തൃശൂർ: കോന്നി പെൺകുട്ടികളുടെ മരണകാരണം ട്രെയിനിൽ നിന്നുള്ള വീഴ്‌ച്ചയിൽ നിന്നുള്ള ക്ഷതം മൂലമാണെന്ന് പൊലീസ് നിഗമനത്തെ ശരിവച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മരണകാരണം വീഴ്ചയിലുണ്ടായ ക്ഷതമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുട്ടികൾ ലൈംഗിക ചൂഷണത്തിന് വിധേയരായിട്ടില്ലെന്ന് സ്ഥിരീകരിച്ചു. വിഷവും ഉള്ളിൽ ചെന്നിട്ടില്ല. മൂവരും ട്രെയിനിൽ നിന്നും ചാടിയതാകാം എന്നാണ് നിഗമനം. ട്രെയിനിൽ നിന്നും വീഴുന്‌പോൾ ഉണ്ടാകുന്നതിന് സമാനമായ ക്ഷതങ്ങളാണ് കുട്ടികളുടെ മൃതദേഹങ്ങളിൽ ഉണ്ടായിരുന്നത്.

ഫോറൻസിക് മേധാവിയുടെ മൊഴി എടുത്തതായി ഒറ്റപ്പാലം എസ്.ഐ അറിയിച്ചു. റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ മേധാവി അന്വേഷണ സംഘത്തിന് കൈമാറി. പൂർണമായ റിപ്പോർട്ട് തിങ്കളാഴ്ച നൽകും. അതിനിടെ, കോന്നിയിലെ പെൺകുട്ടികളെ തിരോധാനം സംബന്ധിച്ച് അന്വേഷണത്തിൽ പൊലീസിനു വീഴ്ച പറ്റിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രിയുമായി ചർച്ച നടത്തുമെന്നും പെൺകുട്ടികളുടെ വീട് സന്ദർശിച്ച ശേഷം മന്ത്രി അടൂർ പ്രകാശ് വ്യക്തമാക്കി. നേരത്തെ അടൂർ പ്രകാശ് പെൺകുട്ടികളുടെ വീട്ടിലെത്താൻ വൈകിയത് സംബന്ധിച്ച ആക്ഷേപങ്ങൾ ഉർന്നിരന്നു.

ട്രെയിനിൽ നിന്നും വീണ് ചികിൽസയിൽ കഴിയുന്ന ആര്യ കെ.സുരേഷിന്റെ ചികിൽസാച്ചെലുകൾ സർക്കാർ വഹിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. മരിച്ച പെൺകുട്ടികളുടെ വീട്ടുകാർക്ക് ആശ്വാസധനം നൽകുന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനും പെൺകുട്ടികളുടെ വീടുകൾ സന്ദർശിച്ചു. കുട്ടികളെ കണ്ടെത്തുന്ന കാര്യത്തിൽ സർക്കാരിനു വീഴ്ച പറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി അടൂർ പ്രകാശ് സ്ഥലം സന്ദർശിക്കാൻ ഇത്രയും നാൾ വൈകിയതിനെയും അദ്ദേഹം കുറ്റപ്പെടുത്തി. മുരളീധരന്റെ സന്ദർശനത്തിനു പിന്നാലെയായിരുന്നു മന്ത്രി അടൂർ പ്രകാശിന്റെ സന്ദർശനം.

അതേസമയം, ആശുപത്രിയിൽ കഴിയുന്ന ആര്യയുടെ നില മെച്ചപ്പെട്ടതായി അധികൃതർ അറിയിച്ചു. മെഡിസിൻ വിഭാഗം ഐസിയുവിൽ നിന്ന് ആര്യയെ ന്യൂറോ സർജറിയിലേക്ക് മാറ്റി. ശരീരം മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തുന്നതിനായി പൊലീസ് എത്തിയിരുന്നെങ്കിലും മൊഴിയെടുക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ രണ്ടു ദിവസത്തിനുള്ളിൽ ആര്യയിൽ നിന്നു മൊഴിയെടുക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.

അതേസമയം പെൺകുട്ടികൾ ബാംഗ്ലൂരിൽ പോയത് എന്തിനാണെന്ന് അറിയാൻ അന്വേഷണ സംഘം ബാംഗ്ലൂരിലേക്ക് യാത്ര തിരിക്കും. കോന്നി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബാംഗളൂരുവിലേക്ക് യാത്രതിരിക്കുന്നത്. എഡിജിപി ബി സന്ധ്യയുടെ നിർദ്ദേശത്തെ തുടർന്നാണ് യാത്ര. ബംഗളൂരിലെ ലാൽബാഗിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കും. പെൺകുട്ടികൾ രണ്ടു തവണ ബംഗളൂരുവിൽ പോയതിന്റേയും മൂവരും ലാൽബാഗ് സന്ദർശിച്ചതിന്റേയും ടിക്കറ്റുകൾ ഇവരുടെ ബാഗിൽ നിന്നു പൊലീസിന് ലഭിച്ചിരുന്നു. ലാൽബാഗിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലൂടെ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് കരുതുന്നത്.