കോതമംഗലം : കോതമംഗലം മാർത്തോമാ ചെറിയപള്ളിയിൽ സംഘർഷം തുടരുന്നു. കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ പ്രശ്‌നങ്ങൾക്ക് അയവ് വരുന്നില്ല. പള്ളി പരിസരത്ത് സംഘർഷം രാത്രിയിലും തുടരുന്നു. കോടതി വിധിയുടെ പിൻബലത്തിൽ പള്ളിയിൽ കുർബാന അർപ്പിക്കാനെത്തിയ, ഓർത്തഡോക്‌സ് സഭയിലെ തോമസ് പോൾ റമ്പാനെ യാക്കോബായ വിശ്വാസികൾ പള്ളിയിൽ പ്രവേശിക്കാൻ ഇനിയും അനുവദിച്ചിട്ടില്ല. മടങ്ങിപ്പോകാൻ റമ്പാൻ തയാറാകാതിരിക്കുകയാണ്. പള്ളിക്ക് 50 മീറ്റർ മുമ്പിലായി വന്ന കാറിൽ തന്നെ ഇരിക്കുകയാണ് റമ്പാൻ. വൻ സുരക്ഷ പൊലീസ് ഒരുക്കുന്നുണ്ട്. കോടതി വിധി നടപ്പായി പള്ളിയിൽ കയറിയേ പോകൂവെന്ന നിലപാടിലാണ് റമ്പാൻ. എന്നാൽ യാക്കോബായ വിശ്വാസികൾ പള്ളിക്കുമുന്നിലെ പ്രതിഷേധം തുടരുകയും ചെയ്യുന്നു. പൊലീസ് കോടതി വിധി നടപ്പാക്കാനിറങ്ങിയാൽ ഗുരുതര പ്രതിസന്ധിയുണ്ടാകുമെന്ന് സർക്കാരും തിരിച്ചറിയുന്നു. അതുകൊണ്ടാണ് പൊലീസിന്റെ കാത്തിരിപ്പ്.

ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് തുടർന്ന് റമ്പാന്റെ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചയോടെയാണ് ഡ്രൈവർക്ക് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായത്. ഡ്രൈവർ ആശുപത്രിയിൽ ആയപ്പോഴും തിരിച്ചു പോകാൻ റമ്പാൻ തയ്യാറായില്ല. പിറവം കേസു ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. ഈ സമയം കോതമംഗലത്തെ പ്രശ്‌നവും ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരാനാണ് ശ്രമം. അതുകൊണ്ട് തന്നെ കോടതി നിലാപാട് ഈ കേസിൽ അതിനിർണ്ണായകമാകും. ഇതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് റമ്പാൻ. പിറവം പള്ളി കേസ് പുതിയ ബഞ്ചാണ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്. വലിയൊരു ക്രമസമാധാന പ്രശ്‌നമായി ഇത് മാറുമെന്നാണ് സർക്കാർ നിലപാട്.

പള്ളിയിൽ ശുശ്രൂഷ നടത്താൻ പൊലീസ് സംരംക്ഷണം നൽകണമെന്ന മൂവാറ്റുപുഴ മുൻസിഫ് കോടതിയുടെയും ഹൈക്കോടതിയുടെയും വിധിയുടെ പശ്ചാത്തലത്തിൽ ഇന്നലെ രാവിലെ 10.30ന് ആണ് തോമസ് പോൾ റമ്പാൻ ചെറിയപള്ളിയിലെത്തിയത്. യാക്കോബയക്കാരുടെ എതിർപ്പ് മനസ്സിലാക്കി റമ്പാനെ പൊലീസ് മാറ്റി. എന്നാൽ ഉച്ചയോടെ വീണ്ടുമെത്തിയ റമ്പാൻ പോകാൻ കൂട്ടാക്കാതെ അവിടെ ഇരിക്കുകയാണ്. നേരത്തെ വിധി നടപ്പാക്കാൻ ശ്രമിക്കാത്ത പൊലീസിനെ ഹൈക്കോടതി കണക്കിന് വിമർശിച്ചിരുന്നു. പൊലീസ് ആക്ടിന് അപ്പുറത്തേക്ക് നിയമങ്ങളുണ്ടെന്നും പറഞ്ഞു. എങ്കിലും കോതംഗലത്തെ പ്രശ്‌നത്തെ വിശ്വാസമായി കണ്ട് മൗനം പാലിക്കുകയാണ് പൊലീസ്. പൊലീസ് നടപടിയുണ്ടായാൽ യാക്കോബായക്കാർ കടുംകൈ ചെയ്യുമെന്നാണ് പൊലീസിന്റെ ഭയം. ഇത് മനസ്സിലാക്കിയാണ് റമ്പാന് സുരക്ഷയൊരുക്കി രംഗം ശാന്തമാകാനുള്ള കാത്തിരിപ്പ്.

