- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗലക്ഷണം ഉണ്ടെന്ന് അറിയിച്ചിട്ടും ആദ്യം പോയ സഹകരണ ആശുപത്രിയിൽ നിന്ന് ആബുലൻസ് നൽകിയില്ല; റൂട്ടുമാപ്പിലും പിശകുപറ്റി; മങ്കി പോക്സിൽ നടത്തിയ വാർത്താ സമ്മേളനം സംപ്രേഷണം ചെയ്യരുതെന്ന് കൊല്ലം ജില്ലാ കലക്ടറുടെ നിർദ്ദേശം; നിർദ്ദേശം ആരോഗ്യ വകുപ്പിനുണ്ടായ ഗുരുതര വീഴ്‌ച്ച വാർത്ത ആയതിന് പിന്നാലെ
കൊല്ലം: കേരളത്തിൽ മങ്കി പോക്‌സ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊല്ലം ജില്ലാ കലക്ടർ നടത്തിയ വാർത്താ സമ്മേളനം സംപ്രേഷണം ചെയ്യരുതെന്ന് നിർദ്ദേശം. പി.ആർ.ഡി വഴിയാണ് കലക്ടർ അഫ്സാനാ പർവീൻ വിചിത്ര നിർദ്ദേശം നൽകിയത്. മങ്കി പോക്‌സ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിനുണ്ടായ ഗുരുതര വീഴ്‌ച്ച വാർത്തയായതിന് പിന്നാലെയാണ് നിർദ്ദേശം.
കൊല്ലത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച രോഗിയുടെ പേരിൽ ആദ്യം പുറത്തുവിട്ട റൂട്ട് മാപ്പ് തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. ഇത് കൂടാതെ രോഗലക്ഷണമുള്ള രോഗിക്ക് ആംബുലൻസ് ലഭ്യമാകാതിരുന്നതും വാർത്തയായി. പാരിപ്പള്ളി മെഡിക്കൽ കോളജിൽ രോഗിയെ പ്രവേശിപ്പിച്ചെന്നായിരുന്നു വിശദീകരണം. എന്നാൽ രോഗി ചികിത്സയിലുള്ളത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ഇക്കാര്യത്തിൽ കൊല്ലം സഹകരണ ആശുപത്രി വിവരമറിയിച്ചിട്ടില്ലെന്നാണ് ഡിഎംഒയുടെ വിശദീകരണം.
തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് രോഗി എത്തിയത് സ്വന്തം നിലയ്ക്കാണ്. രോഗലക്ഷണം ഉണ്ടെന്ന് അറിയിച്ചിട്ടും ആദ്യം പോയ സഹകരണ ആശുപത്രിയിൽ നിന്ന് ആബുലൻസ് നൽകിയില്ലെന്നും ഡിഎംഒ പറഞ്ഞു. എന്നാൽ കൊല്ലം ഡിഎംഒയുടെ പ്രസ്താവന തള്ളി എൻഎസ് സഹകരണ ആശുപത്രി അധികൃതർ രംഗത്തെത്തി. മങ്കി പോക്‌സ് സ്ഥിരീകരിച്ച രോഗിയെക്കുറിച്ചുള്ള വിവരങ്ങൾ ഡിഎംഒ ഓഫീസിൽ അറിയിച്ചിരുന്നെന്നും സ്വന്തം വണ്ടിയിലാണ് രോഗി എത്തിയതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഇതോടെയാണ് കലക്ടറുടെ വാർത്താസമ്മേളനവും സംപ്രേഷണം ചെയ്യരുതെന്ന നിർദ്ദേശം എത്തിയത്.
അതേസമയം സംസ്ഥാനത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സംഘം ഇന്ന് വൈകിട്ടോടെ കേരളത്തിലെത്തും. രാജ്യത്ത് ആദ്യമായി കേരളത്തിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്ര സംഘം എത്തുന്നത്. സ്ഥിതിഗതികൾ വിലയിരുത്തുകയും ജാഗ്രത നിർദേശങ്ങൾ നൽകുകയുമാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ആരോഗ്യ മന്ത്രാലയ ഉപദേഷ്ടാവ് ഡോ. പി രവീന്ദ്രൻ, എൻ സി ഡി സി ജോയിന്റ് ഡയറക്ടർ ഡോ. സാങ്കേത് കുൽക്കർണി, ഡോ. അരവിന്ദ് കുമാർ, ഡോ. അഖിലേഷ് എന്നിവരടങ്ങുന്ന സംഘമാണ് എത്തുന്നത്.
രോഗം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് സംസ്ഥാനം. രോഗത്തെ പ്രതിരോധിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചു എന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. വിദേശത്ത് നിന്നെത്തുന്നവരിൽ രോഗലക്ഷണങ്ങളുള്ളവരുണ്ടെങ്കിൽ സാമ്പിൾ പരിശോധനക്കയക്കും. രോഗലക്ഷണങ്ങളുണ്ടെങ്കിൽ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടണം. വിമാനത്താവളങ്ങൾ ഉൾപ്പടെയുള്ള ഇടങ്ങളിൽ കർശന പരിശോധന വേണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽ രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. രോഗിയുടെ അടുത്ത ബന്ധുക്കളുൾപ്പെടെ അഞ്ച് പേരും വിമാനത്തിൽ ഒപ്പം യാത്രചെയ്ത 13 പേരും നിരീക്ഷണത്തിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