കൊച്ചി: സർക്കാർ നിയന്ത്രണത്തിലുള്ള കൂടൽ മാണിക്യ ക്ഷേത്രത്തിൽ ശാസ്ത്രീയ നൃത്തം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയ മൻസിയ ശ്യാം കൃഷ്ണനെ പ്രോത്സാഹിപ്പിക്കാനും പിന്തുണ നൽകാനും വിശ്വഹിന്ദു പരിഷത്ത് തയ്യാറാണെന്ന് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും, ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരനും അറിയിച്ചു. കണ്ണൂരിലെ കരിവള്ളൂരിലെ ക്ഷേത്രത്തിൽ സിപിഎം അനുകൂലികളാണ് ഭരണം നടത്തുന്നത്. ഇവിടേയും പൂരക്കളി അവതരിപ്പിക്കാൻ കലാകാരനെ മതത്തിന്റെ പേരിൽ നിരോധിച്ചിരുന്നു. മകൻ മുസ്ലിം യുവതിയെ വിവാഹം ചെയ്തതാണ് ഇതിന് കാരണമായി മാറിയത്.

കരിവള്ളൂരിലെ വിവാദത്തിൽ പക്ഷേ ചർച്ച ചെയ്തതും നേട്ടമുണ്ടാക്കിയതും സിപിഎമ്മാണ്. അവർ തന്നെ അവർ എടുത്ത തീരുമാനത്തിനെതിരെ പ്രതിഷേധം തീർത്തു. ഈ സാഹചര്യത്തിലാണ് മൻസിയയുടെ വിഷയത്തിൽ വിഎച്ച് പി പരസ്യ പ്രതികരണം നടത്തുന്നത്. സംസ്ഥാന സർക്കാർ നിയോഗിച്ച ഭരണ സമിതിയാണ് മൻസിയയെ ഡാൻസ് ചെയ്തതിൽ നിന്നും വിലക്കിയത്. ഇത്തരം തീരുമാനങ്ങളിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്ന ചർച്ചകൾ സിപിഎമ്മിന് അനുകൂലമാക്കി ഉണ്ടാക്കി എടുക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് പരിവാറുകാർ കരുതുന്നു. ഈ സാഹചക്യത്തിലാണ് വി എച്ച് പിയുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ മൻസിയയുടെ പരിപാടി നടത്തുന്നത്.

ആവിഷ്‌ക്കാര സ്വാതന്ത്യം അഭിപ്രായ സ്വാതന്ത്യം വിശ്വാസ സ്വാതന്ത്യം എന്നിങ്ങനെ നാഴികയ്ക്ക് നാല്പതു വട്ടം പറയുന്ന നേതാക്കന്മാരാൽ നയിക്കപ്പെടുന്ന ഇടതു സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കൂടൽ മാണിക്യം ദേവസ്വം ഏർപ്പെടുത്തിയ ഈ വിലക്ക് ഹിന്ദു മതത്തിനും ഭാരതത്തിന്റെ കലാ സംസ്‌ക്കാരത്തിനും വിരുദ്ധമായ നടപടിയാണ്. ക്ഷണിച്ചു വരുത്തിയശേഷം ക്ഷേത്ര വേദിയിൽ ഭരതനാട്യം അവതരിപ്പിക്കാൻ മതത്തിന്റെ പേരുപറഞ്ഞ് അവസരം നൽകാത്ത നടപടിക്കെതിരെ കേരളത്തിലെ സ്വയം പ്രഖ്യാപിത സാംസ്‌കാരിക നായകർ പ്രതികരിക്കാത്തതിന്റെ കാരണം പൊതു സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു.

