കോന്നി: ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികളുടെ മരണം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കപ്പെട്ടന്ന ആക്ഷേപം ശക്തമാകുന്നു. നിലവിലെ അന്വേഷണ സംഘത്തിന് കേസ് അന്വേഷണത്തിൽ ഒരു തുമ്പും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധം വ്യാപകമാകുന്നത്. കഴിഞ്ഞ മാസം 9നാണ് കോന്നിയിൽ നിന്ന് പെൺകുട്ടികളെ കാണാതായതും തുടർന്ന ഇവർ ആത്മഹത്യ ചെയ്തതും. പ്രത്യേക അന്വേഷണ സംഘം കാര്യങ്ങൾ അന്വേഷിച്ചിട്ടും ഇതു വരെ ഒരു പുരോഗതിയും ഉണ്ടായില്ല.

അതിനിടെ അന്വേഷണത്തിന് നേതൃത്വം നൽകുന്ന എസ്‌പി ഉമാ ബെഹ്‌റയ്ക്ക് എതിരേ രൂക്ഷവിമർശനവുമായി മരണപ്പെട്ട ആതിരയുടെ പിതാവ് രാമചന്ദ്രൻ നായർ തന്നെ രംഗത്ത് വന്നു. അന്വേഷണത്തിലുണ്ടായ വീഴ്ച മറയ്ക്കുന്നതിന് വേണ്ടി കേസുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് പരാതി. കേസ് തേച്ചുമായ്ച്ചു കളായാൻ ശ്രമം നടക്കുന്നതായി പെൺകുട്ടികളുടെ ബന്ധുക്കൾ ആരോപിച്ചു. അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അന്വേഷണത്തിലെ വീഴ്ചകൾ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നതായും ബന്ധുക്കൾ പറഞ്ഞു. നീതിക്കായാണ് കോടതിയെ സമീപിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

കേസ് അന്വേഷണത്തിൽ മേൽനോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ആതിരയുടെ കുടുംബത്തിന്റെ തീരുമാനം. ഒറ്റപ്പാലത്തിന് സമീപം ട്രെയിനിൽ നിന്ന് വീണു മരിച്ച ആതിര, രാജി, ആര്യ എന്നിവരുടെ മരണം സംബന്ധിച്ച അന്വേഷണം ഇപ്പോൾ നിലച്ചിരിക്കുകയാണ്. ഉമാ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് ഇതുവരെ ഒരു തുമ്പും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സംഘത്തിന്റെ അന്വേഷണത്തിൽ വിശ്വാസമില്ല. അന്വേഷണം അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും രാമചന്ദ്രൻ നായർ പറഞ്ഞു. പൊലീസ് കൊണ്ടുപോയ ആര്യയുടെ ടാബ്‌ലറ്റിൽ നിന്ന് ഒരു വിവരവും ശേഖരിക്കാനായിട്ടില്ല. അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന ഉമാ ബെഹ്‌റ ഒരു തവണ മാത്രമാണ് കോന്നിയിൽ വന്നു പോയിരിക്കുന്നത്. ഇതെല്ലാം തന്നെ പൊലീസ് കേസ് അട്ടിമറിക്കുന്നതിനുള്ള തെളിവുകളാണെന്നും രാമചന്ദ്രൻ നായർ പറഞ്ഞു.

രാജിയും ആതിരയും ആര്യയും വീട്ടുകാർ അറിയാതെ മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നതായും ഇവ അന്വേഷണ സംഘം കണ്ടെത്തിയതായും സൂചനയുണ്ട്. എന്നാൽ ഇതിനപ്പുറം ഒരു പുരോഗതിയും അന്വേഷണത്തിൽ ഇല്ല. കേസിൽ ഇതുവരെ 501 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ ഫോൺ സന്ദേശം അയച്ചവർ, ഫേസ്‌ബുക്കിൽ ചാറ്റിങ് നടത്തിയവർ, സ്‌കൂളിലെ അദ്ധ്യാപകർ, സഹപാഠികൾ, ട്യൂഷൻ സെന്ററിലെ സഹപാഠികൾ എന്നിവരുടെ മൊഴികളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇവരിൽ നിന്നൊന്നും ഒരു സൂചനയും പൊലീസിന് ലഭിച്ചില്ലെന്നാണ് സൂചന. എന്നാൽ കാര്യക്ഷമമായി ഒന്നും ചോദിച്ചറിയാൻ ശ്രമിക്കുന്നില്ലെന്നാണ് പരാതി. ഇതിന് ഉമാ ബെഹ്‌റ വേണ്ടത്ര മുൻകൈയെടുത്തില്ലെന്നാണ് പരാതി. ഈ സാഹചര്യത്തിലാണ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.

