പാലക്കാട്: കോന്നിയിൽനിന്ന് കാണാതായ മൂന്ന് +2 വിദ്യാർത്ഥിനികളിൽ രണ്ടുപേരെ പാലക്കാട്ട് റെയിൽപാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പെൺകുട്ടികൾ ബംഗലുരുവിൽ പോയിരുന്നുവെന്നും ലൈംഗികമായി ഉപയോഗിച്ചിട്ടില്ലെന്നും പൊലീസ് പ്രാഥമികമായി പറയുമ്പോൾ തന്നെ ഒ്ന്നിലും വ്യക്തത വന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചില്ല. റെയിൽപാളത്തിൽ വീണ് പരിക്കേറ്റ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നതിനാൽ മൊഴിരേഖപ്പെടുത്താൻ കഴിയാത്തതിനാലാണിത്.

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന കോന്നി ഐരവൺ തോപ്പിൽ ലക്ഷംവീട് കോളനിയിൽ സുരേഷിന്റെ മകൾ ആര്യ കെ. സുരേഷിന്റെ (16) മൊഴിരേഖപ്പെടുത്താൻ ഒറ്റപ്പാലം സിഐ എം വി മണികണ്ഠൻ ചൊവ്വാഴ്ച ആശുപത്രിയിലെത്തിയിരുന്നു. എന്നാൽ, വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്ന കുട്ടിയിൽനിന്ന് മൊഴിയെടുക്കാനാവുന്ന അവസ്ഥയിലല്ലെന്നാണ് ഡോക്ടർമാർ പൊലീസിനെ അറിയിച്ചത്. അതീവ ഗുരുതരാവസ്ഥയിലാണ് ആര്യ. അതിനിടെ കേസിന്റെ ഗൗരവം കണക്കിലെടുത്ത് കുട്ടി സംസാരിക്കാൻ ശ്രമിക്കുമ്പോൾ പൊലീസ് അടുത്തില്ലെങ്കിൽ ഡോക്ടർതന്നെ മൊഴിയെടുക്കാൻ പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

ആര്യയുടെ നില കൂടുതൽ വഷളായതിനെത്തുടർന്ന് മൾട്ടി മെഡിസിൻ വിഭാഗത്തിൽ നിന്നും ന്യൂറോ സർജറി വിഭാഗത്തിലേക്കു മാറ്റാൻ തീരുമാനം.തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ആര്യയെ ഡോ.ആൻഡ്രൂസിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്റ്റർമാരാണു പരിശോധിക്കുന്നത്. കൂടുതൽ പരിശോധനയ്ക്കു വേണ്ടിയാണു കുട്ടിയെ ഡോ.ബിജു കൃഷ്ണന്റെ കീഴിലുള്ള ന്യൂറോ സർജറി വിഭാഗത്തിലേയ്ക്കു മാറ്റുന്നത്. ആര്യയുടെ ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണു ഡോക്റ്റർ. വെന്റിലേറ്ററിൽ കഴിയുന്ന ആര്യ ഇടയ്ക്ക് ഒരു തവണ ബോധം വന്നപ്പോൾ ഓർമ പരിശോധിക്കാൻ ചെറിയ ശ്രമം ഡ്യൂട്ടി ഡോക്റ്റർ നടത്തിയെങ്കിലും വിജയിച്ചില്ല.

തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലും കരളിനും ഗുരുതരപരിക്കുണ്ട്. കൈകാലുകളും നിശ്ശേഷം ഒടിഞ്ഞിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ അബോധാവസ്ഥയിൽ കഴിയുകയാണ്. പെൺകുട്ടിയുടെ തലയോട്ടിക്ക് പൊട്ടലുണ്ടെന്നും തലച്ചോറിൽ രക്തസ്രാവമുണ്ടായതിനാൽ രക്തം കട്ടപിടിച്ചതായും അവർ പറഞ്ഞു. ആന്തരികാവയവങ്ങളിലെ രക്തസ്രാവം നിന്നിട്ടില്ല. അതിനാൽ അപകടനില തരണം ചെയ്തിട്ടില്ല. അപകടനില തരണം ചെയ്താലും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ മാസങ്ങളോളം കാത്തിരിക്കേണ്ടിവരുമെന്നും ന്യൂറോ സർജറി അഡീഷനൽ പ്രഫസർ ഡോ. ബിജു കൃഷ്ണൻ അറിയിച്ചു.

