- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരിപ്പൊടി കൊണ്ട് പണിത സ്കൂൾ, ഗോതമ്പ് പൊടി കൊണ്ട് പണിത പാലം... വൈറലായി കൂളിമാട് റിയാസ്..നല്ല 'ഉറപ്പാണ്' എൽഡിഎഫ്! കൂളിമാട് പാലം തകർന്നതിൽ സർക്കാറിനെ ട്രോളി യുഡിഎഫുകാർ; റിപ്പോർട്ടു തേടി മന്ത്രി
തിരുവനന്തപുരം: തൃക്കാക്കര തെരഞ്ഞെടുപ്പു അടുത്തിരിക്കെ ഉറപ്പാണ് എൽഡിഎഫ് മുദ്രാവാക്യവുമായി കളം നിറയവേ ഭരണപ്പാർട്ടിക്ക് തിരിച്ചടിയായി കോഴിക്കോട് കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവം. നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നുവീണ സംഭവം യുഡിഎഫ് ആയുധമാക്കുകയാണ്. യുഡിഎഫ് കൂട്ടത്തോടെ ഫേസ്ബുക്കിൽ പാലത്തിന്റെ ചിത്രം ഷെയർ ചെയ്തു ട്രോളുമായി രംഗത്തുവന്നു.
''അരിപ്പൊടി കൊണ്ട് പണിത സ്കൂൾ, ഗോതമ്പ് പൊടി കൊണ്ട് പണിത പാലം... വൈറലായി കൂളിമാട് റിയാസ്..നല്ല 'ഉറപ്പാണ്' എൽഡിഎഫ്!' എന്നാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്. യുഡിഎഫ് നേതാക്കൾ കൂട്ടത്തോടെ പാലം തകർന്നു വീണത് വാർത്ത ആക്കിയപ്പോൾ മുന്നണി നിർമ്മാണ പിഴവും കെടുകാര്യസ്ഥതയും അടക്കം ചർച്ചയായി. ഇതിനിടെ ബീമുകൾ തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗത്തോട് പരിശോധന നടത്താനും മന്ത്രി നിർദ്ദേശിച്ചു.
കെആർഎഫ്ബി പ്രൊജക്ട് ഡയറക്ടറോടും ഉടൻ റിപ്പോർട്ട് നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്ത് പെയ്ത ശക്തമായ മഴയെത്തുടർന്ന് താൽക്കാലികമായി സ്ഥാപിച്ച തൂണുകൾ താഴ്ന്ന് പോയതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. എന്നാൽ ബീമിനെ താങ്ങി നിർത്തിയ ജാക്കിക്ക് പെട്ടന്നുണ്ടായ തകരാർ കാരണമാണ് അപകടമുണ്ടായതെന്നാണ് നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ കോപ്പറേറ്റീവ് സൊസൈറ്റി വിശദീകരിച്ചു. ഉടൻ തന്നെ ഗർഡറുകൾ പുനഃസ്ഥാപിച്ച് പാലം നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ഊരാളുങ്കൽ അറിയിച്ചു.
ചാലിയാറിന് കുറുകെ കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മാവൂർ കൂളിമാട് പാലത്തിന്റെ ബീമുകൾ ഇന്ന് രാവിലെ 9 മണിയോടെയാണ് തകർന്നു വീണത്. പുഴയിൽ മലപ്പുറം ജില്ലയുടെ ഭാഗത്ത് നിർമ്മിച്ച തൂണുകൾക്ക് മുകളിലെ ബീമുകളാണ് വീണത്. അപകടത്തിൽ നിർമ്മാണ പ്രവൃത്തിയിൽ ഏർപ്പെട്ടിരുന്ന രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. രണ്ട് വർഷം മുമ്പ് ആരംഭിച്ച പാലത്തിന്റെ നിർമ്മാണം ഏറെക്കുറെ പൂർത്തിയാകുന്ന ഘട്ടത്തിലാണ് അപകടം ഉണ്ടായത്.
2019 മാർച്ചിൽ പ്രവർത്തനോദ്ഘാടനം നിർവഹിച്ച പാലത്തിന്റെ നിർമ്മാണം പ്രളയകാലത്ത് പൂർണമായും സ്തംഭിച്ചിരുന്നു. പ്രളയനിരപ്പിനനുസരിച്ച് പാലത്തിന് ഉയരമില്ലെന്ന ആരോപണത്തെ തുടർന്നാണ് നിർമ്മാണം നിലച്ചത്. പിന്നീട് ഡിസൈനിങ് വിഭാഗം പരിശോധനകൾ നടത്തുകയും പാലത്തിന്റെ ഉയരത്തിലും ഡിസൈനിലും മാറ്റം വരുത്താൻ നിർദ്ദേശം നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റും പുതുക്കി. നേരത്തെ 21.5 കോടി രൂപയായിരുന്ന നിർമ്മാണ ചെലവ്, പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 25 കോടിയായി ഉയർത്തുകയായിരുന്നു. ചാലിയാർ പുഴയ്ക്ക് കുറുകെയുള്ള പാലം കഴിഞ്ഞാഴ്ച മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചിരുന്നു.