ഇന്നലെ രാവിലെ ഏഴിനാരംഭിച്ച വിശുദ്ധ കുർബാന മുതൽ പള്ളിയിലെത്തിത്തുടങ്ങിയ വിശ്വാസികൾ തുടർന്നു നടന്ന മറ്റു രണ്ടു കുർബാനകളോടെ വർധിച്ചു. ഇവരെല്ലാം 'അന്ത്യോഖ്യാ വിശ്വാസം സംരക്ഷിക്കാൻ മരണംവരെ പോരാടും' എന്ന പ്രഖ്യാപനവുമായി പള്ളിയകത്തും പുറത്തും നിലയുറപ്പിച്ചതു പൊലീസിനെ കുഴക്കി. അതിനിടെ ശ്രേഷ്ഠ കാതോലിക്കാ ബാവയും മറ്റു മെത്രാപ്പൊലീത്തമാരും എത്തിയതോടെ വിശ്വാസികളുടെ എണ്ണം വർധിച്ചു. പന്ത്രണ്ടരയോടെ പൊലീസ് ജീപ്പിൽ മടങ്ങിയ തോമസ് പോൾ റമ്പാൻ തിരികെവരുമെന്ന് അറിയിച്ചാണു പോയത്. സ്ഥലത്തു സ്ഫോടനാത്മകമായ അന്തരീക്ഷം നിലനിൽക്കുന്നതിനാൽ കൂടുതൽ സഹായം നൽകാനാവില്ല എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. എന്നാൽ, ഒന്നേകാലോടെ റമ്പാൻ സ്വകാര്യകാറിൽ പള്ളിയിലെത്തി. തുടർന്നു വിശ്വാസികൾ തടഞ്ഞു. കാറിൽനിന്നിറങ്ങാതെ തുടരുന്നതിനാൽ പൊലീസ് സംരക്ഷണം തുടരുകയാണ്. നിരീക്ഷകന്റെ സാന്നിധ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന ഹർജിയിൽ ഇന്നു തീർപ്പാവുകയാണെങ്കിൽ വീണ്ടും പള്ളിയിൽ പ്രവേശിക്കാനുള്ള ശ്രമം തുടരാനാണ് തോമസ് പോൾ റമ്പാന്റെ ശ്രമമെന്ന് അറിയുന്നു.

ഇന്നലെ രാവിലെ റമ്പാൻ എത്തുമ്പോൾ ഗേറ്റ് പൂട്ടി യാക്കോബായ വിഭാഗം പള്ളിയിൽ കുർബാനയർപ്പിക്കുകയായിരുന്നു അപ്പോൾ. തോമസ് പോൾ റമ്പാൻ പള്ളിയിൽ പ്രവേശിക്കാതിരിക്കാൻ നൂറുകണക്കിനു യാക്കോബായ വിശ്വാസികൾ പ്രതിരോധം തീർത്തു. ഗേറ്റിനു പുറത്തു പ്രതിഷേധിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എന്നാൽ, പള്ളിയിൽനിന്നു പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പൊലീസിനു കഴിഞ്ഞില്ല. ഇതെ തുടർന്നു 2 മണിക്കൂറിനുശേഷം തോമസ് പോൾ റമ്പാൻ വീണ്ടും എത്തി. പള്ളിയുടെ പടിഞ്ഞാറേ കുരിശിനു സമീപം എത്തിയ റമ്പാനെ സംഘർഷസാധ്യത കണക്കിലെടുത്ത് കാറിൽനിന്നു പുറത്തിറങ്ങാൻ പൊലിസ് അനുവദിച്ചില്ല. മടങ്ങാൻ തയാറല്ലെന്നു വ്യക്തമാക്കിയ റമ്പാൻ കാറിൽ തുടർന്നു. ഇവിടെ പൊലീസിന്റെ കണക്കു കൂട്ടലും തെറ്റി. സംഘർഷം തിരിച്ചറിയുമ്പോൾ റമ്പാൻ മടങ്ങുമെന്നായിരുന്നു പൊലീസിന്റെ പ്രതീക്ഷ.

