തിരുവനന്തപുരം: ഏകദേശം 5000ത്തോളം ഐഎഎസ് ഉദ്യോഗസ്ഥരാണ് ഇന്ത്യാ മഹാരാജ്യത്തുള്ളത്. ഇന്ത്യയെ പോലെ ഭീമമായ ജനസംഖ്യയുള്ള ഒരു രാജ്യത്ത് 5000 എന്നത് വളരെ ചെറിയ സംഖ്യയാണെന്നാണ് പൊതു വിലയിരുത്തൽ. എന്നാൽ ഈ ചെറിയ സംഖ്യ സൂചിപ്പിക്കുന്നത് സിവിൽ സർവീസ് പക്ഷയെന്നത് എത്ര കഠിനമേറിയ ഒന്നാണെന്നു തന്നെയാണ്. ഒരു ഐഎഎസ് ഉദ്യോഗസ്ഥനാകുക എന്നത് രാജ്യത്ത് വലിയ നേട്ടമായി കണക്കാക്കുന്ന ഒന്നാണ്. വർഷങ്ങളുടെ കഠിന പരിശ്രമത്തിലൂടെ മാത്രം കൈവരിക്കാവുന്ന ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിലെ വിജയം അത് നേടുന്ന വ്യക്തിയുടെ കുടുംബത്തിനു മുഴുവൻ വലിയ ബഹുമാനമാണ് നേടികൊടുക്കുക.

കേരളത്തിലെ ഒരു സാധാരണ ഗ്രാമത്തിൽ ജനിച്ചു വളർന്ന മൂന്നു സഹോദരങ്ങളും ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ പാസ്സായവരാണെന്നത് നമുക്കെല്ലാവർക്കും ഒരേ സമയം അത്ഭുതവും അഭിമാനവും നൽകുന്ന കാര്യമാണ്. പറഞ്ഞു വരുന്നത് പരവൂർ വെടിക്കെട്ടപകടത്തിൽ പൊലീസിന്റെ അനാസ്ഥയ്‌ക്കെതിരേയും അനുമതി ഇല്ലാതെ വെടിക്കെട്ടു നടത്തിയവർക്കെതിരേയും ശക്തമായി ശബ്ദമുയർത്തിയ കൊല്ലം ജില്ലാ കളക്ടർ എ ഷൈനമോളെയും അവരുടെ സഹോദരങ്ങളെ കുറിച്ചുമാണ് പറഞ്ഞു വരുന്നത്. സഹോദരി ഷൈല മുംബൈ കളക്ടർ. സഹോദരൻ എ അക്‌ബർ ക്രൈം ബ്രാഞ്ചിന്റെ അനാലിസസ് വിഭാഗത്തിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. ഷൈല 2003ലും അക്‌ബർ 2005ലും ഷൈന 2007ലുമാണ് സിവിൽ സർവീസ് പരീക്ഷ പാസ്സായത്.

എറണാകുളം ജില്ലയിലെ ആലങ്ങാട് കോട്ടപ്പുറം എന്ന ഒരു സാധാരണ ഗ്രാമത്തിൽ ജനിച്ചു വളർന്ന ഇവർ ഒരു സാധാരണ സർക്കാർ സ്‌കൂൾ അദ്ധ്യാപകന്റെ മക്കളാണ്.എസ് അബു എന്ന അബു മാഷിന്റേയും പി.കെ സുലേഖയുടേയും മക്കളായി ജനിച്ച ഷൈലയും അക്‌ബറും ഷൈനയും ചെറുപ്പം മുതൽ പഠനത്തിൽ അസാമാന്യ മികവ് പുലർത്തിയിരുന്നു. തന്റെ മക്കളുടെ പഠനത്തിലെ അധ്വാനത്തിന്റേയും കഠിന പരിശ്രമത്തിന്റേയും ഫലമാണ് അവരുടെ വിജയമെന്നും അതിനു എന്നും ദൈവത്തോടു നന്ദിയുണ്ടെന്നും പിതാവ് അബു മാഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

തന്റെ കുട്ടികൾ ഈ നേട്ടം കൈവരിച്ചത് അവരുടെ മാത്രം പ്രയത്‌നം കൊണ്ടാണെന്നും സ്വന്തമായി ഒരു ലക്ഷ്യമുണ്ടായിരിക്കുകയും അതിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന പ്രവണതയുമാണ് അവരുടെ വിജയത്തിന്റെ കാരണം. കുട്ടിക്കാലം മുതൽ തന്നെ അർപിത മനോഭാവമാണ് പഠനത്തോട് മൂവർക്കുമുണ്ടായിരുന്നത്. ഒരു അദ്ധ്യാപകനായ തനിക്ക് ഒരിക്കൽ പോലും സ്വന്തം മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ഇടപെടേണ്ട സാഹചര്യമുണ്ടായിട്ടില്ല. എല്ലാ കാര്യങ്ങളും സ്വയം ചെയ്യാൻ അവർ പ്രാപ്തരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ കുട്ടികൾ എന്നും സത്യത്തിന്റേയും ന്യായത്തിന്റേയും ഭാഗത്തുനിന്നു മാത്രമേ പ്രവർത്തിക്കുകയുള്ളുവെന്നും അധാർമികമായി ഒന്നും തന്നെ ചെയ്യില്ലെന്നാണ് താൻ ഉറച്ച് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കൊല്ലം ജില്ലാ കളകടറും തന്റെ ഇളയമകളമായ ഷൈനമോൾ പരവൂർ വെടിക്കെട്ടപകടത്തിൽ തുടർന്ന് സ്വീകരിച്ച നിലപാടുകളിൽ അഭിമാനമുണ്ട്. ഒരു ചെറു പ്രാണിയെപ്പോലും കശാപ്പു ചെയ്യുന്നതിനോട് യോജിക്കാത്ത പ്രകൃതമാണ് തന്റെ മകൾക്കെന്നും ഈ പിതാവ് പറയുന്നു.

