തിരുവനന്തപുരം: നെയ്യാറ്റിൻകര, അരുവിക്കര ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് അകമഴിഞ്ഞ് പിന്തുണ നൽകിയവരായിരുന്നു പെന്തകോസ്ത്തുകാർ. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി അധ്യക്ഷൻ വി എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പോലും പെന്തകോസ്ത് സഭയുടെ രഹസ്യ യോഗങ്ങളിൽ പോലും എത്തി. ഇതിന്റെ ഫലം ഉണ്ടാവുകയും ചെയ്തു. കൊട്ടാരക്കരയിലെ ബിനോയ് പാസ്റ്ററുടെ ഭാര്യ രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പെന്തകോസ്ത് സഭയിൽ ചില്ലറ പ്രശ്‌നങ്ങളുണ്ടായി. ഇവർ പല ഗ്രൂപ്പുകളായി തിരിഞ്ഞു. അതിൽ ശക്തിയുള്ളിടത്ത് സർക്കാർ നിന്നപ്പോൾ രശ്മിയുടെ മരണത്തിലെ ദുരൂഹതകൾ കോൾഡ് സ്‌റ്റോറേജിലായി. പെന്തകോസ്ത് സഭയിലെ ചിലർക്ക് ഇതിൽ പ്രതിഷേധമുണ്ടെങ്കിൽ സർക്കാർ അത് കാര്യമായെടുത്തില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ പെന്തകോസ്ത് സഭയിലെ വലിയൊരു വിഭാഗം കോൺഗ്രസിന് എതിരാവുകയും ചെയ്തു.

തിരുവനന്തപുരത്ത് പാസ്റ്റർക്കെതിരെ കൊടിക്കുന്നിൽ സുരേഷ് എംപി നടത്തിയെന്ന ആരോപിക്കുന്ന ആക്രമണം കോൺഗ്രസിന് തീരാ തലവേദനയാകും. പാസ്റ്ററെ ആക്രമിച്ച കൊടിക്കുന്നിലിനെതിരെ നടപടിയുണ്ടായില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പരസ്യമായി കോൺഗ്രസിന് എതിരെ പ്രവർത്തിക്കുമെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിക്കുകയാണ് പെന്തകോസ്ത് സമൂഹം. എല്ലാ തർക്കങ്ങളും മാറ്റി വച്ച് പാസ്റ്റർക്ക് നീതിയൊരുക്കാൻ പെന്തകോസ്ത് സമൂഹം ഒന്നിക്കുകയാണ്. എന്ത് വിലകൊടുത്തും കോൺഗ്രസിന് തിരിച്ചടി നൽകും. പെന്തകോസ്ത് സഭയുടെ പരിപാടികളിലൊന്നും കോൺഗ്രസുകാരെ പങ്കെടുപ്പിക്കില്ല. അങ്ങനെ ഏതെങ്കിലും പരിപാടിയിൽ കോൺഗ്രസുകാരെത്തിയാൽ പ്രതിഷേധിക്കാനാണ് തീരുമാനം. കോൺഗ്രസിന് അനുകൂലമായി അനുനയ ശ്രമമായി ചിലർ രംഗത്ത് വന്നെങ്കിലും എല്ലാ ഗ്രൂപ്പുകളും ഒരുമിച്ചതോടെ കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻതൂക്കം ലക്ഷ്യമിട്ട് ഭരണ തുടർച്ചയിലേക്ക് പോകാനാഗ്രഹിക്കുന്ന ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും അതുകൊണ്ട് തന്നെ കൊടിക്കുന്നിൽ സുരേഷിന്റെ നടപടി വലിയ തിരിച്ചടിയാണ്.

കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ ഒരു സംഘം ആൾക്കാർ തലസ്ഥാനത്ത് വീട്ടിൽ അതിക്രമിച്ചുകയറി മർദിച്ച പാസ്റ്ററുടെ മകൻ ആത്മഹത്യക്കു ശ്രമിച്ചതോടെ കാര്യങ്ങൾ കൈവിട്ടു പോവുകയാണ്. മ്യൂസിയം കനകനഗർ സ്വദേശി അശോകന്റെ മകൻ നിഖിൽ ദേവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊടിക്കുന്നിലിനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. കോൺഗ്രസിന് എന്തെങ്കിലും ആത്മാർത്ഥയുണ്ടെങ്കിൽ കോൺഗ്രസിൽ നിന്ന് കൊടിക്കുന്നിലിനെ പുറത്താക്കണം. എംപി സ്ഥാനം രാജിവയ്‌പ്പിക്കുകയും വേണം. ഇതൊക്കെയാണ് പെന്തകോസ്ത് സഭയുടെ ഒത്തുതീർപ്പ് ആവശ്യങ്ങൾ. ഇതൊന്നും അംഗീകരിക്കാൻ കോൺഗ്രസിന് കഴിയില്ല. ഇതുകൊണ്ട് തന്നെ കോൺഗ്രസുമായി ഒത്തുപോകാൻ പെന്തകോസ്ത് സഭയിലെ ഒരു ഗ്രൂപ്പും തയ്യാറല്ല. സോഷ്യൽ മീഡിയയിൽ സജീവമായ സത്യാന്വേഷി, മലയാളി പെന്തകോസ്ത് ഫ്രീ തിങ്കേഴ്‌സ് തുടങ്ങിയ ഗ്രൂപ്പുകൾ ഹാഷ് ഗാഡ് പ്രചരണവുമായി കൊടിക്കുന്നിലിനെതിരെ പ്രതിഷേധം ശക്തമാക്കുന്നുമുണ്ട്. ഇതിന് പുറമേ ജസ്റ്റീസ് ഫോർ പാസ്റ്റർ അശോകൻ എന്ന പുതിയ ഗ്രൂപ്പും വന്നു.

ഈ ഗ്രൂപ്പുകൾ പങ്കുവയ്ക്കുന്ന പ്രധാന വികാരം ഇതാണ്- ക്രൈസ്തവ സമൂഹത്തിലെ മറ്റുള്ള സമുദായത്തിൽപ്പെട്ട ഒരു നേതാവിനെതിരെയായിരുന്നു ഇത്തരമൊരു സംഭവമെങ്കിൽ ഇവിടെ എന്തായിരിക്കാം പുകിൽ. ഏതെങ്കിലുമൊരു പള്ളിയിലെ ഒരു കപ്യാരുടെ മുഖത്ത് നോക്കി ആക്രോശിക്കാൻ കൊടിക്കുന്നിൽ സുരേഷിനെ പോലെയുള്ളവർ രണ്ടുവട്ടം ആലോചിക്കും. ആ സ്ഥാനത്ത് വീട്ടിൽ ഇരുന്ന ഒരുപാസ്റ്ററെ വലിച്ചിറക്കി മർദ്ദിക്കാൻ ഒരു മടിയുമില്ല. ആര് ചോദിക്കും. ആർക്കും കൊട്ടിക്കളിക്കാവുന്ന തെരുവിലെ ചെണ്ടപോലെയാണ് ഇന്നാട്ടിലെ പെന്തെക്കൊസ്തുകാർ.. ഇതിനു കാരണം, കാക്കത്തൊള്ളായിരം പെന്തക്കോസ്ത് സഭകളും അവർക്കിടയിലുള്ള ഭിന്നതകളും അനൈക്യവുമാണ്.. ഖദർ രാഷ്ട്രീയക്കാരോട് പറയാനുള്ളത്, ഇനി കൺവൻഷൻ സീസണാണ്, ഖദർ നല്ലവണ്ണം തേച്ചു മിനുക്കിക്കോ..പെന്തെക്കൊസ്തുകാർ നടത്തുന്ന കൺവൻഷനുകളിൽ വലിഞ്ഞു കയറി വന്ന് പല്ലിളിച്ചു, പറ്റിയാൽ നാല് ഹല്ലേലൂയായും പറയുന്ന നിങ്ങൾ ഖദറിൽ പൊതിഞ്ഞ രാഷ്ട്രീയ ഹിജടകളാണ്.. ഇവിടെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുമ്പോൾ നിങ്ങൾ മാളത്തിൽ ഒളിക്കുകയല്ലേ പതിവ്.... പെന്തെക്കൊസ്തുകാരുടെ വേദികളിൽ എത്തുമ്പോൾ നിങ്ങൾക്ക് കീ ജയ് വിളിക്കുന്ന കുറേ മണ്ടന്മാരും ഞാങ്ങളോടോപ്പമുണ്ട്....

