തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ ഏഴ് ദുരൂഹ മരണങ്ങൾ സംബന്ധിച്ച അന്വേഷണം അട്ടിമറിക്കപ്പെട്ടുവോ? കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യം. എന്നാൽ പരാതികളുയർന്ന് മൂന്ന് മാസമായിട്ടും സർക്കാർ തിരുമാനം എടുത്തില്ല. കേസ് അട്ടിമറിച്ചതിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചെന്നും ആക്ഷേപം സജീവമാണ്.

തറവാട്ടിലെ ബന്ധുവായ പ്രസന്നകുമാരിയും പൊതുപ്രവർത്തകനുമായ അനിൽകുമാറുമാണ് സിബിഐ അന്വേഷണം എന്ന ആവശ്യം ഉന്നയിച്ച് പരാതി നൽകിയത്. കരമന കൂടത്തിൽ കുടുംബത്തിലെ ഏഴുപേർ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ച കേസിൽ ഏറ്റവും അവസാനം മരിച്ച ജയമാധവന്റെ മരണം കൊലപാതകമാണെന്ന് ഫോറൻസിക് റിപ്പോർട്ട് വന്നിട്ടും പ്രതികളെ പിടികൂടാതെ, പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. കൊലക്കുറ്റം ചുമത്തി ജില്ല ക്രൈംബ്രാഞ്ച് ഒരു വർഷം മുമ്പ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടും പ്രതികളുടെ മൊഴികളിൽ വലിയ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടും ആരെയും അറസ്റ്റ് ചെയ്തില്ല

കേസിന്റെ ആദ്യഘട്ടത്തിൽ കരമന പൊലീസിന് വന്ന ഗുരുതരമായ വീഴ്ച മറച്ചുവെക്കാനാണ് അന്വേഷണം ജില്ല ക്രൈംബ്രാഞ്ച് അട്ടിമറിക്കുന്നതെന്ന് ആരോപണമുണ്ട്. ഇതിനകം അഞ്ച് ഉദ്യോഗസ്ഥർ മാറി. പ്രതികളുമായി ചില പൊലീസ് ഉദ്യോഗസ്ഥർക്കുള്ള അടുപ്പം കേസിനെ ബാധിക്കുന്നതായും ആരോപണമുണ്ട്.

കൂടത്തിൽ തറവാട്ടിലെ ഗോപിനാഥൻ നായർ, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ ജ്യേഷ്ഠന്മാരായ നാരായണപിള്ളയുടെയും വേലുപിള്ളയുടെയും മക്കളായ ജയമാധവൻ, ഉണ്ണിക്കൃഷ്ണൻ നായർ എന്നിവരാണ് നിശ്ചിത ഇടവേളകളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഒടുവിൽ 2017 ഏപ്രിൽ രണ്ടിനാണ് ജയമാധവനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നഗരത്തിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് കുടുംബത്തിനുള്ളത്. വേലുപിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയുടെയും നാട്ടുകാരനായ അനിൽകുമാറിന്റെയും പരാതിയിലാണ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

കാര്യസ്ഥന്മാരായ രവീന്ദ്രൻ നായർക്കും മറ്റൊരു കാര്യസ്ഥനായ സഹദേവനും കൊലപാതകത്തിൽ പങ്കുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. തലയ്‌ക്കേറ്റ പരിക്കാണ് ജയമാധവൻ നായരുടെ മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ആന്തരാവയവങ്ങളുടെ പരിശോധന റിപ്പോർട്ടിലുമുണ്ടായിരുന്നത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നറിയാനാണ് ഫോറൻസിക് പരിശോധന നടത്തിയത്.

സ്ഥലത്തുനിന്ന് രക്തക്കറ പുരണ്ട തടിക്കഷ്ണം അടക്കം ശേഖരിച്ചിരുന്നു. സഹോദരൻ ജയപ്രകാശ് രക്തം ഛർദിച്ചാണ് മരിച്ചതെങ്കിലും പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നില്ല. മരിച്ച നിലയിൽ ജയമാധവൻ നായരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോയും ഡ്രൈവറെയും തിരിച്ചറിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതും പ്രധാന വീഴ്ചയായി. സാക്ഷി മൊഴികളിലെ വൈരുധ്യവും അന്വേഷണസംഘം പരിഗണിക്കുന്നില്ല.

പ്രതികൾ ഏർപ്പെടുത്തിയ വ്യാജ ഡ്രൈവറുടെ മൊഴിയാണ് കരമന പൊലീസ് സ്വീകരിച്ചത്. എന്നാൽ, ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ ഇയാളുടെ മൊഴി കളവാണെന്ന് മനസിലായി. ഡ്രൈവർ തെറ്റ് ഏറ്റുപറയുന്ന വിഡിയോയും പൊലീസ് ശേഖരിച്ചു. ജയമാധവൻ നായരുമായി ആശുപത്രിയിൽ പോയിട്ടില്ലെന്നും 5 ലക്ഷം രൂപ കാര്യസ്ഥൻ രവീന്ദ്രൻ നായർ വാഗ്ദാനം ചെയ്തതുകൊണ്ടാണ് കള്ളം പറഞ്ഞതെന്നുമായിരുന്നു ഡ്രൈവറുടെ രണ്ടാമത്തെ മൊഴി.

