ചാത്തന്നൂർ: കല്ലുവാതുക്കൽ ഊഴായ്‌ക്കോട്ട് കരിയിലക്കൂട്ടങ്ങൾക്കിടയിൽ കണ്ടെത്തിയ നവജാതശിശു മരിച്ചകേസിൽ അറസ്റ്റിലായ അമ്മ രേഷ്മയുടെ ഫേസ്‌ബുക് സുഹൃത്തിനെക്കുറിച്ചു സൂചന ലഭിച്ചതായി വിവരം. അന്വേഷണത്തിൽ ഏതാനും ദിവസത്തിനുള്ളിൽ നിർണായക വഴിത്തിരിവ് ഉണ്ടാകും.

രേഷ്മയ്ക്ക് ഒന്നിലധികം ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ഉള്ളതായി പൊലീസ് കണ്ടെത്തി. നാല് സിംകാർഡുകൾ രേഷ്മ ഉപയോഗിച്ചിരുന്നെന്നും ഇതിൽ ഒന്ന് ഒഴിവാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. രേഷ്മ എത്ര മൊബൈൽ ഫോണുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും ഏതെല്ലാം ഫേസ്‌ബുക്ക് ഐ.ഡി.കളിലൂടെയാണ് മറ്റുള്ളവരുമായി ബന്ധപ്പെട്ടിട്ടുള്ളതെന്നും കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ചാത്തന്നൂർ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ വൈ.നിസാമുദ്ദീൻ പറഞ്ഞു.

ഏറെസമയവും ഫോൺ ചാറ്റിങ്ങിൽ തുടരുന്നതിനു വഴക്കിട്ട് ഭർത്താവ് വിഷ്ണു രേഷ്മയുടെ ഫോൺ നശിപ്പിച്ചിരുന്നു. ഇതിനുശേഷം വിഷ്ണുവിന്റെ സഹോദരഭാര്യ ആര്യയുടെ സിംകാർഡാണ് രേഷ്മ ഉപയോഗിച്ചത്. ഇതിനെക്കുറിച്ച് അറിയുന്നതിനായി പാരിപ്പള്ളി പൊലീസ് വിളിപ്പിച്ചദിവസമാണ് ആര്യ ബന്ധുവായ ഗ്രീഷ്മയെയും കൂട്ടി ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യചെയ്തത്. ആത്മഹത്യക്കായി ഇറങ്ങിയപ്പോൾ ആര്യ കൈയിൽ കരുതിയിരുന്ന ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ ആര്യ ഉപയോഗിച്ചിരുന്ന സിമ്മിന്റെ നമ്പരുകൾ കണ്ടെത്തിയിട്ടുണ്ട്. ഗ്രീഷ്മ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പരും പൊലീസിന് ലഭിച്ചിട്ടുണ്ട്.

സൈബർ സെല്ലിന്റെ സാങ്കേതികസഹായം ഉപയോഗപ്പെടുത്തി രേഷ്മയുടെയും ആര്യയുടെയും ഗ്രീഷ്മയുടെയും മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. ഇവർ ഉപയോഗിച്ചിരുന്ന സാമൂഹികമാധ്യമങ്ങളുടെ വിവരങ്ങളും ശേഖരിച്ചുവരികയാണ്. രേഷ്മയും ആര്യയും ഫേസ്‌ബുക്ക് അക്കൗണ്ടിൽ കയറി ഒന്നിച്ച് സന്ദേശങ്ങൾ അയയ്ക്കുകയും കമന്റിടുകയും ചെയ്തതായും പൊലീസ് സംശയിക്കുന്നു.

അറസ്റ്റിലായ ദിവസം തന്നെ രേഷ്മയുടെയും മാതാപിതാക്കളുടെയും ഫോണുകൾ പൊലീസ് പിടിച്ചെടുത്തു സൈബർ സെല്ലിനു കൈമാറിയിരുന്നു. അന്വേഷണത്തിനു സഹായകമായ ചില വിവരങ്ങൾ ഇതിൽ നിന്നു കണ്ടെത്തിയെന്നാണു സൂചന.

