കോഴിക്കോട്: സിനിമാ സ്റ്റെൽ മർഡർ മിസ്റ്ററിയാണ്് ഇപ്പോൾ കോഴിക്കോട് സ്വർണ്ണക്കടത്തിന്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ സംഭവിക്കുന്നത്. കടലൂർ നന്തിയിലെ കോടിക്കൽ കടപ്പുറത്ത് കണ്ടെത്തി സംസ്‌കരിച്ച മൃതദേഹം, പന്തിരിക്കരയിൽ നിന്ന് സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിന്റേതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

കോഴിക്കോട് പന്തിരിക്കര ആവടുക്കയിലെ കോഴിക്കുന്നുമ്മൽ സ്വദേശി ഇർഷാദ്, കൊടുവള്ളി കേന്ദ്രീകരിച്ച് സ്വർണക്കടത്ത് നടത്തുന്ന സംഘത്തിന്റെ കാരിയർ ആണെന്ന് വ്യക്തമായിട്ടുണ്ട്. ദുബൈയിൽനിന്ന് കടത്തിക്കൊണ്ടുവന്ന സ്വർണം നൽകാതെ ഇയാൾ കബളിപ്പിച്ചുവെന്നാണ് കള്ളക്കടത്തുകാർ പറയുന്നത്. തട്ടിക്കൊണ്ടുപോയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും ഇർഷാദിനെ കണ്ടെത്താനായില്ല. ഇതിനിടെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ട് പേർ കൂടി അറസ്റ്റിയായിരുന്നു. തങ്ങളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട ഇർഷാദ് പുഴയിൽ ചാടിയെന്നാണ് അറസ്റ്റിലായവരുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു മൃതദേഹം ആളുമാറി സംസ്‌ക്കരിച്ച വിവരം ലഭിക്കുന്നത്.

മരിച്ചത് ദീപക്ക് അല്ലെന്ന് തെളിയുന്നു

കോഴിക്കോട് -അത്തോളി റൂട്ടിലെ പുറക്കാട്ടിരി പാലത്തിൽനിന്ന് ജൂലൈ 16 ന് രാത്രിയിൽ ചുവന്ന കാറിൽനിന്ന് ഇറങ്ങിയ യുവാവ് പുഴയിലേക്ക് ചാടിയതായി നാട്ടുകാരിൽ ചിലരും വെളിപ്പെടുത്തിയിരുന്നു. ഇർഷാദിനെ കാണാതായതിന്റെ പിറ്റേന്നാണ് കോടിക്കൽ കടുപ്പുറത്ത് മൃതദേഹം കണ്ടെത്തിയത്. ഇത് ജൂൺ ഏഴിന് കാണാതായ മേപ്പയ്യൂർ കൂനം വെള്ളിക്കാവ് വടക്കേടത്തുകണ്ടി ദീപക്(36) ആണെന്ന് ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു. ഇതോടെ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം സംസ്‌കരിച്ചു. എന്നാൽ ബന്ധുക്കളിൽ ചിലർ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് ഡിഎൻഎ സാമ്പിൾ ശേഖരിച്ചിരുന്നു. ഇതിന്റെ ഫലം ഇന്നലെയാണ് കിട്ടിയത്. മൃതദേഹം ദീപക്കിന്റേതല്ലെന്നാണ് പരിശോധനാഫലം വ്യക്തമാക്കുന്നു.

ഇതോടെയാണ് മൃതദേഹം ഇർഷാദിന്റേതാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയത്. ഇത് സ്ഥിരീകരിക്കുന്നതിനായി ഇർഷാദിന്റെ ബാപ്പയുടെയും ഉമ്മയുടെയും ഡിഎൻഎ സാമ്പിൾ പരിശോധിക്കയാണ്. പേരാമ്പ്ര എഎസ്‌പി ടി കെ വിഷ്ണു പ്രദീപ്, പെരുവണ്ണാമൂഴി സിഐ സുഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

