- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്തിറങ്ങുന്നവർക്ക് അടി കിട്ടും; ജോലിക്കെത്തിയാൽ ജീവനക്കാർക്ക് മറുപണിയും; സമരക്കാരുടെ മുന്നിൽ വാഹനം ഓടിച്ച് പ്രകോപനം ഉണ്ടാക്കുമ്പോഴാണ് അക്രമങ്ങളുണ്ടാകുന്നതെന്ന വിശദീകരണത്തിലുള്ളത് ജനം വീട്ടിൽ ഇരുന്നേ മതിയാകൂവെന്ന ഭീഷണി; സഖാക്കൾക്ക് എന്തും ചെയ്യാൻ ലൈസൻസ് നൽകി സിപിഎം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: സമരക്കാരുടെ മുന്നിൽ വാഹനം ഓടിച്ച് പ്രകോപനമുണ്ടാക്കുമ്പോളാണ് അക്രമ സംഭവങ്ങളുണ്ടാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മുന്നറിയിപ്പ് ആക്രമണങ്ങൾക്കുള്ള ന്യായീകരണം. അക്രമം നടത്തുന്നവരെ സിപിഎം തള്ളി പറയില്ലെന്നതിന്റെ സൂചന കൂടിയാണ് ഇത്. സമരത്തിന്റെ പേരിൽ അക്രമം നടത്തുന്നവർക്കെതിരെ പൊലീസും കേസെടുക്കരുതെന്ന പരോക്ഷ നിർദ്ദേശമാണ് സിപിഎം സെക്രട്ടറി നൽകുന്നത്.
ദേശീയ പണിമുടക്ക് രണ്ടാം ദിവസവും സംസ്ഥാനത്ത് വ്യാപകമായി വഴിതടയലും കടയടപ്പിക്കലും നടക്കുന്നുണ്ട്. കൊല്ലം ഹൈസ്‌കൂൾ ജംഗഷ്നിൽ കെ.എസ്.ആർ.ടി ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. ബസിൽ കൊടിയും സ്ഥാപിച്ചു. അതുവഴി വന്ന ഓട്ടോറിക്ഷകൾ തടയുന്ന സമരാനുകൂലികൾ നേതാക്കൾക്ക് സഞ്ചരിക്കാനുള്ള ഓട്ടോകൾ മാത്രം കടത്തിവിട്ടു. യാത്രക്കാരെ ഭീഷണിപ്പെടുത്തിയാണ് വാഹനങ്ങളിൽ നിന്ന് ഇറക്കിവിടുന്നത്. കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളിൽ തുറന്ന കടകൾ സമരക്കാർ അടപ്പിച്ചു.
ആലപ്പുഴ, കോഴിക്കോട് കലക്ടറേറ്റ്, നെയ്യാറ്റിൻകര സിവിൽ സ്റ്റേഷൻ എന്നിവിടളിലേക്ക് എത്തിയ ജീവനക്കാരെ തടഞ്ഞു. ഇതിനിടെയാണ് കോടിയേരി പുതിയ നിലപാട് വിശദീകരണവുമായി എത്തുന്നത്. അതിനിടെ, സിപിഎം ഭരണസമിതി ഭരിക്കുന്ന തൃശൂർ സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാർ ജോലിക്ക് കയറി. ജീവനക്കാരെ അകത്താക്കി ബാങ്കിന്റെ ഷട്ടർ അടച്ചു. അകത്തിരുന്ന് ജീവനക്കാർ ജോലി ചെയ്തു. കണ്ണൂരിലെ സിപിഎം പാർട്ടി കോൺഗ്രസിന് മുന്നോടിയായും പണികൾ നടക്കുന്നുണ്ട്.
എന്നാൽ ജനങ്ങൾക്ക് ഈ ആനുകൂല്യമൊന്നുമില്ല. അവർ വീട്ടിൽ ഇരിക്കണമെന്നാണ് കോടിയേരിയുടെ ആഹ്വാനം. ഓട്ടോറിക്ഷകളിൽ പോകുന്നവരെ സമരക്കാർ ആക്രമിച്ചത് വാഹനമോട്ടിച്ച് പ്രകോപിപ്പിച്ചതു കൊണ്ടാണെന്ന് കോടിയേരി പറഞ്ഞു. അത്തരം പ്രകോപനങ്ങൾ ഉണ്ടാകാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും കോടിയേരി പറഞ്ഞു. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളിയാണ്. സർക്കാർ ജീവനക്കാർ പണി മുടക്കരുതെന്ന കോടതി വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ ജീവനക്കാർ പണിമടുക്കരുതെന്ന് കോടതി പറഞ്ഞിട്ടില്ല. ശമ്പളം വാങ്ങി പണിമുടക്കുന്നതിനെയാണ് കോടതി എതിർത്തതും ഉത്തരവ് ഇറക്കിയതും.
ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ടു മാത്രമല്ല നാളെ ശമ്പള വർധനവ് അടക്കമുള്ള ആനുകൂല്യങ്ങൾക്ക് വേണ്ടിയും പണിമുടക്കാനുള്ള അവകാശം സർക്കാർ ജീവനക്കാർക്ക് ഇതോടെ ഇല്ലാതാകുകയാണെന്ന് കോടിയേരി കുറ്റപ്പെടുത്തുന്നു. എന്നാൽ ഏത് തരം സമരവും ശമ്പളമില്ലാതെ നടത്തണമെന്നതാണ് കോടതി മുമ്പോട്ട് വയ്ക്കുന്ന നിർ്‌ദ്ദേശം. പണിമുടക്കിയാൽ ഡയ്‌നോൺ വരും. അവധി അനുവദിക്കാൻ പാടില്ല. ഇതാണ് കോടതി നിർദ്ദേശം. ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് കോടതി സമരത്തിന് എതിരാണെന്ന് വരുത്തുകയാണ് സിപിഎം നേതാക്കളെല്ലാം.
ഒരു പ്രതികരണവും പാടില്ല. നാവടക്കൂ.. പണിയെടുക്കൂ എന്ന അടിയന്തരാവസ്ഥയുടെ ശബ്ദമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇത്തരം നിലപാടുകൾ പുനഃപരിശോധിക്കാൻ ജുഡീഷ്യറി തയാറാകണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. ഹൈക്കോടതി നേരത്തെ ബന്ദ് നിരോധിച്ചു. ഇപ്പോൾ സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുകയാണ്. ജനാധിപത്യ പ്രക്രിയയിൽ ധാരാളം പണിമുടക്കുകളും സമരങ്ങളും കൊണ്ടു കൂടിയാണ് മാറ്റങ്ങളുണ്ടായത്-കോടിയേരി പറയുന്നു.
ബ്രിട്ടീഷുകാർക്കെതിരെ തൊഴിലാളികൾ പണിമുടക്കിയത് കോടതിയുടെ അംഗീകാരത്തോടെയായിരുന്നില്ല. കോടതി അതിനെതിരായിരുന്നു. സർക്കാർ ജീവനക്കാർ ഒരു ദിവസത്തെ വേതനം നഷ്ടപ്പെടും എന്നു കണക്കാക്കിത്തന്നെ പണിമുടക്കിൽ പങ്കെടുക്കണമെന്നും കോടിയേരി ആവശ്യപ്പെടുന്നു. പണിമുടക്കു ദിവസം നമുക്ക് ശമ്പളം ഉണ്ടാകില്ലെന്ന ബോധത്തിലേക്ക് സർക്കാർ ജീവനക്കാർ മാറണം. ആ നിലയിലേക്ക് സർക്കാർ ജീവനക്കാരുടെ രാഷ്ട്രീയ നിലവാരം ഉയർത്താൻ സഹായകരമായ തുടർ ഇടപെടൽ സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് കോടിയേരിയുടെ നിർദ്ദേശം.
ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ വെല്ലുവിളിയാണ്. സമരം സർക്കാർ സ്പോൺസേർഡ് അല്ല. വാഹനം തടയുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. ജനങ്ങൾ സ്വമേധയാ പണിമുടക്കിൽ പങ്കെടുക്കണമെന്നാണ് സമരസമിതി ഉദ്ദേശിച്ചിട്ടുള്ളത്. സിഐടിയു മാത്രമല്ല കൂടുതൽ ആളുകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ഐഎൻടിയുസി, എഐടിയുസി, എസ്ടിയു തുടങ്ങിയ സംഘടനകളും പണിമുടക്കിലുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
തിരുവനന്തപുരം ലുലു മാളിൽ എത്തിയ ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞു. രാവിലെ ഒമ്പത് മണിക്ക് ജീവനക്കാർ എത്തിയെങ്കിലും ഗേറ്റിനു മുന്നിൽ തടയുകയായിരുന്നു. അരമണിക്കൂറോളം റോഡ് ഉപരോധിക്കുകയും ചെയ്തു. രാവിലെ ജോലിക്ക് എത്തിയവരിൽ പകുതിയോളം പേർ തിരിച്ചുപോയി. ഇന്ന് ആരോയും അകത്തേക്ക് കയറ്റില്ലെന്നും സമരാനുകൂലികൾ പറഞ്ഞു. അരമണിക്കൂർ കഴിഞ്ഞാണ് പൊലീസ് എത്തിയത്. ജീവനക്കാരെ തിരിച്ചയക്കാനാണ് പൊലീസും ശ്രമിച്ചത്. സ്ഥാപനം തുറക്കില്ലെന്ന് മാനേജ്മെന്റ് അറിയിച്ചതിനാലൂം ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാനുമാണ് ജീവനക്കാരെ തിരിച്ചയച്ചതെന്ന് പൊലീസ് അറിയിച്ചു.
ജീവനക്കാരെ തടഞ്ഞവരെ പിന്നീട് അറസ്റ്റു ചെയ്തു നീക്കി. സമരക്കാർ പിരിഞ്ഞുപോകാൻ തയ്യാറാകാതിരുന്നതോടെയാണ് അറസ്റ്റു ചെയ്തു നീക്കിയത്. ഇതോടെ സമരാനുകൂലികളും പൊലീസുമായി വാക്കുതർക്കമുണ്ടായി. ജീവനക്കാർ അകത്തുകയറാൻ ഗേറ്റിനു മുന്നിൽ നിൽക്കുന്നുണ്ടെന്നും അവരെ നീക്കാതെ അറസ്റ്റു ചെയ്യാൻ പറ്റില്ലെന്നാണ് ഇവരുടെ നിലപാട്. ജോലിക്കെത്തുന്ന ജീവനക്കാർക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന ഹൈക്കോടതി നിർദ്ദേശം പാലിക്കപ്പെട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