കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കൊടിസുനി അടിച്ചു പൊളിക്കുകയാണ്. യുഡിഎഫ് ഭരണകാലത്ത് ഫെയ്‌സ് ബുക്കും വാട്‌സ് ആപ്പുമായിരുന്നു ആശ്വാസം. എന്നാൽ സ്വന്തം സർക്കാരെത്തിയപ്പോൾ ജയിൽ വീടു പോലെയായി. ക്വട്ടേഷനും ഏറ്റെടുക്കാം. അങ്ങനെയാണ് കോഴിക്കോട്ട് കാർ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വർണം കവരാനുള്ള സാധ്യത തെളിഞ്ഞത്. അത് ഫലപ്രദമായി സുനി ഉപയോഗിക്കുകയും ചെയ്തു. ഈ കേസിലെ മുഖ്യ ആസുത്രകനാണ് കൊടി സുനി. സിപിഎമ്മുമായുള്ള അടുത്ത ബന്ധം കാരണം വിയ്യൂരിൽ സുനിക്ക് ഒരു നിയന്ത്രണവുമില്ല. ജയിലർക്ക് സമാനമായ ജീവതമാണ് സുനിക്കുള്ളതെന്നാണ് ഈ കേസും തെളിയിക്കുന്നത്.

കോഴിക്കോട്ടെ കവർച്ച ആസൂത്രണം ചെയ്യാൻ അഞ്ഞൂറിലേറെ ഫോൺകോളുകൾ കൊടി സുനി ചെയ്തു. 2017 ജൂലായ് 16-ന് നല്ലളം മോഡേൺ സ്റ്റോപ്പിന് സമീപമാണ് കാർയാത്രികനെ ആക്രമിച്ച് മൂന്ന് കിലോഗ്രാമോളം കള്ളക്കടത്ത്  സ്വർണം കവർന്നത്. ഇതിന്റെ ആസൂത്രകൻ സുനിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കവർച്ചയ്ക്ക് നേതൃത്വം നൽകിയ കാക്ക രഞ്ജിത്തിനെ 244 തവണ വിളിച്ചിട്ടുണ്ട്. കവർച്ചമുതൽ വാങ്ങിയ കൊല്ലത്തെ സ്വകാര്യ പണമിടപാടുകാരൻ രാജേഷ് ഖന്നയെ ഇരുന്നൂറിലധികം തവണ വിളിച്ചു. കൊടിസുനി വിയ്യൂർ സെൻട്രൽ ജയിലിൽ ഉപയോഗിച്ച മൊബൈൽ ഫോണിന്റെ ഏതാനും ആഴ്ചകളിലെ വിവരങ്ങൾ ശേഖരിച്ചതിൽനിന്നാണ് ഇത്രയധികം ഫോൺ കോളുകൾ ഉണ്ടായത് കണ്ടെത്തിയത്.