ജനരക്ഷയാത്രയിൽ ആയിരിക്കുന്ന കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ ഒഫീഷ്യൽ പേജിൽ പ്രതകരിക്കണമെന്ന സന്ദേശവും അംഗങ്ങൾക്കിടയിൽ എത്തിക്കുന്നുണ്ട്. ഇതിനിടെ കോൺഗ്രസിന് അനുകൂലമായുള്ള പ്രചരണവും നടത്താൻ ശ്രമമുണ്ട്. ദയവായി സംയമനം പാലിക്കുക ...സുഹൃത്തുക്കളെ .... പ്രതിഷേധ പ്രകടനങ്ങൾ വികാര ഭരിതമാക്കാതിരിക്കാൻ കഴിവതും ശ്രദ്ധിക്കുക .. ഈ പ്രശ്‌നം .. ഒറ്റപ്പെട്ട ഒരു സാമൂഹ്യ പ്രശനം ആണ് .. അതായത് .. ഈ പ്രശ്‌നത്തിന്റെ ആരംഭത്തിൽ പ്രശ്‌ന കാരണം ... വിശ്വാസമോ ..?? മതമോ ..?? രാഷ്ട്രീയമോ ഒന്നും അല്ല എന്നത് ആർക്കും മനസ്സിലാവും .. ചേരി തിരിഞ്ഞ് രാഷ്ട്രീയ അപവാദങ്ങൾ നടത്തിയാൽ അത് പ്രശ്‌നത്തെ കൂടുതൽ വഷളാക്കാനേ ഉപകരിക്കൂ ...പാസ്റ്റർ അശോകന്റെ കുടുംബത്തെ അടിയന്തിരമായി എല്ലാ വിധത്തിലും കഴിവുള്ളവർ സഹായിക്കുക .. ജനപ്രതിനിധിയുടെ ഭാഗത്ത് നിന്നുണ്ടായ വിവരക്കേടിന് അദ്ദേഹത്തെ മാത്രം തെറ്റുകാരൻ ആയി കാണുക .. കഴിവതും പ്രകോപന പരമായ വാഗ്വാദങ്ങൾ തന്നെ ഒഴിവാക്കുക. മുതലെടുപ്പ് ഒക്കെ പ്രതിപക്ഷ പാർട്ടികൾ അതിന്റെ മുറക്ക് നടത്തിക്കോളും-ഇങ്ങനെയും ഗ്രൂപ്പുകളിൽ പോസ്റ്റുകളെത്തുന്നു. എന്നാൽ ഇതിനോടുള്ള പ്രതികരണങ്ങളെല്ലാം കോൺഗ്രസിനെ പാഠം പഠിപ്പിക്കണമെന്ന തരത്തിലാണ്.

