കൊടുങ്ങല്ലൂർ: അകന്ന് കഴിയുന്ന ദമ്പതികൾ പരസ്പരം പക വീട്ടാൻ കുട്ടികളെ ആയുധമാക്കുന്നു. ഉമ്മയ്‌ക്കൊപ്പം കഴിയുന്ന മക്കളെ കാണാൻ കളമശ്ശേരിയിൽ നിന്നെത്തിയ പിതാവ്, ഉമ്മയുടെ വീട്ടിലെ ദുരിതത്തെ പറ്റിയുള്ള പരാതിയുമായി മകനെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി. ഒൻപത് വയസുകാരന്റെ പരാതിയിൽ ഉമ്മുമ്മയും ചന്തപ്പുര സ്വദേശിയുമായ ജമീലക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു.

കളമശേരി എൻ.എ.ഡി നിവാസിയായ പിതാവ് മകനെ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. പാല് വാങ്ങി കൊണ്ട് വരാഞ്ഞതിന് കുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് കൊടുങ്ങല്ലൂർ സ്റ്റേഷനിൽ നൽകിയ പരാതിയെങ്കിലും കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ചൂട് വെള്ളമൊഴിച്ച് പൊള്ളിച്ചെന്നാണ് കളമശേരിയിൽ പറഞ്ഞു കേൾക്കുന്നത്. ഉമ്മ വടി കൊണ്ട് ദേഹം മുഴുവൻ അടിക്കുകയും ചെരുപ്പിട്ട് ചവിട്ടി വലിക്കുകയും ചെയ്തതായും കുട്ടി അവിടെ പൊലീസിന് മൊഴി നൽകിയതായും റിപ്പോർട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ കളമശേരിയിലെയും, കൊടുങ്ങല്ലൂരിലെയും പൊലീസ് സംഘം മെഡിക്കൽ കോളേജിൽ എത്തിയിരുന്നു. കുട്ടിയിൽ നിന്ന് മജിസ്‌ട്രേട്ടിന്റെ സ്റ്റേറ്റ്‌മെന്റ് എടുത്ത ശേഷമേ സത്യം വ്യക്തമാകൂവെന്ന നിലപാടിലാണ് കൊടുങ്ങല്ലൂർ പൊലീസ്. ഈ ദമ്പതികളുമായി ബന്ധപ്പെട്ട മറ്റൊരു കേസും കൊടുങ്ങല്ലൂരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ മേൽനോട്ട ചുമതല ഇപ്പോൾ കളമശ്ശേരിയിലെ നിറവ് ചാരിറ്റബിൾ സൊസൈറ്റി ഏറ്റെടുത്തിരിക്കുകയാണ്.