മൊബൈൽ കമ്പനികളിൽനിന്ന് ശേഖരിച്ച ഫോൺ കോൾ രേഖകൾ, ടവർ ലൊക്കേഷൻ രേഖകൾ, സെൽ ഐ.ഡി. രേഖകൾ എന്നിവ കേസ് പരിഗണിക്കുന്ന കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (അഞ്ച്) മുമ്പാകെ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം. കാക്ക രഞ്ജിത്തിനെയും രാജേഷ് ഖന്നയെയും വിളിക്കാൻ ഉപയോഗിച്ച അതേ നമ്പറിൽനിന്ന് സിപിഎമ്മിന്റെ കണ്ണൂർ ജില്ലയിലെ രണ്ടു നേതാക്കളെയും തലശ്ശേരി, ചൊക്ലി ഭാഗത്തെ ചിലരേയും വിളിച്ചിട്ടുണ്ട്. ജയിലിൽ കൊടി സുനി എത്രമാത്രം സ്വതന്ത്രനാണെന്നതിന്റെ തെലിവാണ് ഇത്. രണ്ടുദിവസത്തിനകം നല്ലളം പൊലീസ് വിയ്യൂർ സെൻട്രൽ ജയിലിലെത്തി കൊടിസുനിയെ ചോദ്യംചെയ്യും. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും സമാന്തരമായി ഈ കേസിൽ അന്വേഷണം നടത്തുന്നുണ്ട്.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ ആർക്കും വിശ്വാസമില്ല. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അന്വേഷണത്തെ പൊലീസ് ഭയക്കുന്നു. അതുകൊണ്ട് മാത്രമാണ് കരുതലോടെയെങ്കിലും സുനിക്കെതിരെ നടപടി എടുക്കുന്നത്. കോടതി അനുമതിയോടെയാണ് ചോദ്യം ചെയ്യാനുള്ള നീക്കം. കൊടി സുനിയെ പൊലീസ് വെറുതെ വിട്ടാലും കേന്ദ്ര ഏജൻസി പിടിമുറുക്കും. ഇത് പൊലീസിന് ചീത്തപേരാകും. അതുകൊണ്ടാണ് അന്വേഷണം നടത്തേണ്ട സാഹചര്യം ഉണ്ടാകുന്നത്. കള്ളക്കടത്ത് സ്വർണം കവർച്ച ചെയ്താൽ ആരും എവിടേയും പരാതി നൽകില്ല. ഈ വിശ്വാസത്തിലാണ് കൊടി സുനി തന്ത്രങ്ങൾ ഒരുക്കിയത്. ക്വട്ടേഷൻ ഗുണ്ടകൾ ഇത്തരം കവർച്ചകൾ ചെയ്യുന്നത് സ്ഥിരമാണ്. ഇതുകൊടി സുനിയുടേയും രീതിയായിരുന്നു.

കവർന്നെടുത്ത സ്വർണം രാജേഷ് ഖന്ന പൊലീസിന് കൈമാറാതെ ഒളിപ്പിച്ചതിനു പിന്നിലും കൊടി സുനിയുടെ ഉപദേശം തന്നെയായിരുന്നു. കാക്ക രഞ്ജിത്തിന്റെ അറസ്റ്റ് പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയതിന്റെ പിറ്റേദിവസം വിയ്യൂർ സെൻട്രൽ ജയിലിലെത്തി രാജേഷ് ഖന്ന കൊടിസുനിയെ കണ്ടത് സ്വർണം ഒളിപ്പിക്കുന്നകാര്യം സംസാരിക്കുന്നതിനുവേണ്ടിയായിരുന്നെന്നാണ് നിഗമനം. ഒട്ടേറെ പിടിച്ചുപറിക്കേസുകളിൽ പ്രതിയായ കോഴിക്കോട് പൊക്കുന്ന് സ്വദേശി രഞ്ജിത്ത് എന്ന കാക്ക രഞ്ജിത്ത് (34), കൊല്ലത്തെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ രാജേഷ് ഖന്ന എന്നിവരുമായി ചേർന്നാണ് സുനി പദ്ധതി നടപ്പാക്കിയത്. ഈ കേസിൽ കാക്ക രഞ്ജിത്തിന്റെ കുറ്റസമ്മത മൊഴിയിലും കൊടി സുനിയുടെ ബന്ധം വെളിപ്പെടുത്തുന്നുണ്ട്.

രാജേഷ് ഖന്നയെ കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചിരുന്നു. കവർച്ചക്കേസ് അന്വേഷിച്ച സംഘം 2016 ഓഗസ്റ്റ് 29-ന് കാക്ക രഞ്ജിത്തിനെ അറസ്റ്റുചെയ്തിരുന്നു. പിറ്റേന്ന് രാജേഷ് ഖന്ന വിയ്യൂർ സെൻട്രൽ ജയിലിലെത്തി കൊടി സുനിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ രേഖകളും പൊലീസിന് ലഭിച്ചു. ഇതാണ് കേസിൽ അതിനിർണ്ണായക തെളിവാകുന്നത്. കാക്ക രഞ്ജിത്ത് ഉൾപ്പെടെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്. നാലുപേർ പിടിച്ചുപറി നടത്തിയ സംഘത്തിൽപ്പെട്ടവരാണ്. അവർ കവർന്ന സ്വർണം ഗുരുവായൂരിലെത്തി കാക്ക രഞ്ജിത്തിന് കൈമാറി. കാക്ക രഞ്ജിത്ത് അതുകൊല്ലത്തെത്തി രാജേഷ് ഖന്നയ്ക്ക് നൽകി. ടി.പി.കേസിൽ പ്രതികൾക്കുവേണ്ടി ഹാജരായ ഒരു അഭിഭാഷകൻ ഈ കേസിലെ ഒരു പ്രതിക്കുവേണ്ടിയും ഹാജരായി്. ഈ അഭിഭാഷകനെ ഏർപ്പെടുത്തിയതും സുനിയാണെന്ന് പൊലീസ് കരുതുന്നു.

