തൃശൂർ : ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന കൊടി സുനിക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ സുഖവാസമാണ്. എല്ലാ സൗകര്യവും ഇവിടെ കിട്ടുന്നു. എന്നാൽ ഈ സംവിധാനങ്ങൾ ജയിലിനുള്ളിൽ വാർഡന്മാർക്ക് പോലുമില്ലെന്നതാണ് വസ്തു. കൊടി സുനിയുടെ കള്ളത്തരം പൊളിക്കാനിറങ്ങി ജയിൽ വാർഡൻ പുലിവാല് പിടിക്കുകയും ചെയ്തു.

രാഷ്ട്രീയ തടവുകാരെല്ലാം മൊബൈൽ ഉപയോഗിക്കുന്നുവെന്നത് പകൽ പോലെ വ്യക്തമാണ്. ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെ മാദ്ധ്യമ പ്രവർത്തകർക്ക് പോലും ഫോണിൽ വിളിച്ച് സംസാരിക്കും. ഇത് പുറത്ത് വന്നത് ഏറെ ചർച്ചയായി. അതിന് പിന്നാലെയാണ് കൊടി സുനിയുടെ ഫോൺ വിളി പുറം ലോകത്ത് എത്തിക്കാൻ ജയിൽ വാർഡൻ തന്നെ ശ്രമിച്ചത്. എന്നാൽ ഈ വാർഡൻ എല്ലാ അർത്ഥത്തിലും പുലിവാലു പടിച്ചു. സെല്ലിനുള്ളിൽ ഫോൺ വിളിക്കുന്നതു വിഡിയോ ക്യാമറയിൽ ചിത്രീകരിക്കാനായിരുന്നു ജയിൽ വാർഡറിന്റെ ശ്രമം. അഴിക്കിടയിലൂടെ കയ്യിട്ടു വാർഡറിന്റെ കയ്യിൽനിന്നു ക്യാമറ തട്ടിപ്പറിച്ചെടുത്ത സുനി, മെമ്മറി കാർഡ് ഒടിച്ചുകളഞ്ഞു. ഇതോടെ തെളിവില്ലാതെയായി.

ഇതിന് ശേഷം സംഭവം ജയിലിൽ ചർച്ചയായി. ഇതോടെ ജയിലിനുള്ളിൽ അനുമതിയില്ലാതെ ക്യാമറ പ്രവേശിപ്പിക്കുന്നതും തടവുകാരുടെ ദൃശ്യങ്ങൾ പകർത്തുന്നതും കുറ്റകരമായതിനാൽ വാർഡറിനെതിരെ ജയിലർ മെമോ അയച്ചു. എന്നാൽ സുനിയുടെ കയ്യിൽനിന്നു ഫോൺ പിടിച്ചെടുക്കാനോ ഇയാളുടെ ഫോൺവിളി വിവരങ്ങൾ കണ്ടെത്താനോ ശ്രമിക്കാതെ സംഭവം മൂടിവയ്ക്കാനാണ് ശ്രമം. ചില ജീവനക്കാരുടെ സഹായത്തോടെ തടവുകാർ ജയിലിനുള്ളിൽ മൊബൈൽ ഫോണുകൾ യഥേഷ്ടം ചാർജ് ചെയ്ത് ഉപയോഗിക്കുന്നതായി നേരത്തെ തന്നെ വ്യക്തമായിരുന്നു. രണ്ടു ദിവസം മുൻപു ഡി ബ്ലോക്കിലാണ് പുതിയ വിവാദ സംഭവം.

സുനിയുടെ കയ്യിൽ എങ്ങനെ ഫോൺ എത്തിയെന്നോ ഈ ഫോണിൽനിന്ന് ആരെയൊക്കെ ബന്ധപ്പെട്ടെന്നോ അന്വേഷിക്കുന്നതിനു പകരം വാർഡറിനെതിരായ നടപടിയിൽ മാത്രം സംഭവം ഒതുക്കിത്തീർക്കുകയാണ് ജയിൽ അധികൃതർ. അനുമതി കൂടാതെ ക്യാമറ ജയിലിനുള്ളിൽ പ്രവേശിപ്പിക്കുകയും തടവുകാരുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതിനു വാർഡൻ രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വാർഡനെ പുറത്താക്കാനാണ് തത്വത്തിലെ തീരുമാനം. ഇതിന് വേണ്ടിയാണ് മെമോ നൽകിയതെന്നും സൂചനയുണ്ട്.

സുനി അടക്കം ടിപി വധക്കേസിലെ പ്രതികളെല്ലാം ജയിലിനുള്ളിൽ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുകയും ജയിലിനകത്തുനിന്നുള്ള ഫോട്ടോകൾ സഹിതം സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുകയും ചെയ്ത സംഭവം വലിയ വിവാദങ്ങൾക്ക് ഇടനൽകിയിരുന്നു.