കൊല്ലം: കൊല്ലം നായേഴ്‌സ് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് പൊലീസിൽ പരാതി. മൂന്നു വയസുള്ള ആൺകുട്ടിയെ ചികിത്സിക്കുന്നതിൽ പിഴവു വന്നുവെന്ന് ആരോപിച്ച് ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. ഡബ്ബിങ് ആർട്ടിസ്റ്റ് മനോഹരന്റെ മകളുടെ മകൻ മഹാദേവ് കലേഷാണ് വീഴ്‌ച്ചയിൽ പരിക്കു പറ്റിയപ്പോൾ തെറ്റായ ചികിത്സ നൽകിയത്. ഇടുപ്പെല്ലിന് സ്ഥാനചലനം സംഭവിച്ച കുട്ടിക്ക് ഇക്കാര്യത്തിന് ചികിത്സ നൽകാതെ മറ്റ് കാര്യങ്ങൾക്കാണ് ചികിത്സ നൽകിയത്.

കാൽമുട്ടിന് ചതവു സംഭവിച്ചു എന്നു പറഞ്ഞാണ് അദ്ദേഹത്തെ ചികിത്സിച്ചത്. ഒരാഴ്‌ച്ചയോടെ സമാനമായ ചികിത്സ നൽകി കുട്ടിയെയും കുടുംബത്തെയും തിരിച്ചയച്ചു. ദാരുണമായ വിധത്തിൽ കടുത്ത വേദനകൊണ്ട് പുളഞ്ഞ കുഞ്ഞിന്റെ കാര്യം ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കൾ പരാതി നൽകിയത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. തിരുവനന്തപുരം എസ്‌പി. ഫോർട്ട് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കാൽമുട്ടിനല്ല ഇടുപ്പെല്ലിനാണ് പരിക്കെന്ന് ബോധ്യമായത്. അപ്പോൾ ചികിത്സ നൽകിയതു കൊണ്ടാണ് കുഞ്ഞിന് പിന്നീട് എഴുനേറ്റ് നടക്കാൻ പോലുമായത്.

കഴിഞ്ഞ മാസം 20ന് നടന്ന സംഭവമാണ് പരാതിക്ക് ആധാരമായത്. അന്നേദിവസം രാത്രി ഏഴരയോടെയാണ് അപകടം ഉണ്ടയത്. മകൻ വഴുകയായിരുന്നു. വീണതിനു ശേഷം കുട്ടി വല്ലാതെ കരച്ചിൽ. വലത്തെ കാൽ നിലത്തു കുത്താൻ വയ്യ. കാലിനു ഭയങ്കര വേദന. ഉടൻ തന്നെ കുട്ടിയെ കൊല്ലം നായേഴ്സ് ആശുപത്രിയിൽ എത്തിച്ചു. കാഷ്വാലിറ്റിയിൽ ഡ്യൂട്ടി ഡോക്ടർ കുട്ടിയെ പരിശോധിച്ചു. മുട്ടിന് ചെറിയ ചതവുണ്ട്, അല്ലാതെ മറ്റുകുഴപ്പമില്ല എന്ന് ഡോക്ടർമാർ പറഞ്ഞു. തുടർന്ന് വേദന സംഹാരി നൽകി കുട്ടിയെ വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

എന്നാൽ, വീട്ടിലെത്തിയ കുട്ടിക്ക് അൽപ്പം കഴിഞ്ഞപ്പോൾ വേദന കലശലായി. രാത്രി പത്ത് മണിയോടെ കുട്ടിയെ വീണ്ടും നായേഴ്സ് ആശുപത്രി കാഷ്വാലിറ്റിയിൽ എത്തിച്ചു. വീണ്ടും വിശദമായ രിശോധന നടത്തി. ഇത്തവണ ഓർത്തോ ഡോക്ടർ അടക്കം പരിശോധിക്കാൻ എത്തിയിരുന്നു. കാൽ മുട്ടിന്റെ എക്സ്‌റേ എടുക്കുകയും ചെയ്തു. അത് പരിശോധിച്ച ഓർത്തോ വിദഗ്ധൻ പറഞ്ഞു മുട്ടിന് ചെറിയ പരിക്കുണ്ടെന്ന് മാത്രമായിരുന്നു. പ്ലാസ്റ്റർ ഇടാമെന്ന് പറഞ്ഞ് വലത്തേകാൽ തുട വരെ പ്ലാസ്റ്റർ ചെയ്തു. കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി.

