെന്നും വിലയിരുത്തലുണ്ട്. ആരോപണം നീളുന്നത് മന്നാർഗുഡി മാഫിയയ്ക്ക് നേരെയാണ്.

അവസാനമായി മൽസരിച്ച തിരഞ്ഞെടുപ്പിൽ സമർപ്പിച്ച കണക്കുപ്രകാരം ജയലളിതയ്ക്കു 117.13 കോടിയുടെ സ്വത്തുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതു പോയസ് ഗാർഡനിലെ വസതി വേദനിലയം തന്നെ. ശശികലയുടെ സഹോദര ഭാര്യ ഇളവരശിയുടെ പേരിൽ ഇത് എഴുതിവച്ചിട്ടുണ്ടെന്നു വാർത്തകൾ പ്രചരിച്ചിരുന്നു. ജയയുടെ സ്വത്തുക്കളിൽ പലതിന്റെയും ഉടമസ്ഥാവകാശം ആർക്കെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. പോയസ്ഗാർഡന്റേതുൾപ്പെടെ നിർണായകമായ പല രേഖകളും കാണാതായ പെട്ടിയിലുണ്ടെന്നാണു സൂചന.

ജയലളിതയുടെ മുൻ ഡ്രൈവറായ മരിച്ച കനകരാജാണ് മോഷണത്തിന്റേയും കൊലയുടേയും ആസൂത്രകനെന്നാണ് പൊലീസ് പറയുന്നത്. തന്റെ പേരുപറഞ്ഞു സാമ്പത്തിക തട്ടിപ്പു നടത്തുന്നുവെന്നു വിവരം ലഭിച്ചതിനെ തുടർന്നാണു ജയ ഇയാളെ പുറത്താക്കിയത്. ജയ മരിക്കുകയും ശശികല ജയിലിലാകുകയും ചെയ്തതോടെ എസ്റ്റേറ്റിലെ കാര്യങ്ങൾ കുത്തഴിഞ്ഞു കിടക്കുകയായിരുന്നു എന്നു മനസ്സിലാക്കിയ ഇയാൾ മോഷണം ആസൂത്രണം ചെയ്തെന്നാണു പൊലീസ് പറയുന്നത്. ഇത് ഉന്നതരെ രക്ഷിക്കാനാണെന്ന വാദവും സജീവമാണ്.

കോയമ്പത്തൂരിൽ ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്ന കനകരാജും സുഹൃത്ത് സയനുമാണ് കേസിലെ പ്രധാന ആസൂത്രകരെന്നാണു പൊലീസിന്റെ നിഗമനം. സയൻ വഴിയാണു സംഘത്തിലെ മറ്റുള്ളവർ ഇതിൽ പങ്കാളികളാകുന്നത്.

അതിനാൽ, ഗൂഢാലോചനയ്ക്കു പിന്നിൽ ആരാണെന്നു വ്യക്തമായി അറിയാവുന്നവർ ഇവർ രണ്ടുപേർ മാത്രമാണ്. ഇന്നലെ സേലത്തും പാലക്കാട്ടും നടന്ന അപകടങ്ങൾ തെളിവു നശിപ്പിക്കാനുള്ള ഗൂഢാലോചനയാണെന്ന വാദവും സജീവമാണ്. കനകരാജ് മരിച്ചതിനാൽ ഇനി ഗൂഢാലോചനക്കാരെ കണ്ടെത്തുക പൊലീസിന് ഏറെ ബുദ്ധിമുട്ടാവുമെന്നാണ് വിലയിരുത്തൽ.