അറസ്റ്റിലായ രേഷ്മ കോവിഡ് പോസിറ്റീവായി അട്ടക്കുളങ്ങര വനിതാ ജയിലിലാണ്. പോസിറ്റീവായി 17 ദിവസത്തിനു ശേഷമേ ചോദ്യം ചെയ്യാനാകൂ. ഇതിന് ഇനിയും 10 ദിവസം കൂടി കഴിയണം. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിലെ വില്ലനായ അജ്ഞാത കാമുകനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം മുന്നോട്ട് നീങ്ങുമ്പോഴാണ്, മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ച കല്ലുവാതുക്കൽ മേവനക്കോണം, തച്ചക്കോട്ട് വീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), രേഷ്മ ഭവനിൽ രാധാകൃഷ്ണപിള്ളയുടെ മകൾ ഗ്രീഷ്്മ (ശ്രുതി-22) എന്നിവരെ കാണാതായതും അടുത്ത ദിവസം ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതും.

ആര്യയും ഗ്രീഷ്മയും വെള്ളത്തിൽ മുങ്ങി മരിച്ചെന്നാണു പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാരുടെ പ്രാഥമിക വിലയിരുത്തൽ. പിതാവ് ഗൾഫിൽ നിന്ന് എത്തിയതിനെ തുടർന്നു ഗ്രീഷ്മയുടെ സംസ്‌കാരം ഇന്നലെ നടത്തി.

ഗൾഫിൽനിന്നെത്തിയ രേഷ്മയുടെ ഭർത്താവ് വിഷ്ണു ക്വാറന്റീനിലാണ്. വിഷ്ണുവിനെയും ആര്യയുടെ ഭർത്താവ് രഞ്ജിത്തിനെയും ഗ്രീഷ്മയുടെ ബന്ധുക്കളെയും വിശദമായി ചോദ്യംചെയ്യാനാണ് പൊലീസിന്റെ നീക്കം.

ജനുവരി 5നാണ് ചോരക്കുഞ്ഞിനെ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്. സാഹചര്യത്തെളിവുകൾ ഒന്നും ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ അന്വേഷണത്തിൽ 22നു കഴിഞ്ഞ 22നാണ് കല്ലുവാതുക്കൽ ഊഴായ്‌ക്കോട്, പേഴുവിള വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ രേഷ്മ (22) അറസ്റ്റിലാകുന്നത്. ഫേസ്‌ബുക്കിലൂടെ മാത്രം പരിചയമുള്ള കാമുകനൊപ്പം പോകാൻ കുഞ്ഞിനെ ഉപേക്ഷിച്ചെന്നാണു രേഷ്മ മൊഴി നൽകിയത്.

യുവതികളുടെ മൃതദേഹം കണ്ടെത്തിയത് സ്‌കൂബ ടീം

ചാത്തന്നൂർന്മ ഇത്തിക്കരയാറ്റിൽ കാണാതായ 2 യുവതികളുടെ മൃതദേഹങ്ങൾക്കായി അഗ്‌നിശമനസേനയുടെ സ്‌കൂബ ടീം തിരച്ചിൽ നടത്തിയതു മണിക്കൂറുകളോളം. പരവൂർ അഗ്‌നിരക്ഷാ നിലയത്തിൽ സ്‌കൂബ ടീം അനുവദിച്ച ശേഷം നടത്തിയ ആദ്യ ഉദ്യമമാണി ത്. ഏതാനും ആഴ്ച മുൻപാണ് ടീം സജ്ജമാകുന്നത്. കാണാതായ യുവതികളെ ഇത്തിക്കരയാറിന്റെ തീരത്ത് കണ്ടെന്നു വിവരം ലഭിച്ചിരുന്നു.

യുവതികൾ വെള്ളത്തിൽ അകപ്പെട്ടോ എന്നു പോലും ഉറപ്പില്ലാത്ത സാഹചര്യത്തിൽ ഇത്തിക്കരയാറിൽ കിലോമീറ്ററുകളോളം ദൂരത്തിൽ തിരച്ചിൽ നടത്തിയാണു മൃതശരീരങ്ങൾ കണ്ടെത്തുന്നത്. സ്റ്റേഷൻ ഓഫിസർ ഡി.ഉല്ലാസ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഇ.ഡൊമിനക്, സ്‌കൂബ ടീം അംഗങ്ങളായ എം.രാമചന്ദ്രൻ, പി.മനോജ് കുമാർ, വി.ബൈജു, ജി.എസ്.സജേഷ് കുമാർ, കെ.എസ്.ഗിരീഷ് കുമാർ തുടങ്ങിയവരാണു തിരച്ചിൽ സംഘത്തിൽ ഉണ്ടായിരുന്നത്.