തൃശൂർ: ടിപി ചന്ദ്രശേഖരനെ വധിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി ജയിലിനകത്ത് കിടന്ന് പുറത്തെ സ്വർണ കവർച്ച ആസൂത്രണം ചെയ്ത സംഭവത്തിൽ ഒരു പരിശോധന പോലും നടത്താനാവാതെ അന്വേഷണ സംഘം. ജയിൽ അധികൃതർ എല്ലാത്തിനും ഒത്താശ ചെയ്യുന്നതോടെ കൊടി സുനിക്ക് എതിരെ ഇക്കാര്യത്തിൽ മുന്നോട്ടുനീങ്ങാനാവാതെ കുഴങ്ങുകയാണ് പൊലീസ്. ഇതിനിടെ സുനി വിളിച്ച ഫോൺ നിർണായക തെളിവായതിനാൽ അത് പൊലീസിന് കണ്ടെത്തുകയും വേണം. എന്നാൽ പൊലീസ് റെയ്ഡ് പ്രഹസനം ആകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

പൊലീസ് റെയ്ഡ് മണത്തറിഞ്ഞു മൊബൈൽ ഫോണും ചാർജറും ജയിലിലെ പച്ചക്കറിത്തോട്ടത്തിനുള്ളിൽ കുഴിച്ചുമൂടി കൊടി സുനിയും സംഘവുമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. വിയ്യൂർ സെൻട്രൽ ജയിലിനുള്ളിലിരുന്ന് 430 തവണ കൊടിസുനി കവർച്ചയുമായി ബന്ധപ്പെട്ട് ഫോൺവിളികൾ നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പിന്നാലെ കോഴിക്കോട്ടു നിന്നുള്ള പൊലീസ് സംഘം സുനിയെ ചോദ്യം ചെയ്യാനെത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജയിൽ അധികൃതരുടെ ഒത്താശയോടെ ഫോണും ചാർജറും ഉൾപ്പെടെ ജയിൽവളപ്പിലെ പച്ചക്കറി തോട്ടത്തിൽ കുഴിച്ചുമൂടിയെന്ന വിവരമാണ് പുറത്തുവരുന്നത്.

മൊബൈൽ ഫോണുകളും ചാർജറുകളും പ്ലാസ്റ്റിക് കൂടിലാക്കി പച്ചക്കറിത്തോട്ടത്തിനുള്ളിൽ ഒളിപ്പിച്ചെന്നു ജയിൽ അധികൃതർക്കു വിവരം ലഭിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി റെയ്ഡുണ്ടായാൽ രക്ഷപ്പെടാനുള്ള മുൻകരുതലെന്ന നിലയിലാണ് ഈ നീക്കം. ജയിലിൽ വിഐപി പരിഗണനയിലാണ് കൊടിസുനി കഴിയുന്നതെന്ന വിവരം പുറത്തുവന്നിരുന്നു. മുമ്പ് യുഡിഎഫ് സർക്കാരിന്റെ കാലത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മുമ്പു വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗത്തിനു പിടിയിലായിരുന്നു.

കോഴിക്കോട് നല്ലളത്തു കാർ യാത്രക്കാരനെ ആക്രമിച്ചു സ്വർണം കവർന്ന കേസിന്റെ ആസൂത്രണം സുനി ജയിലിനുള്ളിലിരുന്നു നടത്തിയെന്നാണു പൊലീസ് കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ കാക്ക രഞ്ജിത്തിനു ഫോണിലൂടെ നിർദ്ദേശങ്ങൾ നൽകിയതു സുനിയാണെന്നും കണ്ടെത്തി. ഇതോടെ ഫോൺ പിടികൂടാൻ ജയിലിനുള്ളിൽ ഏതു നിമിഷവും പൊലീസ് റെയ്ഡ് ഉണ്ടായേക്കുമെന്നു സുനിക്ക് വേണ്ടപ്പെട്ടരുടെ മുന്നറിയിപ്പ് എത്തി. അങ്ങനെയാണ് ഫോണുകൾ ഒളിപ്പിച്ചത്. ഫോൺ സ്വിച്ചോഫ് ചെയ്തു ജയിൽ വളപ്പിനുള്ളിലെ തോട്ടത്തിൽ പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞ് ഒളിപ്പിച്ചെന്നാണു ജയിലിലെ തന്നെ ചില ഉദ്യോഗസ്ഥർ നൽകുന്ന വിവരം. 10 മാസം മുൻപു സുനിയുടെ സെല്ലിൽ സൂപ്രണ്ട് നടത്തിയ പരിശോധനയിൽ മൂന്നു സ്മാർട് ഫോണുകളും പവർബാങ്കുകളും ഡാറ്റ കേബിളുകളും സിം കാർഡുകളും പിടികൂടിയിരുന്നു. ഇടതുസർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സുനിക്ക് കൂടുതൽ സൗകര്യങ്ങളെത്തിയെന്നാണ് ഇതിലൂടെ വ്യക്തമായത്.