വളരെ സാധാരാണക്കാരായി നാട്ടിൻ പുറത്തെ സാധാ എയ്ഡഡ് സ്‌കൂളിൽ പഠിച്ച് ഉയരങ്ങൾ താണ്ടിയവരാണ് അബുമാഷിന്റെ മൂന്ന് മക്കളും. മൂവരും എസ്എസ്എൽസി വരെയുള്ള വിദ്യാഭ്യാസം പൂർത്തിയാക്കിയത് കോട്ടപ്പുറം കൃഷ്ണൻ ഇളയത് മെമോറിയൽ ഹൈസ്‌കൂളിൽനിന്നുമാണ്. തുടർന്ന് മൂന്നുപേരും ആലുവ യു.സി കോളേജിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടുകയും ചെയ്തിരുന്നു. ഷൈലയും ഷൈനയും ഇതേ കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരികളുമാണ്. ഷൈല ബിരുദാനന്തര ബിരുദം നേടിയത് എംജി സർവകലാശാലയിൽ നിന്നും ഒന്നാം റാങ്കോടെയാണ്. ബിരുദം നേടിയ ശേഷം അക്‌ബർ എറണാകുളം ലോ കോളേജിൽ നിന്നും എൽഎൽബിയും ഒന്നാം റാങ്കോടെ എൽഎൽഎമ്മും പാസ്സായിരുന്നു.

സാധാരണക്കാരുടെ ആകുലതകളും വേദനയും ശരിക്കും മനസിലാക്കുന്നവർ. മക്കളെ ഇങ്ങനെ കാണാനായിരുന്നു അബു മാഷിന്റേയും താൽപര്യം. സഹോദരങ്ങളുടെ പാദ പിന്തുടർന്ന് സിവിൽ സർവീസ് പരീക്ഷയെഴുതിയ ഇളയ മകളായ ഷൈനമോൾ 16ാം റാങ്കോടെയാണ് പരീക്ഷ പാസ്സായത്. സഹോദരൻ അക്‌ബർ 2005ൽ സിവിൽ സർവീസ് പാസ്സാവുകയും പിന്നീട് കേരളാ പൊലീസിൽ ചേരുകയുമായിരുന്നു. സിവിൽ സർവീസിലെ എഴുത്ത് പരീക്ഷയെന്ന കാഠിന്യമേറിയ കടമ്പ കടന്നാൽ പോലും അഭിമുഖം എന്ന കടമ്പ കടക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

കഠിന പ്രയത്‌നം നടത്തുന്നവർക്ക് പോലും കടുപ്പമേറിയ ഒന്നാണ് അഭിമുഖ പരീക്ഷ. അത്രയും ബുദ്ധിമുട്ടേറിയ ഒരു പരീക്ഷ ഒരേ കുടുംബത്തിലെ മൂന്നുപേർ പാസ്സാവുകയും പിന്നീട് ജോലിയിൽ പ്രവേശിച്ച ശേഷവും സാമൂഹിക നന്മ മാത്രം ലക്ഷ്യമിട്ട് യാതൊരു വിട്ടു വീഴ്ചയുമില്ലാതെ സ്വന്തം കർമ്മമേഖലയിൽ നടത്തുന്ന പ്രവർത്തനം ഏവരുടേയും പ്രശംസ പിടിച്ചു പറ്റുകയാണ്.

അബുമാഷിന്റെ മൂത്തമകൾ ഷൈലയാണ് സിവിൽ സർവീസിൽ അനുജന്റെയും അനുജത്തിയുടെയും വഴികാട്ടിയായി മാറിയത്. മക്കളെല്ലാവരും സ്വന്തം കാലിൽ നിൽക്കുന്നവരാകണം എന്നാണ് താൻ ആഗ്രഹിച്ചതെന്ന് അബുമാഷ് പറയുന്നു. മൂത്ത മകൾ ഷൈല എംഎ കഴിഞ്ഞ് യുജിസി നെറ്റും ജെആർഎഫും പാസായി. കുറച്ചു കാലം യുസി കോളജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തു. അതിനു ശേഷം പിഎസ്‌സി എഴുതി കോർട്ട് അസിസ്റ്റന്റായി ജോലി നേടി. രണ്ടു വർഷം കഴിഞ്ഞ് അവധിയെടുത്ത് തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിൽ ചേർന്നു പരിശീലനം നടത്തി. ഇതോടെ 2002 ലെ ഐഎ എ സ് പരീക്ഷയിൽ 49ാം റാങ്കോടെ ഷൈലയ്ക്ക് ജോലി ലഭിക്കുകയായിരുന്നു. ഇപ്പോൽ മുംബൈ കലക്ടർ. മൂത്ത ചേച്ചിക്ക് ഐഎഎസ് ലഭിച്ചതോടെയാണ് മറ്റുള്ളവരും ഈ വഴിയിലേക്ക് തിരിച്ചത്.

മുപ്പതോളം വർഷത്തോളം അദ്ധ്യാപനം നടത്തിയ അബുമാഷ് 1997ലാണ് വിരമിച്ചത്. മക്കളെ അവരുടെ സ്വാതന്ത്ര്യത്തിന് വിടാനാണ് താൻ എന്നും ശ്രമിച്ചതെന്നും അത് അവർ അവരുടെ വഴി തിരഞ്ഞെടുക്കുകയും അതിൽ ശോഭിക്കുകയും ചെയ്തു- അബു മാഷ് വ്യക്തമാക്കുന്നു.