ഹൈദരാബാദ്: പുതുതായി രൂപീകരിച്ച കൊനസീമ ജില്ലയുടെ പേര് ബി.ആർ.അംബേദ്കർ കൊനസീമ എന്ന് പുനർനാമകരണം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ആന്ധ്രാപ്രദേശിലെ അമലപുരം ടൗണിലുണ്ടായ അക്രമത്തിൽ വിശദ അന്വേഷണം നടത്തും. പ്രതിഷേധക്കാർ ഗതാഗത മന്ത്രി പി.വിശ്വരൂപിന്റെ വീടിന് തീയിട്ടു. മന്ത്രിയെയും കുടുംബത്തെയും പൊലീസ് സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. എംഎൽഎ പൊന്നാട സതീഷിന്റെ വീടിനും പ്രതിഷേധക്കാർ തീയിട്ടു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറ്റവാളികളെ എല്ലാം കണ്ടെത്തും. ജില്ലയുടെ പേര് അംബേദ്കറുടേതായി തന്നെ നിലനിർത്താനാണ് നീക്കം.

ഏപ്രിൽ നാലിനാണ് പഴയ കിഴക്കൻ ഗോദാവരിയിൽനിന്ന് പുതിയ കൊനസീമ ജില്ല രൂപവത്കരിച്ചത്. കഴിഞ്ഞയാഴ്ച, സംസ്ഥാന സർക്കാർ കൊനസീമയെ ബി.ആർ അംബേദ്കർ കൊനസീമ ജില്ലയായി പുനർനാമകരണം ചെയ്യാൻ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുകയും എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകും ചെയ്തിരുന്നു. ഇതിലെ പ്രതിഷേധമാണ് അക്രമമായത്. അതേസമയം, പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിനെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി പ്രതികരിച്ചു.

പ്രതിഷേധക്കാർ പൊലീസ് വാഹനവും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസും കത്തിച്ചു. കല്ലേറിൽ നിരവധി പൊലീസുകാർക്കു പരുക്കേറ്റു. 20ലധികം പൊലീസുകാർക്കു പരുക്കേറ്റെന്നാണു വിവരം. അംബേദ്കർ ജയന്തിയോട് അനുബന്ധിച്ചാണ് സംസ്ഥാന സർക്കാർ ജില്ലയുടെ പേര് മാറ്റിയത്. കൊനസീമ പരിരക്ഷണ സമിതിയും കൊനസീമ സാധന സമിതിയും മറ്റു സംഘടനകളുമാണ് പ്രതിഷേധിച്ചത്. ഗതാഗത മന്ത്രിയുടെ വീട്ടിലെത്തി അദ്ദേഹത്തെ നേരിട്ടുകണ്ട് കാര്യങ്ങൾ പറയാനാണ് പ്രതിഷേധക്കാർ എത്തിയത്.

എന്നാൽ അദ്ദേഹത്തെ കാണാൻ സാധിച്ചില്ല. ഇതേത്തുടർന്ന് അക്രമാസക്തരായ പ്രതിഷേധക്കാർ വീടിനു തീയിടുകയായിരുന്നു. വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന ചില വാഹനങ്ങൾക്കും കേടുപാടുകൾ വരുത്തിയിട്ടുണ്ട്. വീട്ടിലെ സാധനങ്ങൾ മുഴുവൻ ചാരമായി. കോനസീമ സാധന സമിതിയുടെ ആഹ്വാനപ്രകാരം ജില്ലയുടെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിന് പേരാണ് അമലപുരത്ത് തടിച്ച് കൂടിയത്. ഇവർ പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിഷേധക്കാർ പൊലീസ് വാഹനവും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസും കത്തിച്ചു.

ജില്ലാ കളക്ടറെ ഉപരോധിക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ പൊലീസ് ലാത്തി വീശി. ഇതോടെ പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ ഇരുപതോളം പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനിടിൽ സംഭവ സ്ഥലത്തേക്ക് എത്തിയ ജില്ലാ പൊലീസ് സൂപ്രണ്ട് കെഎസ്എസ് വി സുബ്ബ റെഡ്ഡിക്ക് നേരേയും പ്രതിഷേധക്കാർ കല്ലെറിഞ്ഞു. കല്ലേറിൽ ഇദ്ദേഹത്തിന് തലക്ക് പരിക്കേറ്റു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാർ മന്ത്രിയുടെ വീടിന് തീയിട്ടത്. ഈ സമയം മന്ത്രി സ്ഥലത്ത് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ രാജമുണ്ട്രി, കാക്കിനട, പശ്ചിമ ഗോദാവരി, കൃഷ്ണ ജില്ലകളിൽ നിന്ന് അമലപുരത്തേക്ക് കൂടുതൽ സേനയെ വിന്യസിച്ചതായി ഏലൂർ റേഞ്ച് ഡിജിപി ജി പാല രാജു പറഞ്ഞു.നിരവധി പ്രതിഷേധക്കാരെ കസ്റ്റഡിയിൽ എടുത്തുവെന്നും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം അറിയിച്ചു.

ദലിത് വിഭാഗത്തിലുള്ളവർക്ക് ശക്തമായ സ്വാധീനമുള്ള ജില്ലയാണ് കൊനസീമ. ജില്ലയ്ക്ക് അംബേദ്കറുടെ പേര് നൽകണമെന്ന ആവശ്യം ഇവർ ഉയർത്തിയിരുന്നു. സ്വാതന്ത്ര്യസമര സേനാനി അല്ലൂരി സീതാരാമ രാജു, ടിഡിപി സ്ഥാപകൻ മുൻ മുഖ്യമന്ത്രിയായ എൻ ടി രാമറാവു, സത്യസായി ബാബ, 15ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവിയും സന്യാസിയുമായ അന്നമാചാര്യ എന്നിവരുടെ പേരിലും ജില്ലകൾ ആന്ധ്രയിൽ പ്രഖ്യാപിച്ചിരുന്നു.