ഇതിനിടെ, അന്വേഷണത്തിന് മേൽനോട്ടം വഹിച്ചു കൊണ്ടിരുന്ന അടൂർ ഡിവൈ.എസ്‌പി എ. നസീമിനെ സ്ഥലം മാറ്റി. ഡി.സി.ആർ.ബിയിലേക്കാണ് മാറ്റം. കോന്നി സംഭവത്തിൽ മങ്ങലേറ്റ പ്രതിഛായ നിലനിർത്തുന്നതിന്റെ ഭാഗമായി മന്ത്രി അടൂർ പ്രകാശിന്റെ നിർദ്ദേശാനുസരണമാണ് നസീമിനെ മാറ്റിയത് എന്നാണ് പറയുന്നത്. എന്നാൽ, അടൂർ താലൂക്കിൽ നടക്കുന്ന അനധികൃത മണ്ണെടുപ്പ്, പാറഖനനം, നിലംനികത്തൽ, സ്പിരിറ്റ് സംഭരണം എന്നിവയിൽ നടപടിയില്ലാത്തതിന്റെ പേരിലാണ് ഡിവൈ.എസ്‌പിയെ മാറ്റിയത് എന്നാണ് മറ്റ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഈ ഉദ്യോഗസ്ഥരെല്ലാം ചേർന്ന് കേസ് അന്വേഷണം എല്ലാ അർത്ഥത്തിലും അട്ടിമറിച്ചെന്നാണ് പരാതി.

കോന്നി അന്വേഷണത്തിൽ ആദ്യ സംഘം പരാജപ്പെട്ടപ്പോഴാണ് എ.ഡി.ജി.പി ബി. സന്ധ്യ, എം.എസ്‌പി കമാൻഡന്റ് ഉമാ ബെഹ്‌റ എന്നീ പെൺപുലികളെ കോന്നി പെൺകുട്ടികളുടെ ദുരന്തകാരണം അന്വേഷിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്തിറക്കിയത്. എന്നാൽ, ആദ്യ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളിൽ നിന്ന് ഒരു പടി പോലും മുന്നോട്ടു അവർക്കും കഴിഞ്ഞില്ല. ഇതിനിടെ വീട്ടിലെ പ്രശ്‌നങ്ങളാണ് പെൺകുട്ടികളുടെ തിരോധാനത്തിനും ആത്മഹത്യയ്ക്കും കാരണമെന്ന് വരുത്താനാണ് നീക്കം. അതിനപ്പുറമൊന്നും പെൺകുട്ടികളുടെ തിരോധാനത്തിൽ ഇല്ലെന്ന് വരുത്താനാണ് നീക്കം. തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസിനെ വഴി തെറ്റിച്ച് ഊമക്കത്ത് അയച്ച സംഭവത്തിലും അന്വേഷണമില്ല. ഇതോടെയാണ് അന്വേഷണ സംഘത്തിനെതിരെ പെൺകുട്ടിയുടെ അച്ഛൻ രംഗത്ത് വന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്ന അഭിപ്രായം നാട്ടുകാർക്കിടയിൽ സജീവമാകുന്നത്.

