- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൗണിലെ ഗതാഗത കുരുക്ക് മാറ്റാൻ സമാന്തര പാതയ്ക്ക് നിർദ്ദേശിച്ചപ്പോൾ എതിർത്തത് പ്രതിപക്ഷ രാഷ്ട്രീയം; അതേ പാർട്ടി നേതാവിന്റെ ഏലായിലെ ഭൂമി മണ്ണിട്ട് നികത്തുന്ന വിചിത്ര കാഴ്ച ഇപ്പോൾ; കൂട്ടിന് സിപിഐയുടെ ചെങ്കൊടി; കൊട്ടാരക്കരയിലെ ഇടതു പക്ഷത്ത് പരിസ്ഥിതി വിവാദവും
കൊട്ടാരക്കര: കൊട്ടാരക്കരയിലും പരിസരപ്രദേശത്തും വ്യാപകമായി കുന്നിടിക്കലും മണ്ണുകടത്തലും തകൃതിയായി നടക്കുമ്പോൾ അത് ഇടതു മുന്നണിയിലും തർക്കമായി മാറുന്നു. സിപിഎമ്മും സിപിഐയും രണ്ടു തട്ടിലാണ്. പരിസ്ഥിതിയെ തർക്കുന്നവർക്കൊപ്പം സിപിഐ നിൽക്കുന്നുവെന്നതാണ് സിപിഎമ്മിന്റെ പരാതി. കേരളാ കോൺഗ്രസ് ബിയും മണ്ണിടലിനെ എതിർക്കുകയാണ്. ബിജെപി നേതാവിന്റെ നിലം കരഭൂമിയാക്കാനുള്ള നീക്കമാണ് വിവാദത്തിന് പുതിയ തലം നൽകുന്നത്.
മണ്ണിടിച്ചിലും കടത്തും നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കൊട്ടാരക്കര തഹസിൽദാർക്ക് പരാതി നൽകിയിരുന്നു. സ്ഥലം സന്ദർശിച്ച്? നിയമലംഘനം കലക്ടറുടെ ശ്രദ്ധയിൽപെടുത്തുമെന്നും തഹസിൽദാർ ഉറപ്പുനൽകിയതായി നേതാക്കൾ പറഞ്ഞു. വീട് വെയ്ക്കുന്നതിന് 5 സെന്റ് സ്ഥലത്തെ മണ്ണെടുക്കാൻ ജിയോളജി വകുപ്പിൽ നിന്നും അനുമതി കരസ്ഥമാക്കിയ ശേഷം സമീപത്തുള്ള കുന്നുകൾ ഇടിച്ച് മണ്ണ് കൂറ്റൻ ടിപ്പറുകളിൽ കടത്തുന്ന നടപടിയാണ് വിവാദത്തിന് കാരണം.
മുനിസിപ്പാലിറ്റി, പഞ്ചായത്ത് ഭരണസമിതികളും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും ടിപ്പർ/ജെ.സി.ബി ഉടമകൾ തമ്മിലുള്ള ലോബിയാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നും ആരോപണമുണ്ട് കലക്ടർ, റൂറൽ എസ്‌പി, തഹസിൽദാർ, ജിയോളജി ജില്ല ഓഫിസർ എന്നിവർക്കും പരാതി കിട്ടി. ഇതോടെ അന്വേഷണം തുടങ്ങി. ഇതിനിടെയാണ് മണ്ണിടിച്ചിലിൽ രാഷ്ട്രീയ തർക്കവും എത്തുന്നത്. അതിനിടെ ജിയോളജി പെർമിറ്റിന്റ മറവിൽ അനധികൃതമായി മണ്ണ് കടത്തുകയും നിലത്തിൽ മണ്ണിടുകയും ചെയ്യുന്നതിനെതിരെ കർശനനടപടി സ്വീകരിക്കുവാൻ റവന്യൂ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
അനധികൃതമായി മണ്ണെടുക്കുന്നതും ജിയോളജി പെർമിറ്റിന്റെ മറവിൽ അളവിൽ കൂടുതൽ മണ്ണെടുക്കുകയും കൂടാതെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ലെന്ന കാരണത്താൽ അത്തരം സ്ഥലങ്ങളിൽ നിലത്തിൽ മണ്ണിടുന്നതായും ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മണ്ണെടുക്കുന്ന സൈറ്റ്കളിൽ വില്ലേജ് ഓഫീസർമാർ നേരിട്ട് പരിശോധന നടത്തുവാനും നിയമ ലംഘനം ശ്രെദ്ധയിൽ പെട്ടാൽ കേസെടുത്തു കർശന നടപടി സ്വീകരിക്കാനുമാണ് നിർദ്ദേശം.
