കൊരട്ടി: കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ ആരോപണവിധേയനായ കൊരട്ടി പള്ളിവികാരി ഫാ.മാത്യൂ മണവാളൻ വിണ്ടും പള്ളിയിൽ നിന്നും മുങ്ങിയെന്ന് വിശ്വാസികൾ. ഇന്നലെ വൈകിട്ട് 5 മുതൽ ഫാ.മാത്യൂ പള്ളിയിലില്ലന്നും മുന്നറിപ്പ് നൽകാതെയാണ് ഇദ്ദേഹം ഇവിടെ നിന്നും അപ്രത്യക്ഷനായിരിക്കുന്നതെന്നുമാണ് വിശ്വാസികൾ വെളിപ്പെടുത്തുന്നത്. നേരത്തെ ഇവിടെ നിന്നും മുന്നറിയിപ്പില്ലാതെ മുങ്ങിയ ഫാ.മാത്യു പിറ്റേന്ന് വൈകിട്ടോടെ തിരിച്ചെത്തിയിരുന്നു. പള്ളിയിൽ കണ്ടെത്തിയ ക്രമക്കേടുകളെക്കുറിച്ചന്വേഷിക്കാൻ എത്തിയ രൂപത കമ്മീഷൻ അംഗങ്ങളെ കഴിഞ്ഞ ദിവസം വിശ്വാസികൾ മണിക്കൂറുകളോളം തടഞ്ഞുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ഫാ. മാത്യു പള്ളിയിൽ നിന്നും സ്ഥലം വിട്ടത്.

പള്ളികമ്മറ്റിയംഗങ്ങൾ രൂപതയിൽ ബന്ധപ്പെട്ടെങ്കിലും ഫാ.മാത്യു എവിടെയാണെന്ന കാര്യത്തിൽ കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല.തുടർന്ന് തങ്ങളിൽ ചിലർ സ്വന്തം നിലയ്ക്ക് നടത്തിയ അന്വേഷണത്തിൽ ഫാ.മാത്യു മണവാളൻ എറണാകുളം ലിസ്സി ആശുപത്രിയിലുണ്ടെന്ന് വ്യക്തമായി എന്നും കൊരട്ടി പള്ളി വികാരി എന്ന നിലവിലെ വിലാസത്തിലല്ല ഇദ്ദേഹം ഇവിടെ പ്രവേശനം നേടയതെന്ന് അറിവായിട്ടുണ്ടെന്നും വിശ്വാസികൾ അറിയിച്ചു. എന്നാൽ ഇക്കാര്യം ഇതുവരെ ഫാ.മാത്യു പള്ളിക്കമ്മറ്റിക്കാരെ അറിയിച്ചിട്ടില്ലന്നും ഇദ്ദേഹത്തിന്റെ ഈവഴിക്കുള്ള നീക്കം ദുരൂഹമാണെന്നും ഇവർ ആരോപിക്കുന്നു. സഭയുടെ കീഴിലുള്ളതാണ് ലിസി ആശുപത്രി.

സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറാവുമെന്നും വിഷയം മാധ്യമങ്ങൾ ഏറ്റെടുത്താൽ സഭയ്ക്ക് കൂടുതൽ നാണക്കേട് ഉണ്ടാവുമെന്നുന്നുമാണ് ഫാ.മാത്യൂ മണവാളനെ അനുകൂലിക്കുന്നവർ നിലപാട് എടുത്തിരുന്നു. എന്നാൽ വിശ്വാസികൾ ഈ വിഷയത്തിൽ അനുകൂല നിലപാട് എടുത്തില്ല. സഭയുടെ വസ്തു ഇടപാടിൽ മാർ ആലഞ്ചേരിയിക്കെതിരെ ആദ്യവെടി ഉതിർത്തത് മാത്യൂ മണവാളനായിരുന്നു. ഇക്കാര്യം മനസ്സിൽ വച്ച് കൊരട്ടി പള്ളി വിഷയത്തിൽ നിഷ്പക്ഷ നിലപാടുമായി മാർ ആലഞ്ചേരി മുന്നോട്ടുപോയാൽ ഫാ.മാത്യൂ മണവാളൻ ഊരക്കുരുക്കിലകപ്പെടാനിടയുണ്ടെന്നാണ് വിലയിരുത്തൽ. പള്ളിയുടെ കണക്കിന്റെ 25 ശതമാനം പരിശോധിച്ചപ്പോൾ 4 കോടിയിൽപ്പരം രൂപയുടെ ക്രകമക്കേട് കണ്ടെത്തിയെന്നാണ് പരാതിക്കാർ പുറത്ത് വിട്ടിട്ടുള്ള വിവരം.

സാമ്പത്തീക തട്ടിപ്പ് പുറത്ത് വന്നതിനെത്തുടർന്ന് വികാരി ഫാ.മാത്യൂസ് മണവാളൻ പള്ളിയിൽ നിന്നും നേരെ പോയത് രൂപത ആസ്ഥാനത്തേയ്്ക്കായിരുന്നെന്നാണ് പരക്കെ ഉയർന്നിട്ടുള്ള പ്രചാരണം.സഭ ആസ്ഥാനത്ത് പത്ത് വർഷത്തോളം പൊക്യൂറേറ്ററായിരുന്ന ഇദ്ദേഹം എടയന്ത്രത്തിൽ പിതാവിന്റെ വിശ്വസ്തനാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കൊരട്ടി മാതാവിന് ഭക്തർ നല്കിയ സ്വർണ്ണ മാലയും വളയും ആണ് കാണാതായതാണ് മാത്യൂസ് മണവാളനെ വെട്ടിലാക്കുന്നത്. ഇതിന് വ്യക്തമായ മറുപടി നൽകാൻ കഴിയാത്തതു കൊണ്ടാണ് മണവാളൻ വീണ്ടും ഒളിവിൽ പോകുന്നത്.

