കോതമംഗലം: കോടികളുടെ തിരിമറി നടന്നുവെന്ന് പരാതിയുയർന്ന കോതമംഗലം എൻഎഫ്‌സി ഓഫീസിൽ വൻ പ്രതിഷേധവുമായി വ്യാപാരികൾ ഇരച്ചുകയറി. അമ്പതോളം വ്യാപാരികൾ ഓഫീസിൽ പ്രവേശിച്ച് നിക്ഷേപവും പണയംവച്ച സ്വർണവും തിരികെ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. പലരിൽ നിന്നായി വൻതുകയുടെ നിക്ഷേപം സ്വീകരിച്ചിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. തന്റെ എട്ട്് ലക്ഷംരൂപ സ്ഥാപനത്തിലെ ജീവനക്കാർ തട്ടിയെടുത്തെന്ന വ്യാപാരിയുടെ പരാതിയിൽ സ്ഥാപനത്തിലെ മാനേജർ പുല്ലുവഴി സ്വദേശി ശ്രീഹരി, സെയിൽസ് ഓഫീസർ ഊഞ്ഞാപ്പാറ കുരുട്ടാംപുറത്ത് ജോയൽ(24)എന്നിവരെ പ്രതിയാക്കി കോതമംഗലം പൊലീസ് കേസെടുത്തിരുന്നു. ഇവരിൽ ജോയലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

തട്ടിപ്പ് നടക്കുന്നതായി വ്യക്തമായതോടെയാണ് വ്യാപാരികൾ പ്രതിഷേധവുമായി എത്തിയത്. നിക്ഷേപം നടത്തിയവരും പണയംവച്ചവരും രസീത് ബുക്കും ഇതര രേഖകളും കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ മുടന്തൻ ന്യായങ്ങൾ നിരത്തി തടി തപ്പാനായിരുന്നു ശ്രമം. ഒരു മാസത്തിലേറെയായി സി സി ടി വി ക്യാമറ പ്രവർത്തിക്കുന്നില്ല. യു പി എസ് ഘടിപ്പിക്കാത്തതിനാൽ കമ്പ്യൂട്ടറും അധിക സമയം പ്രവർത്തിപ്പിക്കാറില്ലെന്നാണ് പറയുന്നത്. ഇതിലും ദുരൂഹതയുള്ളതായി വ്യാപാരികൾ ആരോപിക്കുന്നു. പണവും സ്വർണവും തിരികെ വേണമെന്ന് ആവശ്യം ശക്തമായെങ്കിലും സ്വർണം മോഷണം പോയെന്നും പണത്തിന്റെ ഉത്തരവാദിത്വം താൻ ഏൽക്കില്ലന്നുമായിരുന്നു ഈ സമയം ഓഫീസിലുണ്ടായിരുന്ന കമ്പനി പ്രതിനിധിയുടെ നിലപാട്. ഇതേത്തുടർന്ന് വ്യാപാരികൾ രോക്ഷാകുലരായി.

കമ്പനി പ്രതിനിധിയായ പുറത്തു വിടാതെ തടഞ്ഞുവച്ചു. എം. ഡി വന്ന് പണവും സ്വർണ്ണവും നൽകാതെ ഇയാളെ വിടില്ലന്ന് പ്രതിഷേധക്കാർ പ്രഖ്യാപിച്ചതോടെ പൊലീസ് പ്രശ്‌നത്തിൽ ഇടപെട്ടെങ്കിലും പിരിഞ്ഞു പോകാൻ വ്യാപാരികൾ തയ്യാറായില്ല. നഷ്ടപ്പെട്ട പണത്തിനും സ്വർണ്ണത്തിനും ഉത്തരവാദിത്വം നൽകാൻ പൊലീസ് തയ്യാറായാൽ മാത്രമേ പിരിഞ്ഞു പോകു എന്ന് വ്യാപാരികൾ പ്രഖ്യാപിച്ചതോടെ പ്രശ്‌നം രൂക്ഷമായി.

എം ഡി വന്ന് പ്രശ്‌നം തീർക്കും വരെ ഓഫീസിലുണ്ടായിരുന്ന കമ്പനി പ്രതിനിധിയെ സ്റ്റേഷനിൽ സൂക്ഷിക്കാമെന്ന പൊലീസിന്റെ നിർദ്ദേശം വ്യാപാരികൾ അംഗീകരിച്ചു. ഇതേത്തുടർന്നാണ് സ്ഥിതിഗതികൾ ശാന്തമായത്. ഒന്നര കോടിയിലേറെ രൂപ കമ്പനി തട്ടിയെടുത്തെന്നാണ് വ്യാപാരികളുടെ വെളിപ്പെടുത്തൽ. എന്നാൽ യഥാർത്ഥ കണക്ക് ഇതിന്റെ പല മടങ്ങ് കാണുമെന്നാണ് സൂചന.

പ്രമുഖ ധനകാര്യ സ്ഥാപനമായ എൻ എഫ് സി ബ്രാഞ്ചിൽ നടന്ന തിരിമറിയിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോടികളുടെ നിക്ഷേപം സ്ഥാപനം പലരിൽ നിന്നായി സ്വരൂപിച്ചിട്ടുണ്ടെന്നാണ് സൂചന. ഇത് സംമ്പന്ധിച്ച് കൃത്യമായ വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.
നിക്ഷേപങ്ങൾ വിപൂലീകരിക്കുന്നതിന് സ്ഥാപനത്തിലെ ജീവനക്കാർ ഫീൽഡ് വർക്കും നടത്തിയിരുന്നു. നിക്ഷേപം ആവശ്യപ്പെട്ട്് സ്ഥാപനത്തിലെ ജിവനക്കാരി നിരവധി വ്യാപാരികളെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായും അറിയുന്നു.