പെൺകുട്ടിയുടെ സഹോദരൻ അപ്പുവിൽ നിന്നും അമ്മ റോസിലിയിൽ നിന്നും ഇവർ കാര്യങ്ങൾ ചോദിച്ചറിഞ്ഞുവെങ്കിലും കേസിന് സഹായിക്കുന്ന യാതൊരും തെളിവും ലഭിച്ചില്ല. തന്റെ മകൾക്കും സുഹൃത്തുക്കൾക്കും എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നും വീട്ടിലും സ്‌കൂളിലും അസ്വാഭാവിക സാഹചര്യം ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് അമ്മ റോസിലി പറഞ്ഞത്. പത്ത് എ പ്ലസ് വാങ്ങിയ ആര്യയ്ക്ക് അച്ഛൻ സുരേഷ് സമ്മാനമായി വാങ്ങി നൽകിയതാണ് ടാബ്ലെറ്റ്. സഹോദരൻ അപ്പു ഒഴികെ ആരെ കൊണ്ടും ടാബ്ലെറ്റ് തൊടാൻ ആര്യ സമ്മതിക്കാറില്ല. അത് ഇപ്പോൾ കാണുന്നില്ലെന്നും ആര്യയുടെ അമ്മ പറഞ്ഞു. മൂന്നു മാസം മുൻപാണ് അച്ഛൻ സുരേഷ് ഗൾഫിലേക്കു പോയത്.

മരിച്ച രാജിയുടെയും ആതിരയുടെയും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ അവധിയിലായതിനാൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും കഴിഞ്ഞില്ല. വ്യാഴാഴ്ച അദ്ദേഹത്തിൽനിന്ന് വിവരങ്ങൾ ശേഖരിച്ചശേഷം റിപ്പോർട്ട് പൂർണമാക്കി അന്വേഷണം നടത്തുന്ന കോന്നി എസ്.ഐ.യ്ക്ക് കൈമാറുമെന്ന് സിഐ മണികണ്ഠൻ പറഞ്ഞു. കുട്ടികൾ യാത്രക്കിടയിൽ പാലക്കാട്ട് താമസിച്ചു എന്നതരത്തിൽ പ്രചരിക്കുന്ന കഥ സംബന്ധിച്ച് ഒരു സാധൂകരണവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് കേസന്വേഷിക്കുന്ന കോന്നി പൊലീസ് ഒരുവിവരവും ഒറ്റപ്പാലം പൊലീസിന് നൽകിയിട്ടില്ല.

പെൺകുട്ടികളുടെ മരണം സംബന്ധിച്ച തുടർ അന്വേഷണത്തിന് അടൂർ ഡിവൈഎസ്‌പി എ. നസീമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയെന്നു ദക്ഷിണമേഖലാ ഐജി മനോജ് ഏബ്രഹാം അറിയിച്ചു. സംഭവം കൊലപാതകമല്ലെന്നും സാമ്പത്തിക ബുദ്ധിമുട്ടും കുടുംബത്തിലെ പ്രശ്‌നവും കാരണം കുട്ടികൾ ജീവനൊടുക്കിയതാണെന്നുമാണു പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികൾ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് അവരുടെ ബാഗിൽ നിന്നെടുത്ത ഡയറിയിൽ നിന്നു വ്യക്തമായിട്ടുണ്ട്. പെൺകുട്ടികൾ രണ്ടുതവണ ബംഗളൂരുവിലേക്കു പോയിട്ടുണ്ടെന്നും എന്നാൽ ഇവരോടൊപ്പം മറ്റാരും ഉണ്ടായിരുന്നതായി സൂചനയില്ലെന്നും മനോജ് എബ്രഹാം വ്യക്തമാക്കി. തുടരന്വേഷണങ്ങൾക്കായി പാലക്കാട്ടേക്കും ബംഗലൂരുവിലേക്കു സംഘം പോകും.