കോടഞ്ചേരി: ദിലീപിന്റെ അറസ്റ്റ്, മാതൃഭൂമിയിലെ മാധ്യമ പ്രവർത്തകനെതിരായ പീഡനക്കേസിലെ നിലപാട്. വ്യവസായി രാജ്‌മോഹൻ പിള്ളയുടെ ജയിൽ വാസം.... കേരളം ഭരിക്കുന്നത് ഇരട്ടചങ്കുള്ള പിണറായി വിജയനാണെന്ന് വിലയിരുത്തിയ സംഭവമാണ് ഇത്. എന്നാൽ ഭരണം മുന്നോട്ട് പോകുമ്പോൾ വിവാദങ്ങളാണ് പിണറായി സർക്കാരിനെ തേടിയെത്തുന്നത്. ഇപ്പോഴിതാ ഇരട്ട ചങ്കന്റെ ഭരണത്തിന് കീഴിൽ അക്രമികളുടെ ചവിട്ടേറ്റ് യുവതിയുടെ ഗർഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തിൽ പ്രതികളെ തൊടാൻ പൊലീസിന് പേടിയാവുന്നു. പ്രതികൾ സിഎമ്മുകാരായതാണ് ഇതിന് കാരണം.

ആരോപണ വിധേയർ സിപിഎമ്മുകാരായതു കൊണ്ട് അന്വേഷണം പോലും നടക്കുന്നില്ല. ഇതിനെതിരെ കേസിലെ മുഴുവൻ പ്രതികളെയും പിടിക്കണമെന്നാവശ്യപ്പെട്ടു പൊലീസ് സ്റ്റേഷനു മുന്നിൽ കുടിൽ കെട്ടി സമരം തടരുകയുമാണ്. വേളംകോട് ലക്ഷംവീട് കോളനിയിലെ വീട്ടിൽക്കയറി ആക്രമണം നടത്തിയ കേസിലെ മുഴുവൻ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ടാണ് ആക്രമണത്തിനിരയായ തേനാംകുഴിയിൽ സിബി ചാക്കോയും കുടുംബവും കോടഞ്ചേരി പൊലീസ് സ്റ്റേഷനു മുൻപിൽ സമരം നടത്തിയത്.

സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ രക്ഷിക്കാൻ പൊലീസ് ശ്രമമെന്നാണ് ആരോപണം. കോടഞ്ചേരി കല്ലന്തറമേട് ബ്രാഞ്ച് സെക്രട്ടറി തമ്പിയെ കേസിൽ ഉൾപ്പെടുത്തരുതെന്ന ആവശ്യവുമായി പൊലീസ് തന്നെ രംഗത്തെത്തി. തമ്പിയെ ഒഴിവാക്കിയാൽ മറ്റുള്ളവരെ അറസ്റ്റു ചെയ്യാമെന്നാണ് പൊലീസിന്റെ നിലപാടെന്നാണ് സൂചന. അക്രമിസംഘത്തിന്റെ ചവിട്ടേറ്റ് നാലുമാസമായ ഗർഭസ്ഥശിശു മരിച്ച സംഭവത്തിലെ മൂന്നാം പ്രതിയാണ് സിപിഎം കല്ലന്തറമേട് ബ്രാഞ്ച് സെക്രട്ടറിയായ തമ്പി. തമ്പിയുടെ നേതൃത്വത്തിലെത്തിയ ഏഴംഗ സംഘത്തിന്റെ അക്രമത്തിലാണ് തേനംകുഴി സിബിയുടെ ഭാര്യ ജ്യോത്സനയുടെ നാഭിക്ക് ചവിട്ടേറ്റ് ഗർഭസ്ഥശിശു മരിച്ചത്. സിബിക്കും രണ്ട് കുട്ടികൾക്കും മർദ്ദനമേറ്റു. എന്നാൽ സംഭവത്തെ ലാഘവത്തോടെ കാണുന്ന പൊലീസ് രണ്ടാഴ്ച പിന്നിട്ടിട്ടിട്ടും ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. തമ്പിയെ ദഴിവാക്കിയാൽ മാത്രമെ മറ്റുള്ളവരെ അറസ്റ്റുചെയ്യുവെന്ന നിലപാടിലാണ് പൊലീസ്. തമ്പിയുടെ നേതൃത്വത്തിൽ സിബിക്കും കുടുംബത്തിനുമെതിരെ ഭീഷണി തുടരുകയാണെന്ന ആരോപണം സജീവമാണ്. പാർട്ടിക്കാരുടെ കേസ് ആയതിനാൽ പിണറായി സർക്കാരും ഒന്നും ചെയ്യുന്നില്ല.

