തലശേരി: സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരി ചൂതാട്ടക്കേസിൽ പ്രതിയായി. കഴിഞ്ഞ രാത്രി ഒമ്പതു മണിയോടെ ധർമ്മടം പരീക്കടവ് റോഡിലെ വസതിയിൽ 12 അംഗ സംഘത്തോടൊപ്പം ചീട്ടുകളിയിൽ ഏർപ്പെട്ടിരിക്കവെയാണ് ഇവർ പൊലീസ് പിടിയിലായത്. കോടിയേരിയുടെ ഭാര്യ വിനോദിനിയുടെ അനുജത്തിയാണ് പിടിയിലായ അരുണ.

പാനൂർ പുത്തൂർ ഭാഗത്തെ ക്വാറി ഏജന്റുമാരും തൊഴിലാളികളുമായ 12 പേരോടൊത്ത് ചീട്ടുകളിക്ക് നേതൃത്വം നൽകവേയാണ് ഇവരെ പൊലീസ് പിടികൂടിയത്. ഇവിടെ രണ്ടു വർഷമായി ഇവർ താമസിച്ചു വരികയാണ്. അരുണ പിടിയിലായതോടെ സംസ്ഥാന ആഭ്യന്തരവകുപ്പു തന്നെ ഇടപെട്ട് കേസൊതുക്കാൻ ശ്രമിച്ചിരുന്നു. പൊലീസ് മേധാവിയും ഇടപെട്ടിരുന്നു. എന്നാൽ അതിനു മുമ്പ് തന്നെ ധർമ്മടം പൊലീസ് കേസ് ചാർജ് ചെയ്തിരുന്നു. എന്നാൽ പിന്നീട് പെറ്റിക്കേസ് മാത്രമായി മാറ്റുകയായിരുന്നു. ചീട്ടുകളിക്കായി ഉപയോഗിച്ച 2,19,800 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഗൺമാൻ ആയിരുന്ന സുമജന്റെ ഭാര്യയായിരുന്നു അരുണ. പത്തു വർഷത്തിലധികമായി ഇവർ വേർപിരിഞ്ഞു കഴിയുകയാണ്. ഇവർക്ക് രണ്ടുമക്കളുമുണ്ട്.