അതിനെ താങ്ങിനിർത്തിയ ജാക്കിക്കു പെട്ടെന്നുണ്ടായ തകരാർ കാരണം: ഊരാളുങ്കൽ സൊസൈറ്റി
അതേസമയം നിർമ്മാണത്തിലിരിക്കുന്ന കൂളിമാട് പാലത്തിന്റെ ബീം ചരിയാൻ ഇടയായത് അത് ഉയർത്തിനിർത്തിയിരുന്ന ഹൈഡ്രോളിക് ജാക്കികളിൽ ഒന്ന് പൊടുന്നനെ തകരാറിലായതുകൊണ്ടാണെന്ന് ഊരാളുങ്കൽ സൊസൈറ്റി വിശദീകരിച്ചു. നിർമ്മാണത്തകരാറൊ അശ്രദ്ധയൊ അല്ല, മറിച്ച് നിർമ്മാണത്തിന് ഉപയോഗിച്ച ഒരു യന്ത്രത്തിനുണ്ടായ തകരാർ മാത്രമാണ് സംഭവിച്ചത്. മുൻകൂട്ടി വാർത്ത ബീമുകൾ തുണുകളിൽ ഉറപ്പിക്കുന്നത് തൂണിനു മുകളിൽ ഉറപ്പിക്കുന്ന ബെയറിങ്ങിനു മുകളിലാണ്. അതിനായി ബീം ഉയർത്തിനിർത്തും. എന്നിട്ട് അതിനടിയിൽ ബെയറിങ് പാഡ് വച്ച് കാസ്റ്റിങ്ങും സ്റ്റ്രെസ്സിങ്ങും ചെയ്യും. അതിനുശേഷം ബീം മെല്ലെ താഴ്ത്തി അതിനു മുകളിൽ ഉറപ്പിക്കും. ഇതാണു രീതി. ജാക്കികൾ ഉപയോഗിച്ചാണ് ഒരു ബീം ഉയർത്തി നിർത്തുന്നത്. ഇവ പ്രവർത്തിപ്പിച്ചാണ് ബീം താഴ്ത്തി തിരികെ ഉറപ്പിക്കുന്നതും. ഇപ്രകാരം ഉയർത്തിനിർത്തിയിരുന്ന ഒരു ബീം ഉറപ്പിക്കാനായി താഴ്ത്തുന്നതിനിടെ അതിനെ താങ്ങിനിർത്തിയിരുന്ന ജാക്കികളിൽ ഒന്ന് പ്രവർത്തിക്കാതാകുകയായിരുന്നു.
അതോടെ ആ ബീം മറുവശത്തേക്കു ചരിഞ്ഞു. ഈ നിർമ്മാണത്തിൽ ഒരു സ്പാനിനെ (സ്ലാബിനെ) താങ്ങിനിർത്താൻ മൂന്നു ബീമുകളാണു വേണ്ടത്. അതിൽ ഒരു അരികിലെ ബീമാണു ചാഞ്ഞത്. അതു നടുവിലെ ബീമിൽ മുട്ടി. നടുവിലെ ബീം ചരിഞ്ഞ് മറുപുറത്തെ ബീമിലും മുട്ടി. ആ ബിമാണു മറിഞ്ഞത്. നിർമ്മാണമെല്ലാം തികഞ്ഞ ഗുണമേന്മയോടെതന്നെയാണു നടന്നുവരുന്നത്. ഇത് നിർമ്മാണത്തകരാറല്ല, നിർമ്മാണത്തിന് ഉപയോഗിച്ച ഒരു യന്ത്രത്തിനു പെട്ടെന്നുണ്ടായ തകരാർ മാത്രമാണ്. പ്രവർത്തിച്ചുകൊണ്ടിരുന്ന ജാക്കി പൊടുന്നനെ പ്രവർത്തിക്കാതായതാണ്. മാനുഷികമോ നിർമ്മാണപരമോ ആയ എന്തെങ്കിലും പിഴവ് ഇതിൽ ഉൾപ്പെട്ടിട്ടില്ല. ഗർഡറുകൾ പുനഃസ്ഥാപിച്ച് പാലം നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള പ്രവർത്തനം ഉടൻ ആരംഭിക്കും.- ഊരാളുങ്കൽ സൊസൈറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