കഴിഞ്ഞമാസം 28 ന് രാത്രിയിലാണ് താമരശേരി തേനംകുഴിയിൽ സിബി ചാക്കോയ്ക്കും ഭാര്യ ജ്യോൽനസനയ്ക്കും രണ്ട് മക്കൾക്കും മർദനമേറ്റത്. അയൽവാസിയുടെ നേതൃത്വത്തിലെത്തിയ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗർഭിണിയായ ജ്യോൽസനയുടെ വയറിൽ ചവിട്ടിയതിനെത്തുടർന്ന് രക്തസ്രാവമുണ്ടായി. ജ്യോൽസനയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും നാല് മാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു. ഒരാഴ്ചത്തെ ചികിൽസയ്ക്കു ശേഷമാണ് കുടുംബത്തിന് ആശുപത്രി വിടാനായത്. ആക്രമണം നടത്തിയവരിൽ ഒരാൾ പിടിയിലായി. എന്നാൽ യഥാർഥ പ്രതികളെ പൊലീസ് പിടികൂടിയില്ല.

ഭരണകക്ഷിയിൽപ്പെട്ടവരായതിനാലാണ് പ്രതികളുടെ അറസ്റ്റ് വൈകുന്നതെന്നാണ് ആരോപണം. ബോധപൂർവം പൊലീസ് ഇവർക്ക് സംരക്ഷണമൊരുക്കുന്നു. വീട്ടിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയാണ്. ആക്രമണത്തിന് നേതൃത്വം നൽകിയ പാർട്ടിയിലെ ഉന്നതനെ പരാതിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. നവമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തുകയാണ്. ജീവിക്കാൻ പറ്റാത്ത സാഹചര്യം ഉടലെടുത്തപ്പോഴാണ് സ്റ്റേഷന് മുന്നിൽ സമാരംഭിച്ചത്. ജീവന് ഭീഷണിയുണ്ടെന്നറിയിച്ച് മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും സിബി ചാക്കോ പറയുന്നു. ഈ വിഷയം ബിജെപി ഏറ്റെടുത്തു. ഇതോടെ സമരത്തിന് പുതിയ രൂപവും ഭാവവും കൈവന്നു. സോഷ്യൽ മീഡിയയും ഗൗരവത്തോടെ തന്നെ ഈ വിഷയം ചർച്ചയാക്കുന്നുണ്ട്.

സിബിയുടെ ഭാര്യയുടെ പരാതി പ്രകാരം അയൽവാസിയായ നക്‌ളിക്കാട്ട്കുടിയിൽ പ്രജീഷ് ഗോപാലനെ (37) കോടഞ്ചേരി പൊലീസ് പിടികൂടിയിരുന്നു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഈ കേസിൽ അഞ്ചു പ്രതികളെക്കൂടി പിടികൂടാനുണ്ട്. അച്ഛനും അമ്മയ്ക്കുമൊപ്പം ഏഴ്, അഞ്ച്, മൂന്ന് വയസ്സുള്ള മൂന്നു കുട്ടികളും രാവിലെ പത്തു മുതൽ വൈകിട്ട് ആറു വരെ ധർണ നടത്തി. വീട്ടിൽ നിന്നു കട്ടിലും പായയും തലയണയും കസേരയുമായി എത്തി പൊലീസ് സ്റ്റേഷനു മുൻപിൽ കുടിൽ കെട്ടിയായിരുന്നു സമരം. ഇന്നു ബിജെപി പൊലീസ് സ്റ്റേഷൻ മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ വേളംകോട് കോളനിയിൽ അയൽക്കാർ തമ്മിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ടു പ്രതികളെ സിപിഎം സംരക്ഷിക്കുന്നു എന്ന നിലയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നു സിപിഎം കോടഞ്ചേരി വെസ്റ്റ് ലോക്കൽ കമ്മിറ്റി അറിയിച്ചു.. പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി പ്രശ്‌നം സിപിഎമ്മിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും അവർ പറഞ്ഞു.