ഒരു എത്തും പിടിയുമില്ലാതെയാണ് ഇപ്പോൾ അന്വേഷണസംഘം നിലനിൽക്കുന്നത്. അതേസമയം, പെൺകുട്ടികളുടെ ആത്മഹത്യയ്ക്ക് പരോക്ഷമായെങ്കിലും കാരണക്കാരനായെന്ന് പറയപ്പെടുന്ന കോന്നി സി.ഐ സജിമോനെ നടപടികളിൽ നിന്ന് മന്ത്രി അടൂർ പ്രകാശ് രക്ഷിച്ചതായിട്ടാണ് സൂചന. കഴിഞ്ഞ മാസം ഒമ്പതിനാണ് കോന്നി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ രണ്ടാം വർഷ വിദ്യാർത്ഥികളായ ആതിര കെ. നായർ, ആര്യ സുരേഷ്, എസ്. രാജി എന്നിവരെ കാണാതാകുന്നത്. അന്ന് വൈകിട്ട് മൂന്നുമണിയോടെ കോന്നി സ്റ്റേഷനിൽ പരാതിയുമായെത്തിയ രക്ഷിതാക്കളെ പൊലീസുകാർ മറ്റൊരു കണ്ണോടു കൂടിയാണ് ആദ്യം കണ്ടത്. കുട്ടികളെ അധിക്ഷേപിച്ച് സംസാരിക്കാനും ചില പൊലീസുകാർ തയാറായി. പരാതി ലഭിച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടും പൊലീസിന്റെ ഭാഗത്തു നിന്ന് വലിയ അന്വേഷണം ഒന്നും ഉണ്ടാകാതെ വന്നപ്പോൾ ബന്ധുക്കൾ നേരിട്ട് അന്വേഷിച്ചിറങ്ങി.

കുട്ടികളെ ചില സ്ഥലങ്ങളിൽ കണ്ടതായുള്ള സൂചനകൾ അവർ പൊലീസിന് കൈമാറിയെങ്കിലും ഗൗനിച്ചില്ല. 13 ന് ഒറ്റപ്പാലം ലക്കിടിയിലെ റെയിൽവേ ട്രാക്കിൽ ആതിര, രാജി എന്നിവരെ മരിച്ച നിലയിലും ആര്യയെ പരുക്കേറ്റ് അവശനിലയിലും കണ്ടെത്തി. തൃശൂർ മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന ആതിര 20 ന് മരിച്ചു. 12 ന് വൈകിട്ടാണ് യഥാർഥത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കുന്നത്. അന്നാണ് പൊലീസുകാർ കാണാതായ കുട്ടികൾക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. ആ വാർത്ത പത്രങ്ങളിലൂടെ പുറത്ത് വന്നപ്പോഴേക്കും രണ്ടുപേർ ഈ ലോകത്തോട് തന്നെ വിടപറഞ്ഞിരുന്നു. 2 പെൺകുട്ടികൾ മരിച്ചതിന് പിറ്റേന്ന് തന്നെ വിവാദ പ്രസ്താവന നടത്തി ഐ.ജി. മനോജ് ഏബ്രഹാം രംഗത്ത് എത്തി. കുട്ടികൾ വീട്ടിലെ അന്തരീക്ഷം കാരണം ആത്മഹത്യ ചെയ്തുവെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. തുടർന്ന് എ.ഡി.ജി.പി ബി. സന്ധ്യ, എസ്‌പി ഉമാ ബെഹ്‌റ എന്നിവരെ ചേർത്ത് അന്വേഷണസംഘം വിപുലീകരിച്ചു. ഐ.ജിയെ ഒഴിവാക്കി.

ബംഗളൂരുവിൽ നിന്നും ഐലൻഡ് എക്സ്‌പ്രസിൽ നാട്ടിലേക്ക് വരും വഴി കുട്ടികൾ ട്രെയിനിൽ നിന്ന് ചാടി മരിക്കുകയായിരുന്നുവെന്ന കാര്യം വ്യക്തമാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മറ്റു അസ്വാഭാവികതകളൊന്നും തന്നെയില്ല. അപ്പോൾ പിന്നെ ആ വഴിക്കുള്ള അന്വേഷണത്തിനും പ്രസക്തിയില്ല. കുട്ടികൾ ജീവനൊടുക്കി. പക്ഷേ, എന്തിന് എന്നതാണ് അന്വേഷിക്കേണ്ടത്. അവിടെയാണ് ഉദ്യോഗസ്ഥർ വഴിമുട്ടി നിൽക്കുന്നത്. ഇവിടെ ചില ചോദ്യങ്ങൾ ഉരുത്തിയിരുന്നു. കുട്ടികൾ നാടുവിട്ടത് സ്വമേധയാ ആണോ അതോ പരപ്രേരണയാലോ? പരപ്രേരണയാലാണെങ്കിൽ ആര്? അവർക്ക് കുട്ടികളിൽ ഇത്രമാത്രം സ്വാധീനം വന്നത് എങ്ങനെ? ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഡൽഹിക്ക് ടിക്കറ്റെടുത്തത് എന്തിന്? ട്രെയിൻ മാറിക്കയറി മാവേലിക്കര എത്തിയ അവർ അവിടെ ടിക്കറ്റ് ക്യാൻസൽ ചെയ്തത് എന്തിന്? പിന്നീട് അവർ ബംഗളൂരുവിലേക്ക് പോയത് എന്തിന്? അതും രണ്ടു തവണ.