കൊരട്ടി മുത്തിയുടെ സ്വർണ വിൽപ്പനയുമായി ബന്ധപ്പെട്ട ആരോപണം ഉയർന്ന ശേഷം ഒളിവിൽ പോയ കൊരട്ടി പള്ളി വികാരി ഫാ.മാത്യൂസ് മണവാളൻ വീണ്ടും ഇടവകയിൽ എത്തിയപ്പോൾ വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിരവധി ആരോപണങ്ങൾ അദ്ദേഹത്തിനെതിരെ ഉയർന്നതോടെ അന്വേഷണ കമ്മീഷൻ അംഗങ്ങൾക്ക് മുമ്പിൽ മനസു തുറന്നു. എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയെന്ന് പറഞ്ഞു കൊണ്ടാണ് വികാരി രംഗത്തെത്തിയത്. കുർബാന മുടക്കുമെന്ന് അറിയച്ചത് വികാരപ്രകടനം മാത്രമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മറ്റു കാര്യങ്ങളെല്ലാം ആലോചിച്ച് ചെയ്യാമെന്നാണ് വികാരി പറഞ്ഞത്. ഇതിന് ശേഷമാണ് ഒത്തുതീർപ്പ് ശ്രമങ്ങൾ സജീവമാക്കിയത്.

സ്വർണം വിറ്റതിനെക്കുറിച്ച് അന്വേഷിക്കാൻ ഇടവക വികാരി തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടുകളുടെ പകർപ്പ് മറുനാടന് ലഭിച്ചപ്പോൾ വ്യക്തമാകുന്നത് കൂടുതൽ സാമ്പത്തിക തട്ടിപ്പുകൾ നടന്നു എന്ന വിവരത്തിലേക്കാണ്. സ്വർണ വിൽപ്പനയുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ നടത്തിയ പ്രാഥമിക പരിശോധനയിൽ കൂടുതൽ കാര്യങ്ങൾ വ്യകതമാക്കി. ഇടവകയ്ക്ക് കീഴിലുള്ള സ്‌കൂളുകളിലെ നിയമനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും സ്ഥലം വിൽപ്പനയെ കുറിച്ചുള്ള വിവരങ്ങളും അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പള്ളിയിൽ പണം വാങ്ങി നിയമനം നടത്തിയിട്ടില്ലെന്ന് വാദിച്ച വികാരി അന്വേഷണ കമ്മീഷൻ മുമ്പാകെ പണം വാങ്ങിയെന്ന് സമ്മതിച്ചു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും വ്യക്തമാണ്.

സ്‌കൂൾ അദ്ധ്യാപക നിയമനുമായി ബന്ധപ്പെട്ട് പരിശോധ നടത്തിയ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. 70 ലക്ഷം രൂപ പത്തു പേരുടെ കയ്യിൽ നിന്നായി വാങ്ങിയിട്ടുണ്ടെന്നാണ്. പള്ളിയിൽ ഇതിന് മാത്രമായി സൂക്ഷിക്കുന്ന കണക്കും വികാരി കാണിച്ചു നൽകി. ഇതിൽ 67 ലക്ഷം രൂപ മാത്രമാണ് കണക്കു വെച്ചിരിക്കുന്നത്. ഈ നിയമനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംശയാസ്പദമാണെന്ന വിധത്തിലേക്ക് വിരൾ ചൂണ്ടുന്നുണ്ട് അന്വേഷണ കമ്മീഷൻ. കഴിഞ്ഞ മാസം നടന്ന പൊതുയോഗത്തിൽ സ്ഥലക്കച്ചവടം ഒന്നു നടന്നില്ലെന്നാണ് ഇടവക ജനങ്ങളോട് അറിയിച്ചത്. എന്നാൽ, അന്വേഷണത്തിൽ വ്യക്തമായത് മറ്റൊരു കാര്യമാണ്. വഴിച്ചാൽ പള്ളിയുടെ പിറകു വശത്ത് 10 സെന്റ് സ്ഥലം 3,40,000 രൂപയ്കകാ വാങ്ങാൻ തീരുമാനിച്ചുവെന്ന് വ്യക്തമായിട്ടുണ്ട്. സ്ഥലമിടപാടിനായി പണം വാങ്ങിയെന്ന വിവരവും പുറത്തുവരുന്നുണ്ട്.

വഴിച്ചാൽ പള്ളിയുടെ പിറകിലായി വഴിയില്ലാത്ത സ്ഥലമാണ് വാങ്ങിയതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അതേസമയം മുൻവികാരി വാങ്ങേണ്ടെന്ന് വെച്ച് സ്ഥലവും പിന്നീട് പള്ളിക്കമ്മറ്റി വാങ്ങിയെന്നും ഇതിനായാണ് കൊരട്ടി മുത്തിയുടെ പുരാതന സ്വർണം വിിൽക്കാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്