കണ്ണൂർ: രാഷ്ട്രീയ ജീവിതത്തിൽ വലിയ പ്രതിസന്ധികളൊന്നും നേരിടാത്ത നേതാവായിരുന്നു കോടിയേരി. വിദ്യാർത്ഥി രാഷ്ട്രീയ പ്രവേശം മുതൽ ഇത്രയേറെ ഭാഗ്യം തുണച്ച നേതാവ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അത്യപൂർവ്വം മാത്രം. കോടിയേരിയിലെ കല്ലറക്കല്ലായി എൽ.പി. സ്‌ക്കൂൾ അദ്ധ്യാപകനായിരുന്ന കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയുടേയും മൂന്ന് മക്കളിൽ ഇളയവനായിരുന്നു ബാലകൃഷ്ണൻ. എന്നാൽ പ്രാരാംബ്ദത്തിന്റെ കയ്പ് അനുഭവിച്ചു കൊണ്ടു തന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചത്.

ലക്ഷ്മി, പത്മിനി എന്നീ രണ്ടു സഹോദരിമാരും ബാലകൃഷ്ണനും അമ്മയും ഒരദ്ധ്യാപകന്റെ വേതനത്തിന്റെ ബലത്തിൽ മാത്രമാണ് ജീവിച്ചിരുന്നത്. മറ്റൊരു പുറം വരുമാനവും ഈ കുടുംബത്തിനുണ്ടായിരുന്നില്ല. അദ്ധ്യാപകന്റെ വേതനം അക്കാലത്ത് തുച്ഛമായിരുന്നു. ഹൈസ്‌ക്കൂൾ വിദ്യാഭ്യാസത്തിനായി തലശ്ശേരി ഓണിയൻ ഹൈസ്‌ക്കൂളിലെത്തിയ ബാലകൃഷ്ണൻ കെ.എസ്. എഫ്. എന്ന വിദ്യാർത്ഥി സംഘടനയുമായി ബന്ധപ്പെട്ടു. യൂനിറ്റ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. സ്‌ക്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും കെ.എസ്. യുവിനോട് പരാജയപ്പെടുകയായിരുന്നു.

നാട്ടുകാരിൽ ബാലകൃഷ്ണന് നല്ല മതിപ്പായിരുന്നു. പാവം എന്നായിരുന്നു അക്കാലത്ത് ബാലകൃഷ്ണനെക്കുറിച്ച് പറയാറ്. എസ്. എൽ. സി ക്ക് ശേഷം മദിരാശിയിൽ സഹോദരി ഭർത്താവിന്റെ സഹായത്താൽ വല്ല ജോലിയും തരപ്പെടുത്താമെന്ന ആലോചനയും കുടുംബത്തിനുണ്ടായിരുന്നു. എന്നാൽ മാഹി മഹാത്മാ ഗാന്ധി കോളേജിൽ പ്രിഡിഗ്രിക്ക് ചേരുകയായിരുന്നു. അവിടേയും വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഇടപെട്ട് പ്രവർത്തിച്ചു.

അതോടെ കെ.എസ്. എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു. കോളേജ് യൂനിയൻ ചെയർമാനായി ജയിച്ചു കയറി. തുടർന്ന് കെ.എസ്. എഫിന്റെ താലൂക്ക് സെക്രട്ടറി, ജില്ലാ ഭാരവാഹി, എസ്. എഫ്.ഐ. രൂപീകരിച്ചപ്പോൾ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യ ജോയ്ന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. 1975 ൽ അടിയന്തരാവസ്ഥക്കാലത്ത് മിസ പ്രകാരം അറസ്റ്റ് ചെയ്ത് പതിനാറ് മാസം ജയിലിൽ കിടന്നതാണ് ബാലകൃഷ്ണന്റെ ജീവിതത്തിൽ വഴിത്തിരിവായത്.

ജയിലിൽ നിന്നും ഇറങ്ങിയ ബാലകൃഷ്ണൻ പ്രവർത്തകർക്ക് ഹീറോയായി.  അക്കാലത്ത് തലശ്ശേരി എംഎൽഎ യായിരുന്ന എം. വി. രാജഗോപാലൻ മാസ്റ്ററും കുടുംബവുമായി അടുത്തിടപെട്ടു. ആ സൗഹൃദം വളർന്ന് അദ്ദേഹത്തിന്റെ മകളായ എസ്. ആർ. വിനോദിനിയെ വിവാഹം കഴിക്കുകയും ചെയ്തു. ബാഗ്ളൂരിൽ നിന്നും കർണ്ണാടക ടീച്ചേഴ്സ് കോഴ്സ് കഴിഞ്ഞു വന്ന വിനോദിനി ഒരു സ്‌ക്കൂളിൽ അദ്ധ്യാപികയായി ചേർന്നു.