ഇതിനിടെ പെന്തകോസ്ത് സഭക്കാർ ഇടതു പക്ഷവുമായി അടുക്കുന്നുവെന്ന സൂചനയുമുണ്ട്. പാസ്റ്റർ അശോകൻ വിഷയത്തിൽ ആദ്യമായി പ്രതികരണവുമായെത്തിയത് സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനാണ്. എംപിക്ക് നേരെയുള്ള ആക്രമണമായി വിഷയം മാറ്റാനുള്ള നീക്കം പൊളിഞ്ഞത് അങ്ങനെയാണ്. പെന്തകോസ്തുകാരുടെ സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധത്തിലേക്ക് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരിട്ട് എത്തിയതും ഇതിന്റെ തെളിവാണ്. കേരളത്തിലെ എല്ലാ സ്ഥലത്തും പെന്തകോസ്ത് സഭയ്ക്ക് വിശ്വാസികളുണ്ട്. ഇവരിൽ ബഹുഭൂരിപക്ഷവും വോട്ട് ബാങ്ക് എന്ന തരത്തിലാണ് പ്രവർത്തിക്കുന്നത്. സഭയുടെ നിർദ്ദേശം എല്ലാവരും അംഗീകരിക്കും. ഇതിന്റെ ഗുണം കോൺഗ്രസാണ് ഇപ്പോഴും ഉണ്ടാക്കുക. നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ട ചൂട് കടുത്തതാണ്. അതുകൊണ്ട് തന്നെ പെന്തകോസ്തിനെ പോലൊരു സമൂഹം കോൺഗ്രസിന് എതിരായ നിലപാട് എടുക്കുന്നത് യുഡിഎഫിന്റെ സാധ്യതകളെ സ്വാധീനിക്കും. ഈ സാഹചര്യത്തിൽ ഒത്തുതീർപ്പിന് കോൺഗ്രസ് ശ്രമം നടത്തുന്നുണ്ട്. എന്നാൽ കൊടിക്കുന്നിലിനെതിരെ നടപടി വേണമെന്ന ആവശ്യം അംഗീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറല്ല.

കൊടിക്കുന്നിലിന്റെ ബന്ധു, അശോകന്റെ മകൾ നിജിലയെ കഴിഞ്ഞദിവസം മർദിച്ചിരുന്നു. ഇതുസംബന്ധിച്ച തർക്കം പരിഹരിക്കാനായി ഇരുകൂട്ടരെയും ഞായറാഴ്ച വൈകിട്ട് അഞ്ചിന് മ്യൂസിയം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സ്ഥലത്തെത്തിയ കൊടിക്കുന്നിൽ സുരേഷ് ഒരു സംഘമാളുകളുമായി എത്തി അശോകനെ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. അശോകനെയും ഭാര്യ ഗീതയെയും മർദ്ദിച്ചുവെന്ന പരാതിയെ തുടർന്നാണ് കേസെടുത്തത്. വീട്ടിലെ സ്ത്രീകളുടെ വസ്ത്രങ്ങൾ വലിച്ചകീറിയതായും പരാതിയിലുണ്ട്. കൊടിക്കുന്നിൽ സുരേഷ് എംപിയും ഏതാനും പേരുമായി തങ്ങൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ എത്തി ദേഹോപദ്രവം ഏൽപ്പിക്കുകയാണ് ഉണ്ടായതെന്ന് കൊടിക്കുന്നിലിനെ കല്ലെറിഞ്ഞ കേസിൽ അറസ്റ്റിലായ കൊച്ചാലയം അശോകന്റെ ഭാര്യ ഗീതയും മക്കളും പറഞ്ഞിരുന്നു.

നന്തൻകോട് കനകനഗറിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ സഹോദരി പുത്രി ഷീജയുടെ ഭർത്താവിന്റെ അമ്മയുടെ വീട്ടിലാണ് തങ്ങൾ താമസിക്കുന്നത്. അവിടെ എത്തി നിരന്തരമായി ശല്യപ്പെടുത്തുന്നത് ഷീജയാണ്. ഇതു സംബന്ധിച്ച് പരാതി മ്യൂസിയം പൊലീസ് സ്റ്റേഷനിലും കൊടിക്കുന്നിലിനും നൽകിയിട്ടുണ്ട്. ഒത്തുതീർപ്പിനായിട്ടല്ല കൊടിക്കുന്നിലും ആളുകളും എത്തിയത്. വന്ന പാടെ തല്ലുകയായിരുന്നു. ഇത് കണ്ടവരുണ്ട്. അവരെല്ലാം പൊലീസിൽ മൊഴി നൽകിയിട്ടുണ്ടെന്നും ഇവർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നിഖിൽ ആത്മഹത്യക്കു ശ്രമിച്ചത്.