മരിച്ചത് ദീപക്ക് അല്ല എന്ന് അറിഞ്ഞതോടെ, അയാൾ എവിടെ എന്ന ചോദ്യവും ഉയരുന്നുണ്ട്. ദീപക്കും ഇർഷാദും തമ്മിൽ രൂപത്തിലും വലിപ്പത്തിലും പ്രായത്തിലുമെല്ലാം സാമ്യമുണ്ട്. അതുകൊണ്ടാണ് പെട്ടന്ന് സാദൃശ്യം തോന്നിയത്. മാത്രമല്ല മൃതദേഹം അഴുകിയ നിലയിലും അയിരുന്നു. ദീപക്കിനും ഇടക്കിടെ വീട് വിട്ടുപോകുന്ന സ്വഭാവം ഉണ്ടായിരുന്നു. അതുകൊണ്ടാണ് കാണാതായി ഒരു മാസം കഴിഞ്ഞട്ടാണ് പൊലീസിൽ പരാതി ലഭിച്ചത്. ഇനി ദീപക്ക് എവിടെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

അന്വേഷണം 916 നാസറിലേക്ക്

കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണ്ണക്കടത്ത് സംഘങ്ങളാണ് ഇർഷാദിന്റെ തിരോധാനത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. നേരത്തെയും സ്വർണ്ണക്കടത്തും, തട്ടിക്കൊണ്ടുപോകലുമായി ഈ മേഖലയിൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. 916 നാസറെന്നറിയപ്പെടുന്ന താമരശേരി കൈതപ്പൊയിൽ ചെന്നിപ്പറമ്പിൽ മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള സ്വർണക്കള്ളക്കടത്ത് സംഘമാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. മുഖ്യപ്രതിയായ നാസർ ദുബായിലാണ്്. നസീറിന്റെ സഹായി കണ്ണൂർ പിണറായി മർഹബയിൽ മർസീദ് അറസ്റ്റിലായിട്ടുണ്ട്. മറ്റൊരു പ്രതി പന്തിരിക്കരയിലെ തറവട്ടത്ത് ഷെമീറിനെ കസ്റ്റഡിയിലെടുത്തെങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായതിനാൽ ചോദ്യം ചെയ്യാനായില്ല.

എന്നാൽ ഇർഷാദ് നിരപരാധിയാണെന്നും ആരെയും വഞ്ചിച്ചിട്ടില്ല എന്നുമാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ പറയുന്നത്. തന്റെ കൈയിൽനിന്ന് സ്വർണം തട്ടിയെടുത്തത് ഷമീറാണെന്ന് വെളിപ്പെടുത്തുന്ന ഇർഷാദിന്റെ ശബ്ദസന്ദേശം പൊലീസ് പരിശോധിച്ചു വരികയാണ്. മുഹമ്മദ് സാലിഹിന്റെ ഥാർ ജീപ്പും ഷെമീറിന്റെ ചുവന്ന മാരുതി സ്വിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലാണ്. യുവാവ് പുഴയിൽ ചാടിയതോടെ തട്ടിക്കൊണ്ടുപോയവർ കാറുമായി രക്ഷപ്പെട്ടതായാണ് നാട്ടുകാരുടെ മൊഴി. പ്രദേശത്തെ ചില നിരീക്ഷണ ക്യാമറകളിൽ പ്രതികൾ സഞ്ചരിച്ച വാഹനം കടന്നുപോയതായി കണ്ടെത്തിയിട്ടുണ്ട്. യുവാവ് പുഴയിലേക്ക് ചാടുന്നത് കണ്ടതായി പറയുന്നവരിൽനിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.

ദുബായിൽ നിന്ന് ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഇർഷാദ് നാട്ടിലെത്തുന്നത്. അതിന് ശേഷം കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി ഇയാൾ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് ഒരു വിവരവുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനിടെ, വിദേശത്തുള്ള സഹോദരന്റെ ഫോണിലേക്ക് വാട്‌സാപ് വഴി ഭീഷണി സന്ദേശം എത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം സഹോദരന്റെ ഫോണിലേക്ക് അയച്ചു കൊടുത്തു. ദുബായിൽ നിന്ന് വന്ന ഇർഷാദിന്റെ കയ്യിൽ കൊടുത്തു വിട്ട സ്വർണം തിരികെ വേണമെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്നുമാണ് ഇവരുടെ ഭീഷണി. ഇതോടെ ഒരു ഇടവേളക്കുശേഷം കൊടുവള്ളി സ്വർണ്ണക്കടത്ത് സംഘവും വാർത്തകളിൽ നിറയുകയാണ്.