എന്നാൽ കർണ്ണാടക ടി.സി. എച്ച് കോഴ്സിന് അംഗീകാരം സംബന്ധിച്ച് കേരളത്തിൽ പ്രശ്നമുണ്ടായതോടെ ആ ജോലിയിൽ നിന്നും അവർ വിട്ട് നിൽക്കുകയായിരുന്നു. തുടർന്ന് വളപട്ടണത്തെ പ്രശസ്തമായ വെസ്റ്റേൺ ഇന്ത്യ കമ്പനി ഷോറൂമിൽ ജീവനക്കാരിയായി പ്രവേശിച്ചു. തലശ്ശേരിയിലെ ഷോറൂമിലും ജീവനക്കാരിയായിരുന്നു.

കോടിയേരി ബാലകൃഷ്ണൻ തലശ്ശേരിയിൽ നിന്ന് എംഎൽഎ യായതോടെയാണ് ഭാര്യ വിനോദിനിയും മക്കളും തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്. അതോടെ രാഷ്ട്രീയത്തിന് പിറകിലെ കളികളിൽ ഭാര്യ സജീവമായി. തിരുവനന്തപുരത്തെ ഒരു പൊതു മേഖലാ സ്ഥാപനത്തിൽ അവർ ജോലി നേടിയെടുത്തു. ശുപാർശകളിൽ അവർ കൈകടത്തി തുടങ്ങി. ആഡംബരത്തിൽ മുങ്ങിയ ജീവിതമായിരുന്നു പിന്നീട്. ഭർത്താവിനെ അനുസരിപ്പിച്ചും അനുനയിപ്പിച്ചും കരുക്കൾ നീക്കി. പ്രായപൂർത്തിയായതോടെ മക്കളായ ബിനീഷും ബിനോയിയും ഇതെല്ലാം ഏറ്റെടുക്കുകയായിരുന്നു. ഭാര്യ പറയുന്നതിനപ്പുറം ചിന്തിക്കാൻ കോടിയേരിക്കുമായില്ല. കോടിയേരി ആഭ്യന്ത ടൂറിസം മന്ത്രിയായപ്പോൾ ഭാര്യയും മക്കളും വഴി വിട്ട കളി തുടങ്ങി. മക്കൾ രണ്ടു പേരും ഗൾഫിൽ എത്തിയതും അക്കാലത്താണ്. പിന്നീട് രവി പിള്ളയുടെ വ്യവസായ സാമ്രാജ്യത്തിന്റെ വൈസ് പ്രസിഡണ്ടായി ബിനീഷ് ഉയർന്നു.

കമ്യൂണിസ്റ്റ് രീതി പ്രകാരം കോടിയേരിയുടെ ഭാര്യയും മക്കളും ഒരിക്കലും ജീവിച്ചിരുന്നില്ല. ബിനീഷിന്റെ വിവാഹം തന്നെ അതിനുദാഹരണമാണ്. അത്യാർഭാഡത്തിൽ പഞ്ച നക്ഷത്ര ഹോട്ടലിലായിരുന്നു ക്ഷണിതാക്കൾക്ക് ഭക്ഷണം നൽകിയത്. ബിനീഷിന് എവിടുന്നാണ് ഇത്രയും പണമെന്ന് പാർട്ടി അണികളും സംശയം പ്രകടിപ്പിച്ചിരുന്നു. റിയൽ എസ്റ്റേറ്റ് ടൂറിസം പദ്ധതികളിൽ രണ്ടു മക്കളും സജീവമായി ഇടപെട്ടുവെന്നാണ് അറിയുന്നത്. ഗൾഫിലെ ഇവരുടെ ജോലി എന്താണെന്ന് പോലും വെളിപ്പെടുത്താറുമില്ല. 13 കോടിയുടെ തട്ടിപ്പ് വിവരം പുറത്തറിഞ്ഞതോടെ കണ്ണൂർ ജില്ലയിലാണ് അതിന്റെ അലയടികൾ.

ഇത്രയും കോടിയുടെ ഇടപാട് നടത്താൻ മാത്രം അവർ എങ്ങിനെ വളർന്നു. കോടിയേരി ഇത്രയും വഴി വിട്ട് ഒന്നും ചെയ്യില്ലെന്നാണ് പ്രാദേശിക സഖാക്കൾ വിശ്വസിക്കുന്നത്. അവരെല്ലാം അടക്കം പറയുന്നത് ഭാര്യയേയും മക്കളേയും കുറ്റപ്പെടുത്തി തന്നെ. രവി പിള്ളയുടെ കമ്പനിയിലെ മകന്റെ ജോലിയും പലപ്പോഴും വിമർശിക്കപ്പെട്ടു. ബീനീഷിന്റെ സിനിമാ ബന്ധങ്ങളും പലപ്പോഴും വിവാദമെത്തിച്ചു. അതെല്ലാം കോടിയേരി തരണം ചെയ്തു. പക്ഷേ സമ്മേളനകാലത്തെ ഈ വിവാദം സഖാവിനെ തളർത്തും.

പിണറായിയുടെ കരുത്തിൽ അതിനെ കോടിയേരി അതിജീവിച്ചാലും സിപിഎമ്മിലെ വമ്പൻ കസേരകൾക്കുള്ള മോഹത്തിന് ഈ വിവാദം തിരിച്ചടി തന്നെയാണ്.