കൂടാതെ എംസി റോഡിന്റെ വശത്തു ഉള്ള നിലങ്ങൾ ഡാറ്റാ ബാങ്കിൽ ഉൾപ്പെടാതിരിക്കുകയും എന്നാൽ ഇപ്പോഴും നിലമായി തുടരുകയും ചെയ്യുന്ന തരത്തിലുള്ള ഭൂമിയുടെ ലിസ്റ്റ് തയ്യാറാക്കാൻ തഹസീൽദാർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർമാർ ഇത്തരം ഭൂമികളുടെ ലിസ്റ്റ് തയ്യാറാക്കി നൽകി. .ഇത്തരം ഭൂമികളിൽ ഒരുതരത്തിലും മണ്ണ് നിക്ഷേപിക്കുന്നതോ പരിവർത്തനം ചെയ്യുന്നതോ അനുവദിക്കാൻ കഴിയില്ല എന്നും ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ ക്രിമിനൽ നടപടി ഉൾപ്പെടെ സ്വീകരിക്കുമെന്നും തഹസീൽദാർ അറിയിച്ചു. കൂടാതെ കുന്നിടിച്ചു അളവിൽ കൂടുതൽ മണ്ണുകടത്തുന്ന വാഹനങ്ങൾ പൊലീസ് പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കൊട്ടാരക്കര ടൗണിലെ കുലശേഖര നല്ലൂർ ഏലായിലെ മണ്ണിടിച്ചലാണ് ആരോപണങ്ങൾക്ക് വഴി വച്ചത്. കൊട്ടാരക്കര നഗരസഭ ഒരു വർഷം മുമ്പ് ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി കുലശേഖര നല്ലൂർ ഏലാ വഴി പുലമൺ ജംഗ്ഷനിലേക്ക് സമാന്തര പാത നിർമ്മിക്കാൻ തീരുമാനിച്ചു. അതിന്റെ സർവ്വേ നടക്കുമ്പോൾ തന്നെ ബിജെപി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഏലാകൾ മണ്ണിട്ട് മൂടുന്നത് പലവിധ പരിസ്ഥി പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് ആരോപിച്ച് പ്രക്ഷോഭവുമായി എത്തി. ഇതോടെ സമാന്തര പാതയുടെ പണി അവസാനിപ്പിച്ചു.
അതേ ബിജെപി നേതാവിന്റെ കുലശേഖരനല്ലൂർ ഏലായിലെ ഒരേക്കർമഭൂമി മണ്ണിട്ടു നികത്താൻ ശ്രമം നടത്തി. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കേരളാ കോൺഗ്രസ് ബി നേതാക്കൾ സ്ഥലത്ത് എത്തി മണ്ണിട്ട ഭൂമിയിൽ കൊടി കുത്തുകയും മണ്ണിടൽ തടസ്സപ്പെടുത്തുകയും ചെയ്തു. മണ്ണിടലിനെ എതിർത്തിരുന്ന സിപിഐയിലെ ഒരു കൗൺസിലർ ബിജെപി നേതാവിനെ രക്ഷിക്കാനായി രംഗത്തെത്തിയത് ഘടകകക്ഷികൾ തമ്മിലെ തർക്കത്തിന് കാരണമായി.