എന്നാൽ ഇത് സംബന്ധിച്ചുള്ള തെളിവെടുപ്പിൽ തങ്ങൾ നിക്ഷേപം സ്വീകരിക്കുന്നില്ലന്നാണ് കമ്പിനി നടത്തിപ്പുകാർ മൊഴി നൽകിയതെന്ന് കോതമംഗലം സി ഐ അഗസറ്റിൻ മാത്യു മറുനാടനോട് വ്യക്തമാക്കിയിരുന്നു. ജിവനക്കാർ തങ്ങൾ അറിയാതെ നിക്ഷേപം സ്വീകരിച്ചെന്ന് വരുത്തിത്തീർക്കുന്നതിനാണ് കമ്പനി നടത്തിപ്പുകാർ ശ്രമിക്കുന്നതെന്ന ആക്ഷേപമാണ് ഇതോടെ ഉയരുന്നത്. അതോടൊപ്പം വ്യാപാരികളടക്കം വമ്പന്മാർ വൻതുക സ്ഥാപനത്തിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ഈ തുകകളുടെ ലഭ്യത സംബന്ധിച്ച് കൃത്യമായ രേഖകൾ ഹാജരാക്കനില്ലാത്ത സാഹചര്യത്തിലാണ് വിവരം പുറത്തറിയിക്കാൻ ഇവർ മടിക്കുന്നതെന്നുമാണ് പരക്കെയുള്ള വിലിരുത്തൽ.

കമ്പനിയുടെ ശാഖ മാനേജരായ ശ്രിഹരിയും ജീവനക്കാരനായ ജോയലും ചേർന്നാണ് തട്ടിപ്പ് നടത്തി പണം കവരുകയായിരുന്നെന്നാണ് പൊലീസ് പുറത്തുവിട്ടിട്ടുള്ള വിവരം. മാനേജർ പുല്ലുവഴി സ്വദേശി ശ്രീഹരിയെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. സംഭവത്തിൽ പരാതി ഉണ്ടാകുമെന്നറിഞ്ഞ ശ്രീഹരി വെള്ളിയാഴ്ച വൈകിട്ട് ബൈക്കിൽ രക്ഷപെടവെ കാലടിയിൽ വച്ച് ബൈക്ക് മറിയുകയും പരുക്കേൽക്കുകയും ചെയ്തിരുന്നു.തുടർന്ന് അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ ചികിത്സ തേടിയശേഷം ഒളിവിൽ പോവുകയായിരുന്നവെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തിൽ പൊലിസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്ഥാപനത്തിൽ നിന്നും ഒന്നര കിലോയോളം സ്വർണം നഷ്ടപ്പെട്ടതായി കാണിച്ച് നൽകിയിട്ടുള്ളതാണ് ഒന്ന്. മറ്റൊന്ന് കോതമംഗലത്തെ വ്യാപാരി ബെന്നി വർഗീസ് നൽകിയിട്ടുള്ളതും. അമ്പത് ലക്ഷം രൂപയും പത്ത് ലക്ഷം രൂപയും നഷ്ടപ്പെട്ട രണ്ടുപേരുടെയും എട്ട് ലക്ഷം രൂപ നഷ്ടപ്പെട്ട മറ്റൊരാളുടെയും പരാതിയും പൊലിസിന് ലഭിച്ചിട്ടുണ്ട്. ബെന്നി വർഗീസ് നൽകിയ പരാതി പ്രകാരം എട്ടരലക്ഷം രൂപയാണ് അപഹരിച്ചിട്ടുള്ളത്.കമ്പനിയുടെ സ്വർണത്തിന്റെ വിലയായി കണക്കാക്കിയിട്ടുള്ളത് ഏകദേശം മുപ്പത് ലക്ഷം രൂപയാണ്.

ടാർജറ്റ് തികയ്ക്കാനെന്ന പേരിൽ വ്യാപാരികളെയും ഭേദപ്പെട്ട സാമ്പത്തിക ചുറ്റുപാടുള്ളവരെയും ഫോണിൽ വിളിച്ചും നേരിൽ ബന്ധപ്പെട്ടും ഇവർ ഏതാനും ദിവസത്തേക്ക് ലക്ഷങ്ങൾ നിക്ഷേപം സ്വീകരിക്കുകയും ഇതിന് കമ്പനി രസീത് നൽകുകയും പിന്നീട് മുൻധാരണ പ്രകാരമുള്ള പലിശ ചേർത്ത് കൃത്യമായി തുക തിരിച്ച് നൽകുകയും ചെയ്തിരുന്നു. ഇത് പൊലീസ് അന്വേഷണത്തിലും വ്യക്തമായിട്ടുണ്ട്. എന്നാൽ ഈ വിവരമൊന്നും തങ്ങൾ അറിഞ്ഞിരുന്നില്ലന്നുള്ള വിചിത്ര വാദമാണ് കമ്പനി നടത്തിപ്പുകാർ പൊലീസിന് മുമ്പാകെ ആവർത്തിക്കുന്നത്.ഇതിൽ എത്രത്തോളം യാഥാർത്ഥ്യമുണ്ടെന്ന് കണ്ടെത്താൻ വരും ദിവസങ്ങളിൽ പൊലീസ് വിശദമായ തെളിവെടുപ്പ് നടത്തും.