തിരുവനന്തപുരം: മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ വീട്ടിൽ കൂടോത്രം നടത്തിയത് ആരാണ്? വീടിന് സമീപത്തു നിന്നും കൂടോത്ര വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ ആരെന്ന് കണ്ടെത്താൻ തൽക്കാലം നിർവാഹമില്ല. സുധീരനോട് രാഷ്ട്രീയ വിരോധമുള്ളവരാണോ ഈ കൂടോത്രപ്രയോഗത്തിന് പിന്നിലെന്നറിയാൻ തൽക്കാലം മാർഗ്ഗമില്ല. കാരണം ഇത് സംബന്ധിച്ച അന്വേഷണ ഫയൽ പൊലീസ് പൂട്ടാനൊരുങ്ങുകയാണ്. സംഭവത്തിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

നിയമത്തിൽ കൂടോത്രത്തിൽ കേസെടുക്കാൻ വകുപ്പില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. വീടിനു സമീപത്ത് വാഴച്ചുവട്ടിൽ നിന്നും കുപ്പിയിൽ ലഭിച്ച കൂടോത്രം വി എം സുധീരൻ മെഡിക്കൽ കോളേജ് പൊലീസിനെയാണ് ഏൽപ്പിച്ചത്. പരാതി നൽകിയില്ലെന്നാണ് സുധീരൻ പറയുന്നത്. പക്ഷേ തങ്ങൾക്ക് പരാതി ലഭിച്ചതായിട്ടാണ് പൊലീസ് നൽകുന്ന സൂചന. വീടിനു മുന്നിലെ സിസിടിവിയുടെ ഹാർഡ് ഡിസ്‌ക് പരിശോധനയ്ക്ക് വേണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. വീടിനു സമീപത്ത് ഈ ദിവസങ്ങളിൽ അജ്ഞാതർ വന്നോ എന്ന് പരിശോധിക്കാനാണ് പൊലീസ് തീരുമാനം.

നേരെത്ത ഒമ്പതാം തവണയാണ് ഇതുപോലെയുള്ളത് കണ്ടെത്തുന്നത് എന്നു സുധീരൻ വ്യക്തമാക്കിയിരുന്നു. മുമ്പൊക്കെ മറ്റ് പല രൂപങ്ങളിലായിരുന്നു.നേരത്തെയുള്ളതു പോലെ തന്നെ ഇതെല്ലാം ഒരു പാഴ്‌വേലയായിട്ടാണ് ഇപ്പോഴും കാണുന്നത്. തുടർച്ചയായി വന്നതുകൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്ന് തോന്നിയത്. ഈ ആധുനിക കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച് നമുക്ക് സഹതപിക്കാമെന്നും സുധീരൻ പറഞ്ഞിരുന്നു.

സംഭവത്തിൽ രാഷ്ട്രീയ വിരോധികളാണോ എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. ചെമ്പ് തകിടുകളും വെള്ളക്കല്ലുകളുമൊക്കെ അടങ്ങിയ കൂടോത്രച്ചെപ്പ് ഗൗരീശപട്ടത്തെ വീട്ടുപറമ്പിലെ വാഴച്ചുവട്ടിൽ നിന്നാണ് കിട്ടിയത്. രാഷ്ട്രീയ എതിരാളികളാണോ പിന്നിലെന്ന ചോദ്യത്തിന് നിറഞ്ഞ ചിരിയായിരുന്നു മറുപടി. കണ്ണും കൈയും കാലും എല്ലാമടങ്ങിയ കൂടോത്രച്ചെപ്പായിരുന്നു സുധീരനും കുടുംബത്തിനും ലഭിച്ചത്. ഒമ്പത് തവണ കൂടോത്രപ്രയോഗ വസ്തുക്കൾ ലഭിച്ച സാഹചര്യത്തിൽ സുധീരന്റെ ഭാര്യ ലത സുധീരനും ഇതേക്കുറിച്ച് തമാശ കലർന്ന മറുപടിയാണ് നൽകിയത്. ആദ്യം ഞെട്ടലുണ്ടായെങ്കിലും പിന്നീട് പതിവായതോടെ ഇപ്പോൾ ശീലമായതെന്ന് ലത സുധീരൻ പറയുന്നു.

കുപ്പിയിലാക്കിയ നിലയിൽ കണ്ണ്, കൈകാലുകൾ, ആൾരൂപം, ശൂലങ്ങൾ എന്നീ രൂപങ്ങൾ കൊത്തിയ തകിടുകളാണ് സുധീരന്റെ ഗൗരീശപട്ടത്തുള്ള വീട്ടിൽ നിന്നും ലഭിത്. സംഭവത്തെ കുറിച്ച് വിശദമായി സുധീരൻ തന്നെ ഫേസ്‌ബുക്കുൽ കുറിച്ചിരുന്നു.