കോതമംഗലം: പ്രമുഖ ധനകാര്യ സ്ഥാപനമായ എൻഎഫ്‌സിയുടെ കോതമംഗലം ശാഖയിലെ തിരിമറികളുമായി ബന്ധപ്പെട്ട് പിടിയിലായ മാനേജർ ശ്രീഹരി ആസൂത്രിതമായാണ് ഇടപാടുകാരെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. പാവം നടിച്ച് എല്ലാവരുടേയും വിശ്വസ്തനായി പ്രീതി പിടിച്ചുപറ്റിയ ശ്രീഹരി പ്‌ളാനൊരുക്കിയാണ് ഓരോരുത്തരേയും കെണിയിൽ വീഴ്‌ത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു.

ആദ്യം സ്ഥാപനത്തിലെ പണയപ്പണ്ടങ്ങൾ ഇതര സ്ഥാപനങ്ങളിൽ പണയപ്പെടുത്തി പത്ത് ലക്ഷത്തോളം സ്വന്തമാക്കി. ഇത് പൂർത്തിയായപ്പോൾ വ്യാജ രേഖചമച്ച് ഉടമകളിൽ ലക്ഷങ്ങൾ പോക്കറ്റിലാക്കി. ആറു മാസം കഴിയുമ്പോൾ ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് അടുത്തുകൂടിയപ്പോൾ വിശ്വസിച്ച മുൻ സഹപ്രവർത്തകയ്ക്ക് നഷ്ടപ്പെട്ടത് 10 ലക്ഷം രൂപയാണ്. മീറ്റർ പലിശക്ക് നിക്ഷേപം സ്വീകരിച്ചും സംശയത്തിന് ഇടനൽകാതെ ഇടപാടുകാരെ കൂടെനിർത്തിയും എൻഎഫ്‌സി മാനേജർ ശ്രീഹരി സ്വന്തമാക്കിയ കോടികൾ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

ശ്രീഹരിയുടെ ലീലാവിലാസങ്ങളെക്കുറിച്ചറിഞ്ഞ അടുപ്പക്കാരുടെ ഞെട്ടൽ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ശരീരഭാഷകൊണ്ടും സംസാരം കൊണ്ടും പഞ്ചപാവമെന്ന നിലയിൽ പെരുമാറിക്കൊണ്ട് തങ്ങളുടെ അടുത്തെത്തിയ ശ്രീഹരിയുടെ കെണിയിൽ വീഴാത്തവരാണിപ്പോൾ ഏറെ ആശ്വാസിക്കുന്നത്. മൂന്ന് മാസം കൊണ്ടും ആറ് മാസം കൊണ്ടും തുക വർദ്ധിപ്പിച്ചു നൽകാമെന്ന മോഹന വാഗ്ദാനത്തിൽ വീണവർക്കെല്ലാം വൻതുകകളാണ് നഷ്ടമായിരിക്കുന്നത്.

തട്ടിപ്പിൽ പൊലീസ് കേസെടുത്തതോടെ മുങ്ങിയ വേങ്ങൂർ സ്വദേശി ശ്രീഹരി കഴിഞ്ഞ ദിവസം കോതമംഗലം കോടതിയിൽ കീഴടങ്ങുകയായിരുന്നു. കസ്റ്റഡിയിൽ വാങ്ങി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് തട്ടിപ്പിന്റെ ഏകദേശ രൂപം പുറത്തായത്.

ജീവനക്കാരൻ ജോയലുമായിച്ചേർന്നാണ് ശ്രീഹരി കോടികൾ സ്വന്തമാക്കിയത്. ജോയൽ നേരത്തെ പൊലീസ് പിടിയിൽ ആയിരുന്നു. ഇരുവരും ചേർന്ന് 617 ഗ്രാം സ്വർണം സ്ഥാപനത്തിൽ പണയപ്പെടുത്തിയതായുള്ള വ്യാജരേഖ തയ്യാറാക്കി സ്ഥാപന നടത്തിപ്പുകാരിൽ നിന്നും പത്ത് ലക്ഷത്തോളം രൂപ വാങ്ങിയതായിട്ടാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

നഷ്ടമായ സ്വർണം പൂർണ്ണമായും കണ്ടെടുത്തതായി കോതമംഗലം എസ് ഐ ബേസിൽ തോമസ് അറിയിച്ചു. 1517 ഗ്രാം സ്വർണം നഷ്ടമായെന്നായിരുന്നു എൻ എഫ് സി മാനേജ്‌മെന്റ് പൊലീസിൽ പരാതിപ്പെട്ടിരുന്നത്. ഇതിൽ 900 ഗ്രാം സ്വർണം വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്നായി പൊലീസ് സംഘം കണ്ടെടുത്തു. നഗരത്തിലെ വ്യാപാരികളാണ് ശ്രീഹരിയുടെ തട്ടിപ്പിൽപ്പെട്ടിൽ കുടുങ്ങിയവരിൽ ഏറെയും.

ഒന്നര കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് . യഥാർത്ഥത്തിൽ തട്ടിപ്പിന്റെ വ്യാപ്തി ഇതിന്റെ പതിന്മടങ്ങാണെന്നും സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതിചേർക്കപ്പെടുമോ എന്ന അശങ്കയിലാണ് പണം നഷ്ടമായവർ പൊലീസിൽ പരാതി നൽകാൻ മടിക്കുന്നതെന്നുമാണ് സൂചന.

തട്ടിപ്പിലൂടെ സ്വന്തമാക്കിയ തുക ഏതുവഴിക്ക് ചിലവഴിച്ചു എന്നകാര്യം ശ്രീഹരി ഇതുവരെ പൊലീസിൽ വെളിപ്പെടുത്തിയിട്ടന്നാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം.സീനിയർ സിവിൽ പൊലീസ് ഓഫീസർ രഘുനാഥ്, സിവിൽ പൊലീസ് ഓഫീസമാരായ അജീഷ് ,സജ്‌ന എന്നിവരും അന്വേഷണത്തിൽ പങ്കാളികളായിരുന്നു.