കൊരട്ടി:സാമ്പത്തിക തട്ടിപ്പും സ്വർണം മറിച്ചുവിറ്റതായും മറ്റും ആരോപണം നേരിടുന്ന കൊരട്ടി പള്ളിവികാരി ഫാ.മാത്യൂ മണവാളനെ തൽസ്ഥാനത്തുനിന്നും മാറ്റി നിർത്തുമെന്ന് രൂപത നേതൃത്വം. എന്നാൽ ഈ തീരുമാനം വികാരിയെ സംരക്ഷിക്കാനുള്ള തന്ത്രമാണെന്ന ആരോപണം സംഘർഷത്തിലെത്തി. തട്ടിപ്പ് നടത്തിയത് ആരാണെന്നു വ്യക്തമാക്കിയിട്ടുമതി പുതിയ നടപടികളെന്നാണു വിശ്വാസികളുടെ നിലപാട്. ആരോപണവിധേയർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. മാത്യു മണവാളനെതിരെ ക്രിമനൽ കേസ് കൊടുക്കണമെന്നാണ് ആവശ്യം.

ഇന്ന് പള്ളിയിൽ നടന്ന വിശ്വാസികളുടെ യോഗത്തിൽ രൂപതയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഫാ.മാർട്ടിൻ കല്ലുങ്കൽ ആണ് ഇത് സംമ്പന്ധിച്ച്് വെളിപ്പെടുത്തൽ നടത്തിയത്.നാളെ മുതൽ പള്ളിയിൽ നടപ്പിലാക്കുന്ന കാര്യങ്ങളെക്കുറിച്ചും ഇദ്ദേഹം യോഗത്തിൽ വിശദീകരിച്ചു.ഇപ്പോഴത്തെ വികാരിയൈ ഒഫീഷ്യൽ വികാരി സ്ഥാനത്ത് നിന്നും മാറ്റി പകരം പ്രീസ്റ്റ് ഇൻ ചാർജ് എന്ന തസ്തികയിൽ മറ്റൊരു വൈദികനെ നിയമിക്കുമെന്നുള്ളതാണ് ഇതിൽ പ്രധാനം.ഇടവകയുടെ മൊത്തം ചാർജ് പ്രീസ്റ്റ് ഇൻ ചാർജിനു ആയിരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ആരാണെന്ന കാര്യത്തിൽ ഇന്ന് രൂപതയിൽ പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ഇടവകയിൽ സ്വർണം വിറ്റത്തിൽ ക്രമക്കേട് നടന്നിരിക്കുന്നു എന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ ഇപ്പോഴത്തെ കമ്മറ്റിക്ക് തുടരാൻ അർഹതയില്ലെന്നും ഇതിന് ബദലായി രൂപതാ പുതിയ ഇടക്കാല കമ്മിറ്റി രൂപീകരിക്കുമെന്നും ഫാ.മാർട്ടിൻ കല്ലുങ്കൽ യോഗത്തിൽ വ്യക്തമാക്കി. ഇപ്പോൾ കമ്മിറ്റിയിൽ ഉള്ളതോ കഴിഞ്ഞ കമ്മിറ്റിയിൽ ഉണ്ടായിരുന്നതോ ആയ ആരെയും ഇടക്കാല കമ്മറ്റിയിൽ ഉണ്ടാവില്ലന്നും ഈ കമ്മിറ്റിയുടെ മേൽനോട്ടം സീനിയർ ആയ കൊച്ചച്ഛനായിരിക്കുമെന്നും ജൂൺ വരെ കുടുംബയൂണിറ്റുകൾ പ്രവർത്തിക്കുന്നതല്ലന്നും പുതിയ വികാരിയും പള്ളി കമ്മറ്റിയും ജൂണിൽ ചാർജ് എടുക്കത്തക്ക രീതിയിലാണ് നിലവിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും ഇദ്ദേഹം തുടർന്ന് പറഞ്ഞു.

പഴയതെല്ലാം മറന്ന് മുന്നോട്ട് ചലിക്കണമെന്ന ആഹ്വാനത്തിനൊപ്പം സോഷ്യൽ മീഡിയ വഴി പള്ളിയെ പറ്റിയുള്ള ഒന്നും പ്രചരിപ്പിക്കരുതെന്ന നിർദ്ദേശവും നൽകിയാണ് ഫാ.മാർട്ടിൻ വാക്കുകൾ ചൂരുക്കിയത്. രൂപതയിൽ നിന്നുള്ള ഇടപെടൽ വികാരിയിക്കെതിരെ ആരോപണമുന്നയിച്ചവരുടെ ആദ്യവിജയമെന്നാണ് പരക്കെയുള്ള വിലയിരുത്തൽ.പക്ഷേ ഇതുകൊണ്ടൊന്നും പ്രതിഷേധപരിപാടികൾ അവസാനിപ്പിക്കാൻ ഇടവകക്കാർ തയ്യാറആവാൻ സാധ്യതയില്ലെന്നാണ് ചൂണ്ടികാണിക്കയ്ക്കപ്പെടുന്നത്.

