തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അപകടത്തിൽ സഞ്ചരിച്ച വാഹനത്തിന് അകമ്പടി പോകവേ പൈലറ്റ് ജീപ്പ് അപകടത്തിൽ പെടുകയും ഒരു പൊലീസുകാരൻ മരിക്കുകയും ചെയ്തപ്പോഴാണ് അദ്ദേഹത്തിന് സുരക്ഷ സർക്കാർ ഒരുക്കുന്നുണ്ടെന്ന വിവരം പുറത്തുവന്നത്. സി.പി.എം-ബിജെപി ബന്ധം സംഘർഷഭരിതമാകുന്ന ഘട്ടത്തിലൊക്കെ നേതാക്കൾക്ക് സുരക്ഷ വർദ്ധിപ്പിക്കാറുണ്ട്. സംസ്ഥാനത്ത് ജീവൻ അപകടത്തിലാണെന്ന ഇന്റലിജന്റ്‌സ് റിപ്പോർട്ട് നേരിരുന്ന നേതാക്കൾ നിരവധിയുണ്ട് താനും. ഇക്കൂട്ടത്തിൽ ഏറ്റവും അധികം സി.പി.എം, ബിജെപി നേതാക്കളാണ് താനും.

രാഷ്ട്രീയ എതിരാളികളാൽ ആക്രമിക്കപ്പെടാൻ സാധ്യതയുള്ള നേതാക്കളുടെ പട്ടികയിൽ പ്രധാനമായും മുന്നിലുള്ളത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനുമാണ്. കണ്ണൂരിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിൽ ഏത് നിമിഷവും ജീവൻ അപകടത്തിലാകും എന്ന അവസ്ഥയിലാണ് പി ജയരാജൻ കഴിയുന്നത്. അതുകൊണ്ട് അദ്ദേഹത്തിന് അതീവ സുരക്ഷ ഒരുക്കണമെന്ന നിർദേശവുമായി ഇന്റലിജന്റ് മേധാവി രംഗത്തെത്തി. ഇന്റലിജൻസ് മേധാവി മുഹമ്മദ് യാസിൻ തയ്യാറാക്കിയ റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറിയിട്ടുണ്ട്.

പി ജയരാജന് ചുറ്റുപാടും ശത്രുക്കളാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മുസ്ലിംലീഗ്, എസ്.ഡി.പി.ഐ., ആർ.എസ്.എസ്. ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകൾ എന്നിവയിൽനിന്നുള്ള ഭീഷണിയാണ് സി.പി.എം. കണ്ണൂർ ജില്ലാസെക്രട്ടറി പി. ജയരാജൻ നേരിടുന്നത്. ഈ പാർട്ടികളിൽ നിന്നുള്ള നേതാക്കളും അണികളും അടുത്തകാലത്ത് സിപിഎമ്മിൽ എത്തിയിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രം ജയരാജനാണ്. അദ്ദേഹത്തിന്റെ സവിശേഷമാണ് രാഷ്ട്രീയ പ്രവർത്തനം ശൈലി ശത്രുക്കളെ ഇഷ്ടം പോലെ ക്ഷണിച്ചു വരുത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതുകൊണ്ട് തന്നെ ആഭ്യന്തര വകുപ്പിന് കൈമാറിയ പട്ടികയിൽ അദ്ദേഹത്തെ കുറിച്ച് പ്രത്യേകം പരാമർശമാണ് ഉള്ളത്.

സി.പി.എം നേതാക്കളിൽ കോടിയേരിക്കും പി ജയരാജനും പുറമേ ഇ പി ജയരാജനും രാഷ്ട്രീയ ശത്രുക്കളുടെ നോട്ടപ്പുള്ളിയാണെന്നാണ് റിപ്പോർട്ട്. ഈ നേതാക്കൾക്കൊക്കെ അതുകൊണ്ട് കൂടുതൽ സുരക്ഷ ഒരുക്കണമെന്നാണ് സർക്കാറിനോട് ഇന്റലിജിന്റ്‌സ് നിർദേശിച്ചിരിക്കുന്നത്. കോടിയേരിക്ക് ഇസഡ് കാറ്റഗറി സുരക്ഷയും മുന്മന്ത്രി ഇ.പി. ജയരാജന് എക്സ് കാറ്റഗറി സുരക്ഷയും തുടരണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യന് സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് ഭീഷണി നിലനില്ക്കുന്നു എന്നും ലിസ്റ്റിൽ പറയുന്നുണ്ട്. തേഞ്ഞുമാഞ്ഞു പോയ കേസാണെങ്കിലും ജനം ഏറ്റവുമധികം ചർച്ച ചെയ്ത കേസ് കൂടിയാണ് കുര്യൻ ഉൾപ്പെട്ട സൂര്യനെല്ലി കേസ്. അതുകൊണ്ട് അദ്ദേഹത്തുന് വൈ കാറ്റഗറി സുരക്ഷ തുടരണം എന്നാണ് റിപ്പോർട്ട്.

