കൊല്ലം: നിയമങ്ങളും വ്യവസ്ഥകളും പാലിക്കപ്പെടാത്തിടത്ത് ദുരന്തങ്ങൾ ആവർത്തിക്കപ്പെടും എന്നതിന്റെ തെളിവാണ് കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ ദുരന്തം. കമ്പക്കെട്ട് മത്സരം നടക്കുന്നതെന്ന് അറിഞ്ഞ് കലക്ടർ അനുമതി നിഷേധിച്ചിട്ടും രാഷ്ട്രീയ ഇടപെടലുകളോടെ കമ്പമത്സരം നടത്തുകയായിരുന്നു. ഇതാണ് ദുരന്തത്തിലേക്ക് നയിച്ചതും. രണ്ട് ചേരികളിലായി പരസ്പ്പരം മത്സരിച്ച് വെടിക്കെട്ട് നടത്തുക എന്നതായിരുന്നു മത്സരം. വിജയികൾക്ക് വൻ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

നാടിനെ നടുക്കിയ ദുരന്തമുണ്ടാക്കിയവർ കമ്പക്കെട്ടു മത്സരത്തിനെത്തിയത് സ്വർണക്കപ്പും എവർ റോളിങ് ട്രോഫിയും ആഗ്രഹിച്ചെത്തിയവരായിരുന്നു. കമ്പക്കെട്ടു മത്സരമായിരുന്നും ഇതെന്നാണ് വ്യക്തമാകുന്നത്. ഇതിന് പിന്നാലെയാണ് വൻ സമ്മാനങ്ങളാണ് വാഗ്ദാനം ചെയ്തിരുന്നതെന്നു വ്യക്തമായത്. വർക്കല കൃഷ്ണൻകുട്ടിയും കഴക്കൂട്ടം സുരേന്ദ്രനും തമ്മിലുള്ള മത്സരമായിരുന്നു പുറ്റിങ്ങൽ ക്ഷേത്രത്തിൽ നടന്നത്. പരവൂർ പുറ്റിങ്ങൽ ദേവസ്വം എവർ റോളിങ് ട്രോഫി, പരവൂർ പ്രേം ഫാഷൻ ജുവൽറി സ്വർണക്കപ്പ്, പരവൂർ കുറുമണ്ടൽ കുഴിക്കരത്താഴം ധർമശാസ്താക്ഷേത്രം ദേവസ്വം എവർ റോളിങ് ട്രോഫി എന്നിവയാണ് വിജയികൾക്കു പ്രഖ്യാപിച്ചിരുന്നത്.

വിജയിക്ക് നടുവിലഴികത്ത് വീട്ടിൽ പരേതനായ രാജേന്ദ്രൻ മെമോറിയൽ എവർറോളിങ് ട്രോഫി, പുതുമന ഉപേന്ദ്രൻ മെമോറിയൽ എവർ റോളിങ് ട്രോഫി, സീതാ ബേക്കറി ഭാസ്‌കരൻ മെമോറിയൽ എവർ റോളിങ് ട്രോഫി, സംയുക്ത ചുമട്ടുതൊഴിലാളികൾ നൽകുന്ന എവർ റോളിങ് ട്രോഫികളും മറ്റ് അനവധി സമ്മാനങ്ങളും നൽകുമെന്നും ഉത്സവത്തിന്റെ നോട്ടീസിൽ പറയുന്നു.

അതേസമയം പരിസര വാസികളുടെ പോലും എതിർപ്പ് മറികടന്നായിരുന്നു ക്ഷേത്രത്തിൽ കമ്പക്കെട്ട് നടന്നത്. അപകടസാധ്യതകളും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തിയിരുന്നു. രേഖമൂലം പരാതി നൽകിയ തനിക്കു നേരെ ഭീഷണി പോലും ഉണ്ടായിരുന്നുവെന്ന് പരിസരവാസിയായ പങ്കജാക്ഷിയും വ്യക്തമാക്കി.

ജില്ലാ ഭരണകൂടത്തിന് പങ്കജാക്ഷി പരാതി നൽകിയതോടെയാണ് വെടിക്കെട്ടിന്റെ തീവ്രത പുറത്തറിയുന്നത്. അസഹനീയമായ പ്രകമ്പനമാണ് മത്സരകമ്പക്കെട്ട് വേളയിൽ ഉണ്ടാകുന്നതെന്ന് ഹൃദ്രരോഗികൂടിയായ പങ്കജാക്ഷി പറയുന്നു. പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പങ്കജാക്ഷിക്കും കുടംബത്തിനും ഭീഷണിയും നേരിടേണ്ടിവന്നു. അനിയന്ത്രിതമായി നടക്കുന്ന കമ്പക്കെട്ട് കാരണം പ്രദേശത്ത് നിന്ന് ഒഴിഞ്ഞു പോകുന്നതിനെക്കുറിച്ച് പോലും ആലോചിച്ചിരുന്നതായും പങ്കജാക്ഷി പറഞ്ഞു. രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്നും ഒരു പ്രമുഖ കോൺഗ്രസ് നേതാവാണ് എല്ലാ സഹായങ്ങളും ചെയ്തതെന്നുമാണ് പങ്കജാക്ഷിയും പറയുന്നത്.