നേരത്തെ വിയ്യൂരിൽ തടവുശിക്ഷ അനുഭവിക്കുന്ന കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരിൽനിന്നു മൊബൈൽ ഫോണുകൾ പിടികൂടിയിരുന്നു. ഇന്റർനെറ്റ് സൗകര്യമുള്ള രണ്ടു വിലയേറിയ സ്മാർട് ഫോണുകൾ, ഇവ ചാർജ് ചെയ്യാനുള്ള രണ്ടു പവർ ബാങ്കുകൾ, ഡേറ്റ കേബിളുകൾ, മൂന്നു സിം കാർഡുകൾ എന്നിവയാണു ജയിലറുടെ നേതൃത്വത്തിലുള്ള സംഘം റെയ്ഡിൽ പിടിച്ചത്. ഫോൺ ഒളിപ്പിച്ചു വയ്ക്കുന്നതിനു പകരം പവർ ബാങ്കുമായി ബന്ധിപ്പിച്ചു പരസ്യമായി ചാർജ് ചെയ്യാനിട്ട നിലയിലായിരുന്നു സുനിയുടെ ഫോൺ. മുഹമ്മദ് ഷാഫിയുടെ ഫോൺ സെല്ലിനുള്ളിൽ അലസമായി കിടക്കുന്ന അവസ്ഥയിലും. വിശദമായ തിരച്ചിലിൽ രണ്ടു പവർ ബാങ്കുകളും രണ്ടു ഡേറ്റ കേബിളുകളും മൂന്നു സിം കാർഡുകളും പിടിച്ചെടുത്തിരുന്നു.

രണ്ടു വർഷം മുൻപു കോഴിക്കോട് ജില്ലാ ജയിലിൽ ഷാഫി സ്മാർട് ഫോൺ ഉപയോഗിച്ചതു കയ്യോടെ പിടിക്കപ്പെട്ടിരുന്നു. ടിപി കേസ് പ്രതികൾ ഒന്നിച്ചെടുത്ത സെൽഫി ജയിലിനുള്ളിൽനിന്നുതന്നെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതാണു വിവാദത്തിനിടയാക്കിയത്. ജയിലിനുള്ളിൽനിന്നു ഫോൺ പിടികൂടിയ സംഭവം ആദ്യത്തേതല്ലെങ്കിലും ഡേറ്റ കേബിൾ പിടിക്കപ്പെട്ടത് അത്യപൂർവമായിരുന്നു. ഈ കേസുകളിലൊന്നും കൂടുതൽ അന്വേഷണത്തിന് അധികൃതർ തയ്യാറായിട്ടില്ല. ഇത്തരം അത്യാധുനിക സംവിധാനങ്ങളുടെ കരുത്തിലാണ് സുനി കവർച്ചയും ആസൂത്രണം ചെയ്തെന്നാണ് വിലയിരുത്തൽ.