എന്നാൽ, അവിടെയെത്തിയപ്പോൾ വീണ്ടും പഴയ അവസ്ഥ. കുട്ടിക്ക് ഭയങ്കര വേദനുയുണ്ടായി. കിടക്കാനും ഇരിക്കാനും നിൽക്കാനും വയ്യ. വീട്ടുകാർ നോക്കിയപ്പോൾ തുട ഭാഗത്ത് പ്ലാസ്റ്റർ വല്ലാതെ ഇറുകി ഇരിക്കുന്നതായിക്കണ്ടു. അവിടെ പ്ലാസ്റ്റർ കുറച്ച് മുറിച്ചുവിട്ടു. എന്നിട്ടും വേദന കുറയുന്നില്ല. രാത്രി എങ്ങനെയെങ്കിലും കഴിച്ചുകൂട്ടി.പിറ്റേദിവസം വൈകിട്ട് നാല് മണിക്കാണ് ആശുപത്രിയിൽ സീനിയർ ഓർത്തോ ഡോക്ടർ ഉണ്ടാവുക എന്നറിഞ്ഞു വേദന തിന്നുന്ന കുഞ്ഞുമായി അവർ ആ സമയത്ത് നായേഴ്സിൽ എത്തി.ഡോക്ടറെക്കണ്ടു. ഡോക്ടർ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി. കാലിലെ പ്ലാസ്റ്റർ അഴിച്ചു. പരിശോധിച്ചു. മുട്ടിന്റെ എക്സ് റെ നോക്കി. പഴയ പല്ലവി തന്നെ.മുട്ടിനാണ് ചതവ്.

അതിന്റെ വേദനയാണ്. കുട്ടിയുടെ അമ്മ അപ്പോൾ ഡോക്ടറോട് പറഞ്ഞു...കുഞ്ഞ് ഏണിന് വേദന ഉണ്ട് എന്ന് പറയുന്നുണ്ട്. അപ്പോൾ ഡോക്ടറുടെ മറുപടി ഇങ്ങനെ...അത് കുട്ടി വെറുതെ പറയുന്നതാ. പ്ലാസ്റ്റർ മുറുകിയിരുന്നതു കൊണ്ടാവാമെന്നും പറഞ്ഞു. ഡോക്ടറുടെ നിർദേശത്തെ തുടർന്ന് ഒരാഴ്‌ച്ച കൂടി കുട്ടി കാത്തിരുന്നു. വേദന കുറയുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അതുണ്ടായില്ല. പിന്നീടാണ് അവർ കുട്ടിയെ തിരുവനന്തപുരം എസ് പി ഫോർട്ട് ആശുപത്രിയിൽ എത്തിച്ചത്.

അപ്പോഴേക്കും മാർച്ച് 27 ആയിരുന്നു. കാഷ്വാലിറ്റിയിൽ ഡോക്ടർമാർ കുട്ടിയെ പരിശോധിച്ചു. അവർ രണ്ടു കാലിന്റെ നീളം ഒത്തുനോക്കി. ഒരു കാലിന്റെ നീളം കുറഞ്ഞിരിക്കുന്നു. ഉടൻ ഇടുപ്പിന്റെ അടക്കം കാലിന്റെ എക്സറേ എടുത്തു. അപ്പോഴാണ് അറിഞ്ഞത് ഇടുപ്പെല്ലിന് സ്ഥാനചലനം ഉണ്ടെന്ന് കണ്ടെത്തുന്നത്. പ്രമുഖ ഓർത്തോ വിദഗ്ധൻ ഡോ. ചെറിയാനാണ് കുട്ടിയെ പരിശോധിച്ചത്. എക്‌സറേ കണ്ട അദ്ദേഹം മാതാപിതാക്കളെ ഉടൻ തന്നെ ഇടുപ്പെല്ല് പിടിച്ചിടുകയാണ് വേണ്ടതെന്ന കാര്യം ചൂണ്ടിക്കാട്ടി.

വൈകിയാൽ ഓപ്പറേഷൻ വേണമെന്ന ആവശ്യവും ചൂണ്ടിക്കാട്ടി. ഒടുവിൽ ഡോക്ടർ എല്ലു പിടിച്ചിട്ടു. റിസ്‌ക്കുള്ള കാര്യമായിട്ടും കാര്യങ്ങളെല്ലാം ശരിയായി വരുകയായിരുന്നു. ഇക്കാര്യത്തിൽ സംഭവിച്ച നായേഴ്‌സ് ആശുപത്രിയുടെ അശ്രദ്ധ മൂലം പിന്നീട് ചികിത്സക്കായി ആശുപത്രിയിൽ മുപ്പതിനായിരത്തോളം രൂപ ചെലവാകുകയും ചെയ്തു. ആശുപത്രിയിൽ നടന്നത് മെഡിക്കൽ നെഗ്ലിജൻസ് ആണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇടുപ്പെല്ലിന്റെ ഡിസ് ലൊക്കേഷൻ ആദ്യ ഘട്ടത്തിൽ തന്നെ കണ്ടെത്താൻ സാധിക്കാതെ പോയത് വീഴ്‌ച്ചയാണെന്ന് കുട്ടിയുടെ പൊലീസിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.