അതിനിടെ അന്വേഷണ ഉദ്യോഗസ്ഥർ മാറി. വിഡിയോയിൽ റെക്കോർഡ് ചെയ്ത മൊഴി ഇപ്പോൾ കേസ് അന്വേഷിക്കുന്ന അന്വേഷണസംഘം പരിഗണിക്കുന്നില്ല. അടുത്ത വീട്ടിലെ ഓട്ടോ വിളിക്കാതെ കാര്യസ്ഥനായ സഹദേവന്റെ സഹായത്തോടെ ഓട്ടോ വിളിച്ച് ജയമാധവൻ നായരെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയതിൽ ദുരൂഹതയുണ്ടെന്ന് കേസിലെ പരാതിക്കാരിയായ പ്രസന്നകുമാരിയമ്മയും മൊഴി നൽകിയിരുന്നു.

2017 ഏപ്രിൽ രണ്ടാം തീയതി കൂടത്തിൽ തറവാട്ടിലെത്തിയപ്പോൾ കട്ടിലിൽനിന്ന് വീണുകിടക്കുന്ന ജയമാധവൻ നായരെ കണ്ട് ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളജിലെത്തിച്ചെന്നായിരുന്നു കാര്യസ്ഥനായിരുന്ന രവീന്ദ്രൻ നായരുടെ മൊഴി. വീട്ടുജോലിക്കാരിയായ ലീലയും കൂടെയുണ്ടായിരുന്നു. ജയമാധവൻ നായർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷയിൽ ലീലയും രവീന്ദ്രൻ നായരും കരമന സ്റ്റേഷനിലെത്തി. മൊഴി നൽകാൻ താൻ ഇറങ്ങിയെന്നും ലീല ഓട്ടോയിൽ കൂടത്തിൽ തറവാട്ടിലേക്കു പോയെന്നുമാണ് രവീന്ദ്രൻ നായരുടെ മൊഴി.

കരമന സ്റ്റേഷനിൽ പോയില്ലെന്നും മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനുള്ളതിനാൽ തന്നോട് ഓട്ടോ വിളിച്ച് വീട്ടിൽ പോകാൻ രവീന്ദ്രൻ നായർ ആവശ്യപ്പെട്ടെന്നുമാണ് ലീലയുടെ മൊഴി. ഈ മൊഴികളിലെ വൈരുധ്യം മുൻ അന്വേഷണ സംഘം കണ്ടെത്തിയെങ്കിലും ഇപ്പോഴത്തെ അന്വേഷണ സംഘം ഗൗരവമായി എടുത്തില്ല. ലീല നേരത്തെ വീട്ടിലെത്തി മുറി വൃത്തിയാക്കിയത് പരിശോധിക്കാത്തതും മുറിയിലെ രക്തക്കറകൾ അവഗണിച്ചതും കരമന പൊലീസിന്റെ വീഴ്ചയായി. ഇക്കാര്യം പുറത്തുവരാതിരിക്കാനാണ് അന്വേഷണം അട്ടിമറിക്കുന്നതെന്നാണ് പരാതിക്കാരുടെ വാദം.

കുടുംബത്തിൽ ഏറ്റവും അവസാനം മരിച്ച ജയമാധവൻ നായരുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയതോടെ അന്വേഷണത്തിന് വേഗം വയ്ക്കുമെന്ന് കരുതി. ഇതോടെ കേസിൽ കൊലക്കുറ്റം ചുമത്താൻ ക്രൈംബ്രാഞ്ച് കോടതിയുടെ അനുമതി തേടുകയും ചെയ്തു. ജയമാധവന്റെ മരണം സ്വത്ത് തട്ടിയെടുക്കാനുള്ള കൊലപാതകമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. കേസിൽ ഫൊറൻസിക് റിപ്പോർട്ട് കൂടി പുറത്തുവന്നതോടെയാണ് കൊലക്കുറ്റം ചുമത്താൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം അപേക്ഷ നൽകിയത്. കൊലക്കുറ്റം ചുമത്തിയാൽ രവീന്ദ്രൻനായരെ അറസ്റ്റ് ചെയ്യുന്നതിലേക്കടക്കം അന്വേഷണസംഘം കടക്കുമെന്നും കരുതി. എന്നാൽ അതൊന്നും സംഭവിച്ചില്ല.

15 വർഷത്തിനിടെ കൂടത്തിൽ കുടുംബത്തിലെ ഏഴ് പേരാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഇതിൽ ജയമാധവന്റെ മരണത്തിലാണ് ക്രൈംബ്രാഞ്ച് നിലവിൽ വിശദമായ അന്വേഷണം നടത്തുന്നത്. കുടുംബത്തിന്റെ പേരിലുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ തട്ടിയെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.