കോതമംഗലം: നായാട്ടുസംഘത്തിലെ യുവാവ് കാട്ടിൽ മരണപ്പെട്ട സംഭവത്തിൽ സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ പൊളിച്ചടുക്കി പൊലീസ് റിപ്പോർട്ട്. ആനക്കൂട്ടത്തിന്റെ ആക്രമണത്തിലാണ് നായാട്ടുസംഘത്തിലുൾപ്പെട്ട ഞായപ്പിള്ളി വഴുതനാപ്പിള്ളി ടോണി മാത്യൂ( 25) മരണപ്പെട്ടതെന്നായിരുന്നു ഇയാൾക്കൊപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾ രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരെ അറിയിച്ചിരുന്നത്. എന്നാൽ ഇതു കെട്ടുകഥയാണെന്നാണ് പൊലീസ് ലഭിച്ച വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. ഇവരിൽ രണ്ടുപേർ ഒളിവിലും ഒരാൾ കളമശ്ശേരി രാജഗിരി ആശുപത്രിയിൽ ചികത്സയിലുമാണ്.

മരണമടഞ്ഞ ടോണിക്കും പരിക്കേറ്റ ബേസിൽ തങ്കച്ചനും നേരെ ആനയുടെ ആക്രമണമുണ്ടായിട്ടില്ലെന്ന് ഡോക്ടർമാർ നടത്തിയ ദേഹപരിശോധനയിൽ വ്യക്തമായിരുന്നു. ഇവർ ഇക്കാര്യം പൊലീസിനെ ധരിപ്പിച്ചിട്ടുമുണ്ട്. ഇതിനിടയിലാണ് വ്യാഴാഴ്ച വൈകി ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ വെടിയേറ്റ മുറിവിൽ നിന്നും രക്തം വാർന്നതിനെത്തുടർന്നാണ് ടോണിയുടെ മരണമെന്ന് സ്ഥിരീകരിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുള്ളത്.

ഇതോടെ നായാട്ടുസംഘത്തിലെ ടോണിയുടെ സുഹൃത്തുകൾ പുറത്തുവിട്ട ആന ആക്രമണക്കഥയുടെ വിശ്വാസ്യത പരക്കെ ചേദ്യം ചെയ്യപ്പെട്ടിരുന്നു. ഇന്നലെ സംഭവസ്ഥലത്തുനിന്നും കണ്ടെടുത്ത തോക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ റിപ്പോർട്ടും മരണത്തിൽ സുഹൃത്തുക്കൾക്കുള്ള പങ്ക് കൂടുതൽ വ്യക്തമാക്കുന്നുണ്ടെന്നാണ് പുറത്തായ വിവരം. സംഭവസ്ഥത്തുനിന്നും രണ്ടായി ഒടിച്ച നിലയിൽ കാണപ്പെട്ട ഒറ്റക്കുഴൽ തോക്കിൽ നിന്നാണ് ടോണിക്ക് വെടിയേറ്റതെന്നായിരുന്നു ആശുപത്രിയിൽ ചികത്സയിൽക്കഴിയുന്ന ബേസിൽ പൊലീസ്-വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിലെ സൂചന.

എന്നാൽ ഈ തോക്ക് അടുത്തകാലത്തെങ്ങും ഉപയോഗിച്ചിട്ടില്ലെന്നും കുഴലിനുള്ളിൽ കണ്ടെത്തിയ വേട്ടാവളിയന്റെ കൂട് തകരാത്തത് ഇക്കാര്യം സ്ഥിരീകരിക്കുന്ന പ്രധാനതെളിവാണെന്നുമാണ് ഇന്നലെ സംഭവസ്ഥലത്തുനിന്നും കണ്ടെടുത്ത തോക്ക് പരിശോധിച്ച സയിന്റിഫിക് അസിസ്റ്റന്റ് സൂസൻ ആന്റണിയുടെ നിഗമനം. എന്നാൽ ഇത് സംബന്ധിച്ച് ഇവർ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല.

