കൊച്ചി:കോതമംഗലം ആനവേട്ടക്കേസ് സിബിഐക്കു വിടാനുള്ള നീക്കം നടന്നുവരുകയാണ്. സംസ്ഥാന പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച് കാര്യമായ തുമ്പൊന്നും കിട്ടാതെ ഇപ്പോഴും പാതിവഴിയിൽ മാത്രം നിൽക്കുന്ന കേസിൽ ഒരുപാട് ആരോപണങ്ങളാണ് ആഭ്യന്തര വകുപ്പിനും വനം വകുപ്പിനുമെതിരെ ഉയർന്നത്. കേസിൽ പ്രധാന കുറ്റവാളികൾ പലരേയും രക്ഷിക്കാൻ പൊലീസും ഭരണക്കാരും ശ്രമിക്കുന്നുവെന്ന ആരോപണമുയർന്നിട്ടുണ്ട്. കോതമംഗലം പൊലീസിന്റെ ഭാഗത്തുനിന്ന് നേരത്തേയും പല അനാസ്ഥകളുമുണ്ടായിട്ടുള്ളതായി പരാതിയുണ്ട്.

2010-ൽ കോതമംഗലം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കേസിന് ഇപ്പോഴത്തെ ആനവേട്ട കേസുമായി വ്യക്തമായ ബന്ധമുണ്ടെന്നു സംശയിക്കത്തക്ക തരത്തിലായിരുന്നു പൊലീസിന്റെ ഇടപെടൽ. 2010 ഒക്ടോബർ ഒന്നിന് ആനവേട്ടയുമായി ബന്ധപ്പെട്ട് ഒരു പൊലീസ് റെയ്ഡ് നടന്നു. വൻസ്‌ഫോടകശേഖരവും ആയുധങ്ങളും കോതമംഗലത്തെ ഒരു വീട്ടിലുണ്ടെന്ന് ആലുവ എസ്‌പിക്കു ലഭിച്ച രഹസ്യവിവരത്തേത്തുടർന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. കോതമംഗലം വേട്ടാമ്പാറ സ്വദേശിയായ കൈതക്കാട്ടിൽ ടോമിയുടെ വീട്ടിൽ ഒളിപ്പിച്ചു വച്ചിരുന്ന ആയുധങ്ങളും സ്‌ഫോടകശേഖരവും പൊലീസ് പിടികൂടുന്നത് പുലർച്ചെ ഒന്നരയോടെയാണ്. അമ്പേഷണത്തിനും പരിശോധനകൾക്കും നേതൃത്വം കൊടുത്തതാകട്ടെ ഷാഡോ പൊലീസ് എസ്‌ഐ ബിനോയ് പി പൗലോസ്, കോതമംഗലം എസ്‌ഐ മധു എന്നിവരാണ്.

വിവരം സത്യമാണെന്ന തരത്തിലായിരുന്നു പരിശോധനയുടെ അന്തിമഫലം. ഒരു പിസ്റ്റൽ, 12 ബോൾ തോക്ക് രണ്ടെണ്ണം, പോയിന്റ് 22 പിസ്റ്റൽ ഒരെണ്ണം, നൈറ്റ് വിഷൻ ലെൻസ് ഒരെണ്ണം(ഇത് ഉപയോഗിച്ച് ഏതാണ്ട് ഒരു കിലോമീറ്റർ ദൂരം രാത്രി കാണാനാകും, രണ്ട് അടിയോളമാണ് ഇതിന്റെ നീളം) തോട്ട, 6 വെടിയുണ്ടകൾ, പിസ്റ്റൽ ബുള്ളറ്റ്, 12 ബോർ തോട്ട എന്നിവ കൂടാതെ സ്‌ഫോടനം നടത്താൻ ഉപയോഗിക്കുന്ന ഡിറ്റണേറ്ററും (പാറ പൊട്ടിക്കാനാണ് ഇത് സാധാരണമായി ഉപയോഗിക്കുക എക്‌സ്‌പ്ലോസീവ് ലൈസെൻസ് ഉള്ളവർക്ക് മാത്രമേ ഇത് കൈവശം വെയ്ക്കാൻ അനുവാദമുള്ളൂ) കൈതക്കാട്ടിൽ ടോമിയെന്നയാളുടെ വീട്ടിൽനിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു.ന്നുസാധനങ്ങളെല്ലാം കോതമംഗലം സ്റ്റേഷനിൽ ഏൽപ്പിച്ച് പ്രതിയായ ടോമിയേയും അവർക്ക് കൈമാറിയാണ് ഷാഡോ പൊലീസ് സംഘം മടങ്ങിയത്.