ഉസ്താദ് ബിസ്മില്ലാ ഖാൻ, യേശുദാസ്, കലാമണ്ഡലം ഹൈദരാലി ഉൾപ്പടെയുള്ള ഇതര മതസ്ഥരെ ഇരു കൈയും നീട്ടി സ്വീകരിച്ച സമൂഹമാണ് ഭാരതത്തിലും കേരളത്തിലുമുള്ള ഹിന്ദുക്കൾ. മിമിക്രി,ഗാനമേള പോലുള്ള കലാപരിപാടികളിൽ ധാരാളം അഹിന്ദുക്കൾ ക്ഷേത്ര മതിൽ കെട്ടിനകത്ത് കയറുമ്പോൾ അവരെ തടയാൻ ആരും തയ്യാറാകുന്നില്ല. എന്തിന് ഗുരുവായൂരും ശബരിമലയിലും മറ്റു പ്രധാന ക്ഷേത്രങ്ങളിലും സെക്യൂരിറ്റി ജോലിക്ക് പോലും ഇതര മതസ്ഥരെ സർക്കാർ നിയോഗിക്കുന്നുണ്ട്. എന്നാൽ ക്ഷേത്രപാരമ്പര്യത്തിന് അനുസൃതമായ ഭരതനാട്യത്തിന് മാത്രം വിലക്കേർപ്പെടുത്തിയ നടപടി ദുരൂഹമാണ്.

മതങ്ങൾ തമ്മിലുള്ള സ്പർദ്ധ വർദ്ധിപ്പിച്ച് ഹിന്ദു സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള കമ്മ്യുണിസ്റ്റ് സർക്കാരിന്റെ ഗൂഡതന്ത്രമായി വേണം ഇതിനെ കാണാൻ. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ആസ്ഥാനം സ്ഥിതിചെയ്യുന്ന പാവക്കുളം ശിവക്ഷേത്രത്തിൽ മൻസിയ ശ്യാം കൃഷ്ണന് സ്വീകരണം നൽകാനും അവരുടെ ശാസ്ത്രീയ നൃത്ത പരിപാടി അവതരിപ്പിക്കാനും വിശ്വ ഹിന്ദു പരിഷത്ത് തീരുമാനിച്ചു കഴിഞ്ഞു. വേണ്ടി വന്നാൽ വിശ്വ ഹിന്ദു പരിഷത്തിന്റെ കീഴിലുള്ള സംസ്ഥാനത്തെ 140 ക്ഷേത്രങ്ങളിലും അവർക്ക് നൃത്താവതരണത്തിന് അവസരം ഒരുക്കി നൽകാനും സംഘടന തയ്യാറാണെന്നും വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു.

കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടത്തുന്ന നൃത്തോത്സവത്തിൽ പങ്കെടുക്കുന്നതിൽനിന്നു മതത്തിന്റെ പേര് പറഞ്ഞ് ഒഴിവാക്കപ്പെട്ടു എന്ന ഭരതനാട്യം നർത്തകിയായ മൻസിയ വി.പി.യുടെ ഫേസ്‌ബുക്ക് പോസ്റ്റും അതിനോട് അനുബന്ധിച്ച് നടക്കുന്ന ചർച്ചകളും ചൂടുപിടിക്കുകയാണ്. 'കല്ല്യാണം കഴിച്ചത് ഒരു ഹിന്ദുവിനെയല്ലേ അപ്പൊത്തന്നെ മതംമാറിയിരുന്നെങ്കിൽ ഇപ്പൊ ഈ പ്രശ്നം വരില്ലായിരുന്നല്ലോ എന്നാണ് ഉത്സവക്കമ്മറ്റിക്കാർ പറഞ്ഞത്.

കലയുടെ മുകളിലാണ് ഇപ്പോൾ ജാതിയും മതവും ഒക്കെ നിൽക്കുന്നത്. ഇത് എന്റെ മാത്രം അനുഭവമല്ല. ഈ സാഹചര്യം ചർച്ച ചെയ്യപ്പെടണം എന്നുള്ളതുകൊണ്ടുതന്നെയാണ് ഫേസ്‌ബുക്കിൽ ഇതുസംബന്ധിച്ച പോസ്റ്റിട്ടത്' - മൻസിയ ഇങ്ങനെയാണ് പ്രതികരിച്ചത്. ഈ വിവാദത്തിന് പിന്നിൽ സിപിഎം ഗൂഢാലോചനയെന്നാണ് ആർഎസ്എസ് സംഘടനയായ വിഎച്ച് പി ആരോപിക്കുന്നത്.