കോതമംഗലം: ജീവനക്കാരിയെ തടഞ്ഞുവച്ച് ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ലാബ് ഉടമയെ കണ്ടെത്തുന്നതിനുള്ള പൊലീസ് നീക്കം വിഫലം. മൊഴി രേഖപ്പെടുത്തുന്നതിനായി ഇരയെ ഉടൻ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കുമെന്നു പൊലീസ്. പരാതിക്കാരിയുടെ കുടുംബത്തെ സ്വാധീനിച്ച് കേസ് തണുപ്പിക്കാൻ പ്രതിയുമായി അടുപ്പമുള്ളവർ ഊർജ്ജിതനീക്കം നടത്തുന്നതായും സൂചന.

പ്രാഥമികാന്വേഷണത്തിൽ പെൺകുട്ടിയുടെ മൊഴിയിൽപ്പറയുന്ന കാര്യങ്ങളിൽ കാര്യമായ പൊരുത്തക്കേടുകളില്ലെന്നാണ് മനസ്സിലായിട്ടുള്ളതെന്നും ഇതേപ്പറ്റി കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും എസ് ഐ സി വി ലൈജുമോൻ വ്യക്തമാക്കി. 164 വകുപ്പ് പ്രകാരം പെൺകുട്ടിയെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തുന്നതിന് നടപടികൾ ആരംഭിച്ചതായും എസ് ഐ അറിയിച്ചു.

ഈ മാസം 16-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോതമംഗലം ഗവ.ആശുപത്രിപ്പടിയിലുള്ള നീതി മെഡിക്കൽ ലാബ് ഉടമ തങ്കളം സ്വദേശി നാസർ ഇവിടെ പാർട് ടൈം ജോലി ചെയ്തിരുന്ന തന്നെ പണാപഹരണം നടത്തിയെന്നാരോപിച്ച് ഇരുട്ടുമുറിയിൽ ഏഴുമണിക്കൂറോളം തടഞ്ഞുവയ്ക്കുകയും മർദ്ദിക്കുകയും തുടയിൽ സിറിഞ്ചിന്റെ നീഡിൽ( സൂചി )കുത്തിയിറക്കി സിറിഞ്ച് വട്ടം കറക്കിയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ.

സംഭവത്തിൽ പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ഓപ്പറേഷന് വിധേയമാക്കിയ പെൺകുട്ടിയിൽനിന്നും 17-ന് പൊലീസ് മൊഴി രേഖപ്പെടുത്തി, കേസ് ചാർജ് ചെയ്തിരുന്നെങ്കിലും ബാഹ്യഇടപെടലുകളെത്തുടർന്ന് തുടർനടപടികൾ മരവിപ്പിക്കുകയായിരുന്നെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആക്ഷേപം. സമീപപട്ടണങ്ങളിലായി ആറു ലാബുകൾ സ്വന്തമായുള്ള നാസറിന്റെ ശരിയായ അഡ്രസ്സ് പോലും അറിയില്ലെന്നാണ് പൊലീസ് ആദ്യഘട്ടത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

164 പ്രകാരം പെൺകുട്ടിയെക്കൊണ്ട് മജിസ്‌ട്രേറ്റിനു മുന്നിൽ മൊഴി നൽകിക്കുന്നതിനുള്ള പൊലീസ് നീക്കത്തിന് പിന്നിലും ബാഹ്യഇടപെടലുണ്ടെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം. പെൺകുട്ടി നേരത്തെ പൊലീസിലും മാദ്ധ്യമങ്ങൾക്കു മുന്നിലും നടത്തിയ വെളിപ്പെടുത്തലുകൾ മജിസ്‌ട്രേറ്റിന് മുന്നിൽ സ്ഥിരീകരിച്ചാൽ മാത്രമേ കേസിലെ പ്രതിയായ ലാബ് ഉടമയ്‌ക്കെതിരെ നടപടിക്ക് സാദ്ധ്യതയുള്ളു എന്നതാണ് നിലവിലെ സ്ഥിതി.

ചെറുപ്പത്തിലെ അച്ഛൻ മരിച്ചുപോയ യുവതിയുടെ വീട്ടിൽ രണ്ടു പെൺമക്കളും അമ്മയും മാത്രമാണുള്ളത്. അമ്മ കൂലിപ്പണിക്കു പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം നിത്യവൃത്തി കഴിയുന്നത്. ഒരു സ്വകാര്യകോളേജിൽ വിദ്യാർത്ഥിനിയായ യുവതി ഫീസ് കൊടുക്കാൻ വഴിയില്ലാത്തതിനാലാണ് പഠനത്തിനൊപ്പം നാസറിന്റെ ലബോറട്ടറിയിൽ കഴിഞ്ഞ നവംബർ 7 മുതൽ ജോലിക്ക് ചേർന്നത്. എല്ലാ ദിവസവും രാവിലെ 6.30 മുതൽ 10.30 വരെയാണ് ജോലിസമയം.

കഴിഞ്ഞ 16-ന് രാവിലെ പതിവുപോലെ ജോലിക്കെത്തിയ തന്നെ ലാബിൽ സൂക്ഷിച്ചിരുന്ന 26,000 രൂപ അപഹരിച്ചെന്നാരോപിച്ച് ലാബ് ഉടമ രാവിലെ 8 മണി മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ ലാബിലെ മുറിയിൽ തടഞ്ഞുവച്ചുവെന്നും പലവട്ടം കരണത്തടിച്ചെന്നും തുണിയഴിപ്പിച്ച് ദേഹപരിശോധന നടത്തിയെന്നും വായ് പൊത്തിപ്പിടിച്ച് ഭിത്തിയോട് ചേർത്തുനിർത്തി തുടയിൽ സിറിഞ്ചിന്റെ നീഡിൽ കുത്തിയിറക്കിയെന്നും കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്.

കുത്തിയ ശേഷം സിറിഞ്ച് കറക്കി തന്നെ കൂടുതൽ വേദനിപ്പിക്കുന്നതിനുള്ള നാസറിന്റെ നീക്കത്തിനിടെ നീഡിൽ മാംസത്തിനുള്ളിൽ വച്ച് ഒടിഞ്ഞിരുന്നുവെന്നും കോലഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇത് നീക്കം ചെയ്തതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.