കോടതി വിധി നടപ്പാക്കാൻ പൊലിസിനു ബാധ്യതയുണ്ടെന്നും അതിനു തയാറാകാത്ത പൊലിസ് നാടകം കളിക്കുകയാണെന്നും തോമസ് പോൾ റമ്പാൻ ആരോപിച്ചു. പൊലിസിന്റെ ഒത്താശയോടെയാണു യാക്കോബായ വിശ്വാസികളുടെ നിയലംഘനം. ഏതാനും വിശ്വാസികളെ അറസ്റ്റ് ചെയ്തതുൾപ്പെടെയുള്ള കാര്യങ്ങൾ തിരക്കഥയനുസരിച്ചുള്ള നാടകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോതമംഗലം ചെറിയപള്ളി യാക്കോബായ സഭയുടെ മാത്രം സ്വത്താണെന്ന വാദത്തിൽ കഴമ്പില്ലെന്ന് ഓർത്തഡോക്‌സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ കുറ്റപ്പെടുത്തലുമായി എത്തി. പള്ളിയുടെ അവകാശം സംബന്ധിച്ച് കേസുകൾ ആരംഭിച്ചിട്ട് വർഷങ്ങളായി. കേസ് നടത്തിപ്പിൽ സജീവമായി പങ്കെടുത്തശേഷം വിധി വന്നപ്പോൾ അതു അനുസരിക്കുകയില്ല എന്ന നിലപാട് ശരിയല്ലെന്നാണ് അവരുടെ പക്ഷം.

ഓർത്തഡോക്‌സ് സഭയുടെ വികാരി തോമസ് പോൾ റമ്പാന് കോടതി അനുവദിച്ച പൊലീസ് സംരക്ഷണം നൽകാൻ കൂട്ടാക്കാതെ പൊലീസ് ഒഴിവു കഴിവുകൾ പറയുകയാണ്. പിറവത്തേതിനു സമാനമായ രംഗങ്ങളാണ് അരങ്ങേറിയത്. സംരക്ഷണം നൽകാമെന്ന് സമ്മതിച്ച പൊലീസ്, പള്ളിമുറ്റത്ത് കൂട്ടം കൂടാൻ ആളുകളെ അനുവദിച്ചു. ഇതു പൊലീസിന്റെ ഇരട്ടത്താപ്പാണെന്ന് ഓർത്തഡോക്‌സുകാർ പറയുന്നു. അതിനിടെ സഭയുടെ സ്വത്ത് ആർക്കും വിട്ടുകൊടുക്കില്ലെന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ പറഞ്ഞു. കോടതി വ്യവഹാരത്തിലൂടെ പ്രശ്‌നങ്ങൾക്കു പരിഹാരമുണ്ടാകുകയില്ല. കോടതിക്കു പുറത്തു പ്രശ്‌നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാൻ ശ്രമിക്കുകയാണു വേണ്ടത്. അത് അംഗീകരിക്കാൻ ഓർത്തഡോക്‌സ് നേതൃത്വം തയാറാകാത്തതാണു പ്രശ്‌നങ്ങൾക്കു കാരണമെന്നും യാക്കോബായക്കാർ പറയുന്നു.

2017 ഓഗസ്ത് 16നാണ് കോതമംഗലം മാർത്തോമൻ ചെറിയ പള്ളി വികാരിയായി തോമസ് പോൾ റമ്പാനെ ഓർത്തോഡോക്‌സ് വിഭാഗത്തിന്റെ അങ്കമാലി ഭദ്രാസനാധിപൻ നിയമിച്ചത്. പക്ഷേ, ഇദ്ദേഹത്തിന് യാക്കോബായ വിഭാഗത്തിന്റെ എതിർപ്പ് കാരണം പള്ളിയിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് റമ്പാൻ കോടതിയെ സമീപിക്കുകയും അനുകൂലവിധി നേടുകയുംചെയ്തു. എന്നാൽ, പള്ളിയിൽ കയറാൻ കഴിയാതെ വന്നതോടെ വീണ്ടും കോടതിയെ സമീപിച്ചു. റമ്പാന് പ്രാർത്ഥനയ്ക്ക് അവസരം ക്രമീകരിക്കാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകുകയായിരുന്നു.