- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിക്ക് പിറകെ കോടിയേരിയും യുഎസിൽ ചികിത്സയ്ക്ക്; പാൻക്രിയാസിലെ അർബുദ ബാധയിലെ തുടർചികിത്സയും പരിശോധനയും നടത്തുന്നത് ഹൂസ്റ്റണിലെ ആശുപത്രിയിൽ; യാത്ര മുഖ്യമന്ത്രി മയോ ക്ലിനിക്കിൽ നിന്നും തിരിച്ചെത്തിയാൽ ഉടൻ തന്നെ; പാർട്ടി സെക്രട്ടറിയുടെ ചുമതല ആർക്കും കൈമാറില്ല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. രണ്ടാഴ്ചയ്ക്കകം യാത്രയുണ്ടാകുമെന്നാണ് വിവരം. സെക്രട്ടറിയുടെ ചുമതല ആർക്കും കൈമാറിയിട്ടില്ല. ശനിയാഴ്ചയാണു മുഖ്യമന്ത്രി തുടർ ചികിത്സയ്ക്കായി യുഎസിലേക്കു യാത്ര തിരിക്കുന്നത്. മെയ് 10ന് തിരിച്ചെത്തും.
മുഖ്യമന്ത്രി യാത്ര തിരിച്ച് മുന്നോ, നാലോ ദിവസങ്ങൾ കഴിയുമ്പോൾ കോടിയേരിയും പുറപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം. രണ്ടാഴ്ചത്തെ തുടർ ചികിത്സയാണു കോടിയേരിക്കു നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ വരുന്ന രണ്ടാഴ്ചക്കാലമെങ്കിലും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സംസ്ഥാനത്തുണ്ടാവില്ല. പൊളിറ്റ് ബ്യൂറോയുടെ അനുമതിയോടെയാണു ചികിത്സയ്ക്കായി ഇരുവരും വിദേശത്തേക്കു പോകുന്നത്.
പാൻക്രിയാസിലെ അർബുദ ബാധയെ തുടർന്ന് 2019ൽ കോടിയേരി അമേരിക്കയിൽ ചികിൽസ തേടിയിരുന്നു. ഹൂസ്റ്റണിലെ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ ചികിത്സ നടന്നത്. രണ്ടു വർഷത്തിനുശേഷം പരിശോധനയ്ക്കായി എത്തണമെന്നായിരുന്നു ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നത്. രണ്ടുവർഷം കഴിഞ്ഞ സാഹചര്യത്തിലാണ് വീണ്ടും പരിശോധനയ്ക്കായി പോകുന്നത്.
പാർട്ടി സംസ്ഥാന സമ്മേളനത്തിൽ കോടിയേരിയെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ഇതിന് ശേഷം പാർട്ടി കോൺഗ്രസിലും കേരള ഘടകം അപ്രമാദിത്തം നേടി. ഇ പി ജയരാജനെ എൽഡിഎഫ് കൺവീനറുമായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആരോഗ്യം വീണ്ടെടുക്കാൻ വേണ്ടി അമേരിക്കൻ യാത്രയ്ക്ക് ഒരുങ്ങുന്നത്.
മയോ ക്ലിനിക്കിലെ ചികിൽസയ്ക്കായി ഈ മാസം 23ന് അമേരിക്കയിലേക്കു പോകാൻ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. വിദേശകാര്യമന്ത്രാലയത്തിനാണ് അനുമതിക്കായി അപേക്ഷ നൽകിയത്. ഏപ്രിൽ 23 മുതൽ മെയ് 10 വരെയാണ് അനുമതി തേടിയിരിക്കുന്നത്. യുഎസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണു മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്.
ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി ചികിൽസയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്. 2018ലാണ് ആദ്യമായി ചികിൽസയ്ക്കു പോയത്. പിന്നീട് ഈ വർഷം ജനുവരി 11 മുതൽ 26വരെ ചികിൽസയ്ക്കായി അമേരിക്കയിലേക്കു പോയിരുന്നു.
മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കായി 29,82,039 രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. മുഖ്യമന്ത്രി സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പൊതുഭരണം (അക്കൗണ്ട്‌സ്) വിഭാഗം പണം അനുവദിച്ചത്. പിന്നീട് വസ്തുതാപരമായ പിശക് ചൂണ്ടിക്കാട്ടി ഉത്തരവ് റദ്ദാക്കുകയും ചെയ്്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