തിരുവനന്തപുരം: തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിൽ ബിജെപിക്കും ആർഎസ്എസ് നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിൽ അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കമാണ് ഹരിദാസിനെ കൊലപ്പെടുത്തിയതിന് പിന്നിലെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കോടിയേരി പറഞ്ഞു.

ഹരിദാസിനെ ക്രൂരമായി ആക്രമിക്കുകയും കാല് വെട്ടിമാറ്റുകയും ചെയ്തിരുന്നു. പ്രത്യേക പരിശീലനം ലഭിച്ച ക്രിമിനലുകളാണ് ഇതിന് പിന്നിൽ. രണ്ട് മാസം മുൻപ് കേരളത്തിൽ ആർഎസ്എസ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ഒരു ക്യാമ്പ് സംഘടിപ്പിച്ച് മൂവായിരത്തോളം പേർക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. ഇത്തരത്തിൽ പരിശീലനം ലഭിച്ചവരാണ് ഹരിദാസിനെ കൊലപ്പെടുത്തിയതിന് പിന്നിൽ. ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് കോലപാതകം. കേരളത്തെ കലാപഭൂമിയാക്കുകയാണ് ഇത്തരം പ്രവൃത്തിയുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗൂഢാലോചന നടത്തിയവരെ കണ്ടെത്തണം. കൊലപാതകം നടത്തിയവർ തന്നെ അത് പൊലീസിന്റെ വീഴ്ചയാണെന്ന് പറയുന്നു. അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് അത്. ആർഎസ്എസ് - ബിജെപി സംഘം കൊലക്കത്തി താഴെവെച്ചിട്ടില്ലെന്ന് തെളിഞ്ഞു. എന്നാൽ ഇത്തരം പ്രവൃത്തികൊണ്ട് സിപിഎമ്മിനെ വിരട്ടാമെന്ന് കരുതരുത്. ഇത്തരം ആക്രമണങ്ങളെ അതിജീവിച്ചാണ് പാർട്ടി വളർന്നത്. ഇതിനെയും അതിജീവിക്കാനുള്ള കരുത്ത് സിപിഎമ്മിനുണ്ട്, കോടിയേരി പറഞ്ഞു.

കൊലപാതക സംഘങ്ങളുടെ പ്രകോപനത്തിൽ വീഴാതെ സംയമനം പാലിക്കാൻ പാർട്ടി പ്രവർത്തകർ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണൂരിൽ പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടന്നുവരികയാണ്. ഇന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പതാകദിനമാണ്. അതെല്ലാം കണക്കിലെടുത്തായിരിക്കാം കൊലപാതകത്തിന് ഇന്നേ ദിവസം തീരുമാനിച്ചത്. തലശ്ശേരിയിലെ ഒരു കൗൺസിലറുടെ പ്രസംഗത്തിൽ പ്രദേശത്ത് രണ്ട് പേരെ കൊലപ്പെടുത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ഇത് ഗൂഢാലോചനയുടെ തെളിവാണ്, കോടിയേരി പറഞ്ഞു.

അതേസമയം സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ മൃതദേഹം പരിയാരത്ത് നിന്നും വിലാപയാത്രയായി പുന്നോലിലേക്ക് കൊണ്ടുപോകും. 3 ന് സിപിഐ എം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലും തുടർന്ന് പുന്നോലിലും പൊതുദർശനത്തിനു വയ്ക്കും. സംസ്‌കാരം വൈകുന്നേരം 5 ന് പുന്നോലിലെ വീട്ടുവളപ്പിൽ നടക്കും. പുലർച്ചെ ജോലി കഴിഞ്ഞ് മടങ്ങവെയാണ് മത്സ്യത്തൊഴിലാളിയായ ന്യൂമാഹി പുന്നോൽ ഹരിദാസിനെ ആർഎസ്എസുകാർ വെട്ടിക്കൊന്നത്. ബൈക്കുകളിൽ എത്തിയ ആർഎസ്എസ് സംഘം അറുംകൊല നടത്തുകയായിരുന്നു.