കോട്ടയം: മൂന്നു വീടുകൾ ആക്രമിച്ചു കവർച്ച നടത്തിയ സംഘം ജില്ലയിലെ കൂടുതൽ സ്ഥലങ്ങളിൽ മോഷണം നടത്തിയതായി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശിവഗംഗാ ടൗണിൽ രാജാ ബൈ സ്‌കൂളിനു സമീപം ശെൽവരാജ് (50), രാമനാഥപുരം സായിക്കുട്ടി സിക്കൽ ഗ്രാമത്തിലെ രാജ്കുമാർ (21) എന്നിവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെയാണ് കേസിലെ കൂടുതൽ തെളിവുകൾ പുറത്തു വന്നത്. കേസിലെ മറ്റൊരു പ്രതിയും രാജ്കുമാറിന്റെ സഹോദരനുമായ സായിക്കുടി രാമനാഥപുരം സിക്കൽ ഗ്രാമത്തിൽ അരുൺരാജി (24)നെ പിടികൂടാൻ ഇനിയും പൊലീസിനു കഴിഞ്ഞിട്ടില്ല.

തിങ്കളാഴ്ച അർധരാത്രിയോടെയാണ് അയർക്കുന്നം നീറിക്കാട് അയ്യങ്കോവിൽ മഹാദേവക്ഷേത്രത്തിനു സമീപത്തെ മൂന്നു വീടുകളിൽ മോഷണവും ഒരിടത്തു മോഷണ ശ്രമവും നടന്നത്. നീറിക്കാട് തെക്കേചേനക്കൽ പി.കെ റോയി, ഇടപ്പള്ളി വീട്ടിൽ കുഞ്ഞുമോൻ എന്നിവരുടെ വീട്ടുകളിൽ ആക്രമണം നടത്തിയാണ് സംഘം മോഷണം നടത്തിയത്. അമയന്നൂർ കര പായിത്തറ ടിജോ കുരുവിളയുടെ ബൈക്കും സംഘം മോഷ്ടിച്ചു. ഇലവുങ്കൽ വീട്ടിൽ ടി.എൻ മോഹനന്റെ വീട്ടിൽ മോഷണ ശ്രമവും നടത്തിയിട്ടുണ്ട്. റോയിയെയും (45), ഭാര്യ ഡെയ്സിയെയും (38), കുഞ്ഞൂഞ്ഞിനെയും (50) ഭാര്യ ശോഭയെയും (45) സംഘം ആക്രമിച്ചു കൊലപ്പെടുത്താനും ശ്രമിച്ചു. ആക്രമണത്തിൽ ഡെയ്സിയുടെ വലതു കണ്ണിന്റെ 90 ശതമാനം കാഴ്ചയും നഷ്ടമായി.

കഴിഞ്ഞ ഒരു മാസത്തിനിടെ വൈക്കം, കാഞ്ഞിരപ്പള്ളി അടക്കം ജില്ലയുടെ വിവിധ മേഖലകളിൽ നടന്ന നിരവധി മോഷണങ്ങൾക്കു പിന്നിൽ ഇതേ സംഘം തന്നെയാണെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ശിവഗംഗയിൽ നിന്നുള്ള മറവർ മോഷണ സംഘത്തിൽ ഉൾപ്പെട്ടവരാണ് പ്രതികൾ. ജില്ലയിൽ അടുത്തിടെ വീടുകളുടെ പിൻവാതിൽ പൊളിച്ചു നടന്ന മോഷണങ്ങളുടെയെല്ലാം പട്ടിക തയ്യാറാക്കി നൽകാൻ