പിന്നീടാണ് കേസിലെ അട്ടിമറി നടക്കുന്നതെന്നാണ് സൂചന. സ്‌ഫോടക ശേഖരം കൂടാതെ കുറച്ച് ആധാരങ്ങളും ചെക്ക് ലീഫുകളുമെല്ലാം അന്ന് ടോമിയുടെ വീട്ടിൽനിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. കേസിന്റെ അടുത്ത ഘട്ടത്തിൽ ഇത് വെറും സിവിൽ കേസിന്റെ പരിധിയിലേക്കു മാറുമെന്ന അവസ്ഥയാണുണ്ടായത്. ടോമിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ആയുധങ്ങളിൽ ഒരു തോക്കിനു മാത്രമായിരുന്നു ലൈസൻസ് ഉണ്ടായിരുന്നത്. മറ്റ് ആയുധങ്ങളെല്ലാം കേസിൽ തൊണ്ടിയായില്ലെന്നാണ് അറിയുന്നത്. അനധികൃതമായി പണമിടപാട് നടത്തിയതിനു മാത്രമാണ് ഇയാൾ റിമാൻഡിലായതെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തി. ഇയാളുടെ വീട്ടിൽനിന്ന് അന്നു പിടിച്ചെടുത്ത ആയുധങ്ങളുടെ ദൃശ്യങ്ങളും ഇപ്പോൾ പുറത്തായിട്ടുണ്ട്. ഇതു പിന്നീട് മുക്കാൻ കൂട്ടു നിന്ന കോതമംഗലം പൊലീസ് സ്റ്റേഷനിൽ പുലർച്ചെ പിടിച്ചെടുത്ത സാധനങ്ങൾ എത്തിച്ചപ്പോൾ പൊലീസുകാരിൽ ചിലർ എടുത്ത ദൃശ്യങ്ങളാണിവയെന്നാണ് സൂചന. എന്തായാലും ഈ കേസിൽ കാര്യമായ ശിക്ഷയൊന്നും ടോമിയെ തേടിയെത്തില്ലെന്നു തന്നെയാണ് പറയപ്പെടുന്നത്.

എന്നാൽ തന്നെ ഒറ്റുകൊടുത്തയാളെന്ന് തെറ്റിധരിച്ച് കോതമംഗലത്തെ സിപിഐ(എം) പ്രവർത്തകനായ ഒരു ചായക്കടക്കാരനെ വെട്ടി പരിക്കേല്പിച്ച കേസിൽ വീണ്ടും ടോമി അകത്തായിട്ടുണ്ട്. ഈ കേസിൽനിന്നു ടോമി പുറത്തിറങ്ങി 2011 ഓടെയാണ് ഈ സംഭവം നടക്കുന്നത്. എന്നാൽ അന്ന് കേസ് ഒതുക്കാനുള്ള ശ്രമത്തിനിടയിൽ ടോമിക്ക് ഇത്രയും അധികം സ്‌ഫോടകശേഖരവും ആയുധങ്ങളും എന്തിനെന്നു പോലും പൊലീസ് അന്വേഷിച്ചിരുന്നില്ലെന്നാണ് സൂചന. ആനവേട്ടക്കേസിലെ പ്രതി വാസു ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ടു പോലും കോതമംഗലം ഭാഗങ്ങളിൽ നടന്ന സമാനമായ മറ്റു കേസുകളെക്കുറിച്ച് അന്വേഷിക്കാൻ പോലും പൊലീസ് ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നതാണ് വസ്തുത.

ഒരുപക്ഷേ ഇത്രയും അധികം ആയുധങ്ങൾ അന്ന് പിടികൂടിയെങ്കിലും എഫ്‌ഐആറിൽ അത് വ്യക്തമായി രേഖപ്പെടുത്താത്തതായിരിക്കാം അന്വേഷണത്തെ വഴി തിരിച്ചുവിട്ടത്. ഇപ്പോൾ പിടിയിലായിരിക്കുന്ന പ്രതികൾ പലരും യഥാർഥ പ്രതികളുടെ താഴത്തെ കണ്ണികളോ ബിനാമികളോ മാത്രമാണെന്നാണ് സൂചന. എന്തായാലും പുതിയ അന്വേഷണ സംഘം എങ്കിലും പഴയ വസ്തുതകൾ പരിശോധിച്ചാൽ സഹ്യപുത്രന്മാരെ കൊന്നൊടുക്കി അവരുടെ കൊമ്പെടുത്ത് കച്ചവടം ചെയ്യുന്ന വന്മാഫിയ പിടിയിലാകുമെന്ന് ഉറപ്പാണ്.