ആലപ്പുഴ : കോട്ടയത്തുനിന്നും കാണാതായ ദമ്പതികളെ തേടി പൊലീസ് അന്യജില്ലകളിലേക്കും. ദമ്പതികളുടെ ഫോട്ടോ പതിപ്പിച്ച പോസ്റ്ററുകൾ വിവിധ ജില്ലകളുടെ പ്രധാന കേന്ദ്രങ്ങളിൽ പതിപ്പിച്ചാണ് പൊലീസ് അന്വേഷണം വ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം ആറിനു വൈകിട്ടാണ് കോട്ടയം അറുപറ ഒറ്റക്കണ്ടത്തിൽ താമസിക്കുന്ന ഹാഷിമിനെയും ഭാര്യ കുഞ്ഞുമോൾ എന്നു വിളിക്കുന്ന ഹബീബയെയും കാണാതായത്. പുതുതായി വാങ്ങിയ മാരുതി വാഗണർ കാറിലാണ് ദമ്പതികൾ വീടിനു പുറത്തുപോയത്. മക്കൾക്ക് ഭക്ഷണം വാങ്ങി ഉടൻ മടങ്ങിവരാമെന്നേറ്റാണ് ഹാഷിമും ഹബീബയും പുറത്തുപോയത്.

ദമ്പതികൾക്ക് രണ്ടുകുട്ടികളാണുള്ളത്. ഒരാണും ഒരു പെണ്ണും. ദമ്പതികൾ കുട്ടികളെ വീട്ടിൽ ഏൽപ്പിച്ചിട്ടാണ് പുറത്തുപോയത്. ഉടൻ മടങ്ങിവരുമെന്നാണ് വീട്ടുകാർ കുരുതിയത്. കാരണം കുട്ടികളെ വീട്ടിൽ നിർത്തിയിട്ട് ഇവർ സാധാരണ പുറത്തുപോകാറില്ല. സർക്കാർ ഉദ്യോഗത്തിൽനിന്നും വിരമിച്ച പിതാവാണ് ഹാഷിമിനൊപ്പമുള്ളത്.

എന്നാൽ ഏറെ വൈകിയിട്ടും മക്കളെ കാണാതായതോടെ പിതാവ് സഹോദരങ്ങളെ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ 13 ദിവസമായി പൊലീസും നാട്ടുകാരും കാടിളക്കി അന്വേഷിച്ചിട്ടും ദമ്പതികളെ കണ്ടെത്താൻ കഴിയാത്തത് ദുരൂഹതയ്ക്കൊപ്പം നാട്ടുകാരിലും വീട്ടുകാരിലും ആശങ്കയും പടർത്തുകയാണ്. വർഷങ്ങൾക്കു മുമ്പു പുതുപ്പള്ളി സ്വദേശികളായ ദമ്പതികളെ പണം അപഹരിക്കുന്നതിനായി കാറിൽ തട്ടിക്കൊണ്ടുപോയി തമിഴ്‌നാട്ടിലെത്തിച്ച് ചുട്ടുകൊന്ന സംഭവം നാട്ടുകാർ ഇനിയും മറന്നിട്ടില്ല.

പുതുപുത്തൻ കാറുമായി ഉടൻ മടങ്ങിവരാമെന്ന് പറഞ്ഞുപോയവർ ഇനിയും മടങ്ങിയെത്താത്തത് ആശങ്കയ്ക്ക് തീവ്രത വർദ്ധിപ്പിക്കുകയാണ്. വിവിധങ്ങളായ അഭിപ്രായങ്ങളിലും അന്വേഷണങ്ങളിലും നാട്ടുകാർ ഉഴലുമ്പോൾ വീട്ടിൽ ഉപ്പയെയും ഉമ്മയെയും കാത്ത് രണ്ടുകുഞ്ഞുങ്ങൾ വഴിക്കണ്ണുമായി കഴിയുകയാണ്. കുടുംബ പ്രശ്നങ്ങളൊന്നും ഇല്ലാത്ത ദമ്പതികൾ എന്തിനാണ് മാറിനിൽക്കുന്നതെന്ന് ചോദ്യമാണ് ഉയരുന്നത്. മാത്രമല്ല ജീവനുതുല്യം സ്നേഹിക്കുന്ന കുട്ടികളെ സങ്കടപ്പെടുത്തുന്നതെന്തിന്.

ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെവരുമ്പോഴാണ് മറ്റു ചിന്തകളിലേക്ക് നാട്ടുകാരെ പിന്തിരിപ്പിക്കുന്നത്. സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത കുടുംബമാണ് ഹാഷിമിന്റെത്. വീടിനോട് ചേർന്ന് കച്ചവടം നടത്തുന്ന ഹാഷിമിനെ കുറിച്ച് നാട്ടുകാർക്കും വലിയ മതിപ്പാണ്. കടബാധ്യതകളുള്ളതായും ആർക്കും അറിയില്ല. മാനസികമായി ചില അസ്വസ്ഥതകൾ ഹാഷിമിനെ അലട്ടിയിരുന്നുവെന്നും ഇതിനു ചികിൽസ നടത്തുന്നുണ്ടെന്നും അറിയാൻ കഴിഞ്ഞു. ഏതായാലും ഉപ്പയും ഉമ്മയും എത്രയും വേഗം തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ഈ കുട്ടികൾ.