ജില്ലാ പൊലീസ് മേധാവി അതത് പൊലീസ് സ്റ്റേഷനുകൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവിടെ നിന്നുള്ള വിരലടയാളങ്ങൾ അടക്കം പൊലീസ് ശേഖരിക്കുന്നുണ്ട്. എന്നാൽ, കേസുകളുടെ എണ്ണം കുറയ്ക്കാൻ മോഷണങ്ങൾ രജിസ്റ്റർ ചെയ്യാത്ത പൊലീസ് നടപടിയും ഇതിനു തടസമായിട്ടുണ്ട്. കഴിഞ്ഞ ദിവസം പൂർണമായും ചോദ്യം ചെയ്തപ്പോൾ മാത്രമാണ് പൊലീസിനു ഇവരിൽ നിന്ന് എന്തെങ്കിലും വിവരം ശേഖരിക്കാൻ കഴിഞ്ഞത്. അന്വേഷണത്തിനിടെ പല തവണ പ്രതികൾ മൊഴി മാറ്റി പറഞ്ഞു. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നു സൂചന ലഭിച്ചെങ്കിലും ഇവരെപ്പറ്റി കൃത്യമായി വിവരം നൽകാൻ ഇനിയും പ്രതികൾ തയ്യാറായിട്ടില്ല.

കേസിലെ മറ്റൊരു പ്രതിയായ രാജ്കുമാറിനെ കണ്ടെത്തുന്നതിനായി തമിഴ്‌നാട്ടിലേയ്ക്കു പോയ പൊലീസ് സംഘം തിരികെ മടങ്ങി. ജില്ലാ പൊലീസ് മേധാവി തമിഴ്‌നാട് പൊലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ കേരളത്തിൽ പിടിയിലായ പ്രതികളുടെ കുടുംബം അടക്കം രഹസ്യതാവളത്തിലേയ്ക്കു മാറിയതായി കണ്ടെത്തി. ഇവരുടെ ഗ്രാമത്തിലെത്തിയ ശേഷം രാജ്കുമാറും സ്ഥലം വിട്ടതായും തമിഴ്‌നാട് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണത്തിനായി തമിഴ്‌നാട്ടിലേയ്ക്ക് തിരിച്ച സംഘം മടങ്ങിയത്.

ഇടുക്കി കുമളി, കമ്പംമെട്ട്, നെടുംകണ്ടം എന്നിവിടങ്ങളിലെ വിവിധ മോഷണക്കേസുകളിൽ ശിക്ഷിക്കപ്പെട്ട ശെൽവരാണ് 2012 ലാണ് ശിക്ഷകഴിഞ്ഞു പുറത്തിറങ്ങിയത്. തുടർന്നു നാലു വർഷത്തിനിടെ ശിവഗംഗയിലും പരിസരത്തും മോഷണം നടത്തിയതുമായി ബന്ധപ്പെട്ട എട്ടു കേസുകളും തമിഴ്‌നാട് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശിവഗംഗയിലുള്ള സെൽവരാജന്റെ വീട്ടിൽ നാലാം തീയതിയി ഒത്തുചേർന്ന് പദ്ധതി തയ്യാറാക്കി അഞ്ചാം തീയതി വൈകിട്ടോടെയാണ് ജില്ലയിലെത്തിയത്.

തുടർന്നു നാഗമ്പടം ബിവറേജിൽ നിന്നു മദ്യം വാങ്ങി രാത്രി എട്ടു മണിയോടു കൂടി ഏറ്റുമാനൂർ വഴിയുള്ള ബസ്സിൽ കയറി നീറിക്കാടിനു സമീപം ഇറങ്ങി അവിടെ ഒരു റബ്ബർതോട്ടത്തിൽ കയറി ഒളിച്ചിരുന്നു. തുടർന്ന രാത്രി 12.30 ഓടു കൂടി റോയിയുടെ വീടിനുള്ളിൽ കടന്നു. വാതിലിന്റെ ഇടയ്ക്ക് തടിക്കഷണം ഉപയോഗിച്ച് തിക്കി കതക് പൊളിച്ച് അകത്ത് കയറുകയായിരുന്നു.