ഇതിനൊന്നും ഉത്തരം തേടാനോ കണ്ടെത്താനോ പൊലീസിന് കഴിഞ്ഞിട്ടില്ല. പക്ഷേ, ഇവരുടെ കുടുംബചരിത്രം പൊലീസ് നന്നായി പരിശോധിച്ചിരുന്നെങ്കിൽ കൃത്യം രണ്ടാമത്തെ ദിവസം പൊലീസിന് കുട്ടികളെ പിടികൂടാമായിരുന്നു. ആര്യയുടെ അമ്മ ബംഗളൂരുകാരിയാണെന്ന വിവരം പൊലീസ് അവഗണിച്ചു. ആ വഴിക്ക് ചിന്തിച്ചിരുന്നുവെങ്കിൽ റെയിൽവേ പൊലീസ്, വാട്‌സ് ആപ് എന്നിവയുടെ സഹായത്തോടെ കുട്ടികളെ കണ്ടെത്താമായിരുന്നു. അതാണ് പൊലീസിന്റെ ഭാഗത്തു നിന്നുമുണ്ടായ ഏറ്റവും വലിയ വീഴ്ച. ഇതിന് കാരണമായത് സിഐ സജിമോന്റെ ചില തീരുമാനങ്ങൾ ആയിരുന്നു. വിവരം പെട്ടെന്ന് മറ്റുസ്ഥലങ്ങളിലേക്കും റെയിൽവേ പൊലീസിനും നൽകേണ്ടതിന് പകരം സ്വയം അന്വേഷിക്കാൻ ഇറങ്ങിപ്പുറപ്പെടുകയാണ് ഇദ്ദേഹം ചെയ്തത്. അത് എങ്ങുമെത്തുന്നതിന് മുൻപേ കുട്ടികൾ ജീവനൊടുക്കി. എന്നിട്ടും, ഇദ്ദേഹത്തിന്റെ തൊപ്പി തലയിൽ ഭദ്രമായി ഇരിക്കുന്നു.

ഇനി പരപ്രേരണ കുട്ടികൾക്ക് ഉണ്ടായിരുന്നുവെന്ന് കരുതുക. കുട്ടികളും അവരെ കൂട്ടിക്കൊണ്ടു പോയവരും നന്നായി ഹോം വർക്ക് ചെയ്തു. ദൃശ്യം സിനിമയെ അനുകരിച്ച് മൊബൈൽഫോൺ ഒഴിവാക്കി, ട്രെയിൻ മനഃപൂർവം തെറ്റിക്കയറി മാവേലിക്കരയിൽ ഇറങ്ങി. എന്നു മാത്രമല്ല, അവിടെയുള്ള കടക്കാരന്റെ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ചു. ഈ വിളി അടിസ്ഥാനമാക്കി സിഐ അവിടെക്കിടന്ന് ചുറ്റിത്തിരിയുമ്പോഴേക്കും കുട്ടികൾ ബംഗളൂരുവിൽ എത്തിയിരുന്നു. ഇവരെ കൂട്ടിക്കൊണ്ടു പോയവരും അതു തന്നെയാകണം ചിന്തിച്ചിട്ടുണ്ടാവുക. ആര്യയുടെ സുഹൃത്ത് ആദ്യം പൊലീസ് കസ്റ്റഡിയിൽ എടുത്ത മനു, ആര്യയുടെ വീടിന് സമീപം വാടയ്ക്ക് താമസിച്ചിരുന്ന ആൽബം ചിത്രീകരണ സംഘം, സ്‌കൂളിൽ കുട്ടികളെ നൃത്തം പഠിപ്പിച്ചിരുന്നയാൾ എന്നിങ്ങനെ നിരവധിപ്പേരെ നാട്ടുകാർ സംശയിക്കുന്നുണ്ട്. പൊലീസിന് പക്ഷേ അതൊന്നും വലിയ കാര്യമല്ല. ഇവരെയൊന്നും നേരെ ചൊവ്വേ ചോദ്യം ചെയ്തതു പോലുമില്ല.