സിപിഐ കൗൺസിലറുടെ ബലത്തിൽ കേരളാ കോൺഗ്രസ് സ്ഥാപിച്ച കൊടികൾ നീക്കം ചെയ്തു. എന്നാൽ പ്രശ്‌നത്തിൽ തഹസിൽദാർ ഉൾപ്പെടെയുള്ളവർ ബന്ധപ്പെട്ട് മണ്ണ് ഇട്ട് നികത്തുന്നത് തടയുകയും ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ജിയോളജി പെർമിറ്റിന്റെ മറവിൽ അനധികൃതമായി മണ്ണ് കടത്തുകയും നിലത്തിൽ മണ്ണിടുകയും ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് വില്ലേജ് ഓഫീസർമാരുടെ യോഗത്തിൽ തഹസീൽദാർ അറിയിച്ചു. മണ്ണെടുപ്പ് വ്യാപകമായി നടക്കുന്ന പ്രദേശങ്ങളിൽ വില്ലേജ് ഓഫീസർമാർ നേരിട്ടെത്തി പരിശോധന നടത്താനും നിർദ്ദേശിച്ചു
തണ്ണീർ തടങ്ങൾ മണ്ണിട്ടു മൂടന്നതിൽ കേരളാ കോൺഗ്രസ് കൊട്ടാരക്കര മണ്ഡലം കമ്മറ്റി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കുന്നിടിക്കലും നിലം നിലത്തലും ഫപ്രദമായി തടയണമെന്നും തണ്ണീർ തടങ്ങളിലും വയലേലകളിലുമുള്ള മണ്ണ് അടിയന്തരമായി തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടു. നെൽവയൽ ഡാറ്റാ ബാങ്കിൽ അഴിമതി നടന്നതായി പശ്ചിമഘട്ടസംരക്ഷണ സമിതി കൺവീനർ അഡ്വ വികെ സന്തോഷ് കുമാറും ആറോപിച്ചു. 2017 മുതൽ റവന്യൂ രേഖകളിൽ കൃത്രിമം കാട്ടി പാടശേഖരങ്ങൾ നെൽവയൽ ഡാറ്റാ ബെയ്‌സിൽ നിന്നും ഒഴിവാക്കുകയും സർവ്വേ നമ്പറുകളിൽ കൃത്രിമം കാട്ടി കര ഭൂമിയാണെന്ന് വരുത്താനും ചില ഉദ്യോഗസ്ഥർ കൂട്ടു നിൽക്കുന്നതായും സന്തോഷ് കുമാർ ആരോപിച്ചു.
റവന്യൂ അധികൃതരുടെയും ജിയോളജി ഉദ്യോഗസ്ഥരുടെയും മൗനാനുവാദത്തോടെയാണ് മണ്ണു കടത്ത് വ്യാപകമാകുന്നതെന്ന് നാട്ടുകാർ പറയുന്നു.നെടുവത്തൂർ കുറുമ്പാലൂർ, ആനക്കോട്ടൂർ, തേവലപ്പുറം, നെല്ലിക്കുന്നം കൊച്ചാലുംമൂട്, ഓടനാവട്ടം തുടങ്ങിയ പ്രദേശങ്ങളിലാണ് മണ്ണെടുപ്പ് കൂടുന്നത്. അധികൃതരുടെ അനുവാദത്തോടെആനക്കോട്ടൂർ സ്‌കൂൾ ജംഗ്ഷനിൽ മാന്താനത്ത് തോടിന് സമീപം വർഷങ്ങളായി മണ്ണ് മാഫിയയുടെ ചൂഷണമുണ്ട്. നിലവിലുണ്ടായിരുന്ന തോടിന്റെ നീരൊഴുക്ക് തടസപ്പെടും എന്ന പരാതി ഉണ്ടായിട്ടും നടപടിയുണ്ടായില്ല. പഞ്ചായത്ത് റോഡ് തകർന്നതിനെ നാട്ടുകാർ എതിർത്തെങ്കിലും വാഗ്ദാനങ്ങൾ നൽകി പ്രതിഷേധക്കാരെ നിശബ്ദരാക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