മൂന്നു മാസത്തിനു ശേഷം സബ് കലക്ടറുടെ നേതൃത്വത്തിൽ ഉന്നതതല സംഘം വീണ്ടും റെയ്ഡിനു പോയെങ്കിലും ഇവർക്കു ജയിലിനുള്ളിൽ പ്രവേശിക്കാനുള്ള അനുമതി ഒരു മണിക്കൂറോളം വൈകിച്ചത് വിവാദമായിരുന്നു. ഇതോടെ ജയിലിൽ ഫോണുകളും മറ്റും ഒളിപ്പിക്കാൻ സുനിക്കും കൂട്ടർക്കും സാവകാശവും കിട്ടി. ഇപ്പോൾ വലിയൊരു കുറ്റകൃത്യം ജയിലിനകത്ത് വച്ച് ആസൂത്രണം ചെയ്തുവെന്ന് കൂടി വ്യക്തമായതോടെ ഏതുനിമിഷവും പൊലീസ് ജയിലിൽ എത്തുമെന്ന വിവരം സുനിക്ക് വേണ്ടപ്പെട്ടവർ കൈമാറുകയായിരുന്നു. ഇതോടെയാണ് ഫോൺ ഒളിപ്പിക്കൽ നടന്നത്.

സെല്ലിൽ ബീഫുൾപ്പെടെ തട്ടി സുനിയുടെ സുഖ ജീവിതം

ജയിൽ മെനുവിൽ ഉൾപ്പെടാത്ത വിഭവമായ ബീഫ് കൊടി സുനിയുടെ സെല്ലിൽ പതിവായി എത്തിക്കുന്നതിന് ഉൾപ്പെടെ ഒത്താശചെയ്ത് ചിലർ ഉണ്ടെന്ന വിവരും ഇതോടൊപ്പം പുറത്തുവരുന്നു. പോത്തിറച്ചി മസാല ചേർത്ത് അരിഞ്ഞുണക്കിയ നിലയിലാണു സുനിയുടെ സെല്ലിലേക്കു മാത്രമായി എത്തുന്നത്. എട്ടു മാസം മുൻപു ജയിലിനുള്ളിൽ നടന്ന റെയ്ഡിൽ സുനിയുടെ സെല്ലിൽനിന്നു ബീഫ് പിടിച്ചെടുത്തിരുന്നു. എന്നാൽ, സംഭവം വിവാദമാകുമെന്നു കണ്ട് അധികൃതർ വിവരം പുറത്തുവിട്ടില്ല.