ഈ സ്ഥിതിയിൽ നായാട്ടിനിറങ്ങിയ നാൽവർ സംഘത്തിന്റെ കൈവശം മറ്റൊരു തോക്കുകൂടി ഉണ്ടായിരുന്നിരിക്കാമെന്നാണ് പൊലീസ് -വനം വകുപ്പധികൃതരുടെ കണക്കുകൂട്ടൽ. ഒറ്റത്തോക്കുമായി നായാട്ടുസംഘങ്ങൾ കാട്ടിൽ കയറാറില്ലന്നും ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ടാമത്തെ തോക്കിൽ നിന്നാവാം ടോണിക്ക് വെടിയേറ്റതെന്നുമാണ് വനംവകുപ്പധികൃതരുടെ ഉറച്ച വിശ്വാസം. ഇക്കാര്യത്തിൽ സ്ഥിരീകരണത്തിനായി ആശുപത്രിയിൽ ചികത്സയിലുള്ള ബേസിൽ തങ്കച്ചനിൽ നിന്നും വീണ്ടും മൊഴിയെടുക്കുമെന്ന് കുട്ടമ്പുഴ പൊലീസ് അറിയിച്ചു.

മദ്യപിച്ച് നായാട്ടിനിറങ്ങിയ സംഘം സംഭവസ്ഥലത്തുവച്ച് തമ്മിൽ തല്ലിയെന്നും ഈയവസരത്തിൽ തോക്കിന്റെ പാത്തിക്ക് ഇവരിലൊരാൾ ബേസിലിനെ ആക്രമിച്ചിരിക്കാമെന്നും ഇതിൽ കുപിതരായവർ അടിച്ചവനിൽ നിന്നും തോക്ക് പിടിച്ചുവാങ്ങി മരത്തിലടിച്ചോ മറ്റോ വട്ടം ഒടിച്ചിരിക്കാമെന്നും ഇതിനെ എതിർത്ത ടോണിയെ പിൻതിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എതിർ വിഭാഗം കാലിൽ നിറയൊഴിച്ചിരിക്കാമെന്നുമാണ് നിഗമനം. ഇതിനിടെ മറ്റൊരു ആനവേട്ട കേസിലെ പ്രതിയായ ഷിബുവാണ് സംഭവത്തിന് ശേഷം ഒളിവിൽപോയ നായാട്ട് സംഘത്തിൽപ്പെട്ട ഇയാളുടെ സഹോദരൻ ഷൈറ്റിനെയും ഇയാളുടെ ടിപ്പറിന്റെ ഡ്രൈവറായ അജേഷിനെയും ഒളിവിൽ കഴിയാൻ സഹായിക്കുന്നതെന്നും ആരോപണം ശക്തമായിട്ടുണ്ട്.

ബുധനാഴ്ച രാത്രി എട്ടുമണിക്കുമുമ്പുണ്ടായ സംഭവം ഷൈറ്റ് ആദ്യം അറിയിച്ചത് ഷിബുവിനെയായിരുന്നെന്നാണ് സൂചന. എട്ടുമണിയോടടുത്ത് ഞായപ്പിള്ളി ദശമൂലം കവലയിലെ തിരുമ്മുകേന്ദ്രത്തിൽ നടുവ് തിരുമ്മിക്കാനെത്തിയിരുന്ന ഷിബുവിന് ഫോൺ കോൾ എത്തിയിരുന്നെന്നും ഇതിനു ശേഷം ഇയാൾ വളരെ വേഗത്തിൽ ഇവിടെനിന്നും ബൈക്കോടിച്ചു പോയതായും ദൃക്‌സാക്ഷികളിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ട്.

ഷിബുവും സുഹൃത്ത് റെജിയുമാണ് ആദ്യം സംഭവസ്ഥലത്തെത്തിയതെന്നും തുടർന്ന് ഇവരുടെ നിർദ്ദേശ പ്രകാരമാണ് സംഭവത്തിൽ ടോണിയുടെ സുഹൃത്തുക്കൾ നാട്ടുകാരോടും പൊലീസിനോടും മറ്റും സംഭവത്തെക്കുറിച്ച് പ്രതികരിച്ചതെന്നും മറ്റുമുള്ള ആരോപണങ്ങളും പ്രദേശത്ത് പ്രചരിക്കുന്നുണ്ട്.