അടൂർ: കാലിവളർത്തൽ ഉപജീവനമാക്കിയ കർഷകരുടെ വയറ്റത്തടിച്ച് കൊട്ടാരക്കരയിലെ മൊത്തക്കട ഉടമ. കാലാവധി കഴിഞ്ഞ്, വിഷമായി മാറിയ കാലിത്തീറ്റ അന്യായവിലയ്ക്ക് വിറ്റാണ് ഇദ്ദേഹം കർഷകരുടെ വയറ്റത്തടിച്ചത്. വിഷം ഉള്ളിൽച്ചെന്ന കാലികൾ കൂട്ടത്തോടെ തളർന്നു വീണപ്പോൾ ഡോക്ടർമാർക്കും കാരണം കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ കാലിത്തീറ്റ പായ്ക്കറ്റ് നോക്കിയപ്പോഴാണ് കാലാവധി കഴിഞ്ഞ മാസങ്ങളായ തീറ്റയാണ് തങ്ങൾക്ക് വ്യാപാരി തന്നത് എന്ന കാര്യം വ്യക്തമായത്. ഇതിനെപ്പറ്റി പരാതിപ്പെട്ടപ്പോൾ കർഷകരെ വ്യാപാരി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

കടമ്പനാട് നെല്ലിമുകൾ അരുൺ നിവാസിൽ ക്ഷീരകർഷക അശ്വതി അരുൺ വാങ്ങിയ ഗോദ്റേജ് കാലിത്തീറ്റയിലാണ് മുഴുവൻ പുഴുക്കളും ഫംഗസും കാണപ്പെട്ടത്. 50 കിലോഗ്രാം വീതമുള്ള മൂന്ന് ചാക്ക് കാലിത്തീറ്റയും ഉപയോഗയോഗ്യമല്ല. കൊട്ടാരക്കര കലയപുരം അപ്സര സ്റ്റോഴ്സിൽ നിന്നാണ് ചൊവ്വാഴ്ച കാലിത്തീറ്റ വാങ്ങിയത്. 2017 ഒക്ടാേബർ മൂന്നിന് പാക്ക് ചെയ്തതായി പാക്കറ്റിൽ രേഖപ്പെടുത്തിയ കാലിത്തീറ്റയുടെ പാക്കറ്റിൽ 1200 രൂപയാണ് എം.ആർ.പി രേഖപ്പെടുത്തിയിരുന്നത്. പത്ത് രൂപ വീതം കുറച്ച് 3300 രൂപയാണ് ഈടാക്കിയത്. ജിഎസ്ടി ഉൾപ്പെടെയുള്ള ക്യാഷ്-രസീതിന് പകരം എസ്റ്റിമേറ്റ് ബിൽ ആണ് നൽകിയത്.

വീട്ടിൽ കൊണ്ടു വന്ന് ചാക്ക് പൊട്ടിച്ചു നോക്കിയപ്പോഴാണ് തീറ്റ പഴകിയതാണെന്ന് മനസിലായത്. ഉടൻ തന്നെ കടയുടമ രാജേഷിനെ വിളിച്ച് തീറ്റ മാറിത്തരണമെന്നും അതിനുള്ള വണ്ടിക്കൂലി വഹിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും അതിനു തയാറായില്ലെന്ന് അശ്വതി പറഞ്ഞു. ഒരു വർഷമായി അശ്വതിയുടെ മൂന്ന് പശുക്കൾക്ക് ഇവിടെ നിന്നു വാങ്ങിയ കാലിത്തീറ്റയാണ് നൽകുന്നത്. നാല് മാസമായി ഇതേ പാക്കിങ് തീയതിയിലുള്ള പഴകിയ കാലിത്തീറ്റയാണ് നൽകി വരുന്നത്. പശുവിന് അസുഖം ബാധിച്ചതോടെയാണ് അശ്വതി കാലിത്തീറ്റയുടെ പാക്കിങ് തീയതി ശ്രദ്ധിച്ചത്.

ഇതും പഴകിയതായിരുന്നു. ഇതേസമയം കാലിത്തീറ്റ പാക്ക് ചെയ്ത തീയതി മുതൽ 45 ദിവസമാണ് അത് ഉപയോഗിക്കാവുന്ന കാലാവധിയെന്നും പരമാവധി 60 ദിവസം വരെ ഉപയോഗിക്കാമെന്നും അതു കഴിഞ്ഞാൽ അത് പഴകിയതാണെന്നും ഗോദ്റേജ് കാറ്റിൽ ഫീഡ് കൊല്ലം ജില്ലാ ഓഫിസ് അധികൃതർ പറഞ്ഞു. തങ്ങൾക്ക് ഈ വിഷയത്തിൽ വീഴ്ചയില്ല. സാധാരണ വിൽക്കാതെ വരുന്ന കാലിത്തീറ്റ കമ്പനി തിരിച്ചെടുക്കുകയാണ് പതിവ്. ഇവിടെ പക്ഷേ, കടയുടമ ഇത് തിരിച്ച് നൽകാൻ തയാറായിട്ടില്ലെന്നും റീജണൽ മാനേജർ പറഞ്ഞു. വലിയ തോതിൽ ഈ വ്യാപാരി സ്റ്റോക്ക് എടുത്തു വച്ചിരുന്നു.

അതിന് ശേഷം ഇയാൾ കുറേ നാൾ സ്ഥലത്തില്ലാതിരുന്നത് കാരണം കട തുറന്നിരുന്നില്ല. ഇതാകാം തീറ്റ കേടുവരാൻ കാരണമായതെന്നും ഏരിയാ സേൽസ് മാനേജർ പറഞ്ഞു. വ്യാപാരിക്കെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് കർഷകർ. അശ്വതിക്ക് പറ്റിയ അബദ്ധം അറിഞ്ഞതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം മറ്റു ക്ഷീരകർഷകരും അറിഞ്ഞത്.