ശബ്ദം കേട്ടുണർന്ന വീട്ടുടമസ്ഥനെ ഉപദ്രവിച്ച് ഭാര്യ ഡെയ്സിയുടെ രണ്ടര പവന്റെ മാല പൊട്ടിക്കുകയും, ഇതിന് തടസ്സം നിന്ന ഇവരെ സമീപത്തെ വീട്ടിൽ നിന്ന് കൈക്കലാക്കിയ അരിവാൾ ഉപയോഗിച്ച് രാജ്കുമാർ വെട്ടി പരിക്കേൽപ്പിച്ചു. അവിടെ നിന്നും ഇറങ്ങി ഓടി തൊട്ടടുത്ത മോഹനന്റെ വീട്ടിൽ മോഷണ ശ്രമം നടത്തി. എന്നാൽ വീട്ടുകാർ ഉണർന്നപ്പോൾ അവിടെ നിന്നും ഓടിയെത്തിയ സംഘം കുഞ്ഞുമോന്റെ വീട്ടിൽ മോഷണം നടത്തുകയും, കുടുംബാംഗങ്ങളെ ആക്രമിക്കുകയുമായിരുന്നു.

മോഷ്ടാക്കൾ അടുത്ത വീട് ലക്ഷ്യമിട്ടെങ്കിലും നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയതിനാൽ അവിടെ നിന്നോടി കുറെ ദൂരെയുള്ള ഒരു വയലിൽ പതുങ്ങി ഇരുന്നു. ആളും ബഹളവും ശമിച്ചപ്പോൾ അവിടെ നിന്നും ഇറങ്ങി, തുടർന്നു ടിജോയുടെ ബൈക്ക് മോഷ്ടിച്ചു. തുടർന്നു രക്ഷപെടുന്നതിനിടെ റോഡിൽ അയർക്കുന്നം പൊലീസ് സംഘം പട്രോളിങ് നടത്തുന്നതു കണ്ടു പ്രതികൾ ബൈക്ക് ഉപേക്ഷിച്ചു രക്ഷപെട്ടു.

ഈ സമയം വാഹന പരിശോധന നടത്തുകയായിരുന്നു ഡിവൈ.എസ്‌പി സക്കറിയ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പൊലീസ് വാഹനം മാറ്റിയിട്ട് മഫ്തിയിൽനിന്ന പൊലീസ് പാർട്ടിയെ തിരിച്ചറിയാതിരുന്ന മോഷ്ടാക്കൾ മുന്നിൽ അകപ്പെടുകയും അതിൽ രണ്ടുപേർ പിടിയിലാവുകയുമായിരുന്നു (ശെൽവരാജ്, രാജ്കുമാർ). ഇവരെ ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായി സംസാരിച്ച് പ്രതികളെ സംശയം തോന്നി പിടികൂടുകയായിരുന്നു.

ഇവരെ വിശദമായി ചോദ്യം ചെയ്തതിലൂടെ കോട്ടയം ജില്ലയിൽ വൈക്കത്ത് ഇവർ നടത്തിയ മൂന്ന് മോഷണക്കേസുകൾ കൂടി തെളിയിക്കപെട്ടിട്ടുണ്ട്. ഏപ്രിൽ ഒൻപതിനു ഇടയാഴംരാധാകൃഷ്ണൻ എന്നയാളിന്റെ വീട്ടിൽ നിന്നും വാതിൽ തകര്ത്തു അകത്തു കയറി 18ഗ്രാം തൂക്കം വരുന്ന 2 വള ,12ഗ്രാം മാല, മോഷ്ടിക്കുകയും, അതിനു ശേഷം രമണി എന്നയാളിന്റെ വീട്ടിൽ നിന്നും 35000 രൂപ വില വരുന്ന സ്വർണം കവർച്ച ചെയ്തു. തുടർന്നു വൈക്കം സ്വദേശി സുനിൽ കുമാറിന്റെ ബൈക്ക് മോഷ്ടിച്ചു ഇതിൽ രക്ഷപെടുകയായിരുന്നു. മോഷണ മുതലുമായി രക്ഷപ്പെട്ട് പോയ അരുൺരാജ് ശിവഗംഗയിലേക്ക് കടന്നതതായി സംശയിക്കുന്നു. ഇയാളെ പിടികൂടാനായി പ്രത്യേക പൊലീസ് സംഘം ശിവഗംഗയിലേക്ക് തിരിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.