ബിജെപി. നേതാക്കളായ എം ടി. രമേശ്, സി.കെ. പത്മനാഭൻ, കെ. സുരേന്ദ്രൻ എന്നിവരുടെ ജീവനും ഭീഷണിയുണ്ടെന്നാണ് റിപ്പോർട്ട്. രാഷ്ട്രീയ എതിരാളികളികളിൽ നിന്നു തന്നെയാണ് ഇവർ ഭീഷണി നേരിടുന്നത്. ഇവർക്ക് എക്സ് കാറ്റഗറി സുരക്ഷ തുടരണം. എം ടി. രമേശിന് പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ., പി.ഡി.പി. തുടങ്ങിയ സംഘടനകളിൽനിന്നാണ് ഭീഷണിയുള്ളത്. എക്സ് കാറ്റഗറി സുരക്ഷ നിലവിലുണ്ടെങ്കിലും ബിജെപി. അധ്യക്ഷൻ കുമ്മനം രാജശേഖരനും ഒ. രാജഗോപാൽ എംഎ‍ൽഎ.യ്ക്കും സുരക്ഷാഭീഷണികൾ ഇല്ല.

ഇസഡ് കാറ്റഗറി സുരക്ഷയുള്ള മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണിക്ക് ഭീഷണികൾ ഇല്ലെന്നും അദ്ദേഹത്തിന്റെ സുരക്ഷ വൈ കാറ്റഗറിയിലേക്ക് കേന്ദ്രസർക്കാർ മാറ്റിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ടി.പി. ചന്ദ്രശേഖരൻ വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ എതിരാളികളിൽനിന്ന് ഭീഷണി നിലനിൽക്കുന്നു. മുല്ലപ്പള്ളിക്കൊപ്പം എക്സ് കാറ്റഗറി സുരക്ഷയുള്ള മുൻ കേന്ദ്രമന്ത്രിമാരായ കെ.വി. തോമസ്, വയലാർ രവി എന്നിവർക്ക് ഭീഷണികളില്ലെങ്കിലും സുരക്ഷ പിൻവലിക്കേണ്ടതില്ല.

എംഎ‍ൽഎ.മാരായ ഐ.സി. ബാലകൃഷ്ണൻ, സി.കെ. ശശീന്ദ്രൻ എന്നിവർക്ക് മാവോവാദികളുടെ ഭീഷണിയുണ്ട്. എക്സ് കാറ്റഗറി സുരക്ഷയുള്ള രാഷ്ട്രീയനേതാക്കളായ കെ.ആർ. ഗൗരിയമ്മ, വി എം. സുധീരൻ, പി.പി. തങ്കച്ചൻ, പി.ജെ. ജോസഫ്, ഇബ്രാഹിംകുഞ്ഞ്, കുട്ടി അഹമ്മദ്കുട്ടി, എം.കെ. മുനീർ, പി.കെ. അബ്ദുറബ്ബ് എന്നിവർക്ക് ഭീഷണിയില്ല. ഇന്റലിജൻസ് റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനും ഭീഷണിനേരിടുന്ന നേതാക്കളുടെ സുരക്ഷാക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനും ചൊവ്വാഴ്ച ലോക്നാഥ് ബെഹ്റ ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. ഇസഡ് കാറ്റഗറി സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. സംസ്ഥാന പൊലീസിന്റെ സുരക്ഷയ്ക്ക് പുറമേ കേരളത്തിലെ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കണമെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.സുരേന്ദ്രൻ, എം ടി.രമേശ് എന്നിവർക്ക് 'വൈ' കാറ്റഗറി സുരക്ഷ ഏർപ്പെടുത്താനാണ് തീരുമാനിച്‌തെങ്കിലും ഇവർ നിരസിക്കുകയായിരുന്നു.

കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയ ശേഷം കേരളത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇത് ഇപ്പോഴും തുടരുന്നുണ്ട്. കേന്ദ്രസേനയിലെ 13 കമാൻഡോകളാണു വെള്ളാപ്പള്ളിയുടെ സുരക്ഷയ്ക്കുള്ളത്.