- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഷിഫിന് മാസം ഒന്നരലക്ഷത്തോളം ശമ്പളം ഉണ്ടായിരുന്നു; പണം ബാധ്യത വീട്ടാൻ അടച്ചുകൊണ്ടിരിക്കുക ആയിരുന്നു; എല്ലാ അവന്റെ തലയിൽ ആയിരുന്നു; സഹോദരങ്ങളുടെ സമ്മർദ്ദമാണ് കുടുംബത്തെ കൂട്ടആത്മഹത്യയിലേക്ക് നയിച്ചത്; കൊടുങ്ങല്ലൂർ സംഭവത്തിൽ ആരോപണങ്ങൾ
തൃശ്ശൂർ: കിടപ്പുമുറിയിൽ രാസവസ്തുക്കൾ ഉപയോഗിച്ച് വിഷവാതകം പരത്തി കുടുംബം ആത്മഹത്യ ചെയ്ത സംഭവം കൊടുങ്ങല്ലൂരിനെ നടുക്കിയിരിക്കുകയാണ്. നഗരത്തിനോട് ചേർന്ന ഉഴുവത്ത് കടവിലെ വീടിന്റെ മുകൾ നിലയിലാണ് കൂട്ടമരണമുണ്ടായത്. ഓൺലൈനിൽ രാസവസ്തുക്കൾ വരുത്തി വിഷവാതകം ഉണ്ടാക്കി തീർത്തും ആസൂത്രിതമായാണ് ആത്മഹത്യക്കുള്ള മുന്നൊരുക്കങ്ങൾ നടത്തിയത്.അതേസമയം എന്തിനായിരുന്നു കൂട്ട ആത്മഹത്യ എന്ന കാര്യത്തിൽ മാത്രം ഇനിയും വ്യക്തത ഉണ്ടായിട്ടില്ല.
സംഭവത്തിൽ 41കരനായ ആഷിഫിന്റെ സഹോദരങ്ങൾക്കെതിരേ ആരോപണം ഉയർന്നു. മരിച്ച ആഷിഫിന്റെ സഹോദരങ്ങളുടെ സമ്മർദ്ദമാണ് കുടുംബത്തെ ആത്മഹത്യയിൽ എത്തിച്ചതെന്ന് ആഷിഫിന്റെ ഭാര്യാസഹോദരൻ ആദിൽ ടെലിവിഷൻ ചാനലിനോട് പറഞ്ഞു. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആഷിഫ് ആത്മഹത്യ ചെയ്തതാകുമെന്നും ആഷിഫിന്റെ സഹോദരങ്ങൾക്കെതിരേ പരാതി നൽകുമെന്നും ഭാര്യാസഹോദരൻ പ്രതികരിച്ചു.
ഈ സാമ്പത്തിക ബാധ്യതകളൊന്നും ആഷിഫ് ഉണ്ടാക്കിവെച്ചതല്ലെന്ന് ആദിൽ പറയുന്നു. 'ഇതൊന്നും അളിയൻ ഉണ്ടാക്കിവെച്ച ബാധ്യതകളല്ല. അളിയന്റെ ഉപ്പയും ഇളയ സഹോദരിയുടെ ഭർത്താവും ചേർന്ന് സ്ഥലക്കച്ചവടം ചെയ്തുണ്ടായ ബാധ്യതയാണ്. ഉപ്പ മരിച്ചതിന് ശേഷമാണ് അളിയൻ ഈ ബാധ്യതകളെല്ലാം അറിയുന്നത്. മാസം ഒന്നരലക്ഷം രൂപയോളം ആഷിഫിന് ശമ്പളമുണ്ടായിരുന്നു. ആ പണമെല്ലാം ഈ ബാധ്യതകൾ തീർക്കാനായി അതിലേക്ക് അടച്ചുകൊണ്ടിരിക്കുകയായിരുന്നു. എല്ലാ ബാധ്യതകളും ആഷിഫിന്റെ തലയിലായിരുന്നു. സഹോദരങ്ങളോ മറ്റോ ഏറ്റെടുക്കാനുണ്ടായില്ല. എല്ലാ ഭാരവും അളിയൻ തലയിൽ ചുമന്നു. അബീറയ്ക്ക് ഇതെല്ലാം അറിയാമായിരുന്നെങ്കിൽ ഞങ്ങളോട് പറയുമായിരുന്നു. ഞങ്ങൾ സ്ഥലം വിറ്റിട്ടാണെങ്കിലും പിള്ളേരെയും അവരെയും തിരിച്ചെടുത്തേനേ'- ആദിൽ പറഞ്ഞു.
സഹോദരി ആത്മഹത്യ ചെയ്യുമെന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഒരു മുള്ള് കൊണ്ടാൽ പോലും വിളിച്ചുപറയുന്ന പ്രകൃതമാണ്. അങ്ങനെയൊരാൾ കുട്ടികളെയും കൂട്ടി ജീവനൊടുക്കില്ല. കുട്ടികളെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം ആഷിഫ് ജീവനൊടുക്കിയതാകാമെന്നും ആദിൽ പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്നും ആബിറയുടെ കുടുംബം അറിയിച്ചിട്ടുണ്ട്.
കൂട്ട ആത്മഹത്യയെ കുറിച്ച് ആഷിഫും കുടുംബവും ചിന്തിക്കുന്നുണ്ടെന്ന് പോലും ആർക്കും പിടികിട്ടിയിരുന്നില്ല. ശനിയാഴ്ച രാത്രി ഭക്ഷണം കഴിഞ്ഞ് താഴത്തെ നിലയിലെത്തിയ ആഷിഫ് ഉമ്മയുടെ അടുത്തെത്തി ഏറെ സംസാരിച്ചിരുന്നു. ഉമ്മയെ പരിചരിക്കാനെത്തിയ സഹോദരിയോട് തമാശകളും പറഞ്ഞാണ് ആഷിഫും കുടുംബവും ഉറങ്ങാൻ മുകൾനിലയിലെ മുറിയിലേക്ക് പോയത്.
