ബംഗലുരു: കോന്നി പെൺകുട്ടികൾ ബംഗലുരുവിലെ ലാൽബാഗിൽ എത്തുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കുട്ടികൾ മൂവരും അകത്തു കടക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. കുട്ടികൾക്കൊപ്പം മറ്റാരും ഉണ്ടായിരുന്നില്ലെന്ന് ദൃശ്യങ്ങളിൽനിന്നും വ്യക്തമാണ്. എന്നാൽ മറ്റ് സിസിടിവികളിലെ ദൃശ്യങ്ങൾകൂടി പരിശോധിച്ചാൽ മാത്രമേ ഇക്കാര്യം വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. അതിനിടെ കോന്നിയിൽ നിന്നും കാണാതായി ട്രെയിൻ തട്ടിമരിച്ച പെൺകുട്ടികൾ നാടുവിട്ടതിന്റെ കാരണം കണ്ടെത്താനുള്ള പൊലീസിന്റെ നീക്കങ്ങൾ എങ്ങുമെത്തുന്നില്ലെന്നാതണ് വസ്തുത.

തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള ആര്യയുടെ നില മെച്ചപ്പെട്ടാൽ മാത്രമേ എന്തെങ്കിലും തുമ്പു കിട്ടൂവെന്ന തിരിച്ചറിവിൽ പൊലീസ് എത്തിയിട്ടുണ്ട്. പെൺകുട്ടികൾ ട്രെയിനിൽ സഞ്ചരിച്ച റൂട്ടിലെ റെയിൽവെ സ്റ്റേഷനുകളിലും അവരെ കണ്ടെത്തിയ റെയിൽവേ ട്രാക്കിലും കോന്നി എസ്. ഐ വിനോദും സംഘവും പരിശോധന നടത്തിയെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന ഒരു വിവരവും ലഭിച്ചില്ല. കോന്നി സി.ഐ സജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗലുരുവിലുള്ളത്. പെൺകുട്ടികൾ എത്തിയ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശങ്ങൾ പരിശോധിക്കും. ബംഗളുരുവിലെ മലയാളികളുടെ കടകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അപരിചിതമായ ബംഗളുരുവിലെത്തി ലാൽബാഗിലും ബൊട്ടാണിക്കൽ ഗാർഡനിലും പെൺകുട്ടികൾ സന്ദർശിച്ചതിന് ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്ന സംശയം നിലനിൽക്കുന്നു.

ആര്യയ്ക്ക് നല്ല ഭേദമായതിന് ശേഷം മാത്രമേ കേസ് അന്വേഷണം മുന്നോട്ട് പോകൂ എന്നതാണ് അവസ്ഥ. അതേസമയം, ആര്യയുടെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. പെൺകുട്ടിയുടെ ചികിത്സാ ചെലവ് മുഴുവൻ സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാർ വ്യക്തമാക്കിയിരുന്നു. ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയെ ആശുപത്രിയിൽ സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആര്യയുടെ നിലയിൽ പുരോഗതിയുണ്ടെന്ന് മന്ത്രിയും അറിയിച്ചു. ഇതോടെ കേസ് അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങളെല്ലാം ആര്യയിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റതുകൊണ്ട് തന്നെ മാസങ്ങളെടുത്താലേ ആര്യയിൽ നിന്ന് മറുപടി കിട്ടൂവെന്ന ആശങ്കയുമുണ്ട്.

അന്വേഷണത്തിൽ നിർണായകമാകുന്ന ടാബ് കണ്ടെത്താനാണ് പൊലീസ് ഹൈടെക് സെൽ ശ്രമിക്കുന്നത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആര്യയുടേതാണ് ടാബ്. ഇത് ഓഫ് ചെയ്തിട്ടുള്ളതായാണ് അനുമാനം. ഓൺ ആയിരിക്കുമ്പോൾ മാത്രമേ ടവർ ലോക്കേഷൻ മനസിലാക്കി ടാബ് കണ്ടെത്താൻ കഴിയു. ടാബിൽ സിം ഇട്ടില്ലെങ്കിൽ അതും കഴിയില്ല. പെൺകുട്ടികളെ കാണാതാകുന്നതിന് മൂന്നു ദിവസം മുൻപ് ടാബിൽ നിന്ന് അവസാന കോൾ ആര്യയുടെ ബന്ധുവിന് പോയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുവരെയുള്ള കോൾ ലിസ്റ്റ് പരിശോധിച്ചതിൽ നിന്ന് സംശയാസ്പദമായി ഒന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. ടാബ് ഒന്നുകിൽ വിറ്റു അല്ലെങ്കിലൽ മോഷണം പോയി എന്നാണ് നിഗമനം. ടാബ് എപ്പോഴെങ്കിലും ഓൺ ചെയ്താൽ വിവരം ലഭിക്കാനുള്ള സാങ്കേതിക ക്രമീകരണങ്ങൾ സൈബർ സെൽ ചെയ്തിട്ടുണ്ട്. ടാബ് വിറ്റിട്ടുണ്ടെങ്കിൽ അത് ബംഗലുരുവിലായിരിക്കാം എന്ന നിഗമനത്തിൽ അതു സംബന്ധിച്ച അന്വേഷണവും നടത്തും. പെൺകുട്ടികൾക്ക് ഇംഗ്‌ളീഷ് സംസാരിക്കാൻ അറിയാമായിരുന്നതിനാലാണ് അവിടെ ടാബ് വിൽക്കാനുള്ള സാദ്ധ്യതയെപ്പറ്റി പൊലീസ് പറയുന്നത്.

മരണമടഞ്ഞ ആതിരയും രാജിയും നാടുവിട്ട ശേഷം മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കാണാതാകുന്നതിനു മുൻപ് മൂന്നു പെൺകുട്ടികളും അമ്മമാരുടെ മൊബൈൽ ഫോണുകൾ നാട്ടിൽ വച്ച് ഉപയോഗിച്ചിട്ടുണ്ട്. ബന്ധുക്കളോടും കൂട്ടുകാരോടുമാണ് ഇവർ സംസാരിച്ചിട്ടുള്ളത്. അതിലും സംശയിക്കത്തക്കതായ സൂചനകളില്ല. അതേസമയം, കാണാതായ ശേഷം ആര്യ സിം കാർഡ് ഉപയോഗിച്ച് ഫേസ്‌ബുക്കിൽ ചാറ്റ് ചെയ്തിരുന്നതായി പൊലീസ് ആദ്യം പറഞ്ഞത് അവ്യക്തതയുണ്ടാക്കുകയും ചെയ്തു. ആതിരയും രാജിയും രഹസ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നോ എന്നും വ്യക്തമായിട്ടില്ല.

അതിനിടെ പെൺകുട്ടികളുടെ വീടുകൾ വനിതാ കമ്മിഷൻ അദ്ധ്യക്ഷ കെ.സി. റോസക്കുട്ടിയും അംഗം ഡോ. ലിസി ജോസും സന്ദർശിച്ചു. കാണാതായ ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കാൻ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെടുമെന്ന് അവർ പറഞ്ഞു. കേസിൽ കമ്മിഷന്റെ നിരീക്ഷണം ഉണ്ടാവും.