രണ്ടു വർഷം മുൻപു കോഴിക്കോട് ജില്ലാ ജയിലിൽ ഷാഫി സ്മാർട് ഫോൺ ഉപയോഗിച്ചതു കയ്യോടെ പിടിക്കപ്പെട്ടിരുന്നു. ടിപി കേസ് പ്രതികൾ ഒന്നിച്ചെടുത്ത സെൽഫി ജയിലിനുള്ളിൽനിന്നുതന്നെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതാണു വിവാദത്തിനിടയാക്കിയത്. ഷാഫി പതിവായി സ്മാർട് ഫോൺ ഉപയോഗിക്കുന്നുണ്ടെന്നാണു ജയിൽ അധികൃതരിൽനിന്നു ലഭിക്കുന്ന സൂചന. ഇവർക്കു ഫോണിന്റെ ബാറ്ററി ചാർജ് ചെയ്തു നൽകാൻ ചില ജീവനക്കാർ പണം വാങ്ങുന്നുണ്ടെന്നു നേരത്തെ വ്യക്തമായിരുന്നു. ദിവസവും ബാറ്ററി ചാർജ് ചെയ്ത് എത്തിക്കാനുള്ള ബുദ്ധിമുട്ടുമൂലം പവർ ബാങ്ക് വാങ്ങി നൽകിയെന്നാണു സൂചന.

പൂജപ്പുര, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകൾ ഭരിക്കുന്നത് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളാണെന്ന ആരോപണം നേരത്തെ തന്നെ സജീവമാണ്. ജയിലിലെ തന്ത്രപ്രധാന തീരുമാനങ്ങൾ പലതും ഇവരിലൂടെയാണ് നടപ്പാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കൊടി സുനി, കിർമാണി മനോജ്, അണ്ണൻ സിജിത്ത് എന്നിവർ ഉദ്യോഗസ്ഥർക്കു കടുത്ത തലവേദനയാണു സൃഷ്ടിക്കുന്നത്. മൂന്നു ജയിലുകളിലും വാർഡർമാരെ ഡ്യൂട്ടിക്കിടുന്നതുപോലും പല ഉദ്യോഗസ്ഥരും ടിപി കേസ് പ്രതികളുടെ അനുമതി തേടിയാണെന്നാണ് സൂചന. ഇത് ശരിവയ്ക്കുന്നതാണ് കൊടി സുനിയുടെ ജയിലിലെ ക്വട്ടേഷൻ പരിപാടികൾ. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിരന്തര പ്രശ്‌നക്കാരായതോടെയാണ് കൊടി സുനിയെയും കിർമാണിയെയും അണ്ണൻ സിജിത്തിനെയും മൂന്നു ജയിലുകളിലേക്കു മാറ്റിയത്. പൂജപ്പുര ജയിൽ ഭരിക്കുന്നത് അണ്ണൻ സിജിത്തും കിർമാണി മനോജും ചേർന്നാണ്. വിയ്യൂരിൽ കൊടി സുനിയും.

ദിനവും വി ഐ പി കളായ സന്ദർശകരും ഇവർക്കുണ്ട്. പുറത്തു നിന്നും ഇടക്ക് ഭക്ഷണവും മറ്റു സുഖ സൗകര്യങ്ങളും ഇവർക്ക് എത്തിക്കാറുമുണ്ട്. വിയ്യൂരിൽ കൊടി സുനിയുടെ നേതൃത്വത്തിലാണ് വാർഡന്മാരെ വിരട്ടുന്നത്. ഇവരുടെ ഭീഷണി കാരണം പല വാർഡന്മാരും ജയിലിനുള്ളിൽ ജോലിക്ക് തയ്യാറാവുന്നില്ലായെന്നാണ് വിവരം. കൊടി സുനി ഉൾപ്പെടയുള്ള 1850 തടവുകാർക്ക് സർക്കാർ ശിക്ഷ ഇളവ് നൽകാൻ നടത്തിയനീക്കം ഗവർണർ പി സദാശിവം പൊളിച്ചത് മാധ്യമങ്ങൾ വലിയ വാർത്തയാക്കിയപ്പോൾ അതൊക്കെ ശുദ്ധനുണയെന്നാണ് സർക്കാരും സി പി എമ്മും വാദിച്ചത്. പിന്നീട് സർക്കാരിന് ഇത്തരത്തിൽ ഒരു ലിസ്റ്റ് സമർപ്പിച്ചതായി ജയിൽ വകുപ്പ് സമ്മതിക്കുന്ന വിവരാവകാശ രേഖ മറുനാടൻ പുറത്തു വിട്ടതോടെ കേരളത്തിലെ മുഴുവൻ മാധ്യമങ്ങൾ ആ വാർത്ത ഏറ്റു പിടിക്കുകയായരുന്നു.