സാധാരണ രാവിലെ എഴുന്നേൽക്കാറുള്ള ഇവരെ പത്ത് മണിയായിട്ടും കണ്ടില്ല. ഏറെ വിളിച്ചിട്ടും വാതിൽ തുറക്കാതായതോടെ നാട്ടുകാരെയും പറവൂരിലുള്ള സഹോദരനെയും വിളിച്ചു വരുത്തുകയായിരുന്നു. പുലർച്ചെയാണ് വിഷവാതകം മുറിയിൽ പരത്തിയതെന്നാണ് സൂചന. സോഫ്റ്റ്‌വേർ എൻജിനീയറായ ആഷിഫ് വിഷവാതകം ഉണ്ടാക്കുന്നതിനുള്ള രാസവസ്തുക്കൾ നേരത്തെ വാങ്ങിയിരുന്നുവെന്നാണ് കരുതുന്നത്. ഒരാഴ്ചമുമ്പാണ് അബീറയും മക്കളും കാക്കനാട്ടുള്ള വീട്ടിൽ പോയത്. ആഷിഫ് ഇവരെ അവിടെ കൊണ്ടുവിട്ട്, ജോലിയുള്ളതുകാരണം തിരിച്ചുപോരുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞാണ് കുടുംബം തിരിച്ചെത്തിയത്. കടബാധ്യതകളുണ്ടെങ്കിലും ഇവരുടെ കുടുംബജീവിതം സന്തോഷകരമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ലോകമലേശ്വരം ഉഴുവത്തുകടവിൽ കിടപ്പുമുറിക്കുള്ളിൽ വിഷവാതകം ശ്വസിച്ച് ഭർത്താവിനെയും ഭാര്യയെയും രണ്ട് മക്കളെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കാടാംപറമ്പത്ത് ഉബൈദിന്റെ മകൻ ആഷിഫ് (41), ഭാര്യ അബീറ (37), മക്കളായ അസ്ഹറ ഫാത്തിമ (14), അനെയ്നുന്നിസ (7) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മുകൾനിലയിലുള്ള കിടപ്പുമുറിയിൽ താഴെ വിരിച്ച കിടക്കയിൽ നാലുപേരും മരിച്ചനിലയിലായിരുന്നു.
പാത്രത്തിൽ രാസവസ്തുക്കൾ കലർത്തി കത്തിച്ചുണ്ടാക്കിയ വിഷവാതകം ശ്വസിച്ചാണ് മരിച്ചതെന്നാണ് നിഗമനം. ഇതിനുപയോഗിച്ചതെന്ന് കരുതുന്ന പാത്രവും രാസവസ്തുക്കളുടെ അവശിഷ്ടവും ആത്മഹത്യക്കുറിപ്പും മുറിയിൽനിന്ന് കണ്ടെടുത്തു. വലിയ സാമ്പത്തികബാധ്യത മൂലമാണ് മരിക്കുന്നതെന്ന് ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. മുറിയിലെ പാത്രം എടുക്കുമ്പോൾ സൂക്ഷിക്കണമെന്നും അതിൽ വിഷദ്രാവകമുണ്ടെന്നും കുറിപ്പിൽ സൂചിപ്പിച്ചിട്ടുമുണ്ട്.
ഞായറാഴ്ച രാവിലെ 11 മണിയായിട്ടും ഇവർ പുറത്തിറങ്ങാതായതോടെയാണ് ശ്രദ്ധിച്ചത്. താഴത്തെനിലയിൽ പ്രായമുള്ള ഉമ്മ ഫാത്തിമയും സഹായിക്കാനെത്തിയിരുന്ന ആഷിഫിന്റെ സഹോദരിയുമാണുണ്ടായിരുന്നത്. ഇവർ അയൽവാസികളെ കൂട്ടിവന്ന് വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെത്തുടർന്ന് പറവൂർ പട്ടണംകവലയിലുള്ള സഹോദരൻ അനസിനെ വിവരം അറിയിച്ചു. ഇദ്ദേഹമെത്തി വാതിൽ പൊളിച്ചാണ് ഉള്ളിൽ കടന്നത്. മുറിയുടെ ജനലുകളും വാതിലുകളും വായു പുറത്തുപോകാത്തവിധം കടലാസ് ഒട്ടിച്ചുവെച്ചിരുന്നു.
ഓൺലൈനിലൂടെയാണ് രാസവസ്തുക്കൾ വരുത്തിയതെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. ആഷിഫ് തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് നീക്കംചെയ്തിട്ടുണ്ട്. അമേരിക്കൻ കമ്പനിയിൽ സോഫ്റ്റ്‌വേർ എൻജിനീയറാണ് ആഷിഫ്. നിലവിൽ വീട്ടിലിരുന്നാണ് ജോലിചെയ്തിരുന്നത്. എറണാകുളം കാക്കനാട് സ്വദേശിയാണ് അബീറ. റൂറൽ എസ്‌പി. ഐശ്വര്യ ഡോങ്രേ, ഡിവൈ.എസ്‌പി. സലീഷ് എൻ. ശങ്കരൻ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്‌പി. ബിജു, കൊടുങ്ങല്ലൂർ ഇൻസ്‌പെക്ടർ ബ്രിജുകുമാർ തുടങ്ങിയവർ സ്ഥലത്ത് എത്തി മേൽനടപടി സ്വീകരിച്ചു. പരിശോധനയ്ക്കായി മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മറുനാടന് മലയാളി ബ്യൂറോ