പള്ളിയുടെ നഷ്ടപ്പെട്ട മുതൽ പള്ളിക്ക് ലഭിക്കുന്ന സാഹചര്യം സ്ൃഷ്ടിക്കുക മാത്രമാണ് പ്രശ്‌നത്തിന് ശാശ്വത പരിഹാരമാർഗ്ഗമെന്നും ഇതിന് ആരോപണ വിധേയനായ ഫാ.മാത്യുമണവാളൻ നേരിട്ട് ഇടപെടണമെന്നുമാണ് ഇടവ പ്രതിനിധികളുടെ ആവശ്യം. ഒരാഴ്ച കഴിഞ്ഞുള്ള പ്രശ്‌ന പരിഹാരത്തിന്റെ രണ്ടാം ഘട്ട ചർച്ച എങ്ങിനെ പര്യവസാനിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇനിയുള്ള തങ്ങളുടെ പ്രവർത്തനമെന്നും ഇടവക പ്രതിനിധികൾ വ്യക്തമാക്കി.

ഒത്തുതീർപ്പു ചർച്ചകൾക്കൊടുവിൽ മുന്നൂറ്റമ്പതോളം വിശ്വാസികൾ ഒപ്പിട്ട പരാതി അന്വേഷണ കമ്മിഷൻ അംഗങ്ങളുടെ കൈവശം അതിരൂപതാ നേതൃത്വത്തിനു കൊടുത്തയച്ചു. ഒരാഴ്ചയ്ക്കകം പ്രശ്നങ്ങളിൽ ഉചിതമായ തീരുമാനമെടുക്കണമെന്നാണു പരാതിയിലെ ആവശ്യം. സാമ്പത്തിക ക്രമക്കേട് അന്വേഷണ കമ്മിഷനും കണ്ടെത്തിയതോടെ ഫാ. മാത്യു മണവാളൻ വീണ്ടും ഒളിവിലാണ്. വികാരിയുടെ സഹകരണമില്ലാത്തതിനാൽ തുടർനടപടികൾ ആലോചിക്കാനായി ഇന്നലെ പൊതുയോഗം വിളിച്ചിരുന്നു. അതിരൂപത വിശ്വാസികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്നും അറിയിച്ചതിനെത്തുടർന്നാണ് പൊതുയോഗം മാറ്റിവച്ചത്.

മുക്കുപണ്ടം പകരംവച്ച് പള്ളിയിൽനിന്നു സ്വർണം തട്ടിയെടുത്തു എന്ന് അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. വിശദമായ കമ്മിഷൻ റിപ്പോർട്ട് ഇന്നലെ നടന്ന മൂന്ന് ദിവ്യബലി ശുശ്രൂഷകൾക്കിടെ വായിക്കുമെന്ന അറിയിപ്പും ലഭിച്ചിരുന്നു. ഒന്നാം ദിവ്യബലി ചടങ്ങിൽ റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾത്തന്നെ വിശ്വാസികൾ പ്രതിഷേധം ആരംഭിച്ചു. എന്നാൽ മൂന്നാമത്തെ ദിവ്യബലിയിലും റിപ്പോർട്ട്്് വായിക്കണമെന്ന് കർശന നിർദേശമുണ്ടെന്ന് അതിരൂപത നിയോഗിച്ച വൈദികൻ വ്യക്തമാക്കി. തുടർന്ന് ശുശ്രൂഷകൾ നടത്തിയതിനു ശേഷം പൊതുയോഗം ചേരാൻ തീരുമാനിക്കുകയായിരുന്നു.

യോഗത്തിൽ നടന്ന ഒത്തുതീർപ്പു ചർച്ചയെത്തുടർന്നാണു പരാതി കൊടുത്തയച്ചത്. സ്വർണം മോഷ്ടിച്ചതാരെന്നു വ്യക്തമാക്കുക, വികാരിക്കെതിരേ നടപടി സ്വീകരിക്കുക, ആരോപണവിധേയർക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തുക, പ്രശ്നക്കാരനെന്ന് സംശയിക്കുന്ന കപ്യാരെ പറഞ്ഞുവിടുക തുടങ്ങിയ നിർദേശങ്ങളാണു പരാതിയിലുള്ളത്. കോടതി നടപടികൾ ഉൾപ്പെടെ നടപ്പാക്കണമെന്ന് വിശ്വാസികൾ തുടക്കംമുതൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പള്ളിക്ക് ചീത്തപ്പേരുണ്ടാക്കാതെ സമയബന്ധിതമായി തീരുമാനമുണ്ടാക്കാനാണ് അതിരൂപതയുടെ ശ്രമം. എന്നാൽ ഫാ. മാത്യു മണവാളനെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് അന്വേഷണ കമ്മിഷൻ നടത്തുന്നതെന്ന് കടുത്ത ആരോപണമുണ്ട്്. ഒളിവിൽ പോയ അദ്ദേഹം സഭയുടെ ആശുപത്രിയായ എറണാകുളം ലിസിയിൽ ഏഴാംനിലയിലെ അഞ്ചാം നമ്പർ മുറിയിലുണ്ടെന്ന് വിശ്വാസികളിൽ ചിലർ കണ്ടെത്തിയിരുന്നു.