- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോൾ കൊടുക്കാതെ കടന്നു പോകാൻ ശ്രമിച്ച കാർ തടയുന്നതിനിടെ ജീവനക്കാരനെ കാറിൽ ചേർത്ത് പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു; തുടർന്ന് കാർ അമിത വേഗതയിൽ ഓടിച്ചുപോയി; കൊല്ലം ബൈപ്പാസിൽ അഴിഞ്ഞാടിയ പ്രതിക്കായി വലവിരിച്ചു പൊലീസ്; അന്വേഷണം സിസി ടിവി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ച്
കൊല്ലം: കൊല്ലം ബൈപാസിൽ ടോൾ നൽകാതെ അതിക്രമിച്ചു കടക്കുകയും ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്ത കേസിൽ കാറിലുണ്ടായിരുന്ന രണ്ട് പേർക്കായി അഞ്ചാലുംമൂട് പൊലീസിന്റെ അന്വേഷണം. ബൈപാസിൽ ടോൾ കൊടുക്കാതെ കടന്നു പോകാൻ ശ്രമിച്ച കാർ തടയുന്നതിനിടെ ജീവനക്കാരനെ കാറിൽ ചേർത്ത് പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയും തുടർന്ന് തള്ളിയിട്ട് പരുക്കേൽപിക്കുകയും ആയിരുന്നു.
കൊല്ലം കുരീപ്പുഴ ടോൾ പ്ലാസയിലെ കരാർ ജീവനക്കാരനായ കുരീപ്പുഴ പ്ലാവറക്കാവ് തേരിൽ തെക്കതിൽ അരുണിന് (23) ആണ് പരുക്കേറ്റത്. കാവനാട് ഭാഗത്തു നിന്നു മേവറം ഭാഗത്തേക്ക് പോയ കാർ ടോൾ പ്ലാസയിലെ എമർജൻസി ഗേറ്റ് വഴി ടോൾ കൊടുക്കാതെ കടന്നു പോകാൻ ശ്രമിച്ചത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അരുൺ തടഞ്ഞു.
രണ്ട് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. കാർ നിർത്തിയപ്പോൾ ടോൾ അടയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും കാറിലുണ്ടായിരുന്ന യുവാക്കൾ അരുണിനെ മർദിക്കുകയാണ് ചെയ്തത്. മർദനം തടയാൻ ശ്രമിക്കുന്നതിനിടെ അരുണിന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ച് കാർ മുന്നോട്ട് ഓടിച്ചു.ഡ്രൈവറുടെ വശത്തെ ഡോറിനോടു ചേർത്തു റോഡിൽ വലിച്ചിഴച്ച അരുണിനെ ടോൾ പ്ലാസയിൽ നിന്നു 30 മീറ്റർ ദൂരം മുന്നോട്ടു പോയ ശേഷം റോഡിലേക്കു തള്ളിയിടുകയായിരുന്നു. തുടർന്ന് അമിത വേഗത്തിൽ കാർ ഓടിച്ചു പോവുകയും ചെയ്തു.
കൈക്കും കാലിനും ഗുരുതരമായി പരുക്കേറ്റ് റോഡിൽ കിടന്ന അരുണിനെ മറ്റു ജീവനക്കാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ടോൾ പ്ലാസയിൽ നിന്നു സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചാണ് അന്വേഷണം ആരംഭിച്ചത്. കാറിന്റെ ഡ്രൈവർ അരുണിനെ ആക്രമിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. കാറിന്റെ മുൻപിലായി മറ്റോരാളും ഉണ്ടായിരുന്നു.
ദൃശ്യങ്ങളിൽ നിന്നും വർക്കല കല്ലമ്പലം സ്വദേശിയെ തേടീ പൊലീസ് അന്വേഷണം വ്യപിപ്പിച്ചിരിക്കുകയാണ്. ആക്രമണം നടത്തിയ വാഹനം പാരിപ്പള്ളി സ്വദേശിനിയുടെ പേരിലുള്ളതാണ് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