സംയുക്ത സൈനികാഭ്യാസത്തിനുവേണ്ടിയാണ് ബുസാൻ തീരത്ത് അമേരിക്കൻ യുദ്ധക്കപ്പലായ കാൾ വിൻസൺ എത്തിയിട്ടുള്ളത്. എന്നാൽ, ദക്ഷിണ കൊറിയൻ തീരത്തെത്തിയിരിക്കുന്ന യുദ്ധക്കപ്പലിൽ, ഉത്തരകൊറിയയെ അപ്പാടെ ഇല്ലാതാക്കാൻ ശേഷിയുള്ള യുദ്ധോപകരണങ്ങളുണ്ടെന്ന് റിപ്പോർട്ട്. സംയുക്ത നാവികാഭ്യാസത്തിനെക്കാൾ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനുള്ള മുന്നറിയിപ്പാണ് ഈ യുദ്ധസജ്ജീകരണങ്ങളെന്നും വിലയിരുത്തപ്പെടുന്നു.

ആണവ ബോംബുകളടക്കമുള്ള സംവിധാനങ്ങൾ കാൾ വിൻസണിലുണ്ട്. അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൺ കൊറിയ സന്ദർശിക്കുന്നതും ഏറെ പ്രാധാന്യത്തോടെയാണ് ചർച്ച ചെയ്യപ്പെടുന്നത്. ഉത്തരകൊറിയ അടുത്തിടെ നടത്തിയ മിസൈൽ പരീക്ഷണങ്ങളും അർധസഹോദരനെ മലേഷ്യയിൽ കിം ജോങ് കൊലപ്പെടുത്തിയതും മേഖലയിൽ സംഘർഷം സൃഷ്ടിച്ച സാഹചര്യത്തിലാണ് സംയുക്ത നാവികാഭ്യാസമെന്നതും ശ്രദ്ധേയമാണ്.

80 യുദ്ധ വിമാനങ്ങളാണ് കപ്പലിലുള്ളത്. യുദ്ധവിമാനമായ സൂപ്പർ ഹോണറ്റടക്കം ഇതിലുണ്ട്. ഇ-ടുസി ഹോക്കൈ, ഇഎ-18ജി ഗ്രോവർ തുടങ്ങിയവയും യുദ്ധക്കപ്പലിന്റെ പ്രഹരശേഷി കൂട്ടുന്നു. ഉത്തരകൊറിയൻ നേതൃത്വത്തെ ഭയപ്പെടുത്തുന്നതിനാണ് അമേരിക്ക ഇത്രയും സന്നാഹവുമായി എത്തിയിട്ടുള്ളതെന്ന് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾതന്നെ പ്രചരിപ്പിക്കുന്നു. ആണവശേഷിയുള്ള യുദ്ധക്കപ്പൽതന്നെ മേഖലയിലെത്തിയത് അതിന് തെളിവാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൊറിയൻ നാവികസേനയുമായി ചേർന്ന് സൈനികാഭ്യാസം നടത്തുന്ന കാൾ വിൻസൺ ഏതാനും ദിവസങ്ങൾകൂടി മേഖലയിൽതങ്ങുമെന്ന് സൂചനയുണ്ട്. ദക്ഷിണ കൊറിയയുമായുള്ള സൈനിക സഹകരണം ശക്തമാക്കുന്നതിന് സംയുക്ത നാവികാഭ്യാസം തുണയ്ക്കുമെന്ന് വിൻസണിലെ കമാൻഡർ ജയിംസ് കിൽബി പറഞ്ഞു. അടുത്തയാഴ്ചയാണ് സംയുക്ത നാവികാഭ്യാസം തുടങ്ങുക.

സംയുക്ത നാവികാഭ്യാസത്തിന്റെ ഭാഗമല്ലെങ്കിലും േ്രഗ ഈഗിൾ ഡ്രോൺ വിമാനങ്ങൾ ദക്ഷിണ കൊറിയയിൽ അമേരിക്ക വിന്യസിക്കാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞവർഷത്തെ സംയുക്ത സൈനികാഭ്യാസത്തിൽ 17,000ത്തോളം അമേരിക്കൻ സൈനികരും മൂന്നുലക്ഷത്തോളം കൊറിയൻ സൈനികരും പങ്കെടുത്തിരുന്നു. ഇക്കൊല്ലവും സമാനമായ തോതിൽ സൈനികർ പങ്കെടുക്കും.

സംയുക്ത സൈനികാഭ്യാസത്തെ ഗൗരവത്തോടെ കാണുമെന്ന് ഉത്തരകൊറിയൻ വാർത്താ ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു. ഉത്തരകൊറിയയെ ആക്രമിക്കുകയാണ് അമേരിക്കയുടെ പദ്ധതിയെന്നും അതിർത്തി കടന്നുള്ള പ്രകോപനമുണ്ടായാൽ ദയാരഹിതമായ തിരിച്ചടി നൽകുമെന്നും ഉത്തര കൊറിയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കര-നാവിക-വ്യോമ സേനകൾ സംയുക്തമായാകും ആക്രമിക്കുകയെന്നും മുന്നറിയിപ്പിലുണ്ട്.