ജീവനക്കാരിൽ ചിലർ ഇപ്പോഴും സുനിയുടെ സെല്ലിൽ ബീഫ് എത്തിക്കുന്നതു തുടരുന്നു. ജീവനക്കാരുടെ ബാഗ് ജയിൽ കവാടത്തിൽ പരിശോധിക്കാറില്ലെന്നതാണു സുനിക്കു തുണയാകുന്നത്. ഉച്ചഭക്ഷണപ്പൊതിക്കുള്ളിൽ ഒളിപ്പിച്ചാണു ബീഫ് കടത്തൽ. സുനിയുടെ സെല്ലിനു സമീപത്താണു കാന്റീൻ എന്നതിനാൽ കാന്റീൻ വഴിയാണു കൈമാറ്റം. സെല്ലിനുള്ളിൽ ഗ്ലാസുകൾ കമഴ്‌ത്തിവച്ചു പ്ലേറ്റിനുള്ളിൽ എണ്ണയൊഴിച്ചു പാകം ചെയ്താണു കഴിക്കൽ. യുഡിഎഫ് ഭരണകാലത്ത് ഫെയ്സ് ബുക്കും വാട്സ് ആപ്പും ജയിലിൽ ഉപയോഗിച്ചത്തിന്റെ വിവരങ്ങൾ പുറത്തുവന്നിരുന്നു. ദിനവും വി ഐ പി കളായ സന്ദർശകരും ഇവർക്കുണ്ട്. പുറത്തു നിന്നും ഇടക്ക് ഭക്ഷണവും മറ്റു സുഖ സൗകര്യങ്ങളും ഇവർക്ക് എത്തിക്കാറുമുണ്ട്. വിയ്യൂരിൽ കൊടി സുനിയുടെ നേതൃത്വത്തിലാണ് വാർഡന്മാരെ വിരട്ടുന്നത്. ഇവരുടെ ഭീഷണി കാരണം പല വാർഡന്മാരും ജയിലിനുള്ളിൽ ജോലിക്ക് തയ്യാറാവുന്നില്ലായെന്നാണ് വിവരം.

ഇതോടെ ജയിൽ വീടുപോലെ ആക്കി ആഘോഷിക്കാൻ സുനിക്ക് വേണ്ടപ്പെട്ടവർ ഒത്താശചെയ്യുന്നുവെന്ന ആക്ഷേപം ശക്തമായി. ഇപ്പോൾ ഇടതുസർക്കാർ അധികാരത്തിൽ വന്നതോടെ കൂടുതൽ സൗകര്യങ്ങളാണ് ഈ കുറ്റവാളിക്ക് ലഭ്യമാകുന്നത്. ഇക്കൊല്ലം ജൂലായ് 16-ന് നല്ലളം മോഡേൺ സ്റ്റോപ്പിന് സമീപമാണ് കാർയാത്രികനെ ആക്രമിച്ച് മൂന്ന് കിലോഗ്രാമോളം കള്ളക്കടത്ത് സ്വർണം കവർന്നത്. ഇതിന്റെ ആസൂത്രകൻ സുനിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും സമാന്തരമായി ഈ കേസിൽ അന്വേഷണം നടത്തുന്നുണ്ട്.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ ആർക്കും വിശ്വാസമില്ല. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അന്വേഷണത്തെ പൊലീസ് ഭയക്കുന്നു. അതുകൊണ്ട് മാത്രമാണ് കരുതലോടെയെങ്കിലും സുനിക്കെതിരെ നടപടി എടുക്കുന്നത്. കോടതി അനുമതിയോടെയാണ് ചോദ്യം ചെയ്യാനുള്ള നീക്കം. കൊടി സുനിയെ പൊലീസ് വെറുതെ വിട്ടാലും കേന്ദ്ര ഏജൻസി പിടിമുറുക്കുമെന്ന നില വന്നതോടെയാണ് പൊലീസിനെ കൊണ്ട് പരിശോധന നടത്താനെങ്കിലും നീക്കമുണ്ടായതെന്നാണ് അറിയുന്നത്.

കൊടി സുനി ഉൾപ്പെടയുള്ള 1850 തടവുകാർക്ക് സർക്കാർ ശിക്ഷ ഇളവ് നൽകാൻ നടത്തിയനീക്കം ഗവർണർ പി സദാശിവം പൊളിച്ചത് മാധ്യമങ്ങൾ വലിയ വാർത്തയാക്കിയപ്പോൾ അതൊക്കെ ശുദ്ധനുണയെന്നാണ് സർക്കാരും സി പി എമ്മും വാദിച്ചത്. പിന്നീട് സർക്കാരിന് ഇത്തരത്തിൽ ഒരു ലിസ്റ്റ് സമർപ്പിച്ചതായി ജയിൽ വകുപ്പ് സമ്മതിക്കുന്ന വിവരാവകാശ രേഖ മറുനാടൻ പുറത്തു വിട്ടതോടെ കേരളത്തിലെ മുഴുവൻ മാധ്യമങ്ങൾ ആ വാർത്ത ഏറ്റു പിടിക്കുകയായരുന്നു.