- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരീരം മുഴുവൻ വ്രണങ്ങളുമായി ശുഷ്ടിച്ചൊരു ദേഹം; 20 വയസുണ്ടെങ്കിലും കാഴ്ച്ചയിൽ തോന്നുക അഞ്ചു വയസുകാരനെന്ന്; സംസാരിക്കാനോ തനിച്ച് എഴുന്നേറ്റു നിൽക്കാനോ കഴിയില്ല; കുട്ടിയാണെന്നു തെറ്റിദ്ധരിക്കപ്പെട്ടത് രക്ഷയായി; ഭിന്നശേഷിക്കാരൻ ഒടുവിൽ ജീവിത വെളിച്ചത്തിലേക്ക്
പുനലൂർ: നമ്പർവൺ കേരളമെന്ന് അവകാശപ്പെടുന്ന കേരളത്തിൽ നിന്നും ചില ദുരുതക്കാഴ്‌ച്ചകൾ പുറത്തുവരുമ്പോൾ അത് നമ്മുടെ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കും. കൊല്ലപ്പം പുനലൂർ കലയനാട് കൂത്തനാടിയിലെ ഇരുപതുകാരനെ കുറിച്ചുള്ള വാർത്തകൾ ശരിക്കും നമ്മുടെ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. വേണ്ടത്ര ഭക്ഷണം പോലും ലഭിക്കാതെ മെലിഞ്ഞുണങ്ങി മരണാസന്നനായ ഭിന്നശേഷിക്കാരനായ യുവാവിന്റെ ദുരിതകാലം ഒടുവിൽ അകലുകയാണ്. നാട്ടുകാരിൽ ചിലർക്ക് മെലിഞ്ഞുണങ്ങിയ യുവാവിനെ കണ്ട് ഒരു കൊച്ചു കുഞ്ഞാണെന്ന് തോന്നിയതാണ് അവന് ജീവൻ തിരിച്ചു കിട്ടാൻ ഇടയാക്കിയത്.
ശരീരമാകെ വ്രണം നിറഞ്ഞ, പോഷകാഹാരക്കുറവുള്ള, ഭിന്നശേഷിക്കാരനായൊരു കുട്ടി പുനലൂർ കലയനാട് കൂത്തനാടിയിലുണ്ടെന്നു ജില്ലാ ശിശുസംരക്ഷണ ഓഫിസറുടെ മൊബൈലിൽ ലഭിച്ച വാട്‌സാപ് സന്ദേശത്തെ തുടർന്നാണ് ശിശുസംരക്ഷണ പ്രവർത്തകരും കൗൺസലറും അങ്കണവാടി പ്രവർത്തകരുമെല്ലാം അവന്റെ വീട് തേടിയെത്തിയത്. അവിടെ അവർ കണ്ട കാഴ്‌ച്ച ശരിക്കും നടുക്കുന്നതായിരുന്നു.
കാഴ്ചയിൽ 5 വയസ്സുള്ളൊരു കുട്ടി ശരീരമാകെ വ്രണങ്ങളുമായി വീട്ടിനുള്ളിൽ കിടക്കുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അവന് 20 വയസ്സുണ്ടെന്നും ഭിന്നശേഷിക്കാരനാണെന്നും സംസാരിക്കാനോ തനിച്ച് എഴുന്നേറ്റു നിൽക്കാനോ കഴിയാത്ത അവസ്ഥയിലാണെന്നും അറിഞ്ഞത്. പിന്നീട് ഈ ദാരണമായ അവസ്ഥയിൽ നിന്നും യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങളായിരുന്നു. ആരോഗ്യ വകുപ്പ് അധികൃതർ ഇടപെട്ട് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.
20 ദിവസം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ ലഭിച്ചതാണ് അവൻ തിരികെ ജീവിതത്തിലേക്ക് എത്തുകയായിരുന്നു. വേണ്ടത്ര ഭക്ഷണം കഴിക്കാതെ പോഷകാഹാരത്തിന്റെ കുറവായിരുന്നു യുവാവിനെ സാരമായി ബാധിച്ചിരുന്നത്. പോഷകാഹാരക്കുറവാണ് ഇത്രയും മോശം അവസ്ഥയിൽ എത്തിച്ചതെന്നു ചികിത്സിച്ച ഡോക്ടർമാർ പറയുന്നു. പരാതി അറിയിച്ചവരും കരുതിയിരുന്നത് അതൊരു കുട്ടിയാണെന്നാണ്.
അത്രമേൽ ശോഷിച്ചിരുന്നു അവന്റെ ശരീരം. കൈകാലുകൾ ചലിപ്പിക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് ശിശുക്ഷേമ പ്രവർത്തകർ അവനെ കണ്ടെത്തിയത്. 'ദരിദ്രരാഷ്ട്രങ്ങളിലെ പോഷകക്കുറവുള്ള കുട്ടികളെ ഓർമിപ്പിക്കും വിധം ശോഷിച്ച് എല്ലും തോലുമായിരിക്കുന്നു.' ആഴ്ചകൾക്കു മുൻപ് അവനെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം, സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ വേദനയോടെ പ്രതികരിച്ചതിങ്ങനെയാണ്.
വീട്ടിൽ അമ്മയും ചേട്ടനും അനിയത്തിയും ചേട്ടന്റെ കുടുംബവും ഉണ്ടെങ്കിലും കിടപ്പുരോഗിയായ അവനു പരിചരണം ലഭിച്ചിരുന്നില്ലെന്നു നാട്ടുകാർ പറയുന്നു. വീട്ടുകാർ വേണ്ടത്ര ശ്രദ്ധിക്കാതെ വന്നതോടെയാണ് പട്ടിണിക്കോലമായി യുവാവ് മാറിയത്. രണ്ടു വർഷം മുൻപ് അച്ഛൻ മരിച്ചതോടെയാണ് അവന്റെ അവസ്ഥ ഇത്രയും മോശമായത്.
അച്ഛനായിരുന്നു അവനെ പരിചരിച്ചിരുന്നത്. ശരീരം മുഴുവൻ വ്രണം ബാധിച്ചതിനാൽ ആശുപത്രിയിലേക്കുള്ള യാത്ര പോലും അവനു വേദനാജനകമായിരുന്നു. കട്ടിയുള്ള ഭക്ഷണം കഴിക്കാനാകാത്തതു കൊണ്ടാണ് ശരീരമൊക്കെ ശോഷിച്ചു പോയതെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നെങ്കിലും സംശയം തോന്നി ഒരു പൊതിച്ചോർ വാങ്ങി നൽകിയപ്പോൾ അതു മുഴുവനായി കഴിക്കുന്നതാണ് ആശുപത്രിയിലുള്ളവർ കണ്ടത്. കരിക്കോട് അലക്‌സാ ഗാപ്പേ ചിൽഡ്രൻസ് ഹോം പ്രവർത്തകയായ വിദേശവനിത എറിൻ ആണ് ആശുപത്രിച്ചെലവുകൾ വഹിച്ചത്.
മുറിവുകൾ കരിഞ്ഞു തുടങ്ങിയതിനാൽ കഴിഞ്ഞദിവസം അവനെ അലക്‌സാ ഗാപ്പേ ചിൽഡ്രൻസ് ഹോമിലേക്കു മാറ്റി. ഭാവിയിൽ ഇയാളുടെ സംരക്ഷണം ഉറപ്പാക